ലോകമെമ്പാടും ഉള്ള നിരവധി പ്രാദേശിക ആചാരങ്ങളും ദേശീയമായ ജീവിതശൈലിയും വ്യക്തമാക്കുന്നതാണ് ഓരോ ഉത്സവങ്ങളും. വിദേശ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ ആ നാട്ടിലെ ഉത്സവ ദിനങ്ങൾ മനസ്സിൽ വെയ്ക്കാം. ഇന്ത്യക്കത്തും പുറത്തുമായി ശ്രദ്ധേയമായി ഏതാനും ഉത്സവ വിശേഷങ്ങൾ ഇതാ.
ഹോളി ഉത്സവം
സ്ഥലം: ഇന്ത്യയും നേപ്പാളും
സമയം.: ഫെബ്രുവരി അവസാനം മുതൽ മാർച്ച് പകുതി വരെ
ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഉത്സവങ്ങളിൽ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്ന് വിളിക്കപ്പെടുന്ന ഹോളി ഇന്ത്യയുടെ പ്രശസ്തി ഉയർത്തിയ ഉത്സവം ആണ്. വസന്തകാല ആഘോഷമാണ് ഹോളി. വസന്തകാല വിളവെടുപ്പിന്‍റെ പ്രതീക്ഷ ആണ് ഈ ആഘോഷത്തിന്‍റെ അടിസ്ഥാനം.
തദ്ദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഹോളി ഉത്സവത്തിൽ കളിക്കാനും നൃത്തം ചെയ്യാനും പാടാനും അവസരം ലഭിക്കുന്നു. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്ന് വേണ്ട അപരിചിതരുടെ മേൽ പോലും നിറം വാരി പൂശാൻ കിട്ടുന്ന അവസരം ആണ്. ഉത്സവത്തിന്‍റെ തലേന്ന് മുതൽ തുടങ്ങുന്ന പാട്ടും നൃത്തവും ഹോളി ആഘോഷങ്ങൾ കൂടുതൽ രസകരമാക്കുന്നു.
റിയോ കാർണിവൽ
സ്ഥലം: റിയോ ഡി ജനീറോ, ബ്രസീൽ
സമയം: ഈസ്റ്റെറിനു 51 ദിവസം മുൻപ്
ആഘോഷങ്ങളെ കുറിച്ച് പറയുമ്പോൾ ബ്രസീലിന്‍റെ തലസ്ഥാന നഗരിയായ റിയോ ഡി ജെനിറോയിൽ നടക്കുന്ന കാർണിവലിനെ കുറിച്ച് പറയാതെ നിവൃത്തിയില്ല. റിയോ ഡി ജനീറോ കാർണിവൽ, ലോകമെമ്പാടുമുള്ള ഏറ്റവും രസകരവും ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നതുമായ സാംസ്കാരിക ആഘോഷങ്ങളിൽ ഒന്നാണ്.
പ്രശസ്തമായ സാംബ നൃത്തം, വർണ്ണാഭമായ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങൾ, സംഗീതം, ഗംഭീരമായ ഫ്ലോട്ട് ഡിസ്പ്ലേകൾ, ലൈറ്റിംഗ് എന്നിവയിലൂടെ റിയോ ഡി ജനീറോ ലോകത്തിന്‍റെ കാർണിവൽ തലസ്ഥാനമെന്ന പദവി നേടി. അവിടെ പോകുമ്പോൾ ഒരു പ്രാദേശിക സാംബ ക്ലബ്ബിൽ ചേരുക, ലോകത്തിലെ ഏറ്റവും മികച്ച ഉത്സവങ്ങളിലൊന്നിൽ നൃത്തം ചെയ്യാനുള്ള അവസരം സ്വന്തമാക്കാം.
ഒക്ടോബർ ഫെസ്റ്റ്
സ്ഥലം: മ്യൂണിച്ച്, ജർമ്മനി
സമയം: സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ ആദ്യ ആഴ്ച വരെ
1810 -ൽ ഒരു ജർമ്മൻ കിരീടാവകാശി ഒരു രാജകുമാരിയെ വിവാഹം കഴിച്ചു. എല്ലാ നഗരവാസികളും രാജകുടുംബത്തിനൊപ്പം ആഘോഷങ്ങളിൽ പങ്കു ചേർന്നു. ആ ആഘോഷവും ഒത്തു ചേരലും വളരെ രസകരമായിരുന്നു, അതിനാൽ അടുത്ത വർഷവും ആഘോഷം തുടർന്നു. അങ്ങനെ ആണ് ഒക്ടോബർ ഫെസ്റ്റ് എന്ന ഉത്സവം ആരംഭിച്ചത്. ഇപ്പോൾ ജർമ്മനിയെ കുറിച്ചും ഒക്ടോബർ മാസത്തെ കുറിച്ചും ചിന്തിക്കുമ്പോൾ തണുത്ത കാലാവസ്ഥയും തണ്ണിമത്തനും ഒക്ടോബർ ഫെസ്റ്റും മറക്കാൻ കഴിയില്ല.
ഒക്ടോബർ ഫെസ്റ്റ് കാണാൻ പ്രതിവർഷം 6 മില്യൺ സന്ദർശകർ മ്യൂണിക്കിൽ എത്താറുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഒക്ടോബർ ഫെസ്റ്റ്. പ്രാദേശിക സംസ്കാരം, ചരിത്രം, തമാശ, ഗെയിമുകൾ, ഭക്ഷണം എല്ലാം അടങ്ങിയ ഒക്റ്റോബർ ഫെസ്റ്റിൽ കാർഷിക പ്രദർശനങ്ങൾ, വസ്ത്രാലങ്കാരങ്ങൾ, സവാരി, ചരിത്ര സാംസ്കാരിക പ്രദർശനങ്ങൾ, ഫുഡ് ഫെസ്റ്റിവൽ എന്നിവ ഉണ്ടാകാറുണ്ട്.
ലാ ടൊമാറ്റിന
സ്ഥലം: ബുനോൾ, സ്പെയിൻ
സമയം: ഓഗസ്റ്റ് അവസാന ബുധനാഴ്ച
എല്ലാ ഓഗസ്റ്റിലും ബുനോൾ പട്ടണത്തിൽ നടക്കുന്ന ഭക്ഷ്യ പോരാട്ട ഉത്സവമാണ് ലാ ടൊമാറ്റിന. സൗഹൃദ പോരാട്ടങ്ങൾ നടക്കുന്ന വിചിത്രമായ ഉത്സവം എന്ന് പറയാം. മുമ്പ് ലാ ടൊമാറ്റിനയിൽ 50,000ത്തിന് മേൽ ആളുകൾ പങ്കെടുത്തിരുന്നു, എന്നാൽ പിന്നീട് പങ്കെടുക്കുന്നവരുടെ എണ്ണം 20,000 അല്ലെങ്കിൽ അതിൽ താഴെയായി നിലനിർത്താൻ ടിക്കറ്റ് സംവിധാനം നിലവിൽ വന്നു. ഒരു മണിക്കൂർ നീണ്ട യുദ്ധം ആരംഭിക്കുന്നത് ജല പീരങ്കികൾ പ്രയോഗിച്ചുകൊണ്ടാണ്, അതിനുശേഷം 100 ടണ്ണിലധികം പഴുത്ത തക്കാളി ചതച്ചു കൊണ്ട് എല്ലായിടത്തും ഏറിയും.
ആൽബുക്കർക്കി ഇന്‍റർനാഷണൽ ബലൂൺ ഫെസ്റ്റിവൽ
സ്ഥലം: അൽബുക്കർക്കി, യുഎസ്എ
സമയം: ഒക്ടോബർ ആദ്യം
യുഎസിൽ നടക്കുന്ന ഏറ്റവും വലിയ വാർഷിക അന്താരാഷ്ട്ര ഫെസ്റ്റിവൽ ആണ് ആൽബുക്കർക്കി ഇന്‍റർനാഷണൽ ബലൂൺ ഫിയസ്റ്റ. നാല് പതിറ്റാണ്ടിലേറെയായി, ഒക്ടോബറിലെ ആദ്യ അല്ലെങ്കിൽ രണ്ടാമത്തെ ആഴ്ച, ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം നടക്കുന്നു.
1970 കളിൽ 15ൽ താഴെ ഹോട്ട് എയർ ബലൂണുകളോടെ ആരംഭിച്ച ബലൂൺ ഫിയസ്റ്റ ക്രമേണ ലോകത്തിലെ ഏറ്റവും വലിയ ബലൂണിംഗ് ഇവന്‍റായി വളർന്നു. 600 ഓളം വർണ്ണാഭമായ ബലൂണുകൾ ആണ് ഇവിടെ വിക്ഷേപിക്കപ്പെടുന്നത്. ആൽബുക്കർക്കി ഇന്‍റർനാഷണൽ ബലൂൺ ഫിയസ്റ്റ ഭൂമിയിൽ ഏറ്റവുമധികം ഫോട്ടോ എടുക്കപ്പെട്ട ഫെസ്റ്റിവലുകളിൽ ഒന്നാണ്. ലേസർ ലൈറ്റ് ഷോകൾ, പടക്കങ്ങൾ, തത്സമയ ബാൻഡ് പ്രകടനങ്ങൾ, എന്നിവ ബലൂൺ ഫെസ്റ്റിവൽ ആകർഷകമ്മാകുന്നു.
യി പെംഗ് ഫെസ്റ്റിവൽ: ലാന്‍റൺ ഫെസ്റ്റിവൽ
സ്ഥലം: ചിയാങ് മായ്, തായ്‌ലൻഡ്
സമയം: നവംബർ പകുതി
വടക്കൻ തായ്‌ലൻഡിലെ ദീപങ്ങളുടെ ഉത്സവത്തിന്‍റെ ഭാഗമായി നവംബറിൽ ആണ് യി പെംഗ് നടക്കുന്നത്. യി പെംഗ് തായ്‌ലൻഡിലുടനീളം ആഘോഷിക്കപ്പെടുന്നു,
യി പെംഗ് പ്രദേശവാസികളുടെ വീടുകളും പൊതു സ്ഥലങ്ങളും വർണ്ണാഭമായ തൂക്കുവിളക്കുകളും കൊടി തോരണങ്ങൾ കൊണ്ടും അലങ്കരിക്കും. ഉത്സവങ്ങളിൽ പരേഡ്, തത്സമയ സംഗീത നൃത്ത പരിപാടികൾ, കരകൗശല മേളകൾ എന്നിവ വളരെ ആകർഷകമാണ് രാത്രി ആകാശത്തേക്ക് റാന്തലുകൾ തെളിച്ചു പറത്തി വിടുന്ന കാഴ്ച അതീവ സുന്ദരം ആണ്. വീടിന്‍റെ ടെറസ് പോലെ ഉയർന്ന പ്രദേശത്തു നിന്ന് ആകാശ വിളക്കുകൾ കാണാം…
ഹാർബിൻ ഐസ് ആൻഡ് സ്നോ ഫെസ്റ്റിവൽ
സ്ഥലം: ഹാർബിൻ, ചൈന
സമയം: ജനുവരി, ഫെബ്രുവരി
ചൈനയിലെ ഹാർബിനിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഐസ് ആൻഡ് സ്നോ ഫെസ്റ്റിവൽ ആണിത്. ഹാർബിൻ ഐസ് ആൻഡ് സ്നോ ഫെസ്റ്റിവൽ ഓരോ വർഷവും സന്ദർശകർക്ക് ഒരു പുതിയ ശീതലോകം സമ്മാനിക്കുന്നു. ചൈനയിലെ ഈ നഗരത്തെ ‘ഐസ് സിറ്റി’ എന്ന് വിളിക്കുകയും ചെയ്യുന്നു.
ഹാർബിൻ ചൈനയുടെ ഹിമ തലസ്ഥാനമായി മാറി. മാത്രമല്ല, അവിശ്വസനീയമാംവിധം അതിമനോഹരമായ ഐസ്, മഞ്ഞ് ശിൽപങ്ങൾക്ക് പേരുകേട്ടതാണ് ഈ പ്രദേശം. ഇവിടെ ഐസ് ആൻഡ് സ്നോ ഫെസ്റ്റിവലിന് മുമ്പ് ഐസ് ലാന്‍റൺ ഫെസ്റ്റിവൽ നടക്കുന്നു. എന്തായാലും ചൈനയിലെ ഐസ് ആൻഡ് സ്നോ ഫെസ്റ്റിവൽ ലോകത്തിലെ ഏറ്റവും മികച്ച ശൈത്യകാല ഉത്സവങ്ങളിൽ ഒന്നാണ്..
ബോറിയോംഗ് മഡ് ഉത്സവം
സ്ഥലം: ബോറിയോംഗ്, ദക്ഷിണ കൊറിയ
സമയം: ജൂലൈ
ബോറിയോംഗ് മഡ് ഫെസ്റ്റിവൽ ദക്ഷിണ കൊറിയയിലെ തീരദേശ പട്ടണമായ ബോറിയോംഗിൽ ആഘോഷിക്കുന്ന ഒരു പുതിയ ഉത്സവമാണ്. 1998 ൽ ആണ് ആരംഭിച്ചത്. ആ പ്രദേശത്തെ പോഷക സമ്പുഷ്ടമായ ചെളി ഉപയോഗിച്ച് സൃഷ്ടിച്ച നിരവധി സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പബ്ലിസിറ്റി നൽകാനാണ് ഇത് ആദ്യം തുടങ്ങിയത്, പക്ഷേ ഈ ഉത്സവം പെട്ടെന്നുതന്നെ കൊറിയയിലെ ഏറ്റവും പ്രശസ്തമായ വേനൽക്കാല ഉത്സവമായി മാറി.
എല്ലാ വർഷവും ഉത്സവത്തിന് പോകുന്നവർ ഡെയ്‌ചിയോൺ ബീച്ചിലേക്ക് പോകുന്നത് തത്സമയ സംഗീതം, പോഷക സമ്പുഷ്ടമായ ചെളിയിൽ മുങ്ങാനും, ചെളിയുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ, സൗന്ദര്യ ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവ പരീക്ഷിക്കാനുമുള്ള അവസരത്തിനായിട്ടാണ്. പോഷക സമ്പുഷ്ടമായ ചെളിയിൽ കളിക്കാം, ചെളി ഉപയോഗിച്ച് ശരീരം പെയിന്‍റ് ചെയ്യാം, ഇങ്ങനെ നിരവധി രസങ്ങൾ മഡ് ഫെസ്റ്റിവലിൽ ആസ്വദിക്കാം.