അസ്വസ്‌ഥത, തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും ഉടനടി ആശ്വാസം തേടണോ? ശരീരകാന്തി വർദ്ധിപ്പിക്കണോ? എങ്കിൽ നല്ലൊരു മസാജ് ആയിക്കോട്ടെ. ഇന്ന് മിക്ക ഹെൽത്ത്, ഫിറ്റ്നസ് സെന്‍ററുകളിലും പലതരം മസാജിംഗ് തെറാപ്പികൾക്കുള്ള അതിനൂതന സൗകര്യമുണ്ട്.
എന്താണ് മസാജ്?
കൈകാലുകൾകൊണ്ടും വിരലുകൾ കൊണ്ടും ശരീരത്തിന്‍റെ വിവിധഭാഗങ്ങളിൽ സമ്മർദ്ദം ചെലുത്തി രക്തക്കുഴലുകളെ സക്രിയമാക്കി രക്തയോട്ടം ത്വരിതപ്പെടുത്തുകയാണ് മസാജിംഗിലൂടെ ചെയ്യുന്നത്. ശരീരത്തിന്‍റെ വിവിധഭാഗങ്ങളിൽ രക്തം എത്തുന്നതോടെ മാനസികപിരിമുറുക്കം അകലുന്നു. രക്തസിരകളിലും ധമനികളിലും രക്തയോട്ടം വർദ്ധിക്കുക വഴിയാണ് ഇത് സാദ്ധ്യമാക്കുക.
മസാജ് എന്തുകൊണ്ട് അനിവാര്യമാകുന്നു?
മസാജ് ചെയ്യുകവഴി രക്തയോട്ടം കോശങ്ങളിൽ ത്വരിതഗതിയിലാവുന്നു. മാംസപേശികൾക്ക് വേണ്ടത്ര വിശ്രമം ലഭിക്കുന്നു. മറ്റൊന്നു കൂടിയുണ്ട്, മസാജ് ഗ്രന്ഥികളെ സജീവമാക്കുകയും ചെയ്യും.
ശരീരകാന്തിക്കും മസാജ്
മേക്കപ്പും വിയർപ്പും അന്തരീക്ഷ പൊടിപടലങ്ങളും മൂലം ചർമ്മസുഷിരങ്ങൾ അടഞ്ഞു പോകുക സാധാരണമാണല്ലോ… മസാജ് ചെയ്യുമ്പോൾ ഈ ചർമ്മ സുഷിരങ്ങൾ തുറക്കപ്പെടുന്നു. ചർമ്മ സുഷിരങ്ങൾ തുറക്കുകയെന്നാൽ ചർമ്മത്തിന് തിളക്കം വരുന്നുവെന്നാണ് അർത്ഥം. അതായത് ചർമ്മത്തിൽ മൂന്ന് തരം ഗ്രന്ഥികളുണ്ട്. ഇത്തരം ഗ്രന്ഥികളിൽ നിന്നുള്ള സ്രവം വിയർപ്പിന്‍റെ രൂപത്തിലാണ് പുറന്തള്ളപ്പെടുന്നത്. അഴുക്കും പൊടിയും നിറഞ്ഞ് ഗ്രന്ഥികളുടെ ശിരസ്സ് അടഞ്ഞുപോവും. ഇവ അടഞ്ഞുപോകുന്നതോടെയാണ് ചെറിയ കുരുക്കളും മുഖക്കുരുവും മറ്റും പ്രത്യക്ഷപ്പെടുക. എന്നാൽ മസാജ് ചെയ്യുകവഴി സുഷിരങ്ങൾ തുറക്കപ്പെടുകയും ചർമ്മം ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇതുമാത്രമല്ല തണുപ്പുകാലത്ത് ചർമ്മ വരൾച്ചയകറ്റാനും മസാജിംഗ് ഉത്തമമാണ്.
എപ്പോൾ മസാജ് ചെയ്യരുത്
മസാജ് ചെയ്യുന്നതുകൊണ്ട് പലഗുണങ്ങൾ ഉണ്ടെങ്കിലും ഇത് എല്ലായ്പ്പോഴും നല്ലതാവണമെന്നില്ല. വിശേഷിച്ച് ചില പ്രത്യേകതരം അസുഖമുള്ളവർക്ക് മസാജ് നടത്തുന്നത് ഉചിതമല്ല. ഉദാ: ഫംഗൽ ഇൻഫെക്ഷൻ, സ്കാബീസ്, ഹൃദ്‌രോഗം, കിഡ്‌നി സംബന്ധമായ അസുഖം, ഓസ്‌റ്റിയോപോറോസിസ്, ത്രോംബോ സൈറ്റോസിസ്, പഴയ മുറിവ് എന്നീ പ്രശ്നങ്ങളുള്ളവർ മസാജിംഗ് ഒഴിവാക്കുന്നതാണ് നല്ലത്.
ഏതൊക്കെ രോഗങ്ങൾക്ക് ഗുണപ്രദം
മനസംഘർഷം തുടങ്ങി സിസ്റ്റിക്, പാരാലിസിസ്, സോറിയാസിസ്, തൈറോയിഡ്, ബ്ലഡ്ഷുഗർ, കൈകാലുകളിൽ നീര്, വെയിൻസ് അൾസർ, ഡ്രൈഎക്സിമ, അറ്റോപിക് എക്സസിമ, ഇൻസോമനിയ തുടങ്ങിയ അസുഖമുള്ളവർക്ക് മസാജിംഗ് ഏറെ ഫലവത്താണ്. കൂടാതെ സ്പോണ്ടിലോസിസിനും ആർത്രൈറ്റിസിനും ഇത് ഗുണപ്രദമാണ്. ഉറക്കക്കുറവുള്ളവർക്കും അമിതവണ്ണക്കാർക്കുമൊക്കെ മസാജിംഗ് കൊണ്ട് ഗുണം ലഭിക്കും.
മസാജിംഗിനായി ഉപയോഗപ്പെടുത്തുന്ന വസ്തുക്കൾ
സാധാരണരീതിയിൽ പലതരം എണ്ണകൾ ഉപയോഗിച്ചാണ് മസാജിംഗ് ചെയ്യുക. മസാജിംഗിന് പൗഡറോ ക്രീമോ ഉപയോഗിക്കുന്ന പതിവുമുണ്ട്. എണ്ണ അലർജിയുള്ളവർക്ക് പൗഡർ ഉപയോഗപ്പെടുത്താം. ഇതൊന്നും വേണ്ടാത്തവർക്ക് ഫ്രീഹാൻഡ് മസാജ് ചെയ്യാം. എന്നാൽ ഇത്തരക്കാർ ആഴ്‌ചയിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും മസാജ് ചെയ്യണം. ചൂടു കാലത്ത് എണ്ണയുപയോഗിച്ച് മസാജ് ചെയ്യാൻ ആഗ്രഹിക്കാത്തവർ പൗഡർ മസാജിനായി ഉപയോഗിക്കാറുണ്ട്. എണ്ണമയം ചൂട് വർദ്ധിപ്പിക്കുന്നതിനാലാണിത്.
പലപ്രായക്കാർക്കുള്ള മസാജ്
5 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് തീർച്ചയായും മസാജിംഗ് ചെയ്തിരിക്കണം. വളർച്ചയ്ക്കും എല്ലുകളുടെ ബലത്തിനും ഇത് ഏറ്റവുമാവശ്യമാണ്. ഇന്ന് നവജാതശിശുക്കൾക്കായി പ്രത്യേകം മസാജിംഗ് ഓയിലുകൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ഒലീവ് ഓയിലോ എസ്സൻഷ്യൽ ഓയിലോ ഉപയോഗിച്ച് കുഞ്ഞുങ്ങൾക്ക് മസാജിംഗ് ചെയ്യണമെന്നില്ല. മസാജിംഗിനായി ശുദ്ധമായ വെളിച്ചെണ്ണയോ തേങ്ങ വെന്ത വെളിച്ചെണ്ണയോ ഉപയോഗിക്കാം. വളരെ പതിയെവേണം കുഞ്ഞുങ്ങളെ മസാജ് ചെയ്യാൻ.
മുതിർന്നവർക്കായി ധാരാളം ഹെർബൽ ഓയിലുകൾ തന്നെയുണ്ട്. ഇത്തരം ഓയിലുകൾ ചർമ്മത്തിന് വേണ്ടത്ര പോഷണം നൽകുന്നവയാണ്. കായിക മത്സരങ്ങളിൽ ഏർപ്പെടുന്നവർക്കും ഓയിൽ മസാജ് ഏറെ ഗുണപ്രദമായിരിക്കും. ഇത് തളർച്ചയെ അകറ്റി ശരീരത്തിന് കൂടുതൽ ഊർജ്ജവും ഉന്മേഷവും പകരും. പല കാരണങ്ങൾ കൊണ്ട് ക്ഷയിച്ചുപോയ തന്തുക്കളെ പുനർനിർമ്മിക്കുന്നതിനും മസാജിംഗ് സഹായിക്കും.
തളർച്ച, പിരിമുറുക്കം, അസ്വസ്ഥത എന്നിവ പല രോഗങ്ങളുടേയും ലക്ഷണമാണ്. ഹൈ ബ്ലഡ് പ്രഷർ, ഡയബറ്റിസ്, ഹൃദ്‌രോഗം എന്നിവ കൂടാതെ ചെറുതും വലുതുമായ പലരോഗങ്ങളേയും ഇത് ക്ഷണിച്ചു വരുത്തും. ഇത്തരം അസ്വസ്‌ഥതകൾ അതിജീവിക്കാൻ ആഴ്ചയിൽ കുറഞ്ഞത് ഒന്നോ രണ്ടോ തവണ ശരീരം പൂർണ്ണമായും മസാജ് ചെയ്യുന്നത് ഗുണകരമായിരിക്കുമെന്നാണ് ഫിറ്റ്നസ് ഗുരുക്കൾ പറയുന്നത്. അത് ശരീരത്തിന്‍റെ തളർച്ചയെ മാത്രമല്ല മാനസിക പിരിമുറുക്കത്തേയും കുറയ്ക്കുന്നു. പലതരം ചർമ്മരോഗങ്ങളേയും തടഞ്ഞ് ശരീരത്തിന് പുത്തനുണർവും പകരുന്നു.





