ചിലരെ ശ്രദ്ധിച്ചിട്ടില്ലേ… ഏതു രംഗത്തും സദാ തിളങ്ങി നിൽക്കുന്നവരെ… അവർ എവിടെയും ഓൾറൗണ്ടറായിരിക്കും. ഔദ്യോഗികവും അല്ലാത്തതുമായ ഏത് ഉത്തരവാദിത്തവും ഭംഗിയായി നിറവേറ്റുന്നതിൽ ഇവർ സമർത്ഥരായിരിക്കും. എവിടേയും ഇവർക്ക് സൗഹൃദങ്ങളുണ്ടാവും.
ഓൾറൗണ്ടറാവുകയെന്നത് ആധുനിക സ്ത്രീയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ജോലി സംബന്ധമായി പലയിടത്തും പോകേണ്ടതായി വരും. ധാരാളം ആളുകളുമായി ഇടപഴകേണ്ടി വരുന്ന ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ നല്ല ആത്മവിശ്വാസം കൈമുതലായി വേണം.
ഉദ്യോഗസ്ഥർക്കു മാത്രമല്ല, വീട്ടമ്മമമാർക്കും ഇത്തരമനുഭവങ്ങൾ ഉണ്ടാകാം. ഭർത്താവ് ട്രാൻസ്ഫറാകുന്നതിന് അനുസരിച്ച് ഭാര്യയും ഭർത്താവിനെ അനുഗമിച്ചു കൊണ്ടിരിക്കണം. പലപ്പോഴും അപരിചിതമായ ഇടങ്ങളിലേക്കാവും ട്രാൻസ്ഫർ. ചിലപ്പോൾ വിദേശത്തു വരെ പോകേണ്ടതായും വരാം. ഇത്തരം അവസരങ്ങളിൽ ഭാഷ വലിയൊരു വെല്ലുവിളിയാകാറുണ്ട്.
പലർക്കും അത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ പോകാറുണ്ട്. അപരിചിതരായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ അവർ ഉൾവലിഞ്ഞെന്നും വരാം. ഇത്തരക്കാർ സ്വന്തം കാര്യങ്ങളിൽ മാത്രമാവും ശ്രദ്ധിക്കുക. സമൂഹവുമായുള്ള ഇടപഴകൽ ഇല്ലാത്തതിനാൽ സൗഹൃദങ്ങളുടെ കാര്യത്തിലും ഇവർ വട്ടപൂജ്യമായിരിക്കും. ആൾക്കൂട്ടത്തിൽ പെട്ടാൽ എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയാവും അവരിൽ ശക്തമായുണ്ടാവുക.
ഏത് സാഹചര്യത്തിലായാലും പുതിയ കാര്യങ്ങൾ പഠിക്കുക. ആളുകളുടെ സ്വഭാവരീതി, അന്നാട്ടിലെ സംസ്കാരം എന്നിവയെക്കുറിച്ചുള്ള അറിവുകൾ നമ്മിൽ ഉറച്ച് വ്യക്തിത്വം ഉണ്ടാക്കും.
ചിലരെ ശ്രദ്ധിച്ചിട്ടില്ല. അപരിചിതമായ ചുറ്റുപാടുകളിൽ പോലും അനായാസമായ പെരുമാറ്റത്തിലൂടെ എത്ര പെട്ടെന്നാണ് ഇണങ്ങിച്ചേരുന്നത്. ഇത്തരക്കാരെ ചേഞ്ച് ഏജന്‍റ് എന്നാണ് വിശേഷിപ്പിക്കുക. നിങ്ങൾക്കും ചേഞ്ച് ഏജന്‍റാവാം. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ…
- സ്വന്തം ആശയങ്ങളിൽ ഉറച്ചു നിൽക്കുകയും അതേസമയം മറ്റുള്ളവർ മുൻകൈയെടുത്ത് സൗഹൃദത്തിനായി മുന്നോട്ട് വരികയും ചെയ്യുമെന്ന അർത്ഥമല്ല ചേഞ്ച് ഏജന്‍റിന് എന്ന് ആദ്യം മനസ്സിലാക്കുക. സ്വയം മാറാൻ ശ്രമിക്കുക, അതിനുശേഷം മറ്റുള്ളവരെ തങ്ങൾക്ക് അനുകൂലമാംവിധം സൗഹൃദം സ്ഥാപിച്ചെടുക്കുക. അതിനുള്ള ശക്തമായ മാധ്യമമാണ് ഭാഷ.
- ചുറ്റുമുള്ള അന്തരീക്ഷത്തെ തനിക്ക് അനുകൂലമാക്കുന്നതിന് എല്ലാവരോടും വിനയത്തോടുകൂടി ഇടപഴകുക. മറ്റുള്ളവരെ സഹായിക്കാൻ സദാ സന്നദ്ധരായിരിക്കണം.
- സ്വന്തം കുടുംബത്തിലും നിങ്ങൾ മാതൃകയാകണം. വീട്ടിലെ അന്തരീക്ഷം ആരോഗ്യപൂർണ്ണമായിരിക്കാൻ ശ്രദ്ധിക്കണം. എന്നാലെ നിങ്ങളിൽ മറ്റുള്ളവർക്ക് മതിപ്പുണ്ടാകൂ. എന്നാൽ മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനായി തെറ്റായവഴി സ്വീകരിക്കരുത്. ഇത് വിപരീതഫലമേ ഉണ്ടാക്കൂ.
- ടോക് ഫോർ ഗ്രാന്‍റഡ് അതായത് സ്വയം സംസാരിച്ചുകൊണ്ടിരിക്കുന്ന രീതി പാടില്ല. മറ്റുള്ളവർക്ക് നിങ്ങളോടുള്ള മതിപ്പ് കുറക്കുകയേയുള്ളൂ.
- തന്‍റെ ഗുണങ്ങളെ എടുത്തു കാട്ടുന്ന പെരുമാറ്റമായിരിക്കണം നിങ്ങളുടേത്. അതുവഴി മാത്രമേ ആളുകൾ നിങ്ങൾക്ക് വേണ്ട പ്രാധാന്യം നൽകൂ.
- നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണ് ചേഞ്ച് ഏജന്‍റുമാർ. സ്വന്തമായ ഒരു ഐഡന്‍റിറ്റി സൃഷ്ടിക്കുന്നതിൽ അവർ തത്പരരായിരിക്കും. എന്നാൽ പാരമ്പര്യ ആഘോഷങ്ങളിൽ എല്ലാവരുമൊത്ത് ആഘോഷിക്കാനും ഇവർ മുന്നിലുണ്ടാകും. അത്തരം ആഘോഷാവസരങ്ങളിൽ പാരമ്പര്യവേഷമണിഞ്ഞ് കാണുന്നതിൽ എല്ലാവരും നിങ്ങളെ പ്രശംസിക്കുകയും ചെയ്യും.
- മറ്റുള്ളവരെ സ്വാധീനിക്കുന്ന വിധത്തിലായിരിക്കണം നിങ്ങളുടെ സംസാരരീതി. മര്യാദകൾ പാലിക്കുന്നതിൽ വിട്ടുവീഴ്ചയരുത്.
സമാർട്ട് സ്പീക്കിംഗ്
ഹൈടെക്കിന്‍റെ കാലമാണിപ്പോൾ. സ്മാർട്ട് സ്പീക്കറാവുക, അതാണ് കാലം ആവശ്യപ്പെടുന്നത്.
സ്പീഡ്: മടിയും തളർച്ചയും നിങ്ങളെ ബഹുദൂരം പിന്നിലാക്കും. സ്പീഡ് ഫോർമുലയെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം.
വിസ്ഡം: വിവേകമെന്നർത്ഥം. എവിടെ എങ്ങനെ സംസാരിക്കണം, എന്ത് പറയണം എന്നുള്ള സാമാന്യമായ കാര്യങ്ങൾ അറിയണം.
അഡ്ജസ്റ്റ്മെന്‍റ്: ഏത് സാഹചര്യത്തിലും സന്തുഷ്ടയും സംതൃപ്തയും ആയിരിക്കുകയെന്നതാണ് പ്രധാനം. പ്രതികൂലമായ സാഹചര്യത്തിലായാലും നല്ലത് കണ്ടെത്തുക.
പവർ ഓഫ് ഡിസിഷൻ: പ്രശ്നമെന്തായാലും അവ പരിഹരിക്കാൻ രണ്ട് പോംവഴികൾ ഉണ്ടെങ്കിൽ ശരിയായ വഴി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മാത്രമല്ല സ്വന്തം വികാരങ്ങളെ വെളിപ്പെടുത്തണം.
സെൻസ് ഓഫ് ഹ്യൂമർ: പുഞ്ചിരി വ്യക്തിത്വത്തിലെ സൗമ്യഭാവമാണ്. പോസിറ്റാവായിരുന്നാൽ തീർച്ചയായും നിങ്ങളും സ്മാർട്ടാകും.