അടിയുറച്ച സ്നേഹവും വിശ്വാസവും നിറഞ്ഞ ദാമ്പത്യ ജീവിതമാണോ നിങ്ങളുടേത്? പ്രിയതമയ്ക്കായ് ജന്മദിന സമ്മാനം പോലും വാങ്ങാൻ മറന്നു പോകുന്ന മുരുടനായ ഭർത്താവാണോ നിങ്ങൾ? വിവാഹവാർഷിക ദിനം മറന്നു പോകാറുണ്ടോ? എങ്കിൽ ആ ദിവസങ്ങളിൽ വീട്ടിൽ കലഹം ഉറപ്പായിരിക്കും.

ചില ഭർത്താക്കന്മാരുടെ സ്ഥിരം പരാതി ഭാര്യ ഒട്ടും റൊമാന്‍റിക് അല്ലെന്ന് ആയിരിക്കും. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും ഭാര്യയും ഭർത്താവും ദാമ്പത്യത്തിന്‍റെ രണ്ട് അറ്റങ്ങളിൽ കഴിയുന്നു എന്നതാണ് സദാ ഉല്ലാസം ഇഷ്ടപ്പെടുന്ന ഭർത്താക്കന്മാരുടെ ഈ പരാതിയ്ക്ക് കാരണം.

നമുക്കൊന്ന് കറങ്ങാൻ പോയാലൊ എന്ന് ഭർത്താവ് സ്നേഹത്തോടെ ചോദിക്കുമ്പോൾ ഓ വീട്ടിൽ നിറയെ പണി കിടക്കുന്നു. അതിന്‍റെയിടയിലാ കറക്കം. ഈ അരസികത്തികളെ ഭർത്താക്കന്മാർ എങ്ങനെ സഹിക്കാനാണ്.

ലവ് അറ്റ് ദി മൊമെന്‍റ് ഓരോ നിമിഷത്തേയും അറിഞ്ഞ് ആസ്വദിച്ച് ജീവിക്കുമ്പോഴാണ് ജീവിതം ഏറ്റവും സുന്ദരമാകുന്നത്. വല്ലപ്പോഴും നടത്തുന്ന ചെറിയ ചെറിയ ഔട്ടിംഗുകൾ ജീവിതത്തിന് പുത്തൻ ഉണർവ്വും ഊർജ്ജവും പകരും.

സഹകരണ മനോഭാവം

വീട്ടിലെ ജോലികളെ ചൊല്ലിയുള്ള തർക്കമാണ് ദാമ്പത്യത്തിലെ മറ്റൊരു പ്രധാന പ്രശ്നം. നിങ്ങൾക്ക് മാത്രമല്ല ഉദ്യോഗമുള്ളത്, എനിക്കും ക്ഷീണവും തളർച്ചയും ഒക്കെയുണ്ട്. വെളുപ്പിനെ തുടങ്ങുന്നതാണ് വീട്ടിലെ ജോലി, ദാ ഈ നിമിഷം വരെ ഞാൻ വെറുതെ ഇരുന്നിട്ടില്ല. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്നതായിരിക്കും വീട്ടിലെ ഈ തൊഴിൽ തർക്കം.

ഉദ്യോഗവും വീട്ടിലെ ജോലികളും ഭംഗിയായി കൊണ്ടു പോകാൻ പെടാപെടുപെടുന്ന ഭാര്യയെ മനസ്സിലാക്കുമ്പോഴാണ് ദാമ്പത്യം വിജയിക്കുന്നത്. ഭർത്താവ് തന്‍റെ അസ്വസ്ഥതകളും വിഷമതകളും മനസ്സിലാക്കുന്നില്ലല്ലോ എന്ന വേദന ചിലപ്പോൾ ഭാര്യയെ വിഷാദ രോഗി ആക്കി മാറ്റിയേക്കാം.

ആണും പെണ്ണും തമ്മിലുള്ള വെറുമൊരു കോണ്‍ട്രാക്റ്റല്ല വിവാഹബന്ധം. വീട്ടുകാരുടേയും സുഹൃത്തുകളുടേയും നിർബന്ധത്തിന് വഴങ്ങി ഒരിക്കലും വിവാഹം കഴിക്കരുത്. ഇഷ്ടമില്ലാത്ത ഭക്ഷണം നിർബന്ധത്തിന് വഴങ്ങി കഴിക്കുന്നതു പോലെ ആവും ഇതും.

പരസ്പരമുള്ള ആദരവ് കുറയുന്നതും ദമ്പതിമാർക്കിടയിൽ പ്രശ്നം ആകാറുണ്ട്. പരസ്പരം അപമാനിക്കാനും മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിൽ പങ്കാളിയെ കുറച്ചു കാട്ടാനും മത്സരിക്കുന്ന ചില ഭാര്യാഭർത്താക്കന്മാരുണ്ട്. ഒന്നോർക്കൂ, തുല്യ പങ്കാളിത്തത്തിന്‍റെ കാലമാണിത്. അതായത് 50- 50 യുടെ കാലം.

സമാനമായ പെരുമാറ്റം

ഭർത്താവിനെ പോലെ തന്നെ ഭാര്യയും ഉദ്യോഗസ്ഥ ആണെങ്കിൽ സാമ്പത്തിക കാര്യങ്ങളടക്കം സകല ഉത്തരവാദിത്തങ്ങളിലും ഭാര്യയും തുല്യ പങ്കാളി ആയിരിക്കും. വിഷേശ അവസരങ്ങളിൽ പരസ്പരം സർപ്രൈസ് സമ്മാനങ്ങൾ നൽകി പങ്കാളികൾക്ക് തങ്ങളുടെ സ്നേഹം വെളിപ്പെടുത്താം. ഓ വെറുതെ എന്തിനാ ഈ ഫോർമാലിറ്റി എന്ന ചിന്തയല്ല ഇവിടെ വേണ്ടത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള മനസ്സ് ഉണ്ടായിരിക്കണം. ഓഫീസിൽ നിന്നും തളർന്ന് അവശയായി എത്തുമ്പോൾ സ്നേഹപൂർവ്വം ഒരു കപ്പ് ചായ നൽകുന്ന ഭർത്താവിനെ ഒരു ഭാര്യയും ജീവനായി കാണാതിരിക്കില്ല.

സമാധാന പൂർണ്ണമായ ദാമ്പത്യത്തിന് വീട്ടിലെ ശാന്തമായ അന്തരീക്ഷവും പ്രധാനമാണ്. വീട്ടിലെ വൃത്തിയും ചിട്ടയും ഒക്കെ വ്യക്തിയുടെ മനസ്സിനെ പോസിറ്റീവായി സ്വാധീനിക്കും. ഇഷ്ടപ്പെട്ട കരകൗശല വസ്തുക്കൾ അഥവാ ചിത്രങ്ങൾ കൊണ്ട് ഭംഗിയായി സജ്ജീകരിച്ചിരിക്കുന്ന വൃത്തിയും വെടിപ്പുമുള്ള നിങ്ങളുടെ വീട്ടിൽ ആഹ്ലാദത്തിന്‍റെ പൂമൊട്ടുകൾ വിടരാൻ ഇനി അധിക നേരം വേണ്ടി വരില്ല. എത്ര സുന്ദരമാണ് ഈ ജീവിതം എന്ന് നിങ്ങൾ സ്വയം അറിയാതെ മന്തിച്ചു പോകും.

और कहानियां पढ़ने के लिए क्लिक करें...