മഞ്ഞുകാലത്ത് യാത്ര ചെയ്യുമ്പോഴുള്ള രസം മറ്റൊന്നാണ്. കശ്മീരിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ശ്രീനഗർ ഝലം നദിയുടെ ഇരുകരകളിലുമായി പരന്നുകിടക്കുന്നു. ലോകപ്രശസ്ത തടാകങ്ങളായ നാഗിൻ, ദാൽ എന്നിവയെ ശ്രീനഗറിന്‍റെ ജീവിതം എന്ന് വിളിക്കാം, അതേസമയം അതിമനോഹരമായ കാലാവസ്ഥ കാരണം ശ്രീനഗർ വർഷം മുഴുവനും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
കശ്മീരിലെ ഏറ്റവും മനോഹരമായ നഗരമായ ശ്രീനഗർ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. 103.93 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ നഗരം സമുദ്ര നിരപ്പിൽ നിന്ന് 1730 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ശ്രീനഗറിലേക്ക് പോകുകയാണെങ്കിൽ, ഈ സ്ഥലങ്ങൾ കാണാൻ മറക്കരുത്.
ദാൽ തടാകം
ഹൗസ് ബോട്ടുകൾക്കും ഷിക്കാരകൾക്കും ദാൽ തടാകം ഏറ്റവും പ്രശസ്തമാണ്. ഏകദേശം 26 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ തടാകം. സർഫിംഗ്, ഹൗസ് ബോട്ട്, ഷിക്കാര റൈഡുകൾ, നീന്തൽ, മീൻ പിടിത്തം, കനോയിംഗ് എന്നിവയ്‌ക്ക് ഈ തടാകം മികച്ച സ്ഥലമാണ്.
ഇന്ദിരാഗാന്ധി തുലിപ് ഗാർഡൻ
ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഗാന്ധി തുലിപ് ഗാർഡൻ വാർഷിക തുലിപ് ഫെസ്റ്റിവലിന് വളരെ പ്രസിദ്ധമാണ്. ജബർവൻ പർവ്വതത്തിന്‍റെ താഴ്‌വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിഷാത് ഗാർഡൻ, ഷാലിമാർ ഗാർഡൻ, അചബൽ ബാഗ്, ചഷ്മ ഷാഹി ഗാർഡൻ എന്നിവ ലോകപ്രശസ്തമാണ്.
നിഷാത് ബാഗ്
ദാൽ തടാകത്തിന്‍റെ തീരത്താണ് നിഷാത് ബാഗ് സ്ഥിതി ചെയ്യുന്നത്. 1633-ൽ അബ്ദുൾ ഹസൻ അസഫ് ഖാൻ നിർമ്മിച്ച ഈ ഉദ്യാനം ഏറ്റവും വലിയ മുഗൾ ഉദ്യാനമാണ്. അതിന്‍റെ അനന്യ മായ ഭംഗി കാരണം വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
ശങ്കരാചാര്യ ക്ഷേത്രം
ഉയർന്ന കുന്നിൻ മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണിത്. ഈ ക്ഷേത്രം നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. എ ഡി 200 ൽ അശോക ചക്രവർത്തിയുടെ മകൻ ജാലുകനാണ് ഇത് പണി കഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കുന്നിൻ മുകളിൽ നിന്ന് സന്ദർശകർക്ക് പിർ പഞ്ചൽ പർവ്വത നിരകളിലെ മഞ്ഞുമൂടിയ മലനിരകളുടെ മനോഹരമായ കാഴ്ച ലഭിക്കും.
എങ്ങനെ എത്തിച്ചേരാം
ശ്രീനഗറിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജമ്മു റെയിൽവേ സ്റ്റേഷനാണ്, ഇവിടെ നിന്ന് 290 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ, ചെന്നൈ, തിരുവനന്തപുരം തുടങ്ങിയ രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും ഈ റെയിൽവേ സ്റ്റേഷൻ ബന്ധപ്പെട്ടിരിക്കുന്നു. വിനോദസഞ്ചാരികൾക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ശ്രീനഗറിലേക്ക് സ്വകാര്യ ടാക്സികളും വാടകയ്ക്ക് എടുക്കാം.
നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ ആണ് എയർപോർട്ട്. ഷെയ്ഖ്-ഉൽ- ആലം എയർപോർട്ട് എന്നാണ് ഇവിടുത്തെ വിമാനത്താവളം അറിയപ്പെടുന്നത്. മുംബൈ, ഡൽഹി, ഷിംല, ചണ്ഡീഗഢ് തുടങ്ങിയ രാജ്യത്തെ പല നഗരങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും ബന്ധിപ്പിച്ചിട്ടുള്ള ഒരു ദേശീയ വിമാനത്താവളമാണ് ഈ വിമാനത്താവളം. വിമാനത്താവളത്തിന് പുറത്ത് ടാക്സി സർവീസ് നിങ്ങളെ നഗരത്തിലേക്കോ ഹോട്ടലിലേക്കോ മിതമായ നിരക്കിൽ കൊണ്ടുപോകും. വിദേശത്ത് നിന്ന് വരുന്ന വിനോദസഞ്ചാരികൾ ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ ഇറങ്ങണം, അവിടെ നിന്ന് 876 കി.മീ. യാത്ര ചെയ്ത ശേഷം ശ്രീനഗറിലെത്താം.
സന്ദർശിക്കാൻ പറ്റിയ സമയം: വർഷം മുഴുവനും നിങ്ങൾക്ക് ശ്രീനഗർ സന്ദർശിക്കാം, എന്നാൽ ശൈത്യകാലത്ത് കാലാവസ്ഥ കൂടുതൽ സുഖകരമാണ്.