ചിത്രയുമായുള്ള 9 വർഷത്തെ ദാമ്പത്യം ഏകദേശം ഇങ്ങനെയായിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പിലെ തുടക്കത്തിലെ നാല് വർഷങ്ങൾ തങ്ങൾ കാമുകികാമുകന്മാരല്ലെന്ന് തിരിച്ചറിയാൻ വേണ്ടിവന്നു. പിന്നീടുള്ള ഒരു വർഷം ദാമ്പത്യം മധുരിക്കുന്ന പലഹാരമല്ലെന്ന് മനസ്സിലാക്കി ജീവിച്ചു. അതു കഴിഞ്ഞുള്ള നാല് വർഷങ്ങൾ ദാമ്പത്യത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞാനും ചിത്രയുമായുള്ള ബന്ധത്തിൽ അടിപിടിയോ വഴക്കോ ഒന്നും ഇല്ലായിരുന്നു. ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നു. പക്ഷേ അത് ഒറ്റയ്ക്കുള്ള വഴിയിലൂടെ സഞ്ചരിക്കാൻ ആയിരുന്നെന്നുമാത്രം.
വിവാഹമോചനം നേടിയ ശേഷം മൂന്ന് മാസം കൂടുമ്പോൾ ഒരു ആഴ്‌ച മോനെ എന്‍റെ കൂടെ താമസിപ്പിക്കണം എന്നായിരുന്നു ധാരണ. അത് നിയമപരമായി അനുവദിച്ചു കിട്ടിയതായിരുന്നു. ഇതുപ്രകാരം ചിത്ര ലണ്ടനിൽ ഒരു കോൺഫറൻസിന് പോകും മുമ്പ് മോനെ എന്‍റെ വീട്ടിൽ കൊണ്ടുവിട്ടു. ശിവം എന്നാണ് അവന്‍റെ പേര്. ഞാനിട്ട പേര് അന്നേ അവൾക്ക് പിടിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ വേർപിരിഞ്ഞ ശേഷം അവൾ മോന്‍റെ പേര് ഓദ്യോഗികമായി മാറ്റാനൊന്നും പോയില്ല.
“അച്ഛനെ നന്നായി നോക്കണമെന്നാണ് അമ്മ പറഞ്ഞത്” മോൻ എന്നോട് പറഞ്ഞു. അവന്‍റെ നീളത്തേക്കാൾ നീളമുള്ള ഒരു ബാഗ് അവന്‍റെ തോളിൽ ഉണ്ടായിരുന്നു.
“നമ്മൾ പരസ്പ്‌പരം നന്നായി നോക്കും പോരെ” ഞാൻ ചിരിച്ചുകൊണ്ട് എന്‍റെ പൊന്നുമോനോട് പറഞ്ഞു. ഇത് ആദ്യമായിട്ടൊന്നുമല്ല അവൻ എന്‍റൊപ്പം വരുന്നത്. പക്ഷേ അന്നൊക്കെ ചിത്രയും കൂട്ടിനുണ്ടായിരുന്നു. ഇന്ന് എന്‍റെ ഉള്ളിൽ കുറച്ചുകൂടി ഉത്തരവാദിത്വം വേണമെന്ന തോന്നലുണ്ടായിരിക്കുന്നു. സിംഗിൾ പേരന്‍റിംഗിന്‍റെ ഗുണങ്ങൾ ഉണ്ടെങ്കിലും ഒറ്റയ്ക്ക് എല്ലാം നോക്കേണ്ടത് അത്ര എളുപ്പമുള്ള കാര്യമല്ല ഞാൻ സെക്രട്ടറിയോട് പറഞ്ഞ് ഗോവയിൽ മുമ്പേ തന്നെ ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ കൗണ്ടറിൽ നിൽക്കുകയായിരുന്ന റിസപ്ഷനിസ്‌റ്റ് സ്യൂട്ടിന്‍റെ താക്കോൽ തരുന്നതിനിടയിൽ പറഞ്ഞു “സർ, ക്ഷമിക്കണം നിങ്ങൾക്കിപ്പോൾ പൂളിൽ പോകാൻ കഴിയില്ല. അവിടെ ഷൂട്ടിംഗ് നടക്കുകയാണ്” മനസ്സിൽ സന്തോഷം തോന്നിയെങ്കിലും മുഖത്ത് അസംതൃപ്തതി വരുത്തിക്കൊണ്ട് ചോദിച്ചു. “അല്ല, ഈ ഷൂട്ടിംഗ് എത്ര സമയം കാണും. ” “സർ, ഈ ആഴ്‌ച മുഴുവനും ഉണ്ടാവും. പക്ഷേ രാവിലെ 2 മണിക്കൂർ സ്വിമ്മിംഗ് പൂളിൽ പോകുന്നതിനേ വിലക്കുള്ളൂ. ” അപ്പോൾ ഗൗൺ ധരിച്ച ഒരു മോഡൽ റിസപ്ഷനിലേക്ക് വന്നു. ഫ്ളൈറ്റിൽ നിന്ന് ലഭിച്ച മാഗസിനിലെ കവർ ചിത്രം ഈ മോഡൽ ആയിരുന്ന കാര്യം ഞാനപ്പോൾ ഓർത്തെടുത്തു. അവൾ എന്‍റെ അരികിൽ വന്നു നിന്നപ്പോൾ എനിക്ക് സന്തോഷവും ആശ്‌ചര്യവും ഇടകലർന്ന ഒരു വികാരം ഉണ്ടായി. കളർ ചെയ്‌ത മുടി, തിളങ്ങുന്ന ചർമ്മവും വിടർന്ന കണ്ണുകളും എല്ലാം അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു. അവർ ശിവയുടെ തലയിൽ തലോടിക്കൊണ്ട് ഹലോ പറഞ്ഞു. മകന് അവരുടെ പെരുമാറ്റത്തിൽ വലിയ ആഹ്ളാദമൊന്നും കണ്ടില്ല. ഞാൻ ഒരു ചെറിയ കുട്ടിയായാൽ മതിയായിരുന്നു, എനിക്കപ്പോൾ തോന്നി.
“ഡാഡി എനിക്ക് പൂളിൽ പോകണം” ശിവം പറഞ്ഞു.
“പുളിലെ വെള്ളം വളരെ നല്ലതാണ്. കാണുമ്പോൾ തന്നെ വസ്ത്രമെല്ലാം മാറ്റി വെള്ളത്തിലേക്ക് ഡൈവ് ചെയ്യാൻ തോന്നും” മോഡൽ പറഞ്ഞു. എന്നിട്ട് കൗണ്ടറിൽ നിന്ന് തന്‍റെ മുറിയുടെ ചാവി വാങ്ങിയ ശേഷം നടന്നകന്നു പോകുന്ന പോക്കിൽ എനിക്ക് ഒരു നോട്ടി സ്മൈൽ തരാനും അവൾ മറന്നില്ല. കുറച്ചുനേരം ഞാനും ശിവയും പൂളിൽ ചെലവഴിച്ചു. എന്നിട്ട് ഡിന്നർ കഴിച്ച ശേഷം ഞങ്ങളുടെ സ്യൂട്ടിൽ പോയി വിശ്രമിച്ചു.
അടുത്തദിവസം രാവിലെ ശിവം നേരത്തെ എഴുന്നേറ്റു. ഞങ്ങൾ പുളിൽ ഇറങ്ങിയപ്പോൾ അവൻ കസർത്ത് കാണിക്കാൻ തുടങ്ങി. വെള്ളത്തിൽ അവൻ ഊളിയിടുകയും ഓടിവന്ന് ചാടുകയും ചെയ്‌തു. അവൻ ഇത്രയും കലാപരമായി പുളിൽ തകർക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മകന്‍റെ വാട്ടർ സ്‌ട്രോക്സ് കണ്ട ഞാൻ തന്നെ ആൾചര്യപ്പെട്ടുപോയി അവൻ ഇതെല്ലാം എവിടുന്നാണ് പഠിച്ചത്? ബ്രേക്ക്ഫാസറ്റിന് കോൺ ഫ്ളെക്സ്‌സാണ് ഓർഡർ ചെയ്തത്. കൂടെ കോഫിയും. ശിവം ചോക്ലേറ്റ് സാൻവിച്ചാണ് ഓർഡർ ചെയ്തത്.
പത്ത് മണിയായപ്പോഴേക്കും എല്ലാ മോഡലുകളും പൂൾ ഏരിയയിൽ വന്നെത്തി ഞാൻ വിവിഐപി പാസ് വാങ്ങി ഷൂട്ട് കാണാനായി ചെന്നു. മോഡലുകൾ പൂളിൽ ഇറങ്ങുന്നതിനു മുമ്പ് വരെ അവരെ ആകർഷിക്കാനായി ഞാൻ വിവിധതരം സ്‌റ്റൈലിൽ നീന്തൽ പ്രകടനം നടത്തി. ഞാൻ ശരീരത്തിന്‍റെ അഴകളവ് പ്രദർശിപ്പിക്കും വിധം നീന്തിത്തുടിച്ചു.
പുളിൽ ഞാൻ തകർപ്പൻ പ്രകടനം കാഴ്‌ചവച്ചുവെങ്കിലും ശിവം ആയിരുന്നു എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത്. 4-5 മോഡലുകൾ അവനോട് കുശലം പറയുകപോലും ചെയ്തു. കാർട്ടൂൺ കഥാപാത്രങ്ങളെക്കുറിച്ചുള്ള അവന്‍റെ അറിവിൽ അവർ അദ്‌ഭുതപ്പെടുകയും ചെയ്‌തു. കാരണം അവൻ ചില കഥാപാത്രങ്ങളുടെ സ്‌റ്റൈലാണ് നീന്തലിൽ അനുകരിച്ചതത്രേ. എനിക്കിതേപ്പറ്റി യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അടുത്ത രണ്ടു ദിവസം ഞാൻ ഒഴിവു ദിനത്തിന്‍റെ ആലസ്യത്തിൽ അമർന്നെങ്കിലും ശിവം പുളിൽ പിന്നെയും മോഡലുകളുടെ ഇഷ്ട്‌ടം കവർന്നു കൊണ്ടിരുന്നു. എനിക്കും എന്തെങ്കിലും ചെയ്തതേ പറ്റൂ. ഞാൻ ചില നമ്പറുകളൊക്കെയിട്ടു. ഞാനും മോഡലുകളോട് കുശലം പറയാൻ തുടങ്ങി. മുമ്പ് റിസപ്ഷനിൽ വച്ച് കണ്ട മോഡൽ ശിവയുമായി നല്ല കൂട്ടായി. ആ കാര്യം ഞാൻ മനസ്സിലാക്കി. അവൾ ശിവയുടെ ഫ്രണ്ടായി തീർന്നിരുന്നു. കാമ്യ എന്നായിരുന്നു അവരുടെ പേര് എന്ന് പോലും ശിവം പറഞ്ഞാണ് ഞാനറിഞ്ഞത്.
സ്വയം ധൈര്യം സംഭരിച്ചുകൊണ്ട് ഒരു ദിവസം ഞാൻ കാമ്യയെ വൈകുന്നേരം കാപ്പി കുടിക്കാൻ ക്ഷണിച്ചു.
“തീർച്ചയായും” അവൾ പുഞ്ചിരിച്ചു കൊണ്ട് തന്‍റെ തലമുടി പിന്നിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.
“എനിക്കും ഇവിടെ ഒരു നല്ല കമ്പനി ആവശ്യമുണ്ടായിരുന്നു” ഞാൻ പറഞ്ഞു.
8 മണിയ്ക്ക് മെൻ ബാറിൽ കണ്ടുമുട്ടാമെന്ന് നിശ്ചയിച്ചു. വിവാഹജീവിതം വേർപെടുത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുമായി ഞാൻ ചങ്ങാത്തത്തിലാവുന്നത്. അതിനാൽ തന്നെ രോമാഞ്ചവും ജാള്യതയും ഒന്നിച്ചുള്ള വല്ലാത്തൊരു മാനസികാവസ്‌ഥയിലൂടെയാണ് ഞാൻ കടന്നു പോയിക്കൊണ്ടിരുന്നത്.
“മോനെ ശിവം, ഒരു രാത്രി നീ തനിച്ച് കിടന്നുറങ്ങേണ്ടി വരും” ഞാൻ ശിവത്തോട് പറഞ്ഞു. “ഞാൻ ഹോട്ടലിൽ നിന്ന് ബേബിസിറ്ററെ ഏർപ്പാടാക്കിയിട്ടുണ്ട്. അവർ നിനക്ക് മുഴുവൻ കോമിക്‌സും വായിച്ചു കേൾപ്പിക്കും. ആ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്.”
ഹോട്ടലിലെ ബേബി സിറ്റർ 16 വയസ്സുള്ള പെൺകുട്ടിയായിരുന്നു. ഈ ജോലിയിൽ ആഹ്‌ളാദം കണ്ടെത്തുന്ന കുട്ടിയായിരുന്നു അവൾ. കാരണം രാത്രി കുട്ടികൾക്കൊപ്പം കാർട്ടൂൺ കാണുന്നതിനും കോമിക്‌സ് വായിക്കുന്നതിനും അയ്യായിരം രൂപ അവൾക്ക് ലഭിച്ചിരുന്നു. കാമ്യയുമായി ഞാൻ സമയം ചെലവിടുന്നതിൽ ഞാൻ എത്രമാത്രം ആഹ്ളാദിച്ചിരുന്നോ അത്ര തന്നെ സന്തോഷം ബേബി സിറ്റർക്ക് ശിവയ്ക്കൊപ്പം ചെലവിടുന്നതിലും ഉണ്ടായിരുന്നു. ഞാൻ പോകാൻ നേരം ശിവയെ നോക്കിയപ്പോൾ അവൻ സങ്കടത്തോടെ പറഞ്ഞു “ബൈ, ഡാഡി വേഗം വരണേ.”
പാവം അവനെ ഒറ്റയ്ക്കിട്ട് പോകാൻ എനിക്കും സങ്കടമുണ്ടായിരുന്നു. എന്‍റെ ഉത്തരവാദിത്വം കാണിക്കാനായി ഞാൻ ബേബി സിറ്ററോട് ഒരിക്കൽ കൂടി അവനെ നന്നായി ശ്രദ്ധിക്കണമെന്ന് ശട്ടം കെട്ടി. പിന്നെ ധൃതിയിൽ സ്യൂട്ടിൽ നിന്ന് പുറത്തു കടന്നു. റസ്‌റ്റോറന്‍റിൽ എത്തുമ്പോഴേക്കും സമയം 8 കഴിഞ്ഞിരുന്നു. കാമ്യ റസ്റ്റോറന്‍റിലെ ലോണിൽ ഒരു കസേര വലിച്ചിട്ടിരുന്ന് ആകാശ നക്ഷത്രങ്ങൾ നോക്കുകയായിരുന്നു. സമുദ്ര ഭാഗത്തു നിന്ന് ഒഴുകിവരുന്ന കാറ്റ് അവളുടെ മുടിയെ തഴുകുന്നുണ്ടായിരുന്നു. ഗ്ലാസിൽ ബാക്കിവന്ന പെപ്സി വെറുതെ ഇളക്കിക്കൊണ്ടിരിക്കുന്ന അവളെ നിലാവിൽ കാണാൻ നല്ല ചന്തം തോന്നി. ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ എന്‍റെ മനസ്സ് വെമ്പൽ കൊണ്ടു. പിന്നെ ഞാൻ സ്വയം നിയന്ത്രിച്ചു.
ഞാൻ മന്ദം മന്ദം അവളുടെ അരികിൽ ചെന്നു, “സോറി അയാം ലേറ്റ്” എന്‍റെ ശബ്ദം കേട്ട് അവൾ പുളകിതയായോ. “നോ ,ഇറ്റ്സ് ഫൈൻ. ഞാൻ ആസ്വദിച്ചിരിക്കുകയായിരുന്നു. നോക്കൂ, കടലിൽ എത്ര ബോട്ടുകളാണ്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അവയിൽ വെളിച്ചം എത്ര മനോഹരമായാണ് പ്രകാശിക്കുന്നത്. അവ നീങ്ങുന്ന നക്ഷത്രങ്ങൾ ആണെന്ന് തോന്നും.” അവൾ കൈ ചൂണ്ടിയയിടത്തേക്ക് നോക്കി ഞാൻ വെറുതെ തട്ടിവിട്ടു, “ബോട്ടാണോ അതോ കപ്പലോ?” അപ്പോഴേക്കും വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു. ഞാനും കസേരയിൽ ഇരുന്നു “ഒരു പെപ്‌സി കൂടി പറയട്ടേ?” ഞാൻ ചോദിച്ചു.
“വെർജിൻ മോജീറ്റോ” അവൾ പറഞ്ഞു. ഞാൻ വെയ്റ്ററോട് രണ്ട് ജ്യൂസും വെർജിൻ മോജിറ്റോയും കൊണ്ടു വരാൻ പറഞ്ഞു.
“ശിവം എവിടെപ്പോയി, ഉറങ്ങിയോ?” എന്‍റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് കാമ്യ ചോദിച്ചു.
“സോറി, അതുകാരണമാണ് ഞാൻ ലേറ്റ് ആയത്. അവന് ഒറ്റയ്ക്ക് കഴിയാൻ ഇഷ്ടമല്ല. പക്ഷേ അവൻ ഇപ്പോൾ ഒറ്റയ്‌ക്കല്ല. അടുത്ത് ബേബി സിറ്റർ ഉണ്ട്. ഞാൻ തീരെ ഉത്തരവാദിത്വമില്ലാത്ത അച്ഛഛനാണെന്ന് അവൻ കരുതാൻ പാടില്ലല്ലോ.
“അവനുവേണ്ടി അവൾ കോമിക്ക് വായിക്കുമോ? അവനെ അവൾ ബോറടിപ്പിക്കില്ലല്ലോ? നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഒരുവട്ടം നമുക്ക് അവനെ നോക്കിയിട്ടുവരാം. ”
“വേണ്ട.” ഞാൻ വേഗം തന്നെ മനസ്സ് തുറന്നു.
“അവൻ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവും. വെറുതെ ടെൻഷൻ അടിക്കണ്ട” എന്നിട്ട് ഞാൻ സംസാരം വഴിതിരിച്ചുവിട്ടു.
“നിന്‍റെ ഷൂട്ട് എങ്ങനെ പോകുന്നു?”
“അവർക്ക് ആവശ്യമുള്ളത്രയും നല്ല ഫോട്ടോകൾ കിട്ടിയെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ ദിവസം ബോറിംഗ് ആയിരുന്നു. ഞാൻ ഒരു പുസ്‌തകം മുഴുവൻ വായിച്ചു തീർത്തു.” അവളുടെ കയ്യിൽ ഷേക്സ്‌പിയറിന്‍റെ ഹാംലെറ്റ് ഉണ്ടായിരുന്നു. ഒരു മോഡലിന്‍റെ കയ്യിൽ ഹാർഡ് കോർ ലിറ്ററേച്ചർ പുസ്‌തകം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി.
“ഞാൻ ഓണേഴ്‌സ് ഫൈനൽ ഇയർ സ്‌റ്റുഡന്‍റ് കൂടിയാണ്” അവൾ പൂഞ്ചരിച്ചു. വെയ്റ്റർ ഡ്രിംഗ്‌സ് കൊണ്ടുവന്നു.
“ഞാൻ അവധി ദിവസങ്ങളിൽ മാത്രമേ മോഡലിംഗ് ചെയ്യാറുള്ളൂ.”
ഞാൻ എന്തെങ്കിലും പറയാനായി ശ്രമിച്ചു “ഞാൻ കരുതി നിങ്ങൾ ഫുൾടൈം മോഡലായിരിക്കുമെന്ന്.”
“ഒഴിവു സമയത്ത് എന്തെങ്കിലുമൊക്കെ ചെയ്‌തു കൊണ്ടിരിക്കും.” അവൾ ജ്യൂസ് സിപ്പ് ചെയ്തുകൊണ്ട് പറഞ്ഞു. “കുറച്ചുകാലം തിയറ്റർ ചെയ്തിരുന്നു. കൂടാതെ ജർമ്മനിയിൽ നഴ്സസറി കുട്ടികളെ പഠിപ്പിച്ചിരുന്നു.”
“വെറുതെയല്ല. നിന്‍റെ പേഴ്സണാലിറ്റി അപാരമാണ്.”
അവൾ ചിരിച്ച ശേഷം ഗ്ലാസ് കാലിയാക്കിക്കൊണ്ട് പറഞ്ഞു. “നിങ്ങൾ എന്താണ് ചെയ്യുന്നത്. ഐ മീൻ വർക്ക്?”
“ഞാനൊരു ബാങ്കർ ആണ്, ബാങ്കിംഗ് സെക്ടറിൽ ലാഭം ഉണ്ടാക്കാനുള്ള സൂത്രങ്ങൾ പറഞ്ഞുകൊടുക്കുന്നു.”
“ഇന്‍ററസ്റ്റിംഗ്” അവൾ എന്‍റെ കണ്ണുകളിലേക്ക് നോക്കി.
“ഇക്കണോമിക്സിൽ എനിക്ക് അതീവ താൽപര്യമുണ്ട്.” ഞാനപ്പോൾ അവളുടെ ബയോളജിയെപ്പറ്റി ചിന്തിക്കുകയായിരുന്നു. മോഹിപ്പിക്കുന്ന അഴകളവ്!
“നിങ്ങൾക്ക് വിശക്കുന്നുണ്ടോ?” അവൾ ചോദിച്ചു. എന്‍റെ ആലോചന മുറിഞ്ഞു.
ഞാൻ സീ ഫുഡ് ഓർഡർ ചെയ്തു. ഡിന്നറിന് ശേഷം നിലാവിൽ ബീച്ചിൽ നടക്കാമെന്ന നിർദ്ദേശം വച്ചു. ഞങ്ങൾ ചെരിപ്പുകൾ കയ്യിൽ ഊരിപ്പിടിച്ച് നടക്കാൻ തുടങ്ങി. അവൾ ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവളുടെ തോളിൽ സ്നേഹപൂർവ്വം കൈ വച്ചു കൊണ്ട് നടന്നു. ചെറിയ തിരകൾ ഞങ്ങളുടെ കാലുകളെ നനച്ചു കൊണ്ടിരുന്നു. ഞങ്ങൾ നിശ്ശബ്ദം കുറേദൂരം നടന്നു. അപ്പോൾ ഒരു പാറമേൽ അപായ ബോർഡ് കണ്ടു. ഇനി മുന്നോട്ട് പോകരുത്!
നേരം വെളുക്കും വരെ ഇങ്ങനെ നടക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. ഞാൻ കൈകൊണ്ട് അവളുടെ മുഖം കോരിയെടുത്ത് ചുംബിച്ചു. അവൾ എന്‍റെ കൈപിടിച്ച് പാറമേൽ കൊണ്ടു പോയി ഇരുത്തി. അവളും എന്‍റെ ചുണ്ടുകളെ ചുണ്ട് കൊണ്ട് സ്‌പർശിച്ചു. പൊടുന്നനെ എന്തൊ ഓർത്തിട്ടെന്ന പോലെ അവൾ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. “എനിക്ക് ശിവയെ ഓർമ്മ വരുന്നൂ.” ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും അവളെ ആവേശപൂർവ്വം കെട്ടിപ്പിടിച്ച് ചുംബിച്ചു.
“സോറി” ചിരിച്ചുകൊണ്ട് അവൾ എന്നെ തള്ളിമാറ്റി.“ ഞാൻ ചുംബിക്കുമ്പോൾ നിങ്ങളുടെ മുഖം ശിവയെ പ്പോലെ എനിക്ക് തോന്നിയിരുന്നു. അവൻ കടൽക്കരയിൽ കളിക്കുന്നതുപോലെ തോന്നുന്നു എനിക്കിപ്പോൾ. പ്രണയിക്കുമ്പോൾ മോനെപറ്റി പറയാൻ ഇടയായതിൽ എന്‍റെ വികാരത്തിന് ക്ഷതം പറ്റി. എനിക്ക് ഒരേ സമയം രണ്ട് വികാരങ്ങൾ പറ്റില്ല.
“എന്താ വിജയ് നിങ്ങൾക്ക് വല്ല ടെൻഷനുമുണ്ടോ? മുഖം വല്ലാതിരിക്കുന്നു” അവൾ പൊടുന്നനെ ചോദിച്ചു.
“വിജയ്. നിങ്ങൾ ടെൻഷനിലാണോ? നമ്മൾ ഇവിടെ ആഹ്ളാദിക്കുന്നു. അതേ സമയം ശിവം റൂമിൽ ഒറ്റയ്ക്ക്. അതോർത്തപ്പോൾ അസ്വസ്ഥത തോന്നി.”
“ശരിയാണ്. പക്ഷേ അവിടെ ബേബി സിറ്റർ ഉണ്ടല്ലോ”
“പക്ഷേ അവന് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമല്ലെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്” കാമ്യ ഇടയ്ക്കുകയറി പറഞ്ഞു. “നമുക്ക് ഒരു വട്ടം അവനെ നോക്കി വന്നാലോ. ”
“ബേബി സിറ്റർ നന്നായി നോക്കും. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അവൾ എന്നെ വിളിച്ചോളും. എന്‍റെ മൊബൈൽ നമ്പർ അവരുടെ കയ്യിൽ ഉണ്ടല്ലോ.”
ഇതു പറഞ്ഞശേഷം ഒന്ന് അവിടേക്ക് വിളിച്ചു നോക്കാം എന്നു കരുതി പോക്കറ്റിൽ കയ്യിട്ടപ്പോൾ മൊബൈൽ ഇല്ല. അത് ഞാൻ റൂമിൽ മറന്ന് വച്ചിട്ടാണ് പോന്നത്.
“വരു നമുക്ക് പോയി നോക്കാം” കാമ്യ പറഞ്ഞു.
എന്‍റെ സമയം ശരിയല്ല. ഒന്നും ഞാൻ വിചാരിച്ചപോലെ നടക്കുന്നില്ല. ഒരു വശത്ത് സുന്ദരിയായ മോഡൽ, മറ്റൊരു വശത്ത് ഏകനായ മകൻ. അവനെക്കുറിച്ച് എന്നെക്കാൾ ചിന്ത മോഡലിനാണ്. ഇനി അവളുടെ കൂടെ ഈ റൊമാന്‍റിക് മൂഡിൽ നിന്ന് റൂമിലേക്ക് പോകേണ്ടി വരും.
“വേഗം പോകാം” അവൾ ധൃതി വച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തിയപ്പോൾ ഞാൻ കാമ്യയോട് ലോണിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. എന്നിട്ട് ഞാൻ റൂമിലേക്ക് നടന്നു. ശിവം ഉറങ്ങുകയായിരുന്നു. ബേബി സിറ്റർ ടിവി കാണുന്നു. വളരെ ശബ്ദം കുറച്ച് സിനിമ ആസ്വദിക്കുകയാണ് ആ പെൺകുട്ടി.
“കുഴപ്പമൊന്നുമില്ലല്ലോ? എന്‍റെ മൊബൈൽ ഇവിടെ വച്ചു മറന്നു പോയി അതാ വന്നേ.” ഞാൻ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു.
ബേബി സിറ്റർ ടേബിളിൽ നിന്ന് എന്‍റെ മെബൈൽ എടുത്ത് തന്നു. ഞാൻ വേഗം ലിഫ്റ്റിൽ ഓടിക്കയറി. ലോണിൽ ഇരിക്കുകയായിരുന്ന കാമ്യ വീണ്ടും ആകാശക്കാഴ്‌ചയിൽ മുഴുകിയിരിക്കുകയായിരുന്നു. സുന്ദരിയായിരുന്നെങ്കിലും എന്തോ വിഷാദം അവളെ പിടികൂടിയിരുന്നു.
“വല്ലാത്ത ക്ഷീണം കിടന്നോട്ടെ” അവൾ ഇതു പറഞ്ഞതും എന്‍റെ ആഹ്ളാദമെല്ലാം ഒലിച്ചുപോയി.
“ഇന്നത്തെ രാത്രി… എനിക്ക്…” വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ അവൾ ഇടയ്ക്ക് കയറി പറഞ്ഞു. “എന്നെ സ്നേഹിക്കണമായിരുന്നു അല്ലേ?” കാമ്യ പുഞ്ചിരിച്ചു.
“അല്ല… അത്…” ഞാൻ പതറി.
“പിന്നെ ഷേക്‌സ്‌പിയറിന്‍റെ ഹാം ലെറ്റ് ചർച്ച ചെയ്യാനോ?” അവൾ ഉറക്കെ ചിരിച്ചു. തണുത്ത കാറ്റിന് വല്ലാത്ത ചൂട് എനിക്കനുഭവപ്പെട്ടു!
“മകൻ കൂടെയുള്ളപ്പോൾ പ്രണയിക്കാൻ വലിയ പാടാണ്. മാത്രമല്ല നിങ്ങൾ നല്ലൊരു അച്ഛനുമാണല്ലോ.” കാമ്യ മറ്റെങ്ങോ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“അല്ല… അല്ല… ഞാൻ അതൊന്നുമല്ല” പെട്ടന്ന് ഞാൻ മറുപടി പറഞ്ഞു.
“ഇന്ന് സംഭവിച്ചതോർത്ത് ടെൻഷൻ വേണ്ട. നിങ്ങൾ ശിവക്കൊപ്പം പൂളിൽ നീന്തിക്കളിക്കുമ്പോഴും അവനെ പരിപാലിക്കുമ്പോഴും ഞാൻ ഒരു അച്ഛന്‍റെ വാത്സല്യം കണ്ടതാണ്. അത് അധികം അച്ഛന്മാരിൽ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ വിലപ്പെട്ട സമയം മകന് നൽകുന്നു. അത് വളരെ വലിയ കാര്യമാണ്. പലരും മക്കൾക്ക് പണം കൊടുക്കുന്നു. വലിയ ഗിഫ്റ്റുകൾ കൊടുക്കുന്നു. അതോടെ തീർന്നു. കുട്ടികൾക്കൊപ്പം സമയം ചെലവിടുന്നവരാണ് നല്ല രക്ഷിതാക്കൾ.” കാമ്യ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
“എനിക്ക് നിങ്ങളുടെ സൗഹൃദം ഇഷ്ടമാണ്. പക്ഷേ മകന്‍റെയും അച്ഛന്‍റെയും ഇടയിൽ വരാൻ ഞാനാഗ്രഹിക്കുന്നില്ല.” കാമ്യ പറഞ്ഞു.
“പക്ഷേ നീ…” ഞാൻ എന്തോ പറയാൻ ശ്രമിച്ചു. അവൾ എന്‍റെ ചുണ്ടിൽ വിരൽ വച്ച് അത് തടഞ്ഞു.
“നാളെ ഞാൻ തിരിച്ചുപോവുകയാണ്. പക്ഷേ ലഞ്ച് വരെ ഇവിടെ കാണും. ”
“ഞാനും ശിവയും നാളെ നിന്നെ കാണാൻ വരാം.”
“നിങ്ങൾ വളരെ ലക്കിയാണ്. എത്ര നല്ല പുത്രനെയാണ് നിങ്ങൾക്ക് ലഭിച്ചത്” കാമ്യ പറഞ്ഞു. എനിക്കൊന്നും പറയാൻ തോന്നിയില്ല. ലിഫ്റ്റിന്‍റെ ചില്ല് ജാലകത്തിലൂടെ നോക്കിയപ്പോൾ അവൾ ഞാൻ പോകുന്നത് നോക്കി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. എന്‍റെ മനസ്സിലും അവളുടെ മനസ്സിലും ഒരേ കടൽ ഇരമ്പുന്നത് ഞാനറിഞ്ഞു.