വെളുത്തു നുരയുന്ന കടൽത്തിര പാറക്കെട്ടുകളിൽ തല്ലിച്ചിതറുന്നത് നോക്കിയിരിക്കുയായിരുന്നു, ഞാനും ട്രീസയും. സായാഹ്നങ്ങളിൽ പഞ്ചാര മണൽ നിറഞ്ഞ ബീച്ചിലൂടെ ഒരു യാത്ര. അതു പതിവുള്ളതാണ്. തീർത്തും ഒഴിവാക്കാനാവാത്ത എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിലേ സന്ധ്യനേരത്തെ യാത്ര മുടക്കാറുള്ളൂ. കടൽക്കാറ്റേറ്റ്, പഞ്ചാരമണലിനെ തട്ടിത്തെറുപ്പിച്ച് വറുത്തകപ്പലണ്ടി കഴിച്ച് ഒരു അലസഗമനം. ഇന്നും പ്രസക്തി നഷ്ടപ്പെട്ടില്ലാത്ത ചീനവലകളിലെ മീൻപിടുത്തം കണ്ടും ഇടക്ക് ഇരുമ്പുവലകൾ കെട്ടിയൊതുക്കിയ കരിങ്കൽകെട്ടിൽ വിശ്രമിച്ചും നന്നാറി സർബത്ത് രുചിച്ചും വഴിയോരക്കച്ചവടക്കാരുടെ അപൂർവ്വങ്ങൾ ആയ കൗതുകവസ്തുക്കൾ പരിശോധിച്ചും വിലപേശിയും ഒരു യാത്ര.
സൂര്യൻ ഇരുണ്ട്, കനത്തു ചുകന്ന് ഒടുവിൽ തിളച്ചൊടുങ്ങിയ കടൽപ്പരപ്പിന്‍റെ അനന്തമായ അകലങ്ങളിൽ മുങ്ങിതാഴും വരെ ആ യാത്ര തുടരും. ആ യാത്രക്കിടയിൽ ഒപ്പമുള്ള ട്രീസക്ക് പറയാനേറെയുണ്ടാകും. ഞാനൊന്ന് മൂളിക്കൊടുത്ത് പ്രോത്സാഹിപ്പിച്ചാൽ മാത്രം മതി. പ്രധാനമായും ആംഗ്ലോഇന്ത്യൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ഓർമ്മകൾ. ഒപ്പം പഠിച്ചിരുന്ന സുഹൃത്തുകൾ. അവിടുത്തെ മാന്തണലിനു ചുവട്ടിലെ നീണ്ട ഉച്ചകൾ. അവിടെയിരുന്നാണത്രെ ഉച്ചഭക്ഷണം കഴിക്കുക പിന്നീട് ഇപ്പോഴും ബന്ധം തുടരുന്നവരുടെ വർത്തമാനകാല ജീവിതാവസ്ഥകൾ ചിലപ്പോൾ ദു:ഖത്തിന്‍റേയും ചിലപ്പോൾ സന്തോഷത്തിന്‍റേയും വർത്തമാനങ്ങൾ. അതെല്ലാം കേട്ടിരിക്കുന്നതിലൂടെ എനിക്കും ഭൂതകാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് സാധ്യമാകുന്നു.
ട്രീസ എന്‍റെ ജീവിതത്തിൽ വലതുകാൽവച്ച് കയറിയതിൽ പിന്നെ ജീവിതരീതികൾ ഒരുപാട് മാറിപ്പോയി. ഒറ്റക്കുള്ള യാത്രകൾ കുറഞ്ഞു എന്നല്ല തീർത്തും ഇല്ലാതായി. മിക്കവാറും യാത്രകൾ അവളൊടൊപ്പം തന്നെ. പിന്നെ ഒരു വീടുമാറ്റം. നാട്ടിൻപുറത്തെ വസ്തുവും പുരയിടവും മോശമല്ലാത്ത ഒരു തുകക്ക് വിറ്റു. അതിനു പിന്നിൽ ട്രീസയുടെ നിരന്തര സമ്മർദമുണ്ടായിരുന്നെന്ന് പറയാതെ വയ്യ. ആ തുക കൊണ്ട് ടൗണിൽ തന്നെ ഒരു രണ്ടുമുറി ഫ്ലാറ്റ് വാങ്ങി. വസ്തുവിറ്റ തുക കൊണ്ട് എന്ന് പറയാനാകില്ല.
മോശമല്ലാത്ത ഒരു തുക വായ്പയായി എടുക്കേണ്ടതായി വന്നു. പുതിയ താമസസ്ഥലത്തു നിന്നും ഏതാണ്ട് നാലഞ്ചു കിലോമീറ്റർ ദൂരമേ നാലുവഴികൾ ചെന്നുചേരുന്ന നാൽക്കവലയിൽ നിന്നും ഞങ്ങളുടെ രണ്ടാംനിലയിലുള്ള ഓഫീസിലോട്ടുള്ളൂ എന്നത് ഒരനുഗ്രഹമായിത്തോന്നി.
ഓഫീസിൽ ഈയിടെയായി കാര്യമായ ജോലിയൊന്നുമില്ലെങ്കിലും ഓഫീസിലോട്ടുള്ള നടന്നുകൊണ്ടുള്ള യാത്ര ദിനം മുഴുവൻ നീണ്ടുനിൽക്കുന്ന ഉത്സാഹവും ഉന്മേഷവും എന്നിൽ നിറച്ചു. പുതിയ താമസസ്ഥലത്തെക്കുറിച്ചുള്ള ചർച്ചകളിൽ അമ്മ ആദ്യം നീരസവും അനിഷ്ടവും പ്രകടിപ്പിച്ചിരുന്നെങ്കിലും വൃത്തിയും വെടുപ്പും ഉള്ള ഫ്ലാറ്റിൽ താമസമാരംഭിച്ചതോടെ അനിഷ്ടം ഇഷ്ടത്തിന് വഴിമാറി. എപ്പോഴും അഴുക്കുപുരണ്ട പഴയ അടുക്കളയിൽ നിന്നും ആധുനിക അടുക്കളയിലേക്കുള്ള കൂടുമാറ്റം അമ്മയെ അത്യധികം സന്തോഷിപ്പിച്ചു. ട്രീസയോടുള്ള പെരുമാറ്റത്തിലും ശുഭകരമായ മാറ്റം കണ്ടുതുടങ്ങി.
തുടക്കത്തിൽ ട്രീസയോട് ആവശ്യത്തിന് മാത്രം സംസാരിക്കുക എന്നതായിരുന്നു അമ്മയുടെ നയം. പിന്നെപിന്നെ നയം മാറിത്തുടങ്ങി. അവർ തമ്മിൽ നല്ല ബന്ധമായി. അതു എനിക്കു നല്കിയ ആശ്വാസം ചെറുതല്ല. മനസ്സിലെ പ്രധാന പ്രയാസം തുടർച്ചയായി ജോലികൾ ലഭിക്കുന്നില്ല എന്നതായിരുന്നു. ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപെട്ടു എടുത്ത ലോണിന്‍റെ തിരിച്ചടവ് തീയതി അടുത്തുവരുമ്പോൾ മനസ്സ് വല്ലാതെ ആകുലപ്പെട്ടുകൊണ്ടിരുന്നു. ഒരു ലോൺ തിരിച്ചടവിൽ എന്‍റെ ഗതാഗത മാർഗം കേക്കുവണ്ടി എന്നന്നേക്കുമായി നഷ്ടപ്പെട്ടു. പിന്നെ ഒരാശ്വാസമായത് ഇനി മുതൽ ഓഫീസിന്‍റെ വാടകയൊന്നും മേലിൽ തരേണ്ടതില്ലെന്ന ട്രീസയുടെ അമ്മയുടെ നിർദേശമാണ്. ഓഫീസ് മുറിക്കായി മുൻകൂറായി അവരെ ഏൽപ്പിച്ച മോശമല്ലാത്ത തുക അവർ തിരിച്ചുതരികയും ചെയ്തു.
അന്നൊരു പ്രസന്നമായ ദിനമായിരുന്നു. ഊഷ്മളമായ ഞായറാഴ്ച. നേരിയ ചൂടു പ്രസരിപ്പിച്ചുകൊണ്ട് സൂര്യൻ സർവ്വജീവജാലങ്ങളെയും പ്രചോദിപ്പിച്ചിരുന്നു. ഒരു തരത്തിലുമുള്ള പുരോഗതിയുടേയും തുടർച്ച മനുഷ്യന്‍റെ കൈപ്പിടിയിലല്ല. ദൈവാനുഗ്രഹത്തിന്‍റെ ആവശ്യകത ജീവിതകാലത്തുടനീളം മനുഷ്യന് കൈമുതലായി വേണ്ടതാണ്. ഒരുവൻ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള പുരോഗതി നേടിയാലും ദൈവാനുഗ്രഹമില്ലെങ്കിൽ അവൻ ആർജ്ജിച്ച പുരോഗതി ജലരേഖകൾ മാത്രമായിത്തീരും. മനസ്സ് ഈയൊരു സത്യത്തിലേക്ക് അടുത്തു കഴിഞ്ഞിരിക്കുന്നു.
സമീപകാലത്ത് മനസ്സിലുടക്കിയ ഒരു വല്ലാത്ത മരണമാണ് അത്തരമൊരു ചിന്തയിലേക്ക് മനസ്സിനെ എത്തിച്ചത്. എന്‍റെ അപ്പനും എനിക്കും നേരിട്ടറിയാവുന്ന ഒരാൾ. അപ്പന്‍റെ കടമുറിയുടെ താഴെയുള്ള ഒരു ഒറ്റമുറിയിൽ നിന്നായിരുന്നു തുടക്കം. ഒരു ഒറ്റമുണ്ടുടുത്ത് ഒരു ചെറിയ ബാഗുമായി പുലർകാലേ വന്ന് രാവുപുലരുവോളം ജോലി ചെയ്യുന്ന അയാളെക്കുറിച്ച് അപ്പൻ വീട്ടിൽ പറയാറുള്ളത് ഓർക്കുന്നു. ആ ഒറ്റമുറിയിൽ ഒരു മേശയും കസേരയും അതിനു പിന്നിൽ വലിച്ചുകെട്ടിയ ഒരു പ്ലാസ്റ്റിക് ഷീറ്റും . ആ ഷീറ്റിൽ അയാളുടെ സ്ഥാപനത്തിന്‍റെ പേര് വൃത്തിയായി എഴുതിയിരുന്നു.
ഒരു പത്തുപതിനഞ്ച് വർഷത്തിനിപ്പുറം ഭാരതം മുഴുവൻ വ്യാപിച്ച മൂവായിരത്തിലധികം ബ്രാഞ്ചുകളുള്ള പണമിടപാട് സാഥാപനമായി ആ ഒറ്റമുറി വളർന്നു പന്തലിച്ചു. ആ ബ്രാഞ്ചുകൾ മിക്കതും അയാളുടെ സ്വന്തം ഉടമസ്ഥതയിലുള്ളവ. അതിന്‍റെയെല്ലാം മേലധികാരിയായി അയാൾ. ആ വളർച്ച അക്ഷരാർത്ഥത്തിൽ എന്നെ അമ്പരപ്പിച്ചു. വിദ്യഭ്യാസമോ പാരമ്പര്യസ്വത്തുക്കളോ ഭാഗ്യമോ ഒന്നുമല്ല വിജയത്തിന്‍റെ അടിസ്ഥാനമെന്ന് അയാൾ എന്നെ കൂടെക്കൂടെ ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നു.
ലക്ഷ്യബോധത്തോടു കൂടിയുള്ള കഠിനാധ്വാനത്തിന്‍റെ ഏവർക്കും കണ്ടുപഠിക്കാനുള്ള ഒരു മാതൃകയായി അയാൾ മാറി. ഒരുനാൾ ഫോർബ്സ് മാഗസിന്‍റെ ഭാരതത്തിൽ നിന്നുള്ള അതിസമ്പന്നരുടെ പട്ടികയിൽ അയാളും ഉണ്ടായിരുന്നു. പിന്നീട് അയാളെക്കുറിച്ച് ഓർക്കാതെയായി. രണ്ടാഴ്ച മുൻപാണ് എന്നെ ഞെട്ടിച്ച ആ വാർത്തയറിഞ്ഞത്. സ്വവസതിയിലെ മൂന്നാംനിലയിൽ നിന്ന് ചാടി അയാൾ ആത്മഹത്യ ചെയ്തു.
ആ ഒരു സാഹസത്തിന് ഇറങ്ങുമ്പോൾ അയാൾക്ക് അൻപതു വയസ്സ് തികഞ്ഞിരുന്നില്ല. ഏതു സമയരാശിയിൽ? ജീവിതത്തിന്‍റെ ഏതു തിരിച്ചുഴിയിൽ അകപ്പെട്ടതിനു ശേഷമായിരിക്കും നിരാശയുടെ കരാളഹസ്തങ്ങൾ അദ്ദേഹത്തിനുമേൽ പിടിമുറുക്കിയത്? ബിസിനസ്സിലെ സങ്കീർണ്ണതകളെക്കുറിച്ച് എനിക്ക് വേണ്ടത്ര അറിവില്ല. അപ്പൻ പലതവണ നിർബന്ധിച്ചിട്ടും അപ്പന്‍റെ കടയിലോട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയിട്ടുമില്ല. ആ മേഖലയോട് അകൽച്ചയാണ് ഇപ്പോഴും.
ഇത്രയേറെ സാമ്പത്തികശേഷിയുള്ള ഒരാൾ സാമ്പത്തിക പ്രശ്നങ്ങളാൽ നട്ടം തിരിഞ്ഞ് ഇത്തരം പ്രവൃത്തിക്കൊരുമ്പെടുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കുടുംബ ജീവിതത്തിൽ താളപ്പിഴകൾ ഇല്ലെന്നാണ് അറിവ്. ഒന്നുമില്ലായ്മയിൽ നിന്ന് ഭാരതം മുഴുവൻ പടർന്നു പന്തലിക്കാൻ രാസത്വരകമായ ഉൾബലം ഒരു പ്രത്യേകഘട്ടത്തിൽ ചോർന്നുപോയതിന് അന്തർലീനമായ കാരണമെന്ത്?
ഈയൊരു അവസ്ഥയിലാണ് സർവ്വത്തിന്‍റേയും കാരണഭൂതരായവന്‍റെ ഇടപെടൽ ജീവിതത്തിൽ ഉണ്ടാകേണ്ടതിന്‍റെ പ്രസക്തി എനിക്കു വെളിവാക്കപ്പെടുന്നത്.
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളേയും പരീക്ഷണങ്ങളേയും പ്രതിരോധിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ട ശക്തി നല്കുന്ന ഇടപെടൽ. അതു നല്കുന്ന ആത്മബലം സമാനതകൾ ഇല്ലാത്തതാണ്. അത്തരമൊരു ഇടപെടൽ ലോകം കീഴടക്കിയിട്ടും ഹതഭാഗ്യനെന്നു വിളിക്കാവുന്ന അയാളിൽ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നു തന്നെ പറയേണ്ടി വരും.
ഇളം ചൂടു പ്രസരിക്കുന്ന ഉന്മേഷദായകമായ ആ പ്രഭാതത്തിൽ പള്ളിയിലേക്കു പോകാൻ എന്‍റെ നിർദ്ദേശപ്രകാരം എല്ലാവരും പെട്ടെന്നുതന്നെ തയ്യാറായി വന്നു. ഞൊറിയുള്ള, തൂവെള്ള ഉടുപ്പിട്ടു വന്ന ട്രീസ ഏതോ എണ്ണച്ചായച്ചിത്രത്തിൽ കണ്ട മാലാഖയെപ്പോലെ തോന്നിച്ചു . സമയം ഏറെ നഷ്ടപ്പെടുത്താതെ ഒരു ടാക്സി വിളിച്ച് പെട്ടെന്നു തന്നെ ഞങ്ങൾ പള്ളിയിലെത്തി.
അവിടുത്തെ നിലം പറ്റി നിന്ന പുൽക്കൊടിത്തുമ്പിലും മരഞ്ചില്ലകളിലും കുഞ്ഞുസൂര്യൻമാർ തിളങ്ങിനിന്നു… പുതുതായി സ്ഥലം മാറി വന്ന ഫാദറാണ്. ദയയും അനുകമ്പയും നിറഞ്ഞു തുളുമ്പുന്ന അദ്ദേഹത്തിന്‍റെ പ്രഭാഷണം ശ്രദ്ധിച്ചു. അതു ഉൾക്കൊണ്ടുകൊണ്ട് അല്പനേരം നിന്നപ്പോൾ. മനസ്സിന്‍റെ ആകുലതകൾ അലിഞ്ഞൊഴുകുന്ന പോലെ തോന്നി.
പ്രാർത്ഥന കഴിഞ്ഞ് പള്ളിയുടെ പടിക്കെട്ടിറങ്ങി അമ്മയൊടൊപ്പം അപ്പന്‍റെയടുത്ത് എത്തി. തെല്ലിടനേരം മനസ്സുരുകി പ്രാർത്ഥിച്ചു. അവിടെ ഒരു കുടന്ന പനിനീർ പൂക്കൾ വച്ച് തിരിച്ചു വന്ന് ടാക്സിയിൽ കയറാനൊരുങ്ങുമ്പോഴാണ് ട്രീസ ഒപ്പമില്ലെന്ന് മനസ്സിലായത്. നീണ്ട പടിക്കെട്ടിലെ തിരക്കിൽ അല്പനേരം അവൾക്കായി പരതി.
തെല്ലിട കഴിഞ്ഞ് അമ്മ കൈ ചൂണ്ടിയയിടത്ത് നോക്കിയപ്പോഴാണ് പേരിനു മാത്രം ഇലകളുള്ള പള്ളിമുറ്റത്തെ പൂമരത്തണലിൽ അവൾ ഒരു സ്ത്രീയോട് സംസാരിച്ചുകൊണ്ട് നിൽക്കുന്നതു കണ്ടത്. വെളുത്ത വസ്ത്രം കൊണ്ട് തലവഴി മൂടിയ അവരുടെ മുഖം വ്യക്തമല്ല. എന്തോ ഗൗരവതരമായ വിഷയമാണ് അവരുടെ ചർച്ചയുടെ വിഷയമെന്ന് ട്രീസയുടെ മുഖം വ്യക്തമാക്കിത്തന്നു.
അതുകൊണ്ടു തന്നെ അവർക്കിടയിലേക്ക് ഇടപെടാൻ പോയില്ല . ട്രീസ സംസാരിച്ചു വരുംവരെ കാത്തുനിന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ വെളുത്തു സുമുഖനായ ഒരാൾ ആ സ്ത്രീയുടെ അടുത്തെത്തുകയും അവർ ട്രീസയോടു യാത്ര പറഞ്ഞ് അയാൾക്കൊപ്പം വിലപിടിപ്പുള്ള ഒരു കാറിൽ കയറി പോകുകയും ചെയ്തു. ട്രീസ ഉടനെത്തന്നെ ഞങ്ങളുടെ അരികിലേക്കു വന്ന് കാറിൽ കയറി ഇരുന്നു. ആ സ്ത്രീ ആരാണെന്നും ഇത്രനേരം സംസാരിക്കാൻ മാത്രം ഗൗരവമുള്ള വിഷയം എന്താണെന്നും അറിയാൻ ഞാൻ അപ്പോൾതന്നെ ആഗ്രഹിച്ചെങ്കിലും പിന്നീട് വിശദമായി പറയാമെന്നാണ് അവളുടെ ഇംഗിതമെന്ന് ആ മുഖഭാവത്തിൽ നിന്ന് വ്യക്തമായി.
ടാക്സിയിൽ വീടെത്തുന്നതുവരെ അതെന്തായിരിക്കുമെന്ന് ചിന്തിച്ചെങ്കിലും വീടെത്തി അമ്മയുടെ സ്നേഹവും കൈപ്പുണ്യവും ഇഴചേർന്ന അപ്പത്തിന്‍റേയും ഇറച്ചി ചേർന്ന ഉരുളക്കിഴങ്ങു കറിയുടേയും രുചിയുടെ മേളപെരുക്കത്തിൽ ആ ചിന്ത മനസ്സിൽ നിന്ന് എപ്പോഴോ വിട്ടു പോയിരുന്നു.