ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന താരയുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു. അൽപമകലെ താഴ്വാരത്തിൽ കാണപ്പെടുന്ന കെട്ടിടത്തിലായിരുന്നു അവളുടെ കണ്ണുകൾ. അവിടെനിന്നും ആരോ കൈ കൊണ്ട് ഉറക്കെ താളം പിടിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു. ഉയർന്നുപൊങ്ങുന്ന ചിലങ്കയുടെ താള ഗാന സമ്മിശ്രമായ ശബ്ദധോരണികൾ അവളുടെ കാതുകളെ കുളിർപ്പിച്ചു.

“ചെപ്പു കിലുക്കണ ചങ്ങാതി…” ആ നാടക ഗാനം പണ്ടെന്നോ കേട്ടുമറന്നതാണെങ്കിലും ഇന്നിപ്പോൾ ആ ഗാനം അവളുടെ ഹൃദയത്തെ തരളിതമാക്കി. അതിനൊപ്പം ഉയർന്നു താഴുന്ന രണ്ടു കുഞ്ഞിപ്പാദങ്ങളായിരുന്നു അവളുടെ കണ്ണിൽ അപ്പോൾ വിടർന്നു നിന്നത്. ഊർമ്മിള എന്ന കൊച്ചു മിടുക്കി അവളുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് നാളുകളേറെയായിരുന്നു. ഡാൻസ് ക്ലാസ് കഴിഞ്ഞ് ജോലിക്കാരിയുടെ കൈ പിടിച്ച് ഓടി വരുന്ന ആ അഞ്ചു വയസ്സുകാരി അവളുടെ സായന്തനങ്ങളെ ജീവസ്സുറ്റതാക്കാറുണ്ട്. ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി അവൾക്കൊപ്പം വരാന്തയിൽ ഇരിക്കുമ്പോൾ താൻ ചൊല്ലിക്കൊടുക്കാറുള്ള ഇംഗ്ലീഷ് പദ്യം അവൾ ഏറ്റുചൊല്ലാറുണ്ട്.

“ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്‌റ്റാർ…”

തനിക്കൊപ്പം തലയാട്ടി ഇംഗ്ലീഷ് പാട്ടുമൂളുന്ന അവൾ മറ്റൊരു നക്ഷത്രക്കുഞ്ഞ് ആണെന്ന് താൻ വിചാരിച്ചിരുന്നു. തന്‍റെ ജീവിതത്തിലെ ഇരുണ്ട ഇടനാഴികളിൽ വെളിച്ചത്തിന്‍റെ നക്ഷത്രപ്പൊട്ടുകൾ ചാർത്തുന്ന കൊച്ചുസുന്ദരി. തന്‍റെ മുന്നിൽ കുഞ്ഞിപ്പാദങ്ങളാൽ ചുവടുവച്ച് നൃത്തം ചെയ്യുന്ന കൊച്ചുമിടുക്കി. എന്നാൽ മുറ്റത്തെ നിഴലിനെ ഒന്നുകൂടി ഇരുട്ടിലാഴ്ത്തിക്കൊണ്ട് കടന്നുവരുന്ന പാദപതനങ്ങൾ കേൾക്കുന്നതോടെ ആ സമാഗമങ്ങൾക്ക് വിരാമമിടാറാണ് പതിവ്.

“ഹും അവള് സ്വന്തം കൊച്ചുങ്ങളെ പെറാൻ കഴിവില്ലാതെ കണ്ട കൊച്ചുങ്ങളെ ലാളിക്കാൻ നടക്കുന്നു. എന്തിനാ ലളിതേ നീ ഈ കൊച്ചിനേയും കൊണ്ട് ഇവിടെ വരുന്നത് ഇവളുടെ കണ്ണു കിട്ടിയിട്ട് അതിന്‍റെ തള്ളക്കും തന്തക്കും ഈ കൊച്ചില്ലാണ്ടാവാനോ?”

അമ്മായിയമ്മ ഉറക്കെ ചീത്തവിളിക്കാൻ തുടങ്ങുന്നതോടെ ലളിതയെന്ന വേലക്കാരി വിമ്മിഷ്‌ടത്തോടെയാണെങ്കിലും ആ കുഞ്ഞിനേയും വലിച്ചുകൊണ്ട് അതിവേഗം നടന്നുനീങ്ങും. തല മുണ്ഡനം ചെയ്ത ചുളിവു വീണ മുഖത്തെ നേരിടാനാവാതെ കുനിഞ്ഞ ശിരസോടെ അകത്തേക്കു നടക്കുമ്പോൾ കേൾക്കാം, തന്നെ ഉറക്കെ പ്രാകുവാനുപയോഗിക്കുന്ന ചീത്ത വാക്കുകൾ. സന്ധ്യയുടെ പരിപാവനതക്കുമേൽ വർഷിക്കുന്ന മാലിന്യമായി ആ വാക്കുകൾ അന്തരീക്ഷത്തെ ദുർഗ്ഗന്ധ പൂരിതമാക്കുമ്പോൾ കർപ്പൂരവും ചിരാതും തുണിത്തിരിയുമായി മുറ്റത്തെ തുളസിത്തറയിലേക്ക് താൻ മെല്ലെ നടന്നു നീങ്ങും. തുളസിത്തറയിൽ ചിരാതുവച്ച് തിരിയിട്ടുകത്തിച്ച് ഉറക്കെ നാമം ജപിക്കുമ്പോൾ അകത്തു നിന്നുള്ള ദുർഗ്ഗന്ധം വമിക്കുന്ന തമിഴ് വാക്കുകൾ കേൾക്കാതിരിക്കാൻ കാതുകൾ കൊട്ടിയടക്കും. സാരിത്തലപ്പ് തലയിൽ വലിച്ചിട്ട് ഈശ്വര ചിന്തയിൽ ലീനയായിരിക്കുമ്പോൾ എല്ലാ വേദനകളും ഓടി മറയുന്നതായി തോന്നും. അകത്ത് മഴ പെയ്‌തോർന്നതുപോലെ നിശബ്ദത പരക്കുമ്പോൾ കിണ്ടിയിലെ വെള്ളം തുളസിത്തറയിലൊഴിച്ച് തിരിഞ്ഞു നടക്കും.

ഇപ്പോൾ തന്‍റെ മുറിയിൽ ചമ്രം പടിഞ്ഞിരുന്ന് അവർ നാമം ജപിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അതിനിടയിലും ഉതിർന്നു വീഴുന്ന ശാപവാക്കുകൾ.

അത്താഴം പാകം ചെയ്ത് ഊണു മുറിയിലെ മേശപ്പുറത്ത് അടച്ചു വയ്ക്കുമ്പോഴാകും പുറത്ത് കാറിന്‍റെ ഹോണടി കേൾക്കുന്നത്. പൂമുഖ വാതിൽ തുറന്ന് പുറത്തിറങ്ങി ഗേറ്റു തുറക്കുമ്പോൾ ഡ്രൈവിങ്ങ് സീറ്റിൽ രൂക്ഷമായ നോട്ടത്തോടെ ഭർത്താവിരിപ്പുണ്ടാകും. ഗേറ്റ് തുറക്കാൻ അൽപം താമസിച്ചതിലെ അക്ഷമ മുഴുവൻ ആ നോട്ടത്തിലുണ്ടാകും. കാലം ചെല്ലുന്തോറും വർദ്ധിച്ചുവരുന്ന മുഷിച്ചിലിന്‍റെ ബാഹ്യപ്രകടനങ്ങൾ. ജീവിതത്തിന്‍റെ പടുവാതിൽക്കൽ നിന്നും മടങ്ങിപ്പോകാൻ വ്യഗ്രത കൂട്ടുന്ന തന്‍റെ യൗവ്വനം അയാളിലെ മുഷിച്ചിലിന്‍റെ ആക്കം കൂട്ടുന്നത് കണ്ടില്ലെന്ന് നടിക്കാനെ കഴിഞ്ഞിരുന്നുള്ളു. നിസ്സഹായതയുടെ നെല്ലിപ്പലകയിൽ തരിച്ചു നിൽക്കുന്ന തന്നെ വെറുപ്പോടെ വീക്ഷിക്കുന്ന അമ്മയും മകനും. നീണ്ടുപോകുന്ന ചികിത്സകളുടെ സാമ്പത്തികഭാരം പലപ്പോഴും അയാളിലെ പുരുഷനിൽ ക്രോധവും അക്ഷമയുമായി പരിണമിക്കുമ്പോൾ കണ്ണീർ വറ്റിവരണ്ട് ശൂന്യമായ മിഴികളുയർത്തി താൻ ഇരുട്ടിലേക്ക് തുറി ച്ചു നോക്കി നിൽക്കുകയാവും. ഇന്നും അതു തന്നെയൊക്കെയവും സംഭവിക്കുക. ഷൂസ് ഊരി സ്‌റ്റാന്‍റിൽ വച്ച് അകത്തേക്ക് നടക്കുമ്പോൾ അയാളുടെ ശ്രദ്ധ മേശപ്പുറത്തെ കളി സാമാനങ്ങളിലായിരുന്നു.

“ഇന്നും അവൾ വന്നു അല്ലേ… ആ നൃത്തക്കാരിക്കൊച്ച് എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നതു കണ്ടില്ലേ. നാശം പിടിച്ച ജന്തു. അതിനെ ഇവിടെ വലിച്ചു കേറ്റരുതെന്ന് ഞാൻ നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട്.”

അയാളുടെ രോഷം അണപൊട്ടി ഒഴുകുന്നത് തന്‍റെ നേർക്കാണ്. അതുകേട്ട് കിടപ്പുമുറിയിൽ നിന്നും അമ്മായിയമ്മ ഓടിയെത്തി.

“ഹും ശരിയാ രാജാ. ഞാനും അതു താനെ ശൊന്നത്… ഇന്ത മാതിരി പുള്ളകളെ എല്ലാം ഇങ്ങോട്ട് വലിച്ചു കേറ്റുന്നത് എന്തിനാണോ ആവോ…” മുണ്ഡനം ചെയ്ത‌ ശിരസ്സിൽ നിന്നും ഊർന്നു വീണ സാരിത്തലപ്പ് നേരെയാക്കിക്കൊണ്ട് അവർ പറഞ്ഞു. കാലിൽ തൊട്ടുരുമ്മിയ പൂച്ചയെ കുനിഞ്ഞ് കയ്യിൽ എടുത്ത് കൊണ്ട് അകത്തേക്ക് നടക്കവേ അയാളുടെ ശബ്ദം വീണ്ടും കേട്ടു.

“ഇതെല്ലാം അടുക്കിപ്പെറുക്കി വച്ചിട്ട് അടുക്കളയിലേക്ക് പോയാൽ മതി.”

പൂച്ചക്കുഞ്ഞിനെ താഴെ നിർത്തി അലങ്കോലമായ മേശപ്പുറം വൃത്തിയാക്കുമ്പോൾ വീണ്ടും അക്ഷമയുടെ സ്വരം കേട്ടു.

“ഉം വേഗം വേണം. എനിക്ക് വല്ലാതെ വിശക്കുന്നുണ്ട്. അതോ അയലത്തെ കൊച്ചിനേം കളിപ്പിച്ചിരുന്ന് ഭക്ഷണമൊന്നും ആക്കിയില്ലെന്നുണ്ടോ.”

കളിപ്പാട്ടങ്ങളെല്ലാം പെറുക്കി കൊട്ടയിലിട്ട് അടുക്കളയിലേക്ക് ധൃതിയിൽ നടക്കുമ്പോൾ വീണ്ടും അമ്മായിയമ്മയുടെ ശകാരവർഷം കേട്ടു.

“വല്ല പിള്ളേരേം ലാളിച്ച് സമയം പോക്കിയാൽ മതിയല്ലോ. സ്വന്തമായിട്ട് ഒരു കൊച്ചിനെ ഉണ്ടാക്കാൻ ആവില്ലല്ലോ. മച്ചിയല്ലേ. മച്ചി.”

പാഞ്ഞുവന്ന കാളയുടെ കുത്തേറ്റെന്ന പോലെ, അസഹ്യവേദനയാൽ ഹൃദയം മുറിഞ്ഞ് ചോരയൊഴുകി. അറിയാതെ നിറഞ്ഞൊഴുകിയ കണ്ണുകൾ സാരിത്തലപ്പുകൊണ്ട് തുടച്ച് നീക്കുമ്പോളോർത്തു. തനിക്കാണോ ഭർത്താവിനാണോ കുഴപ്പം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഒരു പക്ഷെ തന്‍റെ ന്യൂനത മറച്ചുവച്ച്, ഡോക്ടറുമായി ചേർന്ന് അയാൾ ഒത്തുകളിക്കുന്നതുമായിരിക്കാമെന്ന് സംശയം തോന്നിയിട്ടുണ്ട്.

അമ്മക്കും മകനും ആഹാരമെല്ലാം പ്ലേറ്റിൽ വിളമ്പിവച്ചു. അവർ കഴിച്ചു കഴിഞ്ഞപ്പോൾ പാത്രങ്ങൾ കമഴ്ത്തി. താൻ കഴിച്ചോ എന്ന് ആരും അന്വേഷിക്കാത്തതിൽ കുണ്ഠിതം തോന്നിയില്ല. അല്ലെങ്കിലും ഏറെ നാളായല്ലോ ഈ അവഗണന ശീലമായിട്ട് എന്നോർത്തു. കിടപ്പറയിൽ തിരിഞ്ഞു കുടന്നുറങ്ങുന്ന ഭർത്താവിനെ നോക്കി. ഏതാനും നാൾ മുമ്പുവരെ തന്‍റെ ശരീരത്തിൽ പരാക്രമങ്ങൾ നടത്തി മാത്രം ഉറങ്ങിയിരുന്ന അയാൾക്കിപ്പോൾ തന്നെ തീരെ വേണ്ട. ഏതാനും സമയം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം എഴുന്നേറ്റ് ജനലിലൂടെ നോക്കി. ആകാശത്ത് നിശ്ശബ്ദം മിന്നിമറയുന്ന നക്ഷത്രങ്ങൾ ഏതോ സന്ദേശം തനിക്ക് കൈമാറുന്നുണ്ടോ? ഞങ്ങളെപ്പോലെ നിനക്കും ആകാശത്ത് മിന്നിത്തിളങ്ങണ്ടേ എന്നാവുമോ അവ ചോദിക്കുന്നത്?

പുറത്ത് പാടിത്തകർക്കുന്ന ചീവിടുകളുടെ ശബ്ദം ചെവിയോർത്ത് ഏതാനും നിമിഷം ഇരുന്നു. മിഴികൾ തുടച്ച് കിടക്കയിൽ വീണ്ടും വന്നു കിടന്നു. പിന്നെ എപ്പോഴോ മയക്കം കൺപോളകളെ തഴുകിയപ്പോൾ പുറത്ത് കിളികൾ ചിലച്ചു തുടങ്ങിയിരുന്നു. ഭർത്താവ് ഉറക്കെ ശബ്ദിക്കുന്നത് കേട്ട് ഞെട്ടിയുണർന്നു. പിടഞ്ഞെഴുന്നേറ്റ് കുളിമുറിയിലേക്ക് നടന്നു. പ്രഭാത കൃത്യങ്ങൾക്കു ശേഷം കുളിച്ചെന്നു വരുത്തി തുളസിത്തറയിലേക്ക് ചുവടുകൾ വച്ചു. സാരിത്തലപ്പ് തലയിൽ ഇട്ട് ഈറനോടെ ധൃതിയിൽ തുളസിത്തറ പ്രദക്ഷിണം വച്ച് കോലമിടലും നടത്തി അടുക്കളയിലേക്ക് ഓടി. പ്രാതലും ഉച്ചയൂണും ഒരുക്കി നൽകി ഭർത്താവിനെ യാത്രയയ്ക്കാൻ നിൽക്കുമ്പോൾ അമ്മായിയമ്മ പതിവ് ശകാരവർഷം തുടങ്ങിയിരുന്നു. അപ്പോഴാണ് മുന്നിലുള്ള റോഡിലൂടെ വേലക്കാരിയുടെ കൈയ്യും പിടിച്ച് ഊർമ്മിമോൾ നടന്നു വരുന്നത് കണ്ടത്. തന്നെക്കണ്ടപ്പോൾ ഗേറ്റിന് പുറത്ത് നിന്ന് അവൾ പറഞ്ഞു.

“ഇന്ന് ഊർമ്മിമോളുടെ പിറന്നാളാ. ആന്‍റിയമ്മേ. മോക്കിന്ന് അഞ്ചു വയസ്സു തികയും. എന്തു സമ്മാനമാ ഊർമ്മിമോൾക്ക് ആന്‍റിയമ്മതരുന്നത്.”

അവളുടെ നിഷ്ക്കളങ്കമായ ചോദ്യം കേട്ട് ഓടിച്ചെന്ന് ചേർത്തുനിർത്തി ഉമ്മ കൊടുക്കാൻ തുനിയുകയായിരുന്നു. അതുകണ്ട് രൂക്ഷമായി നോക്കുന്ന ഭർത്താവിന്‍റെ മേൽ ഒരു നിമിഷം കണ്ണുകൾ തറഞ്ഞുനിന്നു. പിന്നീട് ദൃഷ്‌ടികൾ തന്‍റെ അടുത്തേക്ക് ഓടി വരുന്ന ഊർമ്മിമോളിലേക്കാക്കി. പെട്ടെന്നാണ് പുറകോട്ടെടുത്ത കാർ അവളെ തട്ടിയിട്ട് മുന്നോട്ട് കുതിച്ചത്. ചോരയിൽ കുളിച്ച് കിടന്ന മോളെ വാരിയെടുക്കുമ്പോൾ ഭർത്താവ് കാർ നിർത്തി ഇറങ്ങി വരുന്നുണ്ടായിരുന്നു കണ്ണുകളിൽ ഗൂഢസ്മിതം.

“ഓ സോറി, ഞാൻ കണ്ടില്ല. ഇവൾ പുറകിലുണ്ടായിരുന്നോ. ഏതായാലും വേഗം ഹോസ്പിറ്റലിലെത്തിക്കാം. നീ കൂടി പോന്നോളൂ..” പകച്ചു നിൽക്കുന്ന വേലക്കാരിയുടെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു. മോളെ വാരി എടുത്ത് കാറിൽ കയറുന്നവേലക്കാരി ഒപ്പം പോകാൻ തുനിഞ്ഞ തന്നെ തടഞ്ഞു കൊണ്ട് അയാൾ ആക്രോശിച്ചു.

“വേണ്ട… നീ വരണ്ട ഹോസ്‌പിറ്റലുകാർക്ക് നിന്‍റെ ദുഃഖ പ്രകടനം അസഹ്യമായേക്കും… നീയാണ് ഇവളുടെ അമ്മ എന്ന് അവർ തെറ്റിദ്ധരിച്ചേക്കും. പിന്നെ ഈ കൊച്ചിന്‍റെ അച്‌ഛനേയും അമ്മയേയും ഞാൻ വിവരമറിയിച്ചോളാം.” കാർ പാഞ്ഞു പോയപ്പോൾ കണ്ണീരിലൊപ്പിച്ച് നിസ്സഹായതയോടെ നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.

പിന്നീടുള്ള ഓരോ നിമിഷവും വേദനയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ട് കട്ടിലിൽ അനങ്ങാതെ കിടന്നു. അകത്തുനിന്നും അമ്മായിയമ്മയുടെ ശകാര വർഷങ്ങൾ കാതിൽ വന്നലച്ചിട്ടും അവയൊന്നും മനസ്സിനെ സ്‌പർശിച്ചില്ല. പകരം താൻമൂലം മരണത്തിന്‍റെ കൈപ്പിടിയിൽ അമർന്നു പിടയുന്ന ആ കുഞ്ഞായിരുന്നു, ചോരയിൽ കുളിച്ച് നിശ്ചലമായി കിടന്നിരുന്ന അവളുടെ പിഞ്ചു ശരീരമായിരുന്നു.

അവൾക്കെന്തെങ്കിലും ആപത്തു സംഭവിച്ചാൽ അതൊരിക്കലും തനിക്ക് സഹിക്കാനാവുകയില്ല. ഇരുളടഞ്ഞ തന്‍റെ ജീവിതത്തിലെ പ്രകാശബിന്ദു അവൾ മാത്രമാണ്. ഹോസ്‌പിറ്റലിലെ വിവരങ്ങൾക്കായി കാതോർത്തിരുന്നപ്പോൾ അയാളെത്തി. “ങും ഞാനതിനെ ഹോസ്‌പിറ്റലിലെത്തിച്ച് ഇങ്ങു പോന്നു. അവിടെ നിന്നാൽ പോലീസ് കേസാവും. റോഡിൽ വച്ച് വണ്ടി മുട്ടിയതാണെന്ന് പറയാൻ ആ വേലക്കാരിപ്പെണ്ണിനോട് പറഞ്ഞിട്ടുണ്ട്. ഒന്നും ആരോടും പറയാതിരിക്കാൻ ആ പെണ്ണിന് കുറച്ച് കാശും കൊടുക്കേണ്ടി വന്നു. അതിന്‍റെ അച്ഛനുമമ്മയുമൊക്കെ വരുന്നതിനു മുമ്പ് ഞാൻ അവിടെ നിന്നും കടന്നു. പക്ഷെ ആ കൊച്ച് രക്ഷപ്പെടുമോ എന്ന കാര്യം സംശയമാ ധാരാളം രക്തം പോയിട്ടുണ്ട്. പിന്നെ ചത്തുപോയാ അത്രയും നല്ലത്. അവൾ അതിന്‍റെ പിറകേ നടക്കുന്നത് കാണണ്ടല്ലോ. പിന്നെ കുറച്ചു കാശു ചിലവാകും. സാരമില്ല സമ്പാദിച്ചു കൂട്ടുന്നതൊക്കെ ഇങ്ങനെ ഒരു കാര്യത്തിനായി ചിലവാക്കുന്നതിൽ എനിക്ക് വിഷമമില്ല.”

അമ്മായിയമ്മക്കു മുമ്പിൽ അവതരിപ്പിച്ചു കേട്ട അയാളുടെ ക്രൂരമായ വാക്കുകൾ ഹൃദയത്തിൽ ആരോ കത്തിമുന കുത്തിയിറക്കുന്ന പ്രതീതിയുളവാക്കി പിന്നെ ഊർമ്മി മോളെക്കുറിച്ച് ഒന്നുമറിയാതെ യാന്ത്രികമായ ചില ദിനരാത്രങ്ങൾ കൂടി. രാത്രിയിൽ ചിലപ്പോൾ രക്തത്തിൽക്കുളിച്ച ഊർമ്മി മോളെ ദുഃസ്വപ്നം കണ്ട് ഉണർന്നെഴുന്നേറ്റു. മറ്റുചിലപ്പോൾ അവൾ നക്ഷത്രമായി ആകാശത്ത് മിന്നുന്നതായും. രാത്രിയുടെ അന്ത്യയാമത്തിൽ കുറുക്കന്റെ ഓലിയിടലുകൾക്കിടയിൽ ചീവിടിന്‍റെ ഇറുകിക്കരച്ചിലിനിടയിൽ ഉറക്കം നഷ്ട‌പ്പെട്ട കണ്ണുകളുമായി മാനത്തെ നക്ഷത്രങ്ങളെ നോക്കി. ഊർമ്മി മോൾ അവിടെയുണ്ട്. തനിക്കും അവിടെയെത്തണം. എന്നിട്ട് അവളെ വാരിപ്പുണർന്ന് ജന്മസാഫല്യം നേടണം.

और कहानियां पढ़ने के लिए क्लिक करें...