“നിങ്ങൾ പറയുന്നതൊന്നും എനിക്ക് കേൾക്കേണ്ട.” സരസ്വതി ദേഷ്യപ്പെടുന്നത് നടുവേദന കലശലാകുമ്പോഴാണെന്ന് അമ്മയ്ക്ക് മനസ്സിലായത് ഈയിടെയാണ്. എന്താണ് സരസ്വതിയുടെ നടുവേദനയ്ക്ക് കാരണം?
മാനസികമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സ്ത്രീകളിലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഡിപ്രഷൻ, ഭയം, ലൈംഗിക താൽപര്യമില്ലായ്മ എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങളാണ് ഇത്തരക്കാർ നേരിടുന്നത്. പ്രത്യേകിച്ചും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ള സ്ത്രീകളിലാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഈ വക ലക്ഷണങ്ങൾ കണ്ടുവരുന്നത്.
നടുവേദനക്കായി നടത്തുന്ന ലാപ്രോസ്കോപിക് പരിശേധനയിലൂടെ രോഗി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയുമെങ്കിലും ലൈംഗിക ചൂഷണവും നടുവേദനയും തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
ഈയവസ്ഥയിൽ രോഗിയിൽ ഏതെങ്കിലും വിധത്തിലുള്ള ശാരീരിക മാറ്റങ്ങളോ മറ്റ് ലക്ഷണങ്ങളോ കണ്ടെന്ന് വരില്ല. അതുകൊണ്ട് ഈ കാരണങ്ങൾ വച്ച് ഒരു നിഗമനത്തിലെത്തുക പ്രയാസകരമായിരിക്കും.
അടിക്കടിയുണ്ടാകുന്ന നടുവേദനയും അടിവയറ്റിലെ വേദനയും മൂലമാണ് പതിനേഴുകാരിയായ രമ്യ ഡോക്ടറെ സമീപിച്ചത്. പ്രശ്നങ്ങൾ മുഴുവൻ കേട്ട ശേഷം നടത്തിയ വൈദ്യപരിശോധനയിൽ രമ്യയിൽ യാതൊരുവിധത്തിലുള്ള ആന്തരിക രോഗമോ ലക്ഷണമോ കണ്ടെത്താനായില്ല. മാസമുറ അടുക്കുമ്പോഴാണ് ഈ പ്രശ്നം രൂക്ഷമാകുന്നത് അതിനാൽ ഡോക്ടർ ചില പ്രത്യേക പരിശോധനകൾ നിർദേശിച്ചു. എന്നിട്ടും ശരിയായ രോഗ കാരണം കണ്ടുപിടിക്കാനായില്ല. തുടർന്ന് രമ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഓപ്പറേഷന് ശേഷം കുറച്ച് മാസം വരെ രമ്യക്ക് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനുശേഷം വീണ്ടും പഴയതുപോലെ വേദന തുടങ്ങി.
വിവിധ ആശുപത്രികളിലെത്തുന്ന രോഗികളിൽ 10 ശതമാനം പേർ നടുവേദനയുമായി വരുന്നവരാണ്. വളരെക്കാലമായി നടുവേദന അനുഭവിക്കുന്നവരാണ് അവരിൽ ഏറെപ്പേരും. ഇത്തരം രോഗികളിൽ വിശദമായ പരിശോധനകൾ നടത്തിയാലും യഥാർത്ഥ കാരണം കണ്ടെത്താനായെന്ന് വരില്ല. ഇതു തന്നെയായിരുന്നു രമ്യയുടെ അവസ്ഥയും. പ്രാരംഭഘട്ടത്തിലെ പരിശോധനയിൽ രോഗികളിൽ ലൈംഗിക ചൂഷണം നടന്നതിന്‍റെ യാതൊരു സൂചനയും ലഭിച്ചെന്നു വരില്ല. നടുവേദനയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളെപറ്റി ചോദിച്ചപ്പോഴാണ് മുമ്പെങ്ങോ കാമുകൻ ശാരീരികമായി പീഡിപ്പിച്ച കാര്യം ചികിത്സകന് മനസ്സിലാക്കാൻ കഴിഞ്ഞത്.
ലൈംഗിക ചൂഷണം എന്തുകൊണ്ട് നടുവേദനക്ക് കാരണമാകുന്നുവെന്ന ചോദ്യം ഇവിടെ ഉയരാം. നടുവേദന ഒരു ശാരീരികരോഗമായി വ്യാഖ്യാനിക്കാനാകില്ല. കാരണം നടുവേദന അനുഭവിക്കുന്നവരിൽ മാനസിക പിരിമുറിക്കം, വിഷാദം എന്നിവയല്ലാതെ മറ്റ് യാതൊരു അസ്വസ്ഥതകളും കണ്ടെത്തെനായെന്ന് വരില്ല. മാനസികവും വൈകാരികവുമായ ഈ പ്രശ്നം തുടർന്ന് ഏതെങ്കിലും രോഗമായി രൂപാന്തരം പ്രാപിക്കാം. ഈ സ്ഥിതിയിൽ രോഗിയെ സമഗ്രമായ പരിശോധനക്ക് വിധേയമാക്കാതെ രോഗം തിരിച്ചറിയാനാകില്ല.
രോഗം തിരിച്ചറിയുക
അടിവയറ്റിലും നടുവിനുമുണ്ടാകുന്ന വേദനയും ലക്ഷണങ്ങളും തിരിച്ചറിയുകയെന്നുള്ളത് സങ്കീർണ്ണമായ കാര്യമാണ്. ലക്ഷണങ്ങളും കാരണങ്ങളും കണ്ടെത്താൻ പല തരത്തിലുള്ള പരിശോധനകൾക്ക് രോഗിയെ വിധേയമാക്കേണ്ടി വരും. നിശ്ചിത രോഗം തിരിച്ചറിയുന്നതോടെ ചികിത്സകന്‍റെ ജോലി എളുപ്പമാകുന്നു.
നടുവ്, അടിവയർ എന്നീ ഭാഗങ്ങളിൽ വേദന അനുഭവിക്കുന്ന സ്ത്രീകളിൽ വിഷാദം, ഭയം, സെക്സിനോട് താൽപര്യമില്ലായമ, മനശാസ്ത്രപരമായ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടായേക്കാം. ഇവയിൽ സെക്സിനോടുള്ള താൽപര്യമില്ലായ്മയാണ് മുഖ്യം. നടുവേദന അനുഭവിക്കുന്ന മിക്ക സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങളുണ്ടാകാം.
എന്നാൽ ലൈംഗിക ചൂഷണത്തെ തുടർന്നുണ്ടാകുന്ന ക്രോണിക് പെൽവിക് പെയിനിന്‍റെ (നടുവേദന) ശാരീരിക ലക്ഷണങ്ങൾ പൂർണ്ണമായും മനസ്സിലാക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞെന്ന് വരില്ല. വൈകാരികവും മാനസികവുമായ വിഷാദം ക്രമേണ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകും. പല രോഗികൾക്കും മനസ്സിലുള്ള വിഷമതകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല.
വിശദമായ പിരശോധന
മാസങ്ങളായി നടുവേദന അനുഭവിക്കുന്ന സ്ത്രീകളോട് അവയോട് അനുബന്ധിച്ചുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചും ചികിത്സകൻ ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. നടുവേദനക്ക് മാസമുറയുമായി എന്തെങ്കിലും ബന്ധമുണ്ടോ? നടുവേദയുടെ സ്വഭാവമെന്ത്? ഏതൊക്കെ സാഹചര്യങ്ങളിലാണ് വേദന കൂടുന്നത്? രോഗനിർണ്ണയം നടത്തുന്നതിന് മുമ്പായി ശാരീരിക പരിശോധനക്ക് പുറമേ രോഗിയുടെ കുടുംബപരവും സാമൂഹികവും മാനസികവുമായ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മാനസിക പിരിമുറുക്കവുമായി നടുവേദനയെ ബന്ധിപ്പിക്കാനാകാത്തതുകൊണ്ട് ഒരുപക്ഷേ ലൈംഗിക ചൂഷണത്തെക്കുറിച്ച് രോഗി തന്നെ ചികിത്സകന്‍റെ ശ്രദ്ധ്യിൽപ്പെടുത്തിയെന്നും വരാം. നടുവേദനയ്ക്ക് ലൈംഗിക ചൂഷണവുമായി ബന്ധമുണ്ടെന്നോ അതിന്‍റെ ഫലമായിട്ടാണ് മാനസിക പിരിമുറിക്കം ഉണ്ടാകുന്നതെന്നോ രോഗി തിരിച്ചറിഞ്ഞെന്ന് വരില്ല.
സ്വകാര്യ പ്രശ്നങ്ങൾ
ലൈംഗിക ചൂഷണം ശല്യപ്പെടുത്തൽ, ബലാത്കാരം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ രോഗിക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകാം. അതുകൊണ്ട് ഇത്തരം വിഷയങ്ങളെക്കുറിച്ച് രോഗിയോട് ചോദിച്ച് മനസ്സിലാക്കുമ്പോൾ ചികിത്സകന് ബുദ്ധിപരവും നയപരവുമായ സമീപനം സ്വീകരിക്കണ്ടി വരാം. രോഗിയെ മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള സമീപനമരുത്. അതുകൊണ്ട് തികച്ചും സ്വകാര്യമായ ഇത്തരം വിഷമതകൾ അറിയാൻ വളരെ ലളിതവും സ്വാഭാവികവുമായ സമീപനമാകണം ചികിത്സകൻ സ്വീകരിക്കേണ്ടത്. അതിന് രോഗിയുടെ വിശ്വാസമർജ്ജിക്കണം.
തുടക്കത്തിൽ ഇത്തരം പ്രശ്നങ്ങൾ രോഗി തുറന്ന് പറഞ്ഞെന്നു വരില്ല. എന്നാൽ ചുരുക്കം ചിലർ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയന്നും വരാം.
പ്രതിവിധി
നടുവേദനക്ക് കാരണം ലൈംഗിക ചൂഷണമാണോയെന്ന കാര്യം ചികിത്സകൻ പരിശോധിച്ചറിയേണ്ടതുണ്ട്. രോഗത്തിൽ നിന്ന് അനായാസം മോചനം നേടാൻ അത്തരം കാര്യങ്ങൾ ചികിത്സകനോട് തുറന്ന് പറയാൻ രോഗിയും തയ്യാറാകണം. അങ്ങനെ രോഗം നിർണ്ണയിച്ച് കഴിഞ്ഞാൽ ഫലവത്തായ ചികിത്സ തുടങ്ങാം.
ചെലവേറിയതും സുദീർഘവുമായ പരിശോധനകൾ നടത്തുന്നത് അതുവഴി ഒഴിവാക്കാനും കഴിയും.