ബലൂണിൽ പറന്ന് ആകാശത്ത് വിവാഹം കഴിക്കുന്നവർ, സ്വിമ്മിംഗ് പൂളിൽ വിവാഹ മോതിരം കൈമാറുന്നവർ, ഹംലികോപ്റ്ററിൽ തൂങ്ങിയാടി ചുംബിക്കാൻ ഇഷ്ടപ്പെടുന്നവർ… ഇവർക്കൊക്കെ എന്തിന്‍റെ കേടാണെന്ന് പറയുന്നതിനു മുമ്പ് ഒരു കാര്യം. ഇതുപോലെ എന്തെങ്കിലും പുതുമ തേടുന്നവർ ജീവിതം എന്തു വില കൊടുത്തും ആസ്വദിക്കാൻ തയ്യാറുള്ളവരാണ്.
പബ്ലിസിറ്റിക്കു വേണ്ടിയും വിരസതയകറ്റാനും പുതുമ തേടുന്ന ഈ പ്രവണത ഭക്ഷണം, വസ്ത്രം, ജോലി എന്നിങ്ങനെ പല കാര്യങ്ങളിലും പ്രകടിപ്പിച്ചേക്കാം. പക്ഷേ ഇത്തരം വെറൈറ്റികൾ ആഗ്രഹിക്കുന്നവർ പോലും ലൈംഗികതയിൽ ഇക്കാര്യം തുറന്നു പറയാൻ മടി കാട്ടുന്നവരായിരിക്കും. വെറൈറ്റി ഏറ്റവും ആവശ്യമായ സെക്സിൽ പുതുമകൾ കണ്ടെത്തുവാൻ നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ… പക്ഷേ ആ ശ്രമം വളരെ ആലോചിച്ചു വേണമെന്നു മാത്രം.
വാത്സ്യായനന്‍റെ കാമസൂത്ര എന്ന പുസ്തകത്തിൽ 64 സെക്സ് പൊസിഷനുകളെക്കുറിച്ച് പറയുന്നുണ്ട്. കായികമായും മാനസികമായും നല്ല ഇഫക്ടുകൾ നൽകുന്ന പൊസിഷനുകൾ യോഗ അറിയാവുന്നവർക്ക് പ്രയാസകരമാവില്ല. എങ്കിലും ഇതുപോലുള്ള പരീക്ഷണങ്ങൾ പ്രായോഗികമാക്കാൻ അത്ര എളുപ്പവുമല്ല. അതുകൊണ്ടാവാം സെക്സിൽ ആദ്യാവസാനം പുതുമയും ത്രില്ലും നിലിർത്താൻ പുതിയ തലമുറ കുറുക്കു വഴികൾ തേടുന്നത്. എന്നാൽ ഈ കുറുക്കു വഴികളൊന്നും പ്രോത്സാഹിപ്പിക്കത്തക്കതല്ല എന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്.
സ്നേഹം പങ്കുവയ്ക്കുന്നതിനും സെക്സ് പ്രക്രിയയിൽ അവസാനം നേടുന്ന രതിസുഖത്തിനുമപ്പുറം വേഴ്ചയിലുടനീളം ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഉന്മാദാവസ്ഥ വേണമെന്ന ആഗ്രഹം ചിലരിൽ ശക്തമാണ്. ഇതു സാധ്യമാകണമെങ്കിൽ ഓരോ വേഴ്ചയും പുതുമ നിറഞ്ഞതാവണം. എന്നാൽ നാഡീവ്യൂഹങ്ങളെ പ്രകമ്പനം ചെയ്യിക്കുന്ന ഉത്തേജിതാനുഭവം കുറേ സംഭോഗങ്ങൾക്കുശേഷം ആഗ്രഹിക്കുന്നത്ര തീവ്രതയോടെ ലഭിച്ചെന്നു വരില്ല. അതോടെ ഇത്തരം വേളകൾ ചിലർക്ക് വിരസപൂർണ്ണമാവും. ഈ വിരസത പരിഹരിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടിയെന്നു വരാം.
മടുപ്പ് ഒഴിവാക്കാം
ഐഡന്‍റിറ്റി വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കോളേജ് അധ്യാപികയുടെ അനുഭവം.
എന്‍റെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. വിവാഹശേഷം ഒരു വർഷത്തിനകം തന്നെ ഭർത്താവിന് പതിവ് ലൈംഗിക പ്രക്രിയകളിൽ അതൃപ്തി തോന്നിത്തുടങ്ങി. മനസാഗ്രഹിക്കുന്നത്ര ത്രിൽ ബന്ധപ്പെടുമ്പോൾ കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാതി. ഇതേത്തുടർന്ന് അന്ന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തി. മാസത്തിൽ രണ്ടുമൂന്ന് ദിവസമെങ്കിലും നഗരത്തിൽ ഹോട്ടലിൽ മുറിയെടുത്ത് സെക്സ് എൻജോയ് ചെയ്യും. അന്തരീക്ഷം മാറിയപ്പോൾ കുറച്ചുകൂടി ഇന്‍ററസ്റ്റിംഗ് ആയി സെക്സ്.
പക്ഷേ… കാര്യം പിന്നെയും കൈവിട്ടു. കുറേയായിക്കഴിഞ്ഞപ്പോൾ ഈ ചെയ്ഞ്ചും ഭർത്താവിന് മടുത്തു തുടങ്ങി. അശ്ലീലപുസ്തകം വായിക്കലും ക്ലിപ്പുകൾ കാണലുമായി പിന്നെ. ക്ലിപ്പുകൾ കണ്ടുകൊണ്ട് രതിയിലേർപ്പെടുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.
എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇതിലും താൽപര്യമില്ലാതെയായി. പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ചലേ സെക്സ് ആസ്വദിക്കാൻ കഴിയൂ എന്ന അവസ്ഥ കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിഷമിപ്പിക്കാൻ തുടങ്ങി. സെക്സ് ത്രില്ലിനു വേണ്ടിയുള്ള പരക്കം പാച്ചിൽ ശരിയെ തെറ്റോ എന്ന് തീരുമാനിക്കാൻ കഴിയാതെ മാനസികമായി തകരുന്ന സാഹചര്യമെത്തിയപ്പോൾ ഞങ്ങൾ ഒരു സെക്സോളജിസ്റ്റിനെ കണ്ട് പരിഹാരം തേടി. കുറേ ടിപ്സുകൾ അദ്ദേഹം പറഞ്ഞു തന്നു. കൂടാതെ കുറച്ചു ദിവസങ്ങൾ ശാരീരിക ബന്ധത്തിൽ നിന്ന് അകന്നു നിൽക്കാനായിരുന്നു ഉപദേശം. അതേ സമയം ഭർത്താവ് സെക്സ് ആവശ്യപ്പെട്ടു വന്നാൽ നിരാകരിക്കരുതെന്നും ഡോക്ടർ പറഞ്ഞു.
ഈ പരിഹാരം ശരിക്കും ഫലപ്രദമായി. പുതുമയ്ക്കായുള്ള അന്വേഷണങ്ങൾ അദ്ദേഹം നിർത്തി. ഇപ്പോൾ ഓരോ ശാരീരിക ബന്ധവും ആസ്വദിക്കാൻ കഴിയുന്നു.
ശരീരം ആകെ പ്രകമ്പനം ചെയ്യിക്കുന്ന ലൈംഗിക വികാരം എല്ലാ സംഭോഗങ്ങളിലും ലഭിക്കണമെന്നില്ല. ഈ അവസ്ഥയ്ക്കു വേണ്ടി മനസ്സ് ആഗ്രഹിക്കുമ്പോൾ ശരിയായ സെക്സ് പ്രക്രിയയ്ക്ക് തടസ്സം വരാനിടയുണ്ട്. ആവർത്തന വിരസത തോന്നിയാൽ സെക്സ് കുറച്ച് ദിവസത്തേക്ക് ഒഴിവാക്കുകയാണ് യോജിച്ച പരിഹാരം (മറ്റ് ലൈംഗിക പ്രശ്നങ്ങളെന്നുമില്ലെങ്കിൽ). സെക്സോളജിസ്റ്റ് ഡോ. രൂപേഷ് നിർദ്ദേശിക്കുന്നു.
സമ്പൂർണ്ണ ആനന്ദം
ശാരീരികമായ ആനന്ദം തന്നെയാണ് സെകസിന്‍റെ അടിസ്ഥാനം. ഈ ആനന്ദം അനുഭവിപ്പിക്കൻ ശരീരത്തിനൊപ്പം മനസ്സും തയ്യാറായാലേ പൂർണ്ണസുഖം ലഭിക്കൂ.
മനസ്സിൽ വിരസത തോന്നിത്തുടങ്ങുമ്പോഴാണ് ആളുകൾ ത്രില്ലുകൾ തേടി പരക്കം പായുന്നത്. ചിലർ സ്ഥലങ്ങളും സാഹചര്യങ്ങളും ചിലപ്പോൾ വ്യക്തികൾ പോലും മാറുന്നതു പോലെ, മറ്റു ചിലർ മദ്യത്തേയും ലഹരിയേയും ഉത്തേജക മരുന്നുകളേയും ആശ്രയിക്കാറുണ്ട്. ഇതൊക്കെ താൽക്കാലിക പരിഹാരം മാത്രമാണ്. ഹൈക്ലാസ് സൊസൈറ്റികളിലെ ഭാര്യാഭർത്താക്കന്മാർ പരസ്പരം വച്ചു മാറുന്ന കഥകൾ കേട്ടിട്ടില്ലേ. ഇതിനു പിന്നിലെ മനശാസ്ത്രം പരിശോധിച്ചാൽ അതും പുതുമ തേടലിന്‍റെ ഒരു രീതി തന്നെയാണ്.
വിവാഹേതര ബന്ധങ്ങൾ കൂടുന്നതിന്‍റെ കാരണവും മറ്റൊന്നല്ല എന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. സ്നേഹത്തിനും സെക്സിനു അപ്പുറം ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മനസ്സ് ആഗ്രഹിക്കുന്ന ഉന്മാദാവസ്ഥ ലഭിക്കാതെ വരുമ്പോൾ ശരിയായ സെക്സിൽ മനസ്സിരുത്താൻ കഴിയാതെ വരാം. പങ്കാളിയെ വേണ്ടത്ര ശ്രദ്ധിക്കാനും കഴിയാതെ വരാം.
ലൈംഗികബന്ധം യാന്ത്രികവും വിരസവുമാകാതിരിക്കാൻ മേൽ പറഞ്ഞ ത്രിൽ ആവശ്യമാണെങ്കിൽ കൂടി അമിതമായാൽ അമിതമായാൽ അമൃതും വിഷം എന്ന പോലെയാവും സ്ഥിതി. ലൈംഗിക തൃഷ്ണ നമ്മുടെ ശരീരത്തിൽ അനേകം ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ പ്രധാനം ടെസ്റ്റസ്റ്ററോണും ഈസ്ട്രജനുമാണ്. ഈ രണ്ടു ഹോർമോണുകളാണ് ശരീരത്തിലെ നാഡീവ്യൂഹത്തെ പ്രകമ്പനം ചെയ്യിക്കുന്നത്. ഈ കമ്പനം മസ്തിഷ്കത്തിലെത്തുകയും ലൈംഗികാവയവങ്ങൾ ഉത്തേജിക്കപ്പെടുയും ചെയ്യുമ്പോൾ കൂടുതൽ ഹോർമോണുകൾ വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടും. ലൈംഗിക പ്രക്രിയയുടെ തുടക്കം മുതൽ ഒടുക്കം വരെ സുഖം നിലനിൽക്കാൻ സഹായിക്കുന്നത് ഈ ഹോർമോണുകളുടെ സഞ്ചാരമാണ്. എന്നാൽ സെക്സിനിടയിൽ ത്രില്ലിനു വേണ്ടി മനസ്സ് ആഗ്രഹിച്ചാൽ ലൈംഗികചിന്തകൾ അതിൽ മാത്രം കേന്ദ്രീകരിക്കപ്പെടുകയും മറ്റ് സാഹചര്യങ്ങളോട് പോരുത്തപ്പെടാൻ കഴിയാതെ വരും.
ത്രില്ലിനു വേണ്ടി അമിതമായി ശരീരം പ്രയത്നിക്കുന്നത് ചിലപ്പോൾ വേദനാജനകമായി മാറാം. ഉദ്ദേശിച്ച സുഖം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാർ, ബൈക്ക്, ട്രെയിൻ, ലിഫ്റ്റ് എന്നുവേണ്ട വിമാനത്തിലെ വാഷ്റൂമിൽ വരെ ഒരു ചെയ്ഞ്ചിനു വേണ്ടി സെക്സ് പരീക്ഷിച്ച് പുത്തൻ അനുഭവത്തിന് ശ്രമിക്കുന്നവരുണ്ട്. തികച്ചും സുരക്ഷിതമായ സ്ഥലവും സാഹചര്യവുമല്ലെങ്കിൽ പുതുമ തേടൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കാരണം ലൈംഗിക ഹോർമോണുകളുടെ സുഗമമായ ഉൽപാദനമാണ് ലൈംഗികാവയവങ്ങളുടെ ആരോഗ്യം നിലനിർത്തുന്നത്. ഹോർമോൺ ഉൽപാദനം തടസ്സപ്പെടുന്ന ലൈംഗിക പ്രക്രിയകൾ പരമാവധി ഒഴിവാക്കുക എന്നർത്ഥം.