വേഷം പോലെ തന്നെ മോഡേൺ ആയിരിക്കണം ബാഗും. അതാണ് പുതിയ സ്റ്റൈൽ മന്ത്രം. ഫാഷനബിൾ ആക്സസറിയായി മാറിയിരിക്കുന്ന ബാഗ് സത്രീയുടെ ആത്മവിശ്വാസത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും പ്രതീകമാണ്. സന്തതസഹചാരിയായി തോളിൽ തൂങ്ങിക്കിടക്കുന്ന ഹാൻഡ്ബാഗുകൾ ഫാഷൻ ലോകത്ത് വൻവിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. പല വലുപ്പത്തിലും നിറത്തിലും വെറൈറ്റി ഷെയ്പ്പുകളിലും വരുന്ന ബാഗുകൾക്കാണിന്ന് ഹോട്ട് ഡിമാന്‍റ്. അത്യാവശ്യം ഉപയോഗിക്കേണ്ട വസ്തുക്കളെല്ലാം നിധി പോലെ സൂക്ഷിക്കുന്ന ബാഗുകൾ സ്ത്രീയുടെ സ്വകാര്യലോകം തന്നെയാണ്. വിപണിയിൽ വൈവിധ്യമാർന്ന ബാഗുകളുണ്ടെങ്കിലും സ്വന്തം വ്യക്തിത്വവും ആവശ്യമനുസരിച്ച് ബാഗുകൾ തെരഞ്ഞെടുക്കണം. ബാഗുകളുടെ വിശേഷങ്ങൾ…
വെറൈറ്റി ബാഗുകൾ
കോട്ടൺ, ജൂട്ട്, ലെതർ, പ്ലാസ്റ്റിക്, ബീഡഡ്, സാറ്റിൻ, ഡെനിം, പിവിസി, നൈലോൺ, മെറ്റാലിക്, വെൽവെറ്റ്, ക്വിൽറ്റഡ്, ടിഷ്യൂ, സിൽക്ക്, എംബ്രോയിഡറി, പാച്ച് വർക്ക്, സർദോസി, മുത്തുകൾ പതിപ്പിച്ചത്… തുടങ്ങി വെറൈറ്റി ബാഗുകളുടെ നീണ്ട നിര തന്നെയുണ്ട്. വേഷത്തിനും ആക്സസറീസിനും മാച്ച് ചെയ്യുന്നവ. എന്നാൽ പാരമ്പര്യ വേഷങ്ങൾക്കൊപ്പം ടിഷ്യു, സിൽക്ക്, ബീഡഡ്, സർദോസി, മുത്തുകൾ പതിപ്പിച്ച ഹാൻഡ് ബാഗുകളാണ് കൂടുതൽ ചേരുക. കളർഫുൾ ബാഗുകളാണ് അവരുടെ ഇഷ്ടചോയ്സ്.
ഉപയോഗമനുസരിച്ച് ബാഗുകൾ തെരഞ്ഞെടുക്കാം. എങ്കിലും അവയിൽ ചില ബാഗുകൾ വിഐപികളാണ്.
ഫാഷൻ ബാഗുകൾ: യുവാക്കളുടേയും മോഡലുകളുടേയും ഫേവറേറ്റ് ബാഗുകളാണിവ.
ഷോപ്പിംഗ് ബാഗുകൾ: പ്രധാനമായും ഷോപ്പിംഗ് ആവശ്യത്തിന് ഉപോഗിക്കുന്ന ഈ ബാഗുകളിൽ വസ്ത്രം, ജ്വല്ലറി, പഴങ്ങൾ, പച്ചക്കറി തുടങ്ങിയതെന്തും ഭദ്രമായി വയ്ക്കാം.
ബീച്ച് ബാഗുകൾ: കടൽക്കരയിൽ പകലന്തിയോളമിരുന്ന് കാറ്റേൽക്കണമെന്നുണ്ടോ? അല്ലെങ്കിൽ കടലിൽ ഇറങ്ങി ഒരു കുളി… എങ്കിൽ ബീച്ച് ബാഗുകൾ കൂടെ കരുതാം. കുട മുതൽ അത്യാവശ്യം വസ്ത്രങ്ങൾ വരെ ബീച്ച് ബാഗുകളിൽ കരുതാം. ഒരാൾക്കു വേണ്ട വസ്തുക്കളെല്ലാം ബീച്ച് ബാഗുകളിൽ ഭദ്രമായി സൂക്ഷിക്കാം. ആവശ്യാനുസരണം ചെറുതോ വലുതോ വെയ്റ്റുള്ളതോ ഇല്ലാത്തതോ തുടങ്ങി വിവധ റേഞ്ചുകളിൽ ബീച്ച് ബാഗുകൾ ഉണ്ട്.
സ്പോർട്സ് ബാഗുകൾ: സ്പോർട്സ് താരങ്ങളുടെ പ്രിയപ്പെട്ട ബാഗുകളാണിവ. കണ്ടിട്ടില്ലേ സച്ചിനും ധോണിയും കയ്യിൽ കരുതുന്ന വലിയ ബാഗുകൾ. സ്പോർട്സ് സംബന്ധമായ ഉപകരണങ്ങൾ ബാഗിൽ സുരക്ഷിതമായി വയ്ക്കാമെന്നതാണ് ഈ ബാഗിന്‍റെ പ്രത്യേകത. ബാഗ് മികച്ച ക്വാളിറ്റിയുള്ളതായിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.
ഗിഫ്റ്റ് ബാഗുകൾ: ഗിഫ്റ്റുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. സമ്മാനങ്ങൾ നല്കുമ്പോൾ അത് സർപ്രൈസായിരിക്കണം. സമ്മാനങ്ങൾ മനോഹരമായി അലങ്കരിക്കുന്നതിനാണ് ഗിഫ്റ്റ് ബാഗുകൾ. ഹാൻഡ് മെയ്ഡ് പേപ്പർ കൊണ്ടുള്ളതാണീ ബാഗുകൾ. ഹാൻഡ് ബാഗുകൾ സുന്ദരമായിരിക്കുമ്പോൾ അതിനുള്ളിൽ വെച്ചിരിക്കുന്ന സർപ്രൈസ് ഗിഫ്റ്റും എത്ര സുന്ദരമായിരിക്കും. ഗിഫ്റ്റ് ബാഗുകൾ കാണുമ്പോഴേ ഉള്ളിലുള്ള സമ്മാനത്തിന്‍റെ വലിപ്പം നിശ്ചയിക്കാം.
കുട്ടികളുടെ ബാഗുകൾ: കൊച്ചുകുട്ടികളുടെ ടേസ്റ്റിന് അനുസരിച്ചാണ് കുട്ടി ബാഗുകൾ ഇറങ്ങുന്നത്. കാഴ്ചയിൽ ക്യൂട്ടാണ്. കടും നിറങ്ങളിലാണ് കുട്ടിബാഗുകൾ വരുന്നത്. ഫാന്‍റം, ഹീമാൻ തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ ഈ ബാഗുകളിൽ പ്രിന്‍റ് ചെയ്തിരിക്കും.
ബാഗുകളിൽ ബ്രാൻഡഡായിട്ടുള്ളതുമുണ്ട്. കോച്ച്, ഡി ആൻ്‍ര് വി, സാൻസോണൈറ്റ്, ഡി ആന്‍റ് ജി, ജിമ്മി, ചൂ എന്നിവയാണിവ. മറ്റ് ബാഗുകളെയപേക്ഷിച്ച് വിലയൽപം കൂടും. എന്നാൽ ഇതിന്‍റെ ക്വാളിറ്റിയും ലേറ്റസ്റ്റ് ട്രെൻഡും വിലയിൽ വ്യത്യാസമുണ്ടാക്കും.
പൗച്ച് ബാഗ്: പഴയ സിനിമകളിലും ഗ്രാമീണ ജീവിതശൈലിയിലും ഏറെ പോപ്പുലറായിരുന്ന പൗച്ച് ബാഗുകളിന്ന് വിവാഹം, റിസപ്ഷൻ തുടങ്ങിയ വിശേഷാവസരങ്ങളിലെ വിഐപി അക്സസറിയാണ്. ഹെവി ഡെക്കറേറ്റഡ് സൽവാർ കമ്മീസിനും സിൽക് സാരിക്കുമൊപ്പം സർദോസി, ബീഡ്സ് എന്നിവ കൊണ്ട് അലങ്കരിച്ചിട്ടുള്ള ടിഷ്യൂ, വെൽവറ്റ്, റോ സിൽക് എന്നിവയിലുള്ള പൗച്ച് ബാഗ് ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്‍റാണ്. കോട്ടൺ തുണിയിലുള്ള പച്ചിന് 40നും 50നും ഇടയിലാണ് വില. എന്നാൽ ടിഷ്യു, വെൽവെറ്റ്, സിൽക്ക് പൗച്ചുകൾക്ക് 200 മുതൽ 1000 രൂപ വിലയുണ്ട്.
പാന്‍റ് ബാഗ് ആന്‍റ് പേഴ്ലണാലിറ്റി
ബാഗ് തെരഞ്ഞെടുക്കുന്ന രീതിയിലും ചില കതുകങ്ങളുണ്ട്. ബാഗ് തെരഞ്ഞെടുക്കുമ്പോൾ ഉയരം, ആരോഗ്യം, ചർമ്മനിറം, വേഷം, ഫുട്വെയർ തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിക്കണം. ബ്ലാക്ക്, ബ്രൗൺ നിറങ്ങളിലുള്ള ഹാൻഡ് ബ്ഗുകളോടാണ് പൊതുവേ എല്ലാവർക്കും പ്രിയം. ബാഗ് ഓഫീസ് ആവശ്യത്തിനാണോ കാഷ്വാലായി ഉപയോഗിക്കാനാണോ എന്നതും പ്രധാനമാണ്. ഓരോ അവസരങ്ങൾക്കും ഉപയോഗിക്കേണ്ട ബാഗുകൾ വ്യത്യസ്തയുള്ളതായിരിക്കണം. മെലിഞ്ഞ ശരീരക്കാർക്ക് വലിയ ബാഗ് ചേരില്ല. അൽപം ചെറിയ റൗണ്ട് ബാഗാണ് യോജിക്കുക.
ഉയരം കുറഞ്ഞ തടിച്ച സ്ത്രീകൾക്ക് വളരെ വലുതോ ചെറിയതോ ആയ ബാഗുകൾ യോജിക്കില്ല. അരയ്ക്ക് താഴെ തൂങ്ങിക്കിടക്കുന്ന ബാഗിന് പകരം ഹാൻഡിൽ ഉള്ള മീഡിയം സൈസ് ബാഗുകളാണ് ഇത്തരക്കാർക്ക് ചേരുക. എന്നാൽ നീളം കൂടിയവർക്കാകട്ടെ നീണ്ടു കിടക്കുന്ന ബാഗാണ് പെർഫെക്ട്.
വിവാഹം, നിശ്ചയം തുടങ്ങിയ വിശേഷാവസരങ്ങളിൽ മാച്ചിംഗ് വെൽവറ്റ്, സിൽക്ക് പാച്ചും ബോർഡറുമുള്ള ബാഗാണ് ഇണങ്ങുക. ബാഗ് വാങ്ങുന്നതിൽ മാത്രമല്ല ശ്രദ്ധ വേണ്ടത്. അവ സൂക്ഷ്മത പുലർത്തണം. ബാഗിൽ അത്യാവശ്യം വേണ്ട വസ്തുക്കൾ മാത്രം വയ്ക്കുക. അനാവശ്യ വസ്തുക്കൾ നിറച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള വസ്തുക്കൾ എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. മഴക്കാലത്ത് ലെതർ ബാഗുകൾ കുറച്ചു നാളത്തേക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ അതിൽ ന്യൂസ് പ്പ്പർ നിറച്ചു വെയ്ക്കാം. ഷെയ്പ് നഷ്ടപ്പെടാതിരിക്കാനാണിത്.
സാധനങ്ങൾ നിറച്ചു വെയ്ക്കാനുള്ള സഞ്ചി മാത്രമല്ല ബാഗ്. ബ്യൂട്ടിഫുൾ ആക്സസറിയും സ്റ്റൈൽ സ്റ്റേറ്റ്മെന്‍റും കൂടിയാണത്. ആകർഷകമായ ലുക്ക് പകരുന്നതിനൊപ്പം യൂസ്ഫുൾ ആയിരിക്കണം നിങ്ങളുടെ സ്വന്തം ബാഗ്.