ബോളിവുഡിന്‍റെ “സുന്ദരനായ ബാലൻ വരുൺ ധവന് 37 വയസ്സ് തികഞ്ഞിരിക്കുന്നു. കരൺ ജോഹറിന്‍റെ സ്റ്റുഡന്‍റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ ആയിരുന്നു വരുണിന്‍റെ സിനിമാ പ്രവേശം. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു അത്. ആലിയ ഭട്ട്, സിദ്ധാർത്ഥ് മൽഹോത്ര എന്നിവരും വരുണിനൊപ്പം ഈ ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹാസ്യ ചലച്ചിത്ര സംവിധായകൻ ഡേവിഡ് ധവന്‍റെ മകനാണ് വരുൺ ധവൻ. നോട്ടിംഗ്ഹാം ട്രെന്‍റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് സ്റ്റഡീസിൽ ബിരുദം നേടിയ വരുൺ കരൺ ജോഹറിന്‍റെ ‘മൈ നെയിം ഈസ് ഖാൻ’ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് സിനിമ ബന്ധം ആരംഭിക്കുന്നത്.

ചെറുപ്പം മുതലേ തനിക്ക് നായകനാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് വരുൺ ഒരു അഭിമുഖത്തിനിടെ പറയുകയുണ്ടായി.  സമയോചിതമായ ഇടപെടലിലൂടെ ഒരു സ്ത്രീയെ പീഡന ശ്രമത്തിൽ നിന്നും രക്ഷിക്കുക വരെ ചെയ്തിട്ടുണ്ട് വരുൺ. അതും വരുണിന് 10 വയസുള്ളപ്പോൾ. സ്ത്രീയുടെ നിലവിളി കേട്ട വരുൺ ഉടൻ തന്നെ 100 ഡയൽ ചെയ്ത് പോലീസിനെ വിളിക്കുകയായിരുന്നു.

വരുണിന്‍റെ ഭാര്യ നടാഷയ്ക്ക് അടുത്തിടെയായിരുന്നു ബേബി ഷവർ. നടനും ഭാര്യയും വലിയ ആഘോഷത്തോടെയാണ് ബേബി ഷവർ നടത്തിയത്. വീടിന് പുറത്ത് തടിച്ചുകൂടിയ മാധ്യമ പ്രവർത്തകർക്ക് മധുരം വിതരണം ചെയ്ത് വരുൺ തന്‍റെ സന്തോഷം പങ്കിട്ടു. 2021 ജനുവരി 24 ന് ആയിരുന്നു വരുനിന്‍റെയും നടാഷയുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.  ത്രില്ലർ ചിത്രമായ ‘ബേബി ജോൺ’ എന്ന ചിത്രമാണ് വരുണിന്‍റെ അടുത്ത പ്രൊജക്റ്റ്. ചിത്രം സംവിധാനം ചെയ്യുന്നത് എ. കാളീശ്വരൻ ആണ്. ഇതിന് പുറമെ, ഹോളിവുഡ് പരമ്പരയായ സിറ്റാഡലിന്‍റെ ഹിന്ദി പതിപ്പിൽ സാമന്ത റൂത്തിനൊപ്പം അദ്ദേഹം വേഷമിടുന്നുണ്ട്. രാജും ഡികെയും ചേർന്നാണ് ഇതിന്‍റെ ഹിന്ദി പതിപ്പ് നിർമ്മിച്ചിരിക്കുന്നത്.

മികച്ച ഒരു ഹോസ്റ്റും കൂടിയാണ്

അഭിനയ ജീവിതത്തിനിടയിലും വരുൺ രണ്ട് അവാർഡ് ചടങ്ങുകൾക്ക് കോ -ആങ്കറിംഗും ചെയ്തിട്ടുണ്ട്. മികച്ചൊരു നടനെന്നതുപോലെ തന്നെ മികച്ചൊരു അവതാരകനും കൂടിയാണ് താൻ എന്ന് താരം തെളിയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് മൽഹോത്ര, ആയുഷ്മാൻ ഖുറാന എന്നിവർക്കൊപ്പം വരുൺ 2013-ൽ സ്റ്റാർഡസ്റ്റ് അവാർഡ് ദാന ചടങ്ങിന്‍റെയും 59-ാമത് ഫിലിംഫെയർ അവാർഡുകളുടെ ഒരു വിഭാഗത്തിന്‍റെയും അവതാരകനായി. കൂടാതെ ഷാരൂഖ് ഖാൻ, റിച്ച ഛദ്ദ എന്നിവർക്കൊപ്പം 20-ാമത് സ്‌ക്രീൻ അവാർഡു ഷോയുടെ സഹ-അവതാരകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, അദ്ദേഹം ഉത്തരാഖണ്ഡിലെ പ്രളയ സമയത്തു നടത്തിയ പ്രവർത്തനങ്ങളെപ്പറ്റിയയാണ്. 2013ൽ പ്രളയ ബാധിതർക്കായുള്ള ധനസമാഹരണത്തിനായി അദ്ദേഹം മൽഹോത്ര, ഹുമ ഖുറേഷി തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രത്യേക പരിപാടി വരെ അവതരിപ്പിക്കുകയുണ്ടായി. അതുപോലെ മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും താരം സജീവമാണ്.

और कहानियां पढ़ने के लिए क्लिक करें...