ഭർത്താക്കാന്മാരോടുള്ള തങ്ങളുടെ പരിഭവം കൂട്ടിവച്ച് സാഹചര്യങ്ങൾക്ക് അനുസരിച്ച് അസ്ത്രം തൊടുത്തു വിടുന്നവരാണ് പല ഭാര്യമാരും. എന്നാൽ പങ്കാളിയോടുള്ള സൗന്ദര്യ പിണക്കങ്ങളും കുറ്റപ്പെടുത്തലുകളും പരിഭവവുമൊക്കെ ജീവിതത്തിലെ മടുപ്പിനും വിരസതയ്ക്കും വിരാമമിടാൻ സഹായിക്കുന്നുവെന്നും ഒരുകൂട്ടം സ്ത്രീപക്ഷം വാദിക്കുന്നു.
പിണക്കങ്ങൾ, പരാതികൾ
സുഹൃത്തുക്കൾക്ക് ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെങ്കിലും വിവാഹശേഷവും സുഹൃദ് വലയത്തിന്‍റെ അമിത സ്വാധീനം കാരണം ഭാര്യയെ തഴയുന്ന ഭർത്താക്കന്മാരുണ്ട്. നവവധുവായ നയന ഭർത്താവിനോടു പിണങ്ങുന്നതും ഇതേ കാരണം കൊണ്ടാണ്. “ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 4 മാസം ആകുന്നതേയുള്ളൂ. വീട്ടിലൊരുത്തി കാത്തിരിക്കുന്നു എന്ന ബോധം പോലുമില്ല.” ഭർത്താവിന്‍റെ ചീട്ടുകളി, മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങളും ഭാര്യമാർ എതിർക്കാറുണ്ട്.
ഭർത്താവിന്‍റെ പരിഭവങ്ങൾ
ഹിമാലയം ചവിട്ടിക്കയറാൻ തയ്യാറാണ്. പക്ഷേ, ഭാര്യയോടൊപ്പം ഷോപ്പിംഗിനു പോകാൻ ഒരുക്കമല്ലെന്നാണ് സഞ്ജയ് പറയുന്നത്. “കടകളിലെ അലമാരയിൽ അടുക്കി വച്ചിരിക്കുന്ന സാരികൾ മുഴുവൻ വലിച്ചിട്ടില്ലെങ്കിൽ ഇവൾക്കൊരു സമാധാനവും കാണില്ല. ഇനി എങ്ങനെയെങ്കിലും ഒരു സാരി ഇഷ്ടമായാൽ തന്നെ അയൽക്കാരിയോ, കൂട്ടുകാരിയോ അതുപോലൊരെണ്ണം ഉടുത്തു കണ്ടാൽ പിറ്റേന്നു തന്നെ അതു മാറ്റി വാങ്ങും.”
ഭർത്താവിന്‍റെ ശമ്പളത്തിന്‍റെ നല്ലൊരു പങ്കും ഷോപ്പിംഗിനു വേണ്ടി ചെലവഴിക്കുന്ന ഭാര്യമാരും ഭർത്താക്കന്മാർക്ക് വലിയ തലവേദനയാണ്. “എവിടെ എങ്കിലും സെയിൽസ് റിഡക്ഷൻ ബോർഡ് കണ്ടാൽ ഭാര്യയ്ക്ക് ഇരിക്കപ്പൊറുതി ഉണ്ടാവില്ല. ആവശ്യമുള്ളതും അല്ലാത്തതും വാങ്ങിക്കൂട്ടും. പിന്നീട് ലാഭക്കണക്ക് നിരത്തും… നാലു ബെഡ്ഷീറ്റിനൊപ്പം ഒരു ടവൽ ഫ്രീ കിട്ടിയല്ലോ എന്നായിരിക്കും വിജയഭാവം.”
ഊണിലും ഉറക്കത്തിലും വീട്… എന്‍റെ വീട്… എന്നു ജപിക്കുന്ന ഇക്കൂട്ടർ വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്ന ഭർത്താക്കന്മാരുണ്ട്. ഞാൻ വീട്ടിൽ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തിട്ടില്ല. എന്‍റെ വല്ല്യമ്മാവനു നാലു ഫാക്ടറിയുണ്ട്, എന്‍റെ…”
ദാമ്പത്യം എന്നത് കയ്പ്പും മധുരവും ഇട കലർന്നതാണ്. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല. പങ്കാളിയുടെ കുറവുകൾ ചികയുന്നതിനു പകരം അതിന്‍റെ മനഃശാസ്ത്രപരമായ കാരണങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്തുക.
ശീലങ്ങൾ മാറ്റി നോക്കൂ.
ഭർത്താവിനോ ഭാര്യയ്ക്കോ അന്യ സ്ത്രീയോടോ പുരുഷനോടോ ആകർഷണം തോന്നാം. ഒരു തരത്തിൽ ആത്മവിശ്വാസക്കുറവോ ഇൻഫീരിയോരിറ്റി കോംപ്ലക്സോ ആണ് ഇതിന് കാരണം.
പുരുഷന്മാരിൽ അടുക്കും ചിട്ടയും ഇല്ലാത്തതിന്‍റെ പ്രധാന കാരണം മനഃശാസ്ത്രപരം തന്നെ. ചെറുപ്പം മുതല്ക്കേ വീട്ടു ജോലികൾ പെണ്ണുങ്ങളുടെ ഉത്തരവാദിത്തത്തിൽ വരുമെന്ന് അവരറിയാതെ തന്നെ മനഃപാഠമാക്കി തുടങ്ങും. വളരുന്നത് അനുസരിച്ച് ഈ ചിന്താഗതി ദൃഢമാവുകുയും ചെയ്യുന്നു.
സ്ത്രീകൾക്ക് പെട്ടെന്നൊരു ഇഷ്ടം പറയാനോ തീരുമാനം തുറന്നു പ്രകടിപ്പിക്കാനോ പറ്റാത്തതിനു പിന്നിലും മനഃശാസ്ത്രപരമായ കാരണം ആണുള്ളത്. ചെറുപ്പം മുതൽ തന്നെ വീട്ടിൽ ഒരു കാര്യത്തിലും തീരുമാനം എടുക്കാനുള്ള സ്വാതന്ത്യ്രമില്ലാത്ത പെൺകുട്ടികൾക്ക് ആത്മവിശ്വാസക്കുറവ് കാരണമാണ് ഭാവിയിൽ പെട്ടെന്നൊരു തീരുമാനമെടുക്കാൻ സാധിക്കാതെ വരുന്നത്.
അതുപോലെ തന്നെ വീട്ടിൽ സംസാരിക്കാൻ അവസരം കിട്ടാത്ത പെൺകുട്ടികൾ സംസാരിക്കാൻ തരം കിട്ടിയാൽ വാചാലരായി തീരുന്നു.
ജീവിതപങ്കാളിയിൽ നിങ്ങൾ ഇഷ്ടപ്പെടാത്ത ധാരാളം ദുഃശീലങ്ങളുണ്ടാവാം. നിങ്ങൾക്ക് ഇതിൽ പരാതിയുമുണ്ട്. എന്നാൽ പങ്കാളിയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. താനറിയാതെ തന്നെ പരാതിയ്ക്കുള്ള അവസരം ഒരുക്കുകയാണെന്ന് അവർ അറിയുന്നില്ല. പങ്കാളിയുടെ ചെറിയ കുറ്റങ്ങളും പരാതികളും പൊറുക്കാൻ ശീലിക്കുക. സ്വയം മാറ്റത്തിന് തയ്യാറാവുക. കുറവുകൾ എടുത്തു പറയാതിരിക്കുക. പങ്കാളിയുടെ ശീലങ്ങളുമായി പൊരുത്തപ്പെട്ടു നോക്കൂ…. ദാമ്പത്യം മധുരതരമായി തീരും.