വിശേഷാവസരങ്ങളിൽ പൊതുവെ എല്ലാവരും തന്നെ വേറിട്ട രീതിയിൽ വസ്ത്രം ധരിക്കാനാവും ഏറെ താൽപര്യം പുലർത്തുക. ഏത് ലുക്ക് സ്വീകരിക്കണം എന്നതിനെക്കുറിച്ച് മുൻകൂട്ടി തന്നെ തീരുമാനിക്കപ്പെടും. അതിനുള്ള റഫറൻസുകൾ ഫാഷൻ ലോകത്തു യഥേഷ്ടം ലഭ്യവുമാണ്. എന്നാൽ അത്തരം ഫാഷനുകൾ അവരെ മനോഹരവും സ്‌റ്റൈലിഷും ആക്കുമോ എന്ന സംശയം ഉയരാം. എന്തുകൊണ്ട് ഇത്തവണ ബോളിവുഡ് നടിമാരുടെ സ്റ്റൈലിഷ് ലുക്ക് സ്വീകരിച്ചുകൂടാ.അവരെപ്പോലെ വിശേഷാവസരങ്ങൾക്കായി ആകർഷകവും പരമ്പരാഗത വസ്ത്ര സങ്കൽപത്തിലൂന്നിയുമുള്ള ഫാഷൻ വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് നിങ്ങൾക്കും ഒരു സ്റ്റൈലിഷ് ഐക്കൺ ആകാം…
മികച്ചതും മനോഹരവുമായ അത്തരം അഞ്ച് ബോളിവുഡ് നടിമാരുടെ സ്റ്റൈലിംഗ് വിശേഷങ്ങൾ അറിയാം..
കരീനയുടെ റോയൽ ലുക്ക്
അടുത്തിടെ നടി കരീന കപൂർ ഖാൻ ക്ലാസിക് റോയൽ ശൈലിയിലുള്ള വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്ക് സൃഷ്ടിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. ചുവന്ന ബാന്ധനി പ്രിൻറ് ദുപ്പട്ടയ്ക്കൊപ്പം സബ്യാസാചി ഡിസൈൻ ചെയ്ത ഗോൾഡൻ ബോർഡറുള്ള ക്ലാസിക് റെഡ് കളറിലുള്ള കുർത്ത സെറ്റ് കരീനയ്ക്ക് വേറിട്ട സ്‌റ്റൈൽ ആണ് പകർന്നത്.
സ്ലീക്ക് ബണ്ണിൽ സ്റ്റൈൽ ചെയ്‌തിട്ടുള്ള ഹെയറാണ് കരീന ഈ ലുക്കിനായി സ്വീകരിച്ചത്. ഒപ്പം കണ്ണുകൾക്ക് ബ്രൗൺ സ്മോക്കി ഇഫക്റ്റും പകർന്നു. ന്യൂഡ് ലിപ്സ്റ്റിക്ക്, ചുവന്ന ബിന്ദി, കാതിൽ സ്റ്റൈൽ സ്സ്റ്റേറ്റ്‌മെന്‍റ് ഗോൾഡൻ കമ്മലുകളും അണിഞ്ഞുള്ള കരീനയുടെ ലുക്ക് അങ്ങേയറ്റം രാജകീയമായിരുന്നു. ഔട്ട് ഫിറ്റിനൊപ്പം ഗോൾഡൻ ഹിൽസാണ് കരീന അണിഞ്ഞത്.
കിയാരയുടെ ടൈംലെസ് ബ്യൂട്ടി
ഒരു ആഘോഷവേളയിൽ കിയാര ധരിച്ച വസ്ത്രം അവരുടെ ലാളിത്യവും സൗന്ദര്യവും വിളിച്ചോതുന്നതായിരുന്നു. മനീഷ് മൽഹോത്ര രൂപകൽപന ചെയ്ത ഗോൾഡൻ ഓഫ് വൈറ്റ് അനാർക്കലിയിലാണ് താരം മിന്നി തിളങ്ങിയത്.
കൈത്തറി ബനാറസ് സിൽക്കും ടിഷ്യൂ ഓർഗാൻസയും കൊണ്ട് തയ്യാറാക്കിയതായിരുന്നു അനാർക്കലി. ജറി വർക്കും ഗജറേയും കൊണ്ടലങ്കരിച്ച വസ്ത്രം മൊത്തത്തിൽ ഫെസ്‌റ്റീവ് ലുക്ക് നൽകി. കരിമഷി എഴുതിയ കണ്ണിണകളും ലൈറ്റ് മേക്കപ്പും കാതിൽ റെഡ് ഡ്രോപ്പ് ഇയർ റിംഗും അണിഞ്ഞുള്ള അവരുടെ സ്റ്റൈലിംഗ് താരതമ്യങ്ങൾക്ക് അപ്പുറമാണ്.
അനന്യയുടെ പാർട്ടി ലുക്ക്
ഫാഷനെ കുറിച്ച് പറയുമ്പോൾ അനന്യ പാണ്ഡെയെ കുറിച്ച് പറയാതിരിക്കാനാവില്ല. തരുൺ തഹിലിയാനി രൂപകൽപ്പന ചെയ്ത ഗോൾഡൻ-ബ്രോൺസ് സാരിയിലാണ് അനന്യ തിളങ്ങിയത്. സാരിക്കൊപ്പം ജ്വല്ലറി ബ്ലൗസാണ് താരം ധരിച്ചത്. ഇത് ലുക്കിന് വേറിട്ട ശൈലി നൽകി. തുറന്ന ഹെയർ സ്റ്റൈലും എക്സ്ക്ലൂസീവ് ആഭരണങ്ങളും വളകളും സ്റ്റേറ്റ്‌മെന്‍റ് റിംഗ്‌സും പച്ച നെക്ലേസും അനന്യയെ മനോഹാരിയാക്കി. മിനിമൽ മേക്കപ്പിനാണ് താരം ഈ സ്‌റ്റൈലിംഗിൽ മുൻഗണന നൽകിയത്.
ഡയാനയുടെ പെർഫെക്റ്റ് ലുക്ക്
നടി ഡയാന പെന്‍റി എല്ലായ്പ്പോഴത്തേയും പോലെ ഫെസ്റ്റീവ് ലുക്കിൽ മികച്ചു നിന്നു. ഹെവി എംബ്രോയ്‌ഡറി കൊണ്ട് അലങ്കരിച്ച അനിത ഡോംഗ്രെയുടെ വെങ്കല കുർത്തയായിരുന്നു അവരുടെ വേഷം. അതിന്‍റെ കൂടെ പോട്ടലിയും മോസറിയും അതെ നിറത്തിലുള്ള കളർ പാലറ്റുമായി യോജിക്കുന്നതായിരുന്നു. ഇത് ലുക്കിനെ തീർത്തും കോംപ്ലിമെന്‍റ് ചെയ്യുന്നതായി. പിങ്ക് റോസ് ഉപയോഗിച്ചുള്ള ഹെയർ സ്റ്റൈലിംഗ് അവരുടെ രു പത്തിന് മൃദുലമായ സ്‌പർശം നൽകി. തിളക്കമാർന്ന മേക്കപ്പും സ്‌റ്റേറ്റ്‌മെന്‍റ് കമ്മലുകളും ഡയാനയെ ഏറെ സുന്ദരിയാക്കി.
സാറയുടെ ക്ലാസിക് ലുക്ക്
നടി സാറാ അലി ഖാന്‍റെ ഫെസ്റ്റീവ് ലുക്കും അത്യധികം ആകർഷകമായി രുന്നു. വിന്‍റേജ് ബ്രോക്കേഡ് സാരിയിൽ നിന്ന് മയൂർ ഗിരോത്ര ഡിസൈൻ ചെയ്തെടുത്ത മൾട്ടികളർ ലെഹങ്കയ്ക്കൊപ്പം ടിഷ്യൂ സിൽക്ക് ദുപ്പട്ടയും അണിഞ്ഞുള്ള സാറയുടെ ലുക്ക് ഫാഷൻ പ്രേമികളെ ആകർഷിച്ചു. പച്ച നിറത്തിലുള്ള കമ്മലുകൾ, ചോക്കർ നെക്ലേസ്, റോസ് ഫ്ളവർ അണിഞ്ഞുള്ള ലൈറ്റ് ബേബി ഹെയർസ്റ്റൈലിംഗും സാറയുടെ ലുക്കിന് ക്ലാസിക് ടച്ച് നൽകി. മാസ്മരികമായ കണ്ണുകളും ന്യൂഡ് ലിപ്സും സാറയുടെ ലുക്കിനെ സന്തുലിതമാക്കി.
ഫെസ്‌റ്റിവ് പാർട്ടി സീസണിലെ ഈ കാഴ്ച്‌ചകൾ തീർച്ചയായും പരമ്പരാഗതവും ആധുനികവുമായ ഫാഷൻ സങ്കൽപ്പത്തെ സന്തുലിതമാക്കുകയാണ്. അങ്ങനെയെങ്കിൽ ഈ ബോളിവുഡ് സുന്ദരിമാരുടെ ലുക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇതെല്ലാം തന്നെ കസ്‌റ്റമൈസ്‌ഡ് ഡിസൈനുകളാണ്. സ്വന്തം ഇഷ്ടങ്ങൾ കൂട്ടിച്ചേർത്തു നൂതനമായ ഫാഷൻ ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞു ഇനി ആർക്കും ആഘോഷങ്ങളിലെ താരറാണിയാകാം.