കൊച്ചിക്കാരൻ ഫ്രീക്കൻ ചെക്കനായി സിനിമയിലേക്ക് കടന്നു വന്ന നടനാണ് ശ്രീനാഥ് ഭാസി. റേഡിയോ ജോക്കി ആയും പാട്ടുകാരനായും ആണ് കരിയർ തുടങ്ങിയത്. അഭിനയ രംഗത്ത് വന്ന ശേഷം സ്ക്രീനിൽ ഓരോ കഥാപാത്രത്തെയും അവിസ്മരണീയമാക്കിയ ഈ യുവാവ് ഇപ്പോൾ സിനിമയിൽ തന്‍റേതായ ഒരിടം തന്നെ കണ്ടെത്തിയിരിക്കുകയാണ്. ഡയലോഗ് പോലുമില്ലാതെ കണ്ണുകൾ കൊണ്ടും ശരീരചലനങ്ങൾ കൊണ്ടും സ്ക്രീനിൽ ജീവിച്ചു കാണിച്ച നടൻ. മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും പ്രതിഭയുള്ളവരിൽ ഒരാളായി വളർന്നിരിക്കുകയാണ് ശ്രീനാഥ്.

നായകന്‍റെ കൂട്ടുകാരനും ഫ്രീക്കനുമായെല്ലാം സ്ക്രീനിൽ തകർപ്പൻ പ്രകടനമാണ് ശ്രീനാഥ് കാഴ്ച വയ്ക്കുന്നത്. കൊച്ചി ജീവിതവും ലോക്കൽ സ്‌ലാങ്ങും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കുമ്പളങ്ങി നെറ്റ്സ്. അതിലെ ഊമയായ ബോണി എന്ന കഥാപാത്രമാണ് ശ്രീനാഥിന്‍റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത്. തുടർന്ന് നിരവധി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വൈറസ്, കപ്പേള, പറവ, ഹണി ബീ, അഞ്ചാം പാതിരാ, വരത്തൻ, 24 നോർത്ത് കാതം, തുടങ്ങിയവയാണ് ശ്രീനാഥിന്‍റെ ആദ്യത്തെ ശ്രദ്ധേയ ചിത്രങ്ങൾ.

ഇന്ദ്രൻസ് നായകനായ ഹോമിൽ പ്രധാന കഥാപാത്രമായും ശ്രീനാഥ് പ്രത്യക്ഷപ്പെട്ടു. ആ ചിത്രവും ഗംഭീര വിജയമായി. പിന്നീട് ശ്രീനാഥിനെ കണ്ടത് മമ്മൂട്ടിക്കൊപ്പം ഭീഷ്മ പർവ്വത്തിൽ ആണ്. അതിലും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് അവതരിപ്പിച്ചത്. സൗബിൻ സംവിധാനം ചെയ്‌ത ഷെയ്ൻ നിഗം ചിത്രം പറവയിൽ സൗബിനൊപ്പം വില്ലനായെത്തിയ ശ്രീനാഥ് ചിരി കൊണ്ടും നോട്ടം കൊണ്ടും പ്രേക്ഷകരിൽ ഭയമുണ്ടാക്കി. ആസിഫ് അലി നായകനായെത്തിയ ഹണി ബീ യിൽ നായകന്‍റെ കൂട്ടുകാരന്മാരിൽ ഒരാളായി എത്തിയ ശ്രീനാഥിന്‍റെ കരിയറിന് വ്യത്യസ്തത കുറിച്ച കഥാപാത്രമാണ് അതിലെ അബു, ഒരുപാടു ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കഥാപാത്രമാണ്.

കുമ്പളങ്ങി നെറ്റ്സിലെ ബോണിയെ ആർക്കും മറക്കാനാവില്ല. ഫഹദ് ഫാസിൽ, ഷെയിൻ നിഗം, സൗബിൻ സാഹിർ എന്നീ മലയാളത്തിലെ മികച്ച അഭിനേതാക്കൾ അണിനിരന്ന സിനിമയിൽ ഊമയായ ബോണിയായെത്തി ശ്രീനാഥ് പ്രേക്ഷക മനസ്സിൽ ഇടം തേടുകയായിരുന്നു. ഡയലോഗ് പോലുമില്ലാതെ കണ്ണുകൾ കൊണ്ടും ശരീരചലനങ്ങൾ കൊണ്ടും ശ്രീനാഥ് ബോണിയായി സ്ക്രീനിൽ ജീവിച്ചു കാട്ടുകയായിരുന്നു. ഫ്രീക്കൻ പയ്യനിൽ നിന്നും പക്വതയുള്ള കഥാപാത്രമായി മാറുന്നത് എടുത്ത് കാട്ടുന്നതായിരുന്നു ശ്രീനാഥിന്‍റെ വൈറസിലെ കഥാപാത്രം. അത്രത്തോളം റിയലീസ്റ്റിക്കായ ഒന്നായിരുന്നു അത്.

റോഷൻ മാത്യുവും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന അന്ന ബെൻ എന്ന ചിത്രത്തിന്‍റെ ആദ്യ പകുതിയിൽ റോഷനും അന്നയും കൈയ്യടി നേടിയപ്പോൾ രണ്ടാം പകുതി ശ്രീനാഥിന്‍റേത് മാത്രമായി മാറുകയായിരുന്നു. ഒരേ സമയം ദേഷ്യവും സ്നേഹവുമെല്ലാം തോന്നുന്ന കഥാപാത്രത്തെ മനോഹരമാക്കുകയായിരുന്നു ശ്രീനാഥ് ഭാസി. ഇത്തരത്തിൽ ഓരോ ചിത്രത്തിലും തന്‍റേതായ ഒരിടം തീർക്കുന്ന ഈ യുവ നടൻ ഒരു വിസ്മയം തന്നെയാണ്.

और कहानियां पढ़ने के लिए क्लिक करें...