ഓണമെന്നത് ഏതൊരു മലയാളിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷമാണ്. ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഒരേ മനസ്സോടെ കൊണ്ടാടുന്ന ആഘോഷം. അത്തം തുടങ്ങി പൂക്കളമിട്ടു തുടങ്ങുന്നതോടെ എങ്ങും ഓണംആഘോഷത്തിന്‍റെ പെരുമ്പറ മുഴങ്ങി തുടങ്ങുകയാണ്. പായസവും പപ്പടവും ഉപ്പേരിയുമൊക്കെയായുള്ള വിഭവ സമൃദ്ധമായ സദ്യയും ഓണക്കളികളും ഊഞ്ഞാലാട്ടവും തിരുവാതിരയും ഒക്കെയായി ഓണാഘോഷം കെങ്കേമമാക്കാൻ പുത്തൻ ഓണക്കോടിയും വേണം.
ഓണക്കോടിയെന്നാൽ സെറ്റ് മുണ്ടും സെറ്റ് സാരിയും വേഷ്ടിയുമൊക്കെയാണ്. ഓണവുമായി അത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്ന വേഷങ്ങളാണിവ. പാരമ്പര്യ വേഷവിധാനങ്ങളായ ഇവയിലൊക്കെ ആധുനികതയും മനോഹരമായി ഇഴുകി ചേരുമെന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. തനത് ശൈലി നിലനിർത്തി കൊണ്ട് അതിന്‍റെ ഡിസൈനുകളിലും പാറ്റേണുകളിലുമാണ് മാറ്റങ്ങൾ വന്നിരിക്കുന്നത്.
അതിൽ എടുത്ത് പറയേണ്ട ഏറ്റവും മനോഹരമായ മാറ്റം. സെറ്റ് സാരിയ്ക്കൊപ്പം സ്വർണ്ണാഭരണങ്ങൾക്ക് പകരമായി മറ്റ് മെറ്റൽ ആഭരണങ്ങളും കളറുകളും സ്ത്രീകൾ അണിഞ്ഞ് തുടങ്ങിയെന്നതാണ് ഹൈലൈറ്റ്.
സെറ്റ് സാരിയിൽ കസവ് ഉള്ളതിനാൽ പൊതുവെ എല്ലാവരും അതോടൊപ്പം സ്വർണ്ണാഭരണങ്ങളാണ് അണിഞ്ഞിരുന്നത്. എന്നാൽ ഇന്ന് ആ ട്രെൻഡിന് മാറ്റം വന്നിരിക്കുന്നു. സ്വർണ്ണ കസവ്, വെള്ളി കസവ് തുടങ്ങി കളർ ത്രെഡിലുള്ള കരയോടു കൂടിയ സെറ്റ് സാരികളും ഇപ്പോൾ പോപ്പുലറായിരിക്കുന്നു. അങ്ങനെയായാൽ കളർ ജ്വല്ലറിയ്ക്കൊപ്പം സെറ്റ് സാരി മാച്ച് ചെയ്ത് അണിയുകയും ചെയ്യാം.
സിൽവർ, ഓക്സിഡൈസ്ഡ്, ബ്രോൺസ്, കോപ്പർ, ബീഡ് തുടങ്ങി ഏത് ഫാൻസി സ്റ്റൈലിംഗും കേരള തനിമയ്ക്കായി ഉൾപ്പെടുത്താം.
ബാക്ക് ഗ്രൗണ്ട് നിറം ഓഫ് വൈറ്റ് ആയതിനാൽ ഏത് നിറത്തിലുമുള്ള ആക്സസറീസും ഇതിനൊപ്പം അനായാസം മിക്സ് ചെയ്ത് അണിയാം എന്നതാണ് പ്രത്യേകത. അത്രത്തോളം ഇതിൽ പരീക്ഷണം നടത്താം. ഇക്കാര്യത്തിൽ ഒരു എക്സ്പെർട്ടിന്‍റെയും ആവശ്യമില്ല. സ്ത്രീയ്ക്ക് സ്വന്തം മനസ് പറയുന്നതു പോലെ സെറ്റ് സാരിയിൽ പരീക്ഷണം നടത്തി നോക്കാവുന്നതേയുള്ളൂ.
കളർഫുൾ ബീഡ്സ്, രുദ്രാക്ഷം, കൗറി ഷെല്ലുകൾ എന്നിവ പരീക്ഷിക്കാവുന്ന ചില ലുക്കുകളാണ്.
എങ്കിൽ, ഇത്തവണത്തെ ഓണാഘോഷം ആക്സറീസ് ഉപയോഗിച്ചുള്ള ഒരു പരീക്ഷണമാകട്ടെ, ഗെറ്റ് റെഡി.