നിങ്ങൾ നല്ലൊരു കൂട്ടുകാരൻ/ കൂട്ടുകാരി ആണോ? ഒരാത്മ പരിശോധന നടത്തി നോക്കി നിങ്ങളിലെ ’സുഹൃത്തിനെ’ അടിമുടി വിലയിരുത്തിക്കോളൂ. നല്ല സുഹൃത്തുക്കൾ സമ്പാദ്യമായുള്ളവർ മഹാഭാഗ്യവാന്മാരും ഭാഗ്യവതികളുമാണത്രേ. കാരണമെന്തെന്നോ, ഇത്തരക്കാർ ലവലേശം പോലും ടെൻഷനടിച്ചിരിക്കുകയില്ല. സദാ സന്തോഷവാന്മാരും സന്തോഷവതികളുമായിരിക്കും. എന്ത് വിഷമമുണ്ടായാലും സന്തോഷമുണ്ടായാലും നേരം ഇരുട്ടിവെളുക്കും മുമ്പ് അവരത് ആത്മസുഹൃത്തുക്കളുമായി പങ്കുവെച്ചിരിക്കും.

കൂട്ടുകാരന്‍റെ/ കൂട്ടുകാരിയുടെ സന്തോഷങ്ങളിലും സന്താപങ്ങളിലും പങ്കാളിയാവുകയും നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്ന നല്ലൊരു സുഹൃത്ത്… അതാണോ നിങ്ങൾ? അല്ലെങ്കിൽ ചുവടെ പറയുന്ന ടിപ്സുകൾ ശ്രദ്ധിക്കുക.

  • ജന്മദിനങ്ങളും വാർഷികങ്ങളും ഓർത്തു വയ്ക്കുക. ഇന്നത് വളരെ ഈസിയായ കാര്യം മാത്രമാണ്. ജന്മദിനങ്ങളും വാർഷികങ്ങളും ഓർമ്മിപ്പിക്കുന്ന വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും തുടങ്ങിയ ആധുനിക സംവിധാനങ്ങൾ വിരൽത്തുമ്പിൽ തന്നെയുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തങ്ങളാണ് ജന്മദിനവും വാർഷികവും. പക്ഷേ, ഏറ്റവുമടുത്ത സുഹൃത്ത് ഇതോർത്തുവെച്ച് ആശംസകൾ നേരുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം എത്രയാണെന്ന് ഊഹിക്കാമോ? ആ ദിവസം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറും.
  • സുഹൃത്തിന്‍റെ നേട്ടങ്ങളെയും നല്ല പ്രവർത്തികളെയും പ്രശംസിക്കുക. ശ്രദ്ധിക്കപ്പെടുകയെന്നത് ഏതൊരാളും ഇഷ്ടപ്പെടുന്ന കാര്യമാണ്. അന്യർ ശ്രദ്ധിക്കുന്നുവെന്ന ചിന്ത അവർക്ക് പ്രചോദനം നൽകും. പക്ഷേ, അഭിനന്ദനം സത്യസന്ധവും കാര്യമാത്ര പ്രസക്തവുമായിരിക്കണം എന്നുമാത്രം.
  • സ്വന്തം കഴിവിനെ വലുതായി കാണാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം. അവരുടെ ഫീൽഡിനെപറ്റി കൂടുതലായി എന്തെങ്കിലും അറിവുണ്ടെങ്കിൽ അതവർക്ക് പകർന്ന് നൽകാം. ഒരുപക്ഷേ, ഈ പ്രോത്സാഹനം അവരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ തന്നെയുണ്ടാക്കിയേക്കാം.
  • എന്നും കാണുന്നവരോട് ഹൃദ്യമായി സംസാരിക്കുക. ഇത് വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. മാനസിക സംഘർഷങ്ങൾ നിറഞ്ഞതാണ് ഓരോരുത്തരുടെയും ജീവിതം. ഈ സന്ദർഭത്തിൽ ആത്മനിയന്ത്രണത്തിന്‍റെ നല്ല വാക്കുകൾ കേൾക്കുകയെന്നത് എത്ര ആശ്വാസപ്രദമായിരിക്കും. നല്ല ഭാഷയും ഹൃദ്യമായ പെരുമാറ്റവും ആഹ്ലാദവും ആശ്വാസവും പകരുമല്ലോ.
  • സൽപ്രവർത്തി എന്നും ഓർമ്മിക്കപ്പെടും. പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്ന അവസരത്തിൽ മുതിർന്നവർക്കോ അംഗവൈകല്യമുള്ളവർക്കോ സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുക്കുക.
  • മറ്റുള്ളവരോട് ബഹുമാനാദരവോടെ മാത്രം സംസാരിക്കുക. അശരണരേയും അവശതയനുഭവിക്കുന്നവരേയും അകമഴിഞ്ഞ് സഹായിക്കാം. ദരിദ്രവിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് സമ്പത്തിക സഹായവും പിന്തുണയും നൽകുന്നത് മഹത്തരമായ പ്രവൃത്തിയാണ്. കൂടാതെ കുട്ടികൾക്ക് സൗജന്യ ട്യൂഷനും നൽകാം. ഇത്തരം സൽപ്രവർത്തികൾ നിങ്ങളുടെ വ്യക്തിത്വത്തിന് പത്തരമാറ്റ് തിളക്കം പകരും.
  • സ്വകാര്യ ദുഃഖങ്ങളും പ്രശ്നങ്ങളും ഏറ്റവും വേണ്ടപ്പെട്ടവരോടും വിശ്വസ്തരോടും മാത്രം പങ്കുവയ്ക്കുക. അത് മനസ്സിന് എന്തെന്നില്ലാത്ത ആശ്വസം പകരും. പക്ഷേ, പ്രശ്നങ്ങൾ കേൾക്കാനും ആശ്വാസം പകരാനും യഥാർത്ഥ കേൾവിക്കാർ വേണം. മനസ്സിന്‍റെ വാതായനങ്ങൾ മലർക്കെ തുറന്നിടുക. സൗഹൃദങ്ങളെ സ്വാഗതം ചെയ്യുക. മറ്റുള്ളവരുടെ പ്രശ്നങ്ങൾ വ്യാജതാൽപര്യത്തോടെ കേൾക്കുന്നത് വഞ്ചനയാണ്.
  • സത്യസന്ധമായ വ്യക്തിത്വമാണ് ഏതൊരു ബന്ധത്തിന്‍റെയും അടിത്തറ. സ്വന്തം കാര്യസാധ്യത്തിനുവേണ്ടിയും അഭിനന്ദനങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കാതിരിക്കുക. ഇത്തരം കള്ളനാണയങ്ങളെ ആളുകൾ പെട്ടെന്ന് തിരിച്ചറിയും.
  • ഏത് കാര്യവും തീരുമാനിക്കും മുമ്പ് വേണ്ടപ്പെട്ടവരുമായി അതേപ്പറ്റി കൂടിയാലോചിക്കുക. ഗെറ്റ് റ്റുഗതറുകൾ സംഘടിപ്പിക്കുമ്പോൾ അതിഥികൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ വിളമ്പാം. അതിഥികൾ സസ്യാഹാരികളാണോ? എരിവുള്ളതോ അല്ലാത്തതോ ആയ ഭക്ഷണമാണോ ഇഷ്ടം? അവർക്ക് പ്രത്യേകം ഇഷ്ടപ്പെടുന്ന രുചികളുണ്ടോ എന്നൊക്കെ അറിയാൻ ശ്രദ്ധിക്കുക. ഔട്ടിംഗിന് പോകുമ്പോൾ എല്ലാവരുടേയും പൊതുവായ താൽപര്യം മനസ്സിലാക്കുക. ഇത് മൊത്തത്തിൽ സൗഹൃദാന്തരീക്ഷം നൽകും.
  • വ്യക്തിത്വത്തെ വേറിട്ടതാക്കുന്ന ഒരു സൽപ്രവർത്തിയാണ് സാമൂഹ്യപ്രവർത്തനം. അതുളവാക്കുന്ന സന്തോഷവും സംതൃപ്തിയും വിവരാണീതം തന്നെ. സന്തുഷ്ടനായ ഒരാൾക്കേ ചുറ്റിലും സന്തോഷം പകരാനാകൂ.
  • ഏതു രീതിയിലാകാം സാമൂഹിക സേവനം. രക്തദാനത്തെ പ്രോത്സാഹിപ്പിക്കാം, സ്വയം രക്തദാനം നടത്താം. പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും മരുന്നുകളും നൽകാം. ഇത്തരം പ്രവർത്തികൾ വ്യക്തിത്വത്തെ നവീകരിക്കും.
  • മുഖം മൂടിയില്ലാത്ത വ്യക്തിത്വം രൂപപ്പെടുത്തണം. കൃത്രിമമായ പെരുമാറ്റം മറ്റുള്ളവരുമായി സുഖകരവും ശക്തവുമായ അടുപ്പം സൃഷ്ടിക്കാൻ വിഘാതം സൃഷ്ടിക്കും. ഇങ്ങനെയുള്ളവരെ സദാനേരവും സംശയത്തോടെയാവും മറ്റുള്ളവർ നിരീക്ഷിക്കുക.
और कहानियां पढ़ने के लिए क्लिक करें...