കൈകളുടെ അഴക് വർദ്ധിപ്പിക്കുന്നതിന് മനോഹരങ്ങളായ നഖങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സുന്ദരവും കരുത്തുറ്റതുമായ നഖങ്ങൾ മികച്ച ആരോഗ്യത്തിന്‍റെ ലക്ഷണമാണെന്ന് പറയപ്പെടുന്നു. അതിനാൽ അവയെ ശരീരത്തിന്‍റെ പ്രധാനപ്പെട്ട ഭാഗമായി കണക്കാക്കപ്പെടുന്നു. വൃത്തിയും മനോഹരവുമായ നഖങ്ങൾ മികച്ച വ്യക്തിത്വത്തിന്‍റെ അടയാളവും കൂടിയാണ്. അത് വ്യക്തിയുടെ സൗന്ദര്യ ബോധത്തെയും പോസിറ്റീവായ മനോഭാവത്തെയും പ്രതിഫലിപ്പിക്കും.
നഖങ്ങളുടെ അഴക് വർദ്ധിപ്പിക്കുന്നതിനായി സ്ത്രീകൾ നഖങ്ങളിൽ ധാരാളം പരീക്ഷണങ്ങൾ നടത്താറുണ്ട്. സാധാരണ നെയിൽ പോളിഷിനു പകരമായി നഖം മിനുക്കാനായി നെയിൽ ആർട്ട് എന്ന സംവിധാനവും ബ്യൂട്ടി പാർലറുകളിൽ ലഭ്യമാണ്. പ്രായത്തിനോ ഇഷ്ടത്തിനോ അനുസൃതമായി നഖങ്ങൾ ഡിസൈനും സ്റ്റൈലും പകരാൻ വിദഗ്ദ്ധരായ നെയിൽ ആർട്ടിസ്റ്റുകളോ സാങ്കേതിക വിദഗ്ധരോ ഉണ്ട്.
നിങ്ങളുടെ കൈകൾ അലങ്കരിക്കാനും അവയെ മികച്ച രീതിയിൽ അവതരിപ്പിക്കാനുമുള്ള വളരെ മനോഹരമായ മാർഗ്ഗമാണ് നെയിൽ ആർട്ട്. നെയിൽ ആർട്ട് അടിസ്‌ഥാനപരമായി സ്വയം പരിചരണമാണെന്നും വിശേഷിപ്പിക്കാം. നെയിൽ ആർട്ട് പല തരത്തിലുണ്ട്, വ്യത്യസ്ത തരം നെയിൽ ആർട്ടുകൾ ഏതൊക്കെയെന്ന് അറിയാം.
ഡോട്ട്സ്– നെയിൽ ആർട്ടിൽ ഏറ്റവും എളുപ്പമുള്ള രീതിയാണ് ഇത്. ഇതിൽ, ആദ്യം നഖങ്ങൾക്ക് നിറം പകർന്നു കൊണ്ടാണ് ഡിസൈൻ ചെയ്യുക. ഇതിനുശേഷം, നെയിൽ പോളിഷ് ബ്രഷിന്‍റെ സഹായത്തോടെ നഖങ്ങളിൽ ഡോട്ട് ഇടാം. ഡോട്ട് കൊണ്ട് ഫിൽ ചെയ്യാം അല്ലെങ്കിൽ വളരെ കുറച്ചു ഡോട്ട് ഇടാം.
സ്‌ട്രൈപ്‌സ്- നഖങ്ങളിൽ ഈ ഡിസൈൻ ചെയ്യുന്നതിനു നഖങ്ങൾക്ക് ആദ്യം നിറം നൽകുക. അതിനുശേഷം, സ്ട്രൈപ്പിംഗ് ബ്രഷ് ഉപയോഗിച്ച് നഖങ്ങളുടെ മുകളിൽ നിന്ന് താഴേക്ക് വരകൾ (സ്‌ട്രൈപ്‌സ്) വരയ്ക്കാൻ തുടങ്ങുക. ഇവിടെ നിങ്ങൾക്ക് ലളിതമായ വരയോ ഡോട്ടുകളായുള്ള വരയോ സൃഷ്ടിക്കാം.
ഹാഫ് മൂൺ- ഈ ആർട്ട് ചെയ്യാൻ, ആദ്യം നിങ്ങളുടെ നഖങ്ങളിൽ ബേസ് കോട്ട് പുരട്ടുക, തുടർന്ന് നഖങ്ങളിൽ (ക്യൂട്ടിക്കിൾ ഏരിയയിൽ )ചന്ദ്രകല ഷേപ്പിൽ മുറിച്ച സെല്ലോ ടേപ്പ് ഒട്ടിച്ച ശേഷം ബാക്കി ഭാഗത്ത് ഇഷ്ടപെട്ട ഷേഡിൽ ഉള്ള നെയിൽ പെയിന്‍റ് പുരട്ടുക. നെയിൽ പെയിന്‍റ് ഉണങ്ങിയ ശേഷം സെല്ലോ ടേപ്പ് നീക്കം ചെയ്യുക. ഹാഫ് മൂൺ ഡിസൈൻ റെഡി
റോസ് ക്വാർട്സ്- ഈ ആർട്ട് ചെയ്യാൻ, ആദ്യം ബേസ് കോട്ട് പുരട്ടുക, തുടർന്ന് വൈറ്റ് നെയിൽ പോളിഷ് പുരട്ടുക. ഇതിനുശേഷം നഖങ്ങളുടെ വശങ്ങളിൽ വെളുത്ത വരകൾ നൽകാം. മികച്ച ഫലം ലഭിക്കുന്നത് കാണാം.
ക്‌ളൗഡ്- ആദ്യം നഖങ്ങളിൽ ബേസ് കോട്ട് പുരട്ടുക. ഇതിനുശേഷം, നീല നെയിൽ പോളിഷിന്‍റെ സഹായത്തോടെ മേഘങ്ങളുടെ ആകൃതി ഉണ്ടാക്കുക, തുടർന്ന് ഇളം വെള്ള നിറത്തിൽ രൂപരേഖ തയ്യാറാക്കുക. ഒരു പെയിന്റിംഗ് പോലെ. അവസാന ഘട്ടത്തിൽ, വെളുത്ത കോട്ട് പ്രയോഗിക്കുക. ഒരു കിടിലൻ ക്‌ളൗഡ് ഡിസൈൻ റെഡി.
നീണ്ട നഖങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എന്നാൽ നഖങ്ങൾക്ക് സ്വാഭാവിക നീളം കുറവാണെങ്കിൽ, നെയിൽ എക്സ്റ്റൻഷൻ ചെയ്ത് സൗന്ദര്യം വർദ്ധിപ്പിക്കാം. നെയിൽ ആർട്ട് എന്നത് ഇന്നത്തെ കാലത്ത് ഗ്രൂമിംഗിന്‍റെ പര്യായമായി മാറിയിരിക്കുകയാണ്. എയർലൈൻ വ്യവസായം, ഹോട്ടൽ വ്യവസായം, കോർപ്പറേറ്റ് മേഖല തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷനലുകൾക്കും എയർഹോസ്റ്റസുമാർക്കും ക്യാബിൻ ക്രൂവിനും ഇടയിൽ ഇത് ട്രെൻഡി ആയിരിക്കുകയാണ്. ഇതോടൊപ്പം വിവാഹ ചടങ്ങുകളിലോ വീട്ടിലെ മറ്റ് ചടങ്ങുകളിലോ നെയിൽ ആർട്ട് ചെയ്യാറുണ്ട്. നെയിൽ ടെക്നോളജി കോസ്മെറ്റോളജിയുടെ ഭാഗമാണ്.