രാവിലെ ഉണർന്നെഴുന്നേറ്റാൽ ഇത്തിരി നേരം വീടിന്‍റെ മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന പൂക്കളെ നോക്കി ഇരിക്കുക. പ്രഭാതത്തിന്‍റെ പുഞ്ചിരി മുഴുവൻ ഒരു കുഞ്ഞുപൂവ് നമുക്ക് വച്ചു നീട്ടുകയാണ് എന്ന് തോന്നും. ആ പുഞ്ചിരി നല്കുന്ന സ്നേഹത്തിന്‍റെ ഊർജ്ജം ദിവസം മുഴുവൻ നമ്മോടൊപ്പം ഉണ്ടാവുകയും ചെയ്യും.
പൂക്കളോട് സ്നേഹവും അല്പം കലാഭിരുചിയും ഉള്ള ആളുകൾക്ക് വീട്ടിൽ സുന്ദരമായ ഒരു ഹാംഗിംഗ് ഗാർഡൻ ഒരുക്കാം. സ്‌ഥല പരിമിതി ഇതിന് തടസ്സമാവുകയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. മേൽക്കൂരയിലോ ബാൽക്കണിയിലോ ഒരു കോണിൽ നിന്നും മറ്റേ കോൺ വരെയോ ഇരുമ്പു ദണ്ഡിൽ, ചെറുചെടികൾ നട്ടുപിടിപ്പിച്ച കുഞ്ഞു ബാസ്ക്കറ്റുകൾ തൂക്കിയിട്ട് നോക്കൂ…. ഹാംഗിംഗ് ഗാർഡൻ റെഡി. വീടിന് മൊത്തത്തിൽ ഒരു ആനച്ചന്തം ലഭിക്കുകയും ചെയ്യും.
കാലത്തിനൊത്ത മാറ്റം
ഇന്നത്തെപ്പോലെ വൈവിധ്യം നിറഞ്ഞ ബാസ്ക്കറ്റ് ചെടിച്ചട്ടികൾ മുമ്പ് ലഭ്യമായിരുന്നില്ല. പണ്ട് അലൂമിനിയം അല്ലെങ്കിൽ ലോഹ കമ്പികൾ കൊണ്ട് നിർമ്മിച്ച ബാസ്ക്കറ്റുകളാണ് ഉപയോഗിച്ചിരുന്നത്. ഹുക്കിൽ തൂക്കിയിട്ട ബാസ്ക്‌കറ്റുകളുടെ വശങ്ങളിൽ ഉണങ്ങിയ പുല്ല് നിറച്ച് മധ്യഭാഗത്ത് മണ്ണും നിറച്ചാണ് ചെടികൾ നട്ടിരുന്നത്.
ചെടി നനയ്ക്കുമ്പോൾ പുല്ല് ചീഞ്ഞ് പോകുന്നതിനാൽ ബാസ്ക്‌കറ്റിൽ വീണ്ടും പുല്ല് നിറയ്‌ക്കേണ്ടി വരുമായിരുന്നു. ചട്ടി തുരുമ്പ് പിടിക്കുന്നതും ഈ രീതിയുടെ മറ്റൊരു ന്യൂനതയായിരുന്നു. ഇപ്പോൾ ആ പ്രശ്നമില്ല. സോളിഡ് പ്ലാസ്‌റ്റിക് ബാസ്ക്കറ്റ് ഉപയോഗിച്ചാൽ മതി. ഇതിൽ ചെടി നടാനായി പ്രത്യേക തരം മണ്ണ് നിറയ്ക്കുന്നു. മെറ്റാലിക് ചങ്ങലക്കു പകരം പ്ലാസ്‌റ്റിക് ചങ്ങലയാണ് ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളിലും ഡിസൈനുകളിലുമുള്ള പ്ലാസ്‌റ്റിക് ബാസ്ക്കറ്റുകൾ വിപണിയിൽ ലഭ്യമാണ്.
ഫാഷനൊപ്പം വൃത്തിയും
ഫ്ളാറ്റ് വാസികൾക്ക് ഹാംഗിംഗ് ഗാർഡൻ വലിയൊരു അനുഗ്രഹമാണ്. ഇത്തരം പുന്തോട്ടങ്ങൾക്ക് അമിതമായ ശ്രദ്ധയും പരിചരണവും ആവശ്യമായി വരുന്നില്ല. വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം. കാലാവസ്‌ഥ മാറുന്നതിന് അനുസരിച്ച് ചെടികൾ മാറ്റി ഗാർഡൻ ലൂക്കിൽ മാറ്റവും വരുത്താം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ബാസ്ക്‌കറ്റ് സൈസ് 14 ഇഞ്ചിലും കുറയാൻ പാടില്ല. ചെടിയുടെ വേരുകൾ പടരാൻ ബാസ്ക്കറ്റിൽ ആവശ്യമായ ഇടം വേണം.
- ബാസ്ക്കറ്റിൽ അമിത ഭാരം ഉണ്ടാകാൻ പാടില്ല. വളരെ നേർത്ത, ഭാരം കുറഞ്ഞ മണ്ണും ചെടിയും വേണം തെരഞ്ഞെടുക്കാൻ.
- കൂടുതൽ ഉയരത്തിൽ ബാസ്ക്കറ്റ് തൂക്കരുത്. പരിചരിക്കാനും മറ്റും ഇത് അസൗകര്യമുണ്ടാക്കും.
- ചെടിക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കുക. അധികമായി ചെടികൾ നനയ്ക്കുന്നത് അവ ചീഞ്ഞുപോകാൻ ഇടയാക്കും.
- വെള്ളം ചെടികൾക്ക് മുകളിലൂടെ വേണം ഒഴിക്കാൻ. ഇലകൾ പൊഴിഞ്ഞു പോയാലും പ്രശ്‌നമില്ല. ചെടികളുടെ സ്വാഭാവിക പ്രക്രിയ ആണിത്. ഇതു കൊണ്ട് ചെടികൾക്ക് യാതൊരുവിധ ദോഷങ്ങളും ഉണ്ടാകില്ല.
- ബാസ്ക്‌കറ്റ് വെയ്ക്കുന്ന സ്ഥലത്ത് ഒരു വശത്ത് നിന്നും മാത്രം വെയിൽ വരികയാണ് എങ്കിൽ ഇടയ്ക്കിടയ്ക്ക് ബാസ്ക്കറ്റ് തിരിച്ചുതിരിച്ചു വെയ്ക്കാം. ചെടിയുടെ എല്ലാ ഭാഗത്തും സൂര്യപ്രകാശം ലഭിക്കാൻ ഇത് സഹായിക്കും.
- ഹാംഗിംഗ് ഗാർഡനു വേണ്ടി ചെടികൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ഇടതൂർന്ന് വളരാൻ സാധ്യതയുള്ള ചെടികൾ, തടിച്ച തണ്ടും ഭാരവുമുള്ള ചെടികൾ എന്നിവ ഒഴിവാക്കണം.
- കുഞ്ഞു പൂക്കളുള്ള ചെടികൾ, ഓർക്കിഡുകൾ, ആന്തൂറിയം, ഡെൻഡ്രോബിയത്തിന്‍റെ ചിലയിനങ്ങൾ, ബിഗോണിയ, സ്പൈഡർ പ്ലാന്‍റ്, മണിപ്ലാന്‍റ്, ഗോൾഡൻ പോത്തോസ്, ആസ്‌പരാഗസ്, ഫേൺസ് എന്നിവ ഒക്കെത്തന്നെ ഹാംഗിംഗ് ഗാർഡന് അനുയോജ്യമായ ചെടികളാണ്.