മിന്നൽ മുരളിയിലെ ജോസ്മോൻ ഇപ്പോൾ പ്രേക്ഷകരുടെ ലിറ്റിൽ സൂപ്പർ ഹീറോയാണ്. സിനിമയിൽ ജോസ്മോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വസിഷ്ഠ് ഉമേഷ് എന്ന കൊച്ചു മിടുക്കൻ തന്‍റെ മിന്നുന്ന പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്. ഒരു ഹിറ്റ് സിനിമയുടെ ഭാഗമായതിന്‍റെ സൂപ്പർ ത്രില്ലിലാണ് വസിഷ്ഠ്. സിനിമയിലെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയരായ ടോവിനോ തോമസിനും ഗുരു സോമസുന്ദരത്തിനും ഒപ്പം അഭിനന്ദനം അർഹിക്കുന്നു ഈ കൊച്ചുതാരം.

നെറ്റിയിൽ വീണു കിടക്കുന്ന നീണ്ട മുടിയും കുട്ടിക്കണ്ണടയും കുസൃതിച്ചിരിയും നിറച്ചു കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ഈ കൊച്ചുമിടുക്കന്‍റെ ആദ്യ സിനിമ ലവ് ആക്ഷൻ ഡ്രാമ ആയിരുന്നു. ചിത്രത്തിൽ കുടുക്ക് പൊട്ടിയ കുപ്പായമെന്ന പാട്ടിൽ അജു വർഗീസിന്‍റെ കഥാപാത്രത്തിന്‍റെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു സിനിമ അരങ്ങേറ്റം. ലവ് ആക്ഷൻ ഡ്രാമയിലെ പ്രകടനം കണ്ടാണ് ബേസിൽ ജോസഫ് വസിഷ്ഠിന് മിന്നൽ മുരളിയിൽ അവസരം നൽകുന്നത്.

സിനിമയിൽ ടോവിനോയുടെ കഥാപാത്രമായ മിന്നൽ മുരളിയെ സൂപ്പർ പവറുള്ള ഹീറോയാക്കി മാറ്റുന്ന കഥാപാത്രമാണ് വസിഷ്ഠിന്‍റെ ജോസ്മോൻ എന്ന കഥാപാത്രം. ജോസ്മോന്‍റെ മാമനാണ് ടോവിനോയുടെ മിന്നൽ മുരളിയെന്ന കഥാപാത്രം. മാമന് കട്ട സപ്പോർട്ട് നൽകുന്നു ജോസ്മോൻ. മനോഹരമായ ഈ ബന്ധമാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയ ഒരു പ്രധാന ഘടകം.

നാടകങ്ങളിൽ സജീവം

നാടകങ്ങളിലും സജീവമാണ് ഈ കൊച്ചു മിടുക്കൻ. അതിനെ തുടർന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഇതിനിടെ ഈ കുഞ്ഞ് താരത്തിന് മറ്റൊരു ഭാഗ്യവും ലഭിക്കുകയുണ്ടായി. മിന്നൽ മുരളിയുടെ പ്രൊമോഷന്‍റെ ഭാഗമായി എത്തിയ ക്രിക്കറ്റർ യുവരാജ് സിംഗിനെ നേരിൽ കാണാൻ കഴിഞ്ഞതാണ് ആ ഭാഗ്യം. സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന അടിക്കുറിപ്പോടെ യുവി വസിഷ്ഠിനൊപ്പമുള്ള ചിത്രം ഇൻസ്റ്റയിൽ പങ്കുവച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

ഷൊർണ്ണൂർ എയുപി സ്ക്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കൻ. പഠനത്തിലും വളരെ സമർത്ഥൻ. വായനയാണ് ഈ കൊച്ചു താരത്തിന്‍റെ പ്രധാന ഹോബി. ഒപ്പം കവിത ചൊല്ലാനും ഏറെ ഇഷ്ടമാണ്. സ്ക്കൂൾ അധ്യാപകനായ ഉമേഷും ജ്യോതിയുമാണ് വസിഷ്ഠിന്‍റെ മാതാപിതാക്കൾ.

और कहानियां पढ़ने के लिए क्लिक करें...