ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഒരു ദിവസം മൂന്നു മണിക്കൂറെങ്കിലും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, തുടങ്ങിയ സോഷ്യൽ സൈറ്റുകളിൽ ചെവലഴിക്കാറുണ്ടോ? ഇത്തരം സൈറ്റുകളിൽ സമയം ചെവലഴിക്കാതെ ജീവിതം മുന്നോട്ട് പോകില്ലെന്ന് തോന്നാറുണ്ടോ? എങ്കിൽ ഒരു കരുതലിന് സമയമായി. താമസിയാതെ മേൽപ്പറഞ്ഞ സൈറ്റുകൾക്ക് നിങ്ങൾ അടിമപ്പെട്ടേക്കാം.
ഈ കമ്പ്യൂട്ടർ യുഗത്തിൽ ദിവസവും ധാരാളം സോഷ്യൽ മീഡിയാ സൈറ്റുകൾ ജനിക്കുന്നുണ്ട്. അവയ്ക്കുവേണ്ടി ദിലസത്തിന്‍റെ മുക്കാൽപങ്കും ചെലവഴിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ടെക്നോളജി അഡിക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ മാനസികാവസ്ഥയ്ക്ക് അടിമപ്പെടുന്നതിന് പ്രായഭേദവുമില്ല. മദ്യത്തിനും മയക്കുമരുന്നിനും ചൂതുകളിക്കും സെക്സിനും അടിമപ്പെടുന്നതുപോലെ വിനാശകാരിയാണ് ഓൺലൈൻ അഡിക്ഷനും.
ഓർക്കൂട്ടിനു ശേഷം ഏറ്റവും കൂടുതൽ പേർ അഡിക്ടായ അല്ലെങ്കിൽ ഉപയോഗിക്കുന്ന സൈറ്റുകളാണ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, തുടങ്ങിയവ. ഇവയ്ക്ക് അടിമപ്പെട്ട് ജോലി വരെ നഷ്ടപ്പെടുത്തുന്ന സാഹചര്യങ്ങളും വിരയലമല്ല. അതുകൊണ്ടാവാം ഫേസ്ബുക്ക് അഡിക്ഷൻ ഡിസോഡർ (എഫ് എ ഡി) അമേരിക്കയിൽ ഒരു റിസേർച്ച് വിഷയം കൂടിയാണിന്ന്. ടെക്നോളജി അഡിക്ഷനിൽ നിന്ന് മോചനം ലഭിക്കാൻ ലണ്ടനിൽ ഇപ്പോൾ ക്ലിനിക്കുകൾ വരെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ.
ഫോണിന്‍റെയോ കമ്പ്യൂട്ടറിന്‍റെയോ ഉപയോഗം ഒരു ആശയവിനിമയോപാധിയോ സാങ്കേതിക സഹായമോ ഔദ്യോഗികാവശ്യമോ എന്നതിനപ്പുറം ഒരാൾ അതിനെ ആശ്രയിച്ചു ജീവിക്കാൻ തുടങ്ങുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സോഷ്യൽ മീഡിയ ഉപയോഗം സ്വന്തം സ്വഭാവത്തെ എത്രത്തോളം സ്വാധിച്ചുവെന്ന് സ്വയം വിലയിരുത്തുകയാണ് ഈ അഡിക്ഷനിൽ നിന്ന് രക്ഷനേടാനുള്ള പ്രധാന നടപടി. ഇതിന്‍റെ പേരിലുള്ള നമ്മുടെ പ്രവൃത്തികളെ നിയന്ത്രിക്കാനുള്ള സമയമായോ എന്ന് അപ്പോൾ ഉത്തരം ലഭിക്കും. നിങ്ങൾ ടെക്നോളജി അഡിക്ഷന് ഇരയാണോ എന്നറിയാൻ താഴെ പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കൂ…
- ഇന്‍റർനെറ്റ്, സോഷ്യൽ മീഡിയ സൈറ്റുകൾക്ക് നിശ്ചയിച്ച സമയം പതിവു സന്ദർശനത്തിന് സാധിച്ചില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുന്നു.
- സോഷ്യൽ സൈറ്റുകളിലെ എല്ലാ സുഹൃത്തുക്കളും യഥാർത്ഥ സുഹൃത്തുക്കളാണെന്ന് കരുതുന്നു.
- പൂർവ്വകാല പ്രണയിയെ തിരയുന്നതിന് ഇത്തരം സൈറ്റുകൾ വിനിയോഗിക്കുന്നു.
- ഒരു ദിവസം ഇന്‍റർനെറ്റ്, സോഷ്യൽ മീഡിയയിൽ സമയം ചെവലഴിക്കാൻ സാധിച്ചില്ലെങ്കിൽ പിരിമുറുക്കവും ആകാംഷയും അനുഭവപ്പെടുന്നു.
- കൂട്ടുകാരുമൊത്ത് ഒരു കപ്പ് കാപ്പി കുടിക്കുന്നതിലും ഏറെയിഷ്ടം സോഷ്യൽ മീഡിയയിൽ സമയം ചിലവിടാനാണ്.
- ജോലി സ്ഥലത്ത് വീണുകിട്ടുന്ന ഇടവേളകളിലൊക്കെ ഇത്തരം സൈറ്റുകൾ ഓപ്പൺ ചെയ്യുന്നു.
- മാനസിക സമ്മർദ്ദം ഉള്ളപ്പോൾ ഓൺലൈൻ ചാറ്റിംഗിനു ശ്രമിക്കുന്നു.
മേൽപ്പറഞ്ഞ ഏഴു ചോദ്യങ്ങളിൽ അഞ്ചിനും ഉത്തരം അതേ എന്നാണെങ്കിൽ അവഗണിച്ചു തള്ളാൻ കഴിയാത്തത്ര ആഴത്തിൽ നിങ്ങൾ ഓൺലൈൻ മാനിയയ്ക്ക് അടിമപ്പെട്ടു എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. താമസിയാതെ ടെക്നോളജി ഡീ അഡിക്ഷൻ ട്രീറ്റ്മെന്‍റിന് തയ്യാറാകൂ എന്നർത്ഥം.
പരിഹാരം
പ്രശ്നം നിയന്ത്രണാതീതമാകുന്നതിന് മുമ്പ് ബുദ്ധിപൂർവ്വമായ ഒരു നീക്കമാവാം. സ്വന്തം ദൗർബല്യങ്ങൾ നേരത്തേ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല എന്നിരുന്നാലും ചില കാര്യങ്ങൾ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
- നെറ്റ് സർഫിംഗിന് സമയപരിധി നിശ്ചയിക്കുക.
- യഥാർത്ഥ സുഹൃത്തുക്കളെയും സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളെയും വേർതിരിച്ചു കാണുക.
- ഒരു സൈറ്റിൽ നിന്ന് നിശ്ചിത ദിവസം അകന്നു നിൽക്കുക. അത് നിങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുക.
- ഓൺലൈൻ സൗഹൃദങ്ങളുടെ പ്രതികരണങ്ങൾക്ക് ഉടൻ മറുപടി നൽകാതിരിക്കുക.
- കൃത്യമായ സമയങ്ങളിൽ സൈറ്റുകൾ സന്ദർശിക്കാൻ വേണ്ടി അസ്വീകാര്യമായ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുക. കമ്പ്യൂട്ടറും ഫോണും നമ്മുടെ സൗകര്യത്തിനാണ് മറിച്ച് അതിനെ ആശ്രയിച്ചാവരുത് ജീവിതവും ദിനചര്യകളും.
- സോഷ്യൽ മീഡിയ സന്ദർശനം, ഗെയിം, ചാറ്റിംഗ് തുടങ്ങിയവ നിയന്ത്രണം വിട്ടുവെന്ന് തോന്നിയാൽ കമ്പ്യൂട്ടർ, ഇന്‍റർനെറ്റ് സൗകര്യം ഇല്ലാത്ത പ്രദേശത്ത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും തമസിക്കുക.