നിങ്ങളുടെ മുത്തശ്ശിയും അമ്മയും ഒക്കെ ചെയ്തതു പോലെ ഇനി കുപ്പിയും പാട്ടയും പഴയ ചെരുപ്പും…. ഒന്നും എടുത്ത് കളയണ്ട. അപ്പോൾ അതെല്ലാം വീട്ടിൽ കൂട്ടിയിട്ട് വൃത്തികേടാക്കണം എന്നാണോ പറയുന്നത്? അല്ല ഭായ്….. വീട് മനോഹരമാക്കാൻ തന്നെ അവ ഉപയോഗപ്പെടുത്താം. പരിസ്ഥിതി സംരക്ഷണവും അതോടൊപ്പം നടക്കും. വീട്ടിൽ തന്നെ തുടങ്ങാം. ഒരു റീ സൈക്ലിംഗ് വിപ്ലവം. ഇത്രയൊക്കെ പറഞ്ഞിട്ടും കാര്യം മനസ്സിലായില്ലേ…
നിങ്ങളുടെ പൂന്തോട്ടത്തിലും അതിഥി മുറികളിലും ലോണിലും എല്ലാം അവ ക്രിയാത്മകമായി രൂപപ്പെടുത്തി ഉപയോഗിക്കാൻ കഴിയും എന്നാണ് പറഞ്ഞു വരുന്നത്. എല്ലാവരും അതിശയിച്ചു പോകുന്ന രീതിയിൽ അവയ്ക്ക് രൂപം മാറ്റി നൽകി കരകൗശല വസ്തുക്കളും ഷോ പീസുകളും നിർമ്മിക്കാം. അൽപം തല പുകഞ്ഞാൽ പൂന്തോട്ടത്തിൽ ഒരു വിശ്വവിഖ്യാതമായ ശിൽപം തന്നെ തീർക്കാം.
പഴയ ഷൂസുകൾ എടുത്ത് പെയിന്‍റ് ചെയ്യൂ… എന്നിട്ട് അതിൽ വർണ്ണാഭമായ നൂലുകൾ കെട്ടി മതിലിൽ തൂക്കിയിടാം. അവയിൽ മണ്ണും വളവും നിറച്ച് വ്യസ്തങ്ങളായ ചെടികൾ നടാം. അതിൽ പൂ വിടർന്നാൽ പിന്നെ സംഗതി ക്ലാസാകും. എങ്ങനെ ഉണ്ട് ഐഡിയ. അഭിനന്ദിക്കാൻ വരട്ടെ, ഇത് നിങ്ങൾ സ്വയം ചെയ്തു തന്നെ നോക്കണം… അലോചിച്ചാൽ ഇതിനെക്കാൾ കിടിലൻ ഐഡിയകൾ നിങ്ങൾക്കും കിട്ടും.
ഉപയോഗശൂന്യമായ പഴയ കെറ്റിലുകൾ, ടയറുകൾ, കളിപ്പാട്ടങ്ങൾ എന്നിവയും പൂന്തോട്ടത്തിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം. പഴയ കസേര ഉണ്ടെങ്കിൽ അത് തൂക്കി വിൽക്കാൻ വരട്ടെ. പൂന്തോട്ടത്തിന്‍റെ ഏതെങ്കിലും മൂലയിൽ കൊണ്ട് വച്ചോളൂ. അതിൽ പുൽത്തകിടിയോ വള്ളിച്ചെടിയോ നടാം. വളർന്നു വരുമ്പോൾ തോട്ടത്തിൽ ഒരു ഗ്രീൻ കസേര സ്ഥാനം പിടിക്കും. അതിൽ പല വർണ്ണത്തിലുള്ള പൂക്കൾ വിടർന്നാലോ സംഗതി ജോറായി…
മനോഹരമായ കുപ്പികൾ ഉപയോഗിച്ച് ടേബിൾ ലാംബ്, നിലച്ച ഘടികാരങ്ങൾ ഇവ ഉപയോഗിച്ച് പൂന്തോട്ടത്തിൽ കിളി കൂടുകൾ നിർമ്മിക്കാം. പഴയ വാഷ് ബേസനിൽ ഇൻഡോർ പ്ലാന്‍റ് നട്ട് പിടിപ്പിച്ച് വരാന്തയ്ക്ക് മോടി കൂട്ടാം.
പഴയ ഫുട്ബോളും റഗ്ബി പന്തും ഉപയോഗിച്ച് ഹാംഗിഗ് ഗാർഡൻ ഉണ്ടാക്കി പുതുമ സൃഷ്ടിക്കാം. തൂങ്ങുന്ന സ്റ്റൈലൻ ചെടി ചട്ടികൾ കണ്ട് അയൽക്കാരും അതിഥികളും അന്തം വിടട്ടേ എന്താ…
വീടിന്‍റെ റിനോവേഷൻ നടക്കുമ്പോൾ പൊളിച്ച് ഒഴിവാക്കുന്ന സാധനങ്ങൾ ഉപയോഗിച്ചും ഇത് പോലെ എന്തെങ്കിലും ഒക്കെ പുതുതായി ഉണ്ടാക്കാം. ഉദാഹരണത്തിന്, പഴയ യൂറോപ്യൻ ക്ലോസറ്റുകളിൽ ചെടികൾ നടാം. ടെറസ്സിൽ പച്ചക്കറി തോട്ടം ഒരുക്കാം. പഴയ സൈക്കിളും അടുക്കള പാത്രങ്ങളും, പ്ലാസ്റ്റിക് കണ്ടെയ്നറുകളും ഇങ്ങനെ എന്തും റീ സൈക്ക്ലിംഗിനായി ഉപയോഗപ്പെടുത്താം.
റീ സൈക്ക്ലിംഗ് എത്ര മനോഹരമായ കാര്യം ആണെന്ന് ഇപ്പോൾ മനസ്സിലായില്ലേ. കുറച്ച് സമയവും മാറ്റി വയ്ക്കണം കൂടാതെ പുതിയ പുതിയ ഐഡിയകൾക്കായി കുറച്ച് തല പുകഞ്ഞ് ആലോചിക്കുകയും വേണം. എന്നാൽ ഇന്‍റർനെറ്റ് യുഗത്തിൽ ഗൂഗിളിൽ തിരഞ്ഞാൽ എന്തും ലഭിക്കും, അത് പ്രയോജനപ്പെടുത്തുക ആണെങ്കിൽ കാര്യം കുറച്ചു കൂടി എളുപ്പത്തിൽ നടക്കും. സ്വന്തം ഐഡിയ നൽകി ക്രിയാത്മകമായി അൽപം മോടി പിടിപ്പിക്കുക കൂടി ചെയ്താൽ സംഭവം അതി ഗംഭീരം. ആരും നോക്കി നിന്നു പോകുംവിധമുള്ള അലങ്കാരങ്ങൾ സ്വന്തമാക്കാൻ അൽപം കഷ്ടപ്പെടേണ്ടി വന്നാലും സാരമില്ല. ഒന്നും വേസ്റ്റല്ല, വേസ്റ്റ് ആണെന്ന് പറയുന്നത് ആണ് വേസ്റ്റ്.