ശരിക്കും ഒരു അദ്ഭുതദ്വീപാണ് ഹോണോലുലു. വടക്കേ അമേരിക്കയുടെ ഭാഗമായ ഹവായ് ദ്വീപസമൂഹങ്ങളിലെ മൂന്നു സുപ്രധാന ദ്വീപുകളിലൊന്ന്. വൻകരയിൽ നിന്ന് 2000 മൈൽ പടിഞ്ഞാറു മാറി പസഫിക് സമുദ്രത്തിലാണ് ഹവായ്, ഒയാഹു, ഹോണോലുലു എന്നീ മനോഹര ദ്വീപുകൾ.

അംബരചുംബികളുടെ പ്രൗഢിയും പ്രകൃതിരമണീയതയുടെ സമ്പന്നതയും കൈകോർക്കുന്ന വശ്യമനോഹാരിത. തീ തുപ്പാൻ തയ്യാറായി നില്ക്കുന്ന അഗ്നി പർവ്വതങ്ങൾ, കരിമ്പനക്കൂട്ടങ്ങൾ, അതിരിടുന്ന സമുദ്രതീരങ്ങൾ, പച്ചപ്പ് വഴിഞ്ഞൊഴുകുന്ന താഴ്‌വരകൾ, മനസ്സിൽ സാഹസികത നിറയ്ക്കുന്ന ചെങ്കുത്തായ പർവ്വത ശ്രേണികൾ… സഞ്ചാരികൾക്ക് വിസ്മയക്കാഴ്‌ചകൾ സമ്മാനിക്കുന്നു ഈ സ്വപ്നഭൂമി.

ലോക വിനോദ സഞ്ചാര ഭൂപടത്തിൽ പ്രധാനസ്‌ഥാനമുണ്ട് ഹവായ് ദ്വീപുകൾക്ക്. ഹോണോലുലു ആണ് ഈ ദ്വീപുകളിലെ ഏറ്റവും വലിയ നഗരം. ഏറ്റവും വലിയ ദ്വീപ് ഹവായ് തന്നെ. എല്ലാ ദ്വീപുകളുടേയും കാലാവസ്‌ഥയിൽ സമാനതയുണ്ട്.

പ്രതിവർഷം 70 ലക്ഷത്തോളം ടൂറിസ്‌റ്റുകൾ ഇവിടെയെത്തുന്നു. ഇവരിൽ ഭൂരിഭാഗവും ഹണിമൂൺ നാളുകൾ അവിസ്മരണീയമാക്കാനെത്തുന്ന നവദമ്പതികളാണെന്നതും ഹോണോലുലുവിനെ വിനോദസഞ്ചാരികളുടെ പരുദീസയാക്കുന്നു.

ഏതോ തീം പാർക്കിലെത്തിയ പ്രതീതിയാണ് ഇവിടെയെത്തുന്ന ടൂറിസ്‌റ്റുകൾക്ക് അനുഭവപ്പെടുക. ഉല്ലാസവും ആഹ്ളാദവും അദ്ഭുതദൃശ്യങ്ങളും പ്രകൃതി ഒരേയിടത്ത് ഒരുക്കി വച്ചതാണോയെന്ന് നമുക്ക് തോന്നിപ്പോവും.

ഡിസംബർ മുതൽ മാർച്ച് വരെ ഇവിടെ ശക്തിയായ മഴ ലഭിക്കും. പൊതുവേ സുഖപ്രദമായ കാലാവസ്‌ഥയാണിവിടത്തേത്. ഈ സീസണിലാണ് യാത്രക്കാർ അധികമായി ഇവിടെയെത്തുന്നത്.

ഭിന്ന സംസ്കാരങ്ങളുടെ നാട്

മൗറീഷ്യസ്, ഫിജി ദ്വീപുകളെപ്പോലെ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ ഉറഞ്ഞുണ്ടായതാണ് ഹവായ് ദ്വീപുകളും. ഇപ്പോഴും ബിഗ് ഐലന്‍റിലെ ഒരു അഗ്നി പർവ്വതത്തിൽ നിന്നും ലാവ ഒഴുകി സമുദ്രത്തിൽ പതിച്ച് പുതിയൊരു ഭൂഭാഗം ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.

ലോകഭൂപടത്തിൽ ഒരു പൊട്ടു കണക്കേ കാണപ്പെടുന്ന ഈ ദ്വീപുകളിൽ 2,000 വർഷങ്ങൾക്കു മുമ്പ് ജനവാസം തീരെയില്ലായിരുന്നു. കേവലം പക്ഷിമൃഗാദികളും വൃക്ഷലതാദികളും മാത്രം.

8-ാം നൂറ്റാണ്ടിൽ മാർക്കസൈസിൽ നിന്നു കുടിയേറിയ പോളിനേഷ്യൻ ജനതയും 13-ാം നൂറ്റാണ്ടിൽ കുടിയേറിയ താഹിതി ജനതയുമാണ് ഇവിടുത്തെ ആദിമ നിവാസികൾ. 1778ൽ ക്യാപ്റ്റൻ കുക്ക് ഇവിടെയെത്തുന്നതിനു മുമ്പ് പടിഞ്ഞാറൻ ലോകത്തിന് ഈ പ്രദേശത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു.

പസഫിക് സമുദ്രത്തിന്‍റെ ദക്ഷിണ ഭാഗത്തുള്ള രാജ്യങ്ങളിലെ ജനതയുടെ സംസ്കാരവും ഭാഷയും ഇവിടത്തുകാരിൽ കണ്ട് അദ്ദേഹത്തിന് ആശ്‌ചര്യം തോന്നി. ഏതാണ്ട് ചിന്നിച്ചിതറി കിടന്നിരുന്ന ഈ ഭൂഭാഗത്തിൽ കുക്കിന്‍റെ ആഗമനത്തിനുശേഷം വലിയൊരു പരിവർത്തനം തന്നെ ദൃശ്യമായി.

ഹവായിയുടെ ആകെ ജനസംഖ്യയിൽ നാലിൽ മൂന്നു ഭാഗവും ഒയാഹുവിലാണുള്ളത്. വ്യാപാരവും വാണിജ്യവും തഴച്ചു വളരുന്നതും ഇവിടെയാണ്. 80 ശതമാനം യാത്രക്കാരും ഹോണോലുലു മാത്രം സന്ദർശിച്ച് മടങ്ങുന്നു. എന്നാൽ ടൂറിസ്റ്റുകളെ സംബന്ധിച്ച് ഹോണോലുലുവിന്‍റെ കിഴക്കുഭാഗത്തുള്ള വൈകീകി സമുദ്രതീരമാണ് ശരിക്കുമുള്ള ഹവായ്. ഈ ദ്വീപിലെ ഒട്ടു മിക്ക ഹോട്ടലുകളും ഇവിടെയാണുള്ളത്. 12 മാസവും സമുദ്ര തീരത്തെ മണൽപ്പരപ്പിൽ കിടന്നു വെയിൽ കായുന്ന യുവ ജോഡികളെ നമുക്കിവിടെ കാണാം.

മന്ത്രാലയം

ഹോണോലുലുവിൽ നിന്നും വേറിട്ടു കിടക്കുന്ന ഒരു ദ്വീപായും വൈകീകി കരുതപ്പെടുന്നു. ഒരു വശം സമുദ്രവും മറുവശം ആലാവൈ നഗരവുമാണ്. ഇത് ഒരു കാലത്ത് ഹവായിയിലെ മഹാശക്തിശാലിയായ കാമേഹാ രാജാവിന്‍റെ ആസ്‌ഥാനമായിരുന്നു. എന്നാൽ ഇന്നിത് വ്യാപാര വാണിജ്യ കേന്ദ്രങ്ങളുടെ ആസ്‌ഥാനമാണ്.

ഹോണോലുലു മ്യൂസിയവും വൈകീകി അക്വേറിയവും സന്ദർശനയോഗ്യമായ മറ്റു സ്‌ഥലങ്ങളാണ്. വൈകീകിയിലെ പ്രമുഖസ്ഥ‌ലമായ ‘ഡയമണ്ട് ഹെഡ് കെട്ടടങ്ങിയ ഒരു പുരാതന അഗ്നിപർവ്വതമാണ്. പിന്നീട് ഫലഭൂയിഷ്ഠമായ ഈ പ്രദേശത്ത് സസ്യലതാദികൾ തഴച്ചു വളർന്നു. ഇവിടത്തെ പ്രകൃതി സൗന്ദര്യം കണ്ട് ആരും മതിമറന്നു നിന്നു പോവും. താഴ്വരയിലെ നയന മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ച് ഏകദേശം ഒരു മൈലോളം നടന്ന് ഈ അഗ്നിപർവ്വതത്തിനരികിലെത്തിച്ചേരാം. കൂടാതെ ഹോണോലുലുവിൽ ഷോപ്പിംഗ് മാളുകളും ഹോട്ടലും നൈറ്റ് ക്ലബും ബാറും റെസ്‌റ്റോറന്‍റുകളും ധാരാളമുണ്ട്.

കിങ്സ്ട്രീറ്റിലുള്ള വലിയ പ്ലാസയിൽ ഷോപ്പിംഗിനുള്ള സൗകര്യവുമുണ്ട്. ഇതിനടുത്താണ് നിയമസഭയും മന്ത്രാലയവും. ഡേവിഡ് കാലാകൗവാ രാജാവിനു വേണ്ടി 1882ലാണ് ഈ രാജഭവനം നിർമ്മിക്കപ്പെട്ടത്. ഇവിടെ നിന്നും അടുത്തുള്ള ബീച്ചിലെത്തിച്ചേരണമെങ്കിൽ സമുദ്രം താണ്ടേണ്ടി വരും.

ഇന്നിവിടെ ധാരാളം ഷോപ്പിംഗ് മാളുകളും റെസ്‌റ്റോറന്‍റുകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഷോപ്പിംഗിനൊപ്പം നാടൻ ഭക്ഷ്യവസ്തു‌ക്കളുടെ രുചിയും നുകരാം.

ഹവായ് മാരിടൈം സെന്‍റർ

ഹോണോലുലുവിലെ സന്ദർശനയോഗ്യമായ മറ്റൊരു സ്‌ഥലം കൂടിയാണിത്. ഈ പ്രദേശത്തെ സമുദ്രയാനങ്ങളുടെ വികാസത്തിന്‍റെ കഥ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഏകദേശം അര മൈൽ ദൂരം കിഴക്കോട്ടു നടന്നാൽ അക്കാദമി ഓഫ് ഫൈൻ ആർട്ട്സ് സന്ദർശിക്കാം. വാൻഗോഗിന്‍റെ ‘വീറ്റ് ഫീൽഡ്’, ഗോഗിന്‍റെ ‘ടു ന്യൂഡ്‌സ് ഓൺ എ തഹീതിയൻ ബീച്ച്’, മൗനേത്തിന്‍റെ ‘വാട്ടർ ലില്ലീസ്’ എന്നീ അമൂല്യ കലാക്യതികൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഹോട്ടൽ സ്ട്രീറ്റിന്‍റെ പടിഞ്ഞാറു ഭാഗത്തുകൂടി ഏകദേശം 5 മിനിറ്റു ദൂരം നടന്നാൽ ചൈനാ ടൗണിലെത്തിച്ചേരാം. മറ്റൊരു വിസ്‌മയ ലോകമാണിത്. നഗരത്തിലെ റെഡ്‌ലൈറ്റ് പ്രദേശമാണിത്. റോഡിനിരുവശവും മസാജിംഗ് സെന്‍റർ, ക്ലബ്, പൂൾ ഹൗസ്, ബാറുകൾ എന്നിവ കാണാം. ചൈനാ ടൗണിലെ തെരുവുകളിലൂടെയുള്ള യാത്രയും അവിസ്‌മരണീയ അനുഭവം തന്നെയാകും.

और कहानियां पढ़ने के लिए क्लिक करें...