എല്ലാവരും അമ്പരന്നു നിൽക്കുകയാണ്. അവൻ അമ്മയോട് ഇങ്ങനെ തട്ടിക്കയറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. “ഡോക്‌ടർ ചെറിയാൻ ഇവിടെ വരുന്നത് എനിക്ക് ഇഷ്‌ടമല്ല. എന്തിനാ അയാളെ വീട്ടിലേയ്‌ക്ക് ക്ഷണിക്കുന്നത്?” ലിജു ജോൺ പൊട്ടിത്തെറിച്ചു.
“മോനേ, അദ്ദേഹം നിന്നോട് വളരെ സ്‌നേഹത്തോടെയാണല്ലോ പെരുമാറുന്നേ… പിന്നെ എന്തിനാ നീ ഡോക്‌ടറെ ഇങ്ങനെ വെറുക്കുന്നേ?” നിഷാ തന്‍റെ മകനോട് ഇടറിയ സ്വരത്തിൽ പറഞ്ഞു.
“ഡോക്‌ടറുടെ സ്‌നേഹം വെറും പ്രകടനം മാത്രമാണ്. അതുകൊണ്ടു തന്നെ അയാള് കാണിക്കുന്ന ആത്മാർത്ഥത എനിക്കിഷ്‌ടമല്ല.” ലിജുവിന് കലിയടങ്ങിയിരുന്നില്ല.
“നിന്‍റെ ചിന്ത ശരിയല്ല, ഞാനും ലിസി വല്യമ്മച്ചിയും അങ്ങനെ വിശ്വസിക്കുന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. നീ കുറേ കൂടി പക്വത കാണിക്കണം. വീട്ടിൽ വരുന്നവരെ ബഹുമാനിക്കാൻ പഠിക്കണം.” അവർക്ക് മകനോട് തർക്കിക്കേണ്ടി വന്നതിൽ വിഷമമുണ്ടായിരുന്നു. പക്ഷേ ഡോക്‌ടറോടുള്ള സ്‌നേഹവും ബഹുമാനവും കാരണം അവർക്ക് പ്രതികരിക്കാതിരിക്കാനായില്ല.
“വീട്ടിൽ വരുന്നവരെ ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല. പക്ഷേ ഡോക്‌ടറുടെ കാര്യം വേറെയാണ്. എനിക്ക് അയാളെ ഇഷ്‌ടമല്ല.”
“അദ്ദേഹത്തോട് എന്താണ് നിനക്കിത്ര ദേഷ്യം? അദ്ദേഹം എന്ത് ചെയ്‌തൂന്നാ?” നിഷ വികാരാധീനയായി.
“എന്‍റെ പപ്പയുടെ സ്‌നേഹം കൈക്കലാക്കുക എന്നതാണ് അയാളുടെ മനസ്സിലിരുപ്പ്. അത് എനിക്ക് സഹിക്കാനൊക്കില്ല. അംഗീകരിക്കാനും” അവന്‍റെ മുഖം ചുവന്നു.
“മമ്മി എന്‍റെ സുഖവും സന്തോഷവുമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈ ബന്ധത്തിൽ നിന്നും പിന്മാറണം. ഇനി ഡോക്‌ടറെ കൂടിയേ തീരൂ എന്നാണെങ്കിൽ ഈ മകനെയങ്ങു മറന്നോ… എന്‍റെ പപ്പയുടെ സ്‌ഥാനത്ത് എനിക്ക് അയാളെ സങ്കൽപിക്കാനാവില്ല.” ഒരു വെടിക്കെട്ടപകടം നടന്ന അന്തരീക്ഷം പോലെ നിശ്ശബ്‌ദമായിപ്പോയി ആ വീട്.
അവരുടെ കണ്ണു നിറഞ്ഞു. ലിജു മമ്മിയെ അവഗണിച്ചുകൊണ്ട് പുറത്തേയ്‌ക്ക് ഇറങ്ങിപ്പോയി. ബൈക്കിന്‍റെ ശബ്‌ദം നേർത്തു നേർത്ത് അകന്നു പോയി.
ബന്ധങ്ങൾ എത്ര വേഗമാണ് അകന്നു പോകുന്നത്. ലിജു വീട്ടിൽ നിന്നിറങ്ങി പോകുന്നതു കണ്ട് അവന്‍റെ വല്യമ്മച്ചി നിഷയെ ആശ്വസിപ്പിച്ചു. നിഷയ്‌ക്ക് ഒരു നല്ല ജീവിതം ഉണ്ടാവട്ടെയെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവരാണ്. ലിജുവിന്‍റെ പെരുമാറ്റം അവരെയും വിഷമിപ്പിച്ചിരുന്നു.
നിഷ ചേച്ചി ലിസിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. രക്‌തബന്ധവും സ്‌നേഹബന്ധവും നൽകുന്ന വേദന അവരുടെ ജീവിതത്തെ വല്ലാതെ തളർത്തിയിരുന്നു. ഒന്നും തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്‌ഥ. ഞാൻ ഇത്രയും കാലം ജീവിച്ചത് അവന്‍റെ സന്തോഷത്തിനായിരുന്നില്ലേ. “അവന്‍റെ വളർച്ച കാണാനായിരുന്നില്ലേ… എന്നിട്ടും കേട്ടില്ലേ ചേച്ചി അവനെന്നെ തള്ളിപ്പറഞ്ഞത്..” അവർ കുട്ടികളെപ്പോലെ ഓരോന്നും പറഞ്ഞ് തേങ്ങിക്കൊണ്ടിരുന്നു.
ഈ ചെറുക്കനെ എനിക്ക് പിടി കിട്ടുന്നില്ല. അവനിതെന്തിനാ കുടുംബത്തിലെ സമാധാനം കളയുന്ന രീതിയിൽ പെരുമാറുന്നതെന്ന് മനസ്സിലാവുന്നില്ല. എന്താണവന് ഡോക്‌ടറോടിത്ര ദേഷ്യം? ലിസി വിചാരിച്ചു.
“മറ്റെന്നാൾ ഡോക്‌ടറെ ഡിന്നറിന്നു ക്ഷണിച്ചിട്ടുണ്ട്. ലിജു അന്നേരം രംഗം വഷളാക്കിയാൽ പിന്നെ എന്‍റെ വാക്കിനെന്താണൊരു വില? അദ്ദേഹം അപമാനിതനായാൽ പിന്നെ ഞാനുണ്ടാവില്ല.” നിഷയുടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പുറത്തു വന്നു. ചേച്ചി അതിന് മറുപടിയൊന്നും പറയാതെ അവളെ തലോടുക മാത്രം ചെയ്‌തു.
ഡോക്‌ടർക്ക് നിഷയെ പരിചയപ്പെടുത്തിക്കൊടുത്തതും ലിസിയായിരുന്നു. ഭർത്താവിന്‍റെ മരണശേഷമുള്ള നിഷയുടെ ഒറ്റപ്പെടൽ ഒന്നു മാറട്ടെ എന്നു കരുതിത്തന്നെയാണ് ലിസി അവരെ തമ്മിലടുപ്പിച്ചത്. ഡോക്‌ടർക്കും നിഷയെ സ്വന്തമാക്കണമെന്ന് ആദ്യം കണ്ടപ്പോൾത്തന്നെ തോന്നി. അയാൾ ആ കാര്യം ലിസിയോട് പറയുകയും ചെയ്‌തു. കണ്ടുമുട്ടേണ്ടവർ കണ്ടുമുട്ടുമ്പോഴല്ലെ ഒരു ജീവിതം മണക്കുക. ലിസി അത്തരമൊരു പ്രകൃതി നിയമത്തിന് നിമിത്തമായി എന്നു മാത്രം. പക്ഷേ ലിജു ജോൺ… മമ്മി മറ്റൊരാളുടേതാവുന്നത് അവന് സങ്കൽപിക്കാൻ പോലുമാവില്ല.
ലിജു മോന് 12 വയസ്സുള്ളപ്പോഴാണ് അവന്‍റെ പപ്പ മരണപ്പെട്ടത്. ഒരു റോഡപകടം.. ഒരു കുടുംബത്തിന്‍റെ സ്വപ്‌നങ്ങൾ കാറ്റിൽപ്പറത്തിയ ആ കറുത്ത വൈകുന്നേരത്തിനു ശേഷം ജീവിതം പിന്നെയും മുന്നോട്ടുപോയി. നിഷയ്‌ക്ക് സർക്കാർ ജോലിയുണ്ടായിരുന്നു. നല്ല പോസ്‌റ്റ്. ജീവിതത്തിൽ വലിയ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ നിഷ ഭർത്താവിന്‍റെ ഓർമ്മകളിൽ ജീവിച്ചു. മകനു വേണ്ടി.. അവന് നല്ല വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും നൽകാനായി നിഷ തന്‍റെ ജീവിതസുഖങ്ങൾ മാറ്റിവച്ചു.
ലിജു കോളേജിൽ പോയിത്തുടങ്ങി. ഇപ്പോൾ അവന് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. വീട്ടിൽ വൈകിയെത്തുന്നു. മമ്മിയോട് മിണ്ടാൻ പോലും അവന് സമയമില്ല. മമ്മിയുടെ ഒറ്റപ്പെടൽ അവൻ അറിയുന്നില്ല.
ഡോക്‌ടർ ചെറിയാന്‍റെ ഭാര്യ മൂന്നു വർഷങ്ങൾക്കുമുമ്പാണ് മരണപ്പെട്ടത്. ക്യാൻസറായിരുന്നു, ഡോക്‌ടറുടെ രണ്ടു പെൺമക്കളും ഹോസ്‌റ്റലിൽ നിന്നാണ് പഠിക്കുന്നത്. ഡോക്‌ടർ ഇടയ്‌ക്കിടയ്‌ക്ക് അവരെ കാണാൻ പോകാറുണ്ട്. നിഷയെപ്പോലെ തന്നെ മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യനായിരുന്നു ഡോ. ചെറിയാനും.
നിഷ ഡോക്‌ടർക്ക് ഫോൺ ചെയ്യാറുണ്ട്. അവർ പുറത്തുവച്ച് കണ്ടുമുട്ടാറുണ്ട്. പ്രണയം പങ്കിടുന്ന നിമിഷങ്ങൾ… അവരുടെ ജീവിതത്തിന്‍റെ ശ്യൂനതയിലേക്ക് സ്‌നേഹം ഒഴുകി വന്നപ്പോൾ രണ്ടുപേർക്കും അത് നിരസിക്കാനായില്ല. ആദ്യമൊക്കെ ലിജുവിന് ഡോ. ചെറിയാനെ ഇഷ്‌ടമായിരുന്നു. അവൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഡോക്‌ടർ ചെറിയാൻ മമ്മിയെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച വിവരം അവനറിഞ്ഞത് രണ്ടുമാസം മുമ്പാണ്. അവന്‍റെ മനസ്സിൽ ഉണ്ടായിരുന്ന ഡോക്‌ടറുടെ വിഗ്രഹം അന്ന് ഉടഞ്ഞു. അവന് അവരുടെ സ്‌നേഹം അംഗീകരിക്കാനായില്ല. വെറുപ്പ്.. പിന്നെ പക… ഇനിയൊരിക്കലും ഡോക്‌ടറെ കാണരുതെന്ന് അവൻ മമ്മിയെ വിലക്കി. ആ ബന്ധം ശരിയാവില്ലെന്ന് അവൻ കൂടെക്കൂടെ ഒച്ചവച്ചു.
അവനെ പറഞ്ഞു മനസ്സിലാക്കാൻ ലിസി വല്യമ്മച്ചി കിണഞ്ഞു ശ്രമിച്ചു. പക്ഷേ, എന്തു ഫലം! അവന്‍റെ മാനസികാവസ്‌ഥ മറ്റൊന്നായിരുന്നു. മമ്മിയുടെ സ്‌നേഹം മറ്റൊരാൾ ഷെയർ ചെയ്യുന്നത് സഹിക്കാനാവുമായിരുന്നില്ല അവന്. വീട്ടിൽ ഇതേച്ചൊല്ലി കലഹം പതിവായി, സ്‌നേഹബന്ധങ്ങൾ പൊട്ടിച്ചിതറാൻ സ്‌നേഹം തന്നെ കാരണമാകുന്നത് എത്ര വിചിത്രമാണ്!
ലിജു നേരാംവണ്ണം ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല. നിഷയെ ഇതെല്ലാം ഏറെ വേദനിപ്പിച്ചിരുന്നു. അവന്‍റെ ആരോഗ്യം ദിവസം ചെല്ലുന്തോറും മോശമായി. ഡ്രസ്സിംഗിൽ പോലും ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു.
മകന്‍റെ ഭാവി.. നിഷയ്‌ക്ക് അതാണ് ആധി. മമ്മിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ ലിജു ജീവിതത്തിൽ ഇന്നേവരെ കടന്നുപോയിട്ടില്ലാത്ത ഒരു മാനസികാവസ്‌ഥയിലായിരുന്നു. ആ അവസ്‌ഥയിൽ പുറത്ത് നടക്കുന്നതൊന്നും അവനറിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഹൃദയഹാരിയായ ഒരു വിളി അവനെ പിടിച്ചു നിർത്തുകതന്നെ ചെയ്‌തു. തന്നെ ലിജൂ എന്ന് മധുരമായി നീട്ടി വിളിച്ചത് ആരാണ്? അവൻ തിരിഞ്ഞു നോക്കി.
സുന്ദരിയായ ശിൽപാ കല്ലുങ്കൽ! സഹപാഠി. ലിജുവിന്‍റെ ഫ്‌ളാറ്റിന്‍റെ എതിർവശമുള്ള റോഡ് ക്രോസ് ചെയ്‌താൽ കാണുന്ന ഫ്‌ളാറ്റിലാണ് താമസം. ഇങ്ങോട്ട് മാറിയത് അടുത്ത ദിവസങ്ങളിലാണ്. പാഠ പുസ്‌തകത്തിന്‍റെ സംശയങ്ങൾ അവൾ പലപ്പോഴും ലിജുവിനോടാണ് ചോദിക്കാറുള്ളത്. ഇനി അതിനു കൂടുതൽ സൗകര്യമായി. രണ്ടാളും അടുത്തടുത്താണല്ലോ താമസിക്കുന്നത്. അവൾ വായാടിയാണ്. ഓരോന്ന് ലിജുവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു. അവന് ഒന്നും പറയേണ്ടി വന്നില്ല. അതിനുള്ള മൂഡും ഉണ്ടായിരുന്നില്ല. എങ്കിലും ഐസ്‌ക്രീം കഴിച്ചാണ് അന്ന് ഇരുവരും പിരിഞ്ഞത്. ഒരു ദിവസം ശിൽപ പറഞ്ഞു. “എനിക്ക് രസതന്ത്രത്തിൽ ചില സംശയങ്ങളുണ്ട്. അതൊന്ന് തീർത്തു തരണം.”
“ഇന്ന് പറ്റില്ല, നാളെ വരാം. അടുത്ത ദിവസം ലിജു ശിൽപയുടെ ഫ്‌ളാറ്റിലെത്തി. ഇതായിരുന്നു തുടക്കം. ലിജു അവളുടെ ഫ്‌ളാറ്റിൽ പോകുന്നത് പതിവാക്കി. അവന്‍റെ മനസ്സിൽ ശിൽപയുടെ സാന്നിധ്യം കുളിരു നിറച്ചു. വീട്ടിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്നുള്ള ആശ്വാസമായി അവൻ ശിൽപയുടെ സാന്നിധ്യത്തെ കാണാൻ തുടങ്ങി.
ശിൽപയുടെ അച്‌ഛനും അമ്മയും സർക്കാർ ജോലിക്കാരായിരുന്നു. ഉച്ചയ്‌ക്ക് ശിൽപയുടെ അനുജൻ വീട്ടിലുണ്ടാവും. അവൻ എപ്പോഴും കമ്പ്യൂട്ടറിന്‍റെ മുന്നിലാണ്. പഠനവും കളിയുമായി അവൻ ആർക്കും ശല്യമില്ലാതെ കഴിഞ്ഞു കൂടും. ആ മുറിയിൽ ഇരുന്നു തന്നെയാണ് ലിജു ശിൽപയ്‌ക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കാറ്. ഒരു ദിവസം ലിജുവിന്‍റെ ഉറക്കെയുള്ള പഠിപ്പിക്കലിൽ ദേഷ്യപ്പെട്ട് ശിൽപയുടെ അനിയൻ മുറിവിട്ടുപോയി.
ഇപ്പോൾ അവർ മാത്രമായി. രണ്ടു ഹൃദയങ്ങൾ കാതോർത്തിരിക്കുമ്പോഴാണല്ലോ ദൈവം പണി പറ്റിക്കുക. അതുതന്നെ സംഭവിച്ചു. ഇരുവർക്കും ഒരു നിമിഷം പോലും കാണാതിരിക്കാനാകുന്നില്ല. എപ്പോഴും സംസാരിച്ചിരിക്കാൻ തോന്നുന്ന അവസ്‌ഥ. പഠനത്തിന്‍റെ ഏകാഗ്രത കുറഞ്ഞു. ഹൃദയം പ്രണയഭരിതമായി. ഒരു മുറിയിൽ ഇരു ഹൃദയങ്ങൾ സ്വപ്‌നങ്ങൾ നെയ്‌തു.
“ശിൽപാ, ഇനി ഒരു പത്തു മിനിട്ട് ബ്രേക്ക്. എന്തോ ഒരു മൂഡ് കിട്ടുന്നില്ല പറഞ്ഞു തരാൻ.” അവൻ പുസ്‌തകം മടക്കി വച്ചു.
“അതിനെന്താ ഞാൻ ഒരു ചായ ഇട്ടു തരാം. അപ്പോഴേക്കും ഒന്നു റിലാക്‌സ് ചെയ്യ്.” ശിൽപ അടുക്കളയിലേക്ക് നടന്നു പോകുന്നത് ലിജു നോക്കി നിന്നു.
എന്തൊരു ഭംഗിയാണവളുടെ നടത്തത്തിന്! അവൻ മിഴിയെടുക്കാതെ അവളുടെ അഴകളവ് നോക്കി നിന്നു. അടുക്കളയിൽ പാത്രങ്ങൾ കലപില കൂട്ടുന്ന ശബ്‌ദം. ലിജു അടുക്കളയിലേയ്‌ക്ക് നടന്നു. അവളുടെ കാൽപാദം തൊട്ട അതേ പ്രതലത്തിൽ കാൽവച്ച് ലിജു അവളുടെ അടുത്തെത്തി.
“ചായ ആയോ?”
അവൾ പഞ്ചസാര ഇട്ടശേഷം ഒരു കപ്പ് ചായ ലിജുവിന് നീട്ടി. “ഇനി മധുരം വേണോ?”
“ചായയിൽ വേണ്ട.” ലിജു ഒരു കാമുകനായി. അവൾ ഒരു നുള്ളു പഞ്ചസാരയെടുത്ത് അവന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു.
“നിനക്ക് എന്നെ ഇഷ്‌ടമാണോ?” ലിജു ചോദിച്ചു.
“എനിക്ക് ഇയാളുടെ സ്‌നേഹം ഇഷ്‌ടമാണ്. പക്ഷേ, കോപം ഇഷ്‌ടമല്ല.”
ഇരുവരും ചിരിച്ചു. അന്ന് അവരുടെ ചായ സൽക്കാരം അവസാനിച്ചത് ഒരു ദീർഘ ചുംബനത്തിലാണ്.
ജീവിതത്തിലെ ആദ്യ ചുംബനത്തിന്‍റെ ബലത്തിൽ അവർ വേർപിരിയാൻ കഴിയാത്ത വിധം പ്രണയത്തിലായി. സുന്ദരിയായ ശിൽപയുടെ സ്‌നേഹം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ലിജു വളരെ തരളിതനായിരുന്നു. രണ്ടു ദിവസത്തിനു ശേഷം അതിഥിയായി വീട്ടിലെത്തിയ ഡോക്‌ടറോട് ലിജു ദേഷ്യമൊന്നും പ്രകടിപ്പിച്ചില്ല. അന്നു വൈകുന്നേരം വീട്ടിലെത്തിയതു മുതൽ അവൻ വിമുഖനായിരുന്നു. മുറിയടച്ച് ഒരേ ഇരുപ്പ്.
മമ്മിയോടും വല്യമ്മച്ചിയോടും വഴക്കിനൊന്നും അവൻ മുതിർന്നില്ല. ഡോക്‌ടർ വീട്ടിൽ വന്നതറിഞ്ഞിട്ടും അവൻ അടുത്തേയ്‌ക്കു വന്നില്ല. മുറിയിൽ തന്നെ എന്തൊക്കെയോ ആലോചിച്ചു കിടന്നു. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചത് ഡോക്‌ടർക്കൊപ്പമായിരുന്നു. പക്ഷേ, ലിജു മാത്രം ഭക്ഷണം കഴിക്കാൻ വന്നില്ല. മകന് നല്ല സുഖമില്ലെന്നു പറഞ്ഞ് നിഷ ഒഴിഞ്ഞു മാറി. ഡോക്‌ടർക്ക് അവനെ കാണണമെന്നുണ്ടായിരുന്നുവെങ്കിലും നിഷ വിലക്കി.
“ലിജുവിന് എന്നെ ഇഷ്‌ടമല്ലെന്ന് എനിക്കറിയാം. ഞാൻ ഇവിടെ വരുന്നതും നിഷയെ കാണുന്നതും അവന് വെറുപ്പാണ്. ഇപ്പോൾ എന്നെ ഒഴിവാക്കാൻ അവൻ മുറിയിൽ അടച്ചിരിപ്പാണ്. പക്ഷേ, നാളെ നമ്മുടെ കല്യാണം കഴിഞ്ഞാൽ അവൻ എന്തു ചെയ്യും?” ഡോക്‌ടർ തന്‍റെ ആശങ്ക പ്രകടിപ്പിച്ചു.
“നിങ്ങൾ കല്യാണ തീയതി ഉറപ്പിച്ചോളൂ. തുടക്കത്തിൽ അവൻ എന്‍റെയൊപ്പം നിന്നോട്ടെ. പിന്നെ സാവധാനം ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.” ചേച്ചി ഇങ്ങനെ പറഞ്ഞെങ്കിലും നിഷയുടെ ആധി കൂടിയതേയുള്ളൂ.
“ഞാനവന്‍റെ ഭാവിയെക്കുറിച്ച് ബോധവാനാണ്. പക്ഷേ അവൻ എന്നെ മനസ്സിലാക്കുന്നില്ല. ഇനി.. അവനെ ഹോസ്‌റ്റലിൽ ചേർത്താൽ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാകുമോ നിഷാ?” ഡോക്‌ടർ അഭിപ്രായം ആരാഞ്ഞു.
“വേണ്ട, ഈ അവസ്‌ഥയിൽ അവനെ ഹോസ്‌റ്റലിലാക്കണ്ട. അവനാകെ തകർന്നു പോകും. ഞാൻ വിവാഹം കഴിക്കുന്നതാണ് അവന്‍റെ പ്രശ്നം. വീടു വിട്ടു താമസിക്കേണ്ടി വരുകയും ചെയ്‌താൽ അവന്‍റെ ഭാവി തന്നെ അപകടത്തിലാവും.” നിഷയുടെ കണ്ണുകൾ നിറഞ്ഞു.
“ഇനി എന്താ ചെയ്യുക?” ഡോക്‌ടർക്കും ഒരുത്തരം കണ്ടെത്താനായില്ല.
ഡിന്നറിനു ശേഷം ഡോക്‌ടർ ഇറങ്ങി. നിഷയും ചേച്ചിയും ആശങ്കയിലായിരുന്നു. ഈ കുട്ടിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും? പ്രായത്തിന്‍റെ വാശിയെ സ്‌നേഹ ബുദ്ധികൊണ്ട് ഉപദേശിച്ചാൽ മാറ്റിയെടുക്കാനാവില്ലല്ലോ എന്ന് വല്യമ്മച്ചി സങ്കടപ്പെട്ടു. വീട്ടിലേയ്‌ക്ക് ഡ്രൈവ് ചെയ്‌തു പോകുമ്പോൾ ഡോക്‌ടറുടെ മനസ്സും ആകെ കലുഷമായിരുന്നു.
ശിൽപയോടെപ്പം സമയം ചെലവിടുമ്പോൾ ലിജു വളരെ സന്തുഷ്‌ടനായിരുന്നു. സ്വന്തം വീട്ടിലിരിക്കുമ്പോഴാണ് അവന് സ്വയം വെറുപ്പ് തോന്നുക. അവൾ അടുത്തുണ്ടാവുമ്പോൾ അവൻ തന്‍റെ ജീവിതത്തെ ഏറെ സ്‌നേഹിക്കുന്നു. മമ്മി തന്നെക്കുറിച്ച് ചിന്തിക്കുന്നേയില്ലല്ലോ. ഡോക്‌ടറുമായുള്ള ബന്ധം മമ്മിയുടെ സ്വാർത്ഥതയിൽ നിന്നുണ്ടായതാണെന്ന് അവൻ വിശ്വസിച്ചു. തന്‍റെ പപ്പയോടുള്ള വിശ്വാസ വഞ്ചനയാണ് മമ്മി കാണിക്കു ന്നതെന്ന തോന്നലായിരുന്നു ലിജുവിന്.
ഡോക്‌ടർ ജീവിതത്തിലേയ്‌ക്ക് വന്നാൽ തന്‍റെ ഒറ്റപ്പെടൽ മാറുമെന്ന ചിന്തയായിരുന്നു നിഷയുടേത്. പക്ഷേ, മകനെ പിണക്കിക്കൊണ്ട് അവർക്കതിന് സാധിക്കുമായിരുന്നില്ല, തന്‍റെ ഭാവിയേക്കാൾ വലുത് മകന്‍റെ ഭാവിയാണെന്ന് അവർ വിശ്വസിച്ചു. മകനെ സങ്കടപ്പെടുത്തിയിട്ടുള്ള യാതൊരു സന്തോഷവും തനിക്കു വേണ്ടെന്ന് നിഷ തീരുമാനിച്ചു. ഡോക്‌ടറുടെ ഹൃദയത്തിൽ നിന്ന് ഞാൻ അകലുകയാണെന്ന് നിഷയ്‌ക്കു തോന്നി.
ഒരു ദിവസം നിഷയുടെ കൂട്ടുകാരി അഖില ഫ്‌ളാറ്റിൽ വന്നു. എന്തോ ഗൗരവമായ കാര്യം പറയാനാണ് അവർ വന്നത്. ചായ കുടിച്ചതിനു ശേഷം മടിച്ച് മടിച്ച് പറഞ്ഞു തുടങ്ങി.
“നിഷേ, ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമം തോന്നരുത്. എന്‍റെ ഫ്‌ളാറ്റിനടുത്തു താമസിക്കുന്ന ശിൽപയുമായി നിന്‍റെ മോൻ അടുപ്പത്തിലാണ്, അവൻ എപ്പോഴും അവളുടെ ഫ്‌ളാറ്റിൽ വരാറുണ്ട്. ആദ്യം എനിക്കും സംശയമൊന്നും തോന്നിയിരുന്നില്ല. പക്ഷേ, ഞാനിപ്പോൾ ഇതു നിന്നോട് പറഞ്ഞില്ലെങ്കിൽ പിന്നെ കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം?” അവർ സ്വയം പറഞ്ഞു.
തന്‍റെ മകനിതെന്തുപറ്റിയെന്ന് നിഷ സങ്കടപ്പെട്ടു. എന്തു നല്ല സ്വഭാവമായിരുന്നു അവന്. എന്നോടുള്ള വാശി തീർക്കാനാണോ അവനി കുഴപ്പങ്ങളിൽ ചെന്നു ചാടുന്നത്. എന്നോട് എന്തിനാണിങ്ങനെ പ്രതിഷേധിക്കുന്നത്. ഞാൻ അവന്‍റെ മമ്മിയല്ലേ… അന്നും ലിജു വളരെ വൈകിയാണ് വീട്ടിൽ വന്നത്. നിഷ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മമ്മി വീട്ടിൽ ഒറ്റയ്‌ക്കാണെന്ന ചിന്തയൊന്നും ലിജുവിനുണ്ടായിരുന്നില്ല. അവൻ നിഷേധിയുടെ സ്വഭാവം കാട്ടിത്തുടങ്ങിയിരുന്നു.
ലിജു കോളേജ് വിട്ടാൽ നേരെ പോകുന്നത് ശിൽപയുടെ ഫ്‌ളാറ്റിലേക്കാണ്. പക്ഷേ അവന്‍റെ മമ്മി വിചാരിച്ചത് അവൻ വീട്ടിലേക്ക് വരുന്നത് കോളേജിൽ നിന്നാണെന്നായിരുന്നു. ഈ കാര്യം പറഞ്ഞ് നിഷ അഖിലയുമായി തർക്കിക്കുക വരെ ചെയ്‌തു.
“അവൻ ക്ലാസ്സ് കട്ടു ചെയ്‌തും ശിൽപയുടെ ഫ്‌ളാറ്റിൽ എത്താറുണ്ട്. നിനക്ക് വിശ്വാസമായില്ലെങ്കിൽ നാളെ എന്‍റെ വീട്ടിൽ വന്നാൽ മതി. കാര്യങ്ങൾ നേരിട്ട് ബോധ്യമാകുമല്ലോ?” അഖില പറഞ്ഞു.
നിഷ അന്നു രാത്രി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു. ഞെട്ടലോടെയാണ് ലിജുവിന്‍റെ വല്യമ്മച്ചി ഇതു കേട്ടത്. ഈ പയ്യനിതെന്തുപറ്റി? എല്ലാവരുടേയും സ്വപ്‌നമായിരുന്നു അവന്‍റെ നല്ല ജീവിതം. അത് സ്വയം ഇല്ലാതാക്കുന്നു!
അടുത്ത ദിവസം രാവിലെ തന്നെ വല്യമ്മച്ചി വീട്ടിലെത്തി. അഖില പറഞ്ഞ കാര്യങ്ങളെല്ലാം നിഷ ചേച്ചിയോട് വിശദമായി പറഞ്ഞു.
“നീ പ്രശ്നമാക്കണ്ട, എല്ലാം നമുക്ക് പരിഹരിക്കാം.” അവർ നിഷയെ ആശ്വസിപ്പിച്ചു.
“അഖില പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ. എന്തായാലും അവൻ പോകുന്നതും വരുന്നതും ഞാൻ നിരീക്ഷിച്ചോളാം. ഇപ്പോൾ അവനോട് ഒന്നും ചോദിക്കണ്ട.” ചേച്ചി നിഷയെ ഉപദേശിച്ചു.
അടുത്ത ദിവസങ്ങളിൽ ലിജു ക്ലാസ്സ് കട്ട് ചെയ്‌ത് ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് വല്യമ്മച്ചി കാണുന്നുണ്ടായിരുന്നു. ലിജു പതിവു പോലെ ക്ലാസ് വിട്ടെത്തുന്ന സമയത്തുതന്നെ വീട്ടിലെത്തി. നിഷ അവന്‍റെ വരവും കാത്തിരിക്കുകയായിരുന്നു.
“നിന്‍റെ പഠിത്തമൊക്കെ എങ്ങനെ നടക്കുന്നു ലിജു?” വല്യമ്മച്ചി ഔപചാരികമായി സംസാരിക്കുന്നതു കേട്ട് അവന് ആശ്ചര്യമായി.
“നന്നായി നടക്കുന്നു വല്യമ്മച്ചി.”
“നീയേതായാലും ശരിക്കും ക്ഷീണിച്ചിട്ടുണ്ട്. പഠന ഭാരം കൂടിയതുകൊണ്ടായിരിക്കും” വല്യമ്മച്ചി പറഞ്ഞു.
“ശരിയാണ് വല്യമ്മച്ചി. ഇന്ന് എല്ലാ അവറും ക്ലാസ്സുണ്ടായിരുന്നു.”
“ഇന്ന് എത്ര നേരം ക്ലാസ്സുണ്ടായിരുന്നു?”
“നാലുമണിയ്‌ക്കാണ് ലാസ്‌റ്റ് ക്ലാസ്സ് കഴിഞ്ഞത്” ലിജു കള്ളം പറഞ്ഞു.
ഇതുകേട്ടപ്പോൾ നിഷ പൊട്ടിത്തെറിച്ചു. “നാണമില്ലേടാ നിനക്കിങ്ങനെ കള്ളം പറയാൻ. നീ ശിൽപയുടെ ഫ്‌ളാറ്റിൽ പോകുന്നത് ഞങ്ങൾ കണ്ടതാണ്. നീ ഇടയ്‌ക്കിടയ്‌ക്ക് അവിടെ പോകുന്നത് ഒളിച്ചു വയ്‌ക്കുന്നതെന്തിനാ?”
ലിജു ഉത്തരമൊന്നും പറയാതെ കലി തുള്ളി.
“കാര്യങ്ങൾ അറിഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ പറയാം.” ലിജുവിന്‍റെ ശബ്‌ദം ഉച്ചത്തിലായി. “ഞാൻ ശിൽപയെ പഠിപ്പിക്കാനാണ് അവിടെ പോകുന്നത്. അത് പറയാതിരുന്നത് നിങ്ങൾ അതിന് തടസ്സം നിൽക്കുമെന്നുള്ളതുകൊണ്ടാണ്. നിങ്ങളുടെ ഇടുങ്ങിയ മനസ്സ് എനിക്കറിയാം.” അവൻ ഒരു അന്യയോടെന്നപോലെ മമ്മിയോട് കയർത്തു.
“അവിടെ ആരുമില്ലാത്തപ്പോൾ നീ അവളുടെ വീട്ടിൽ പോകുന്നത് ഞാൻ സമ്മതിക്കില്ല. ഇപ്പോൾ തന്നെ നാട്ടിൽ എല്ലാം പാട്ടായല്ലോ.”
“നിങ്ങൾ രണ്ടാളും വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ. അവൾ എന്‍റെ നല്ല സുഹൃത്താണ്. അവളുടെ പഠന സംബന്ധമായ സംശയങ്ങൾ പറഞ്ഞു കൊടുക്കാൻ ഞാനവിടെ പോകുന്നത് സത്യമാണ്. നാട്ടുകാരുടെ വായ അടപ്പിക്കാൻ എനിക്കാവില്ല.” അവൻ സൗമ്യനായി.
“അവളുടെ വലയിൽപ്പെട്ട് നിന്‍റെ പഠനം ഉഴപ്പുകയേയൂള്ളൂ.”
“എന്‍റെ പഠനം ഉഴപ്പുകയൊന്നുമില്ല മമ്മി” ലിജു ശാന്തനായി മമ്മിയെ നോക്കി.
“നീയിനി അവളെ കാണരുത്” മമ്മി ശാസിച്ചു.
“എങ്കിൽ ഇനി ഞാൻ ആരേയും കാണുന്നില്ല” അവൻ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.
“എന്‍റെ ജീവിതം എന്താകണമെന്ന് ഞാൻ തീരുമാനിച്ചോളാം” അവൻ ദേഷ്യത്തോടെ അകത്തു കയറി വാതിലടച്ചു.
വല്യമ്മച്ചി എത്ര വിളിച്ചിട്ടും അവൻ വാതിൽ തുറന്നില്ല. അപമാനിതയായതുപോലെ നിഷ സോഫയിൽ ഇരുന്നു.
“നീ ഇങ്ങനെ കരഞ്ഞിരിക്കാതെ ഞാൻ ലിജുവുമായി സംസാരിക്കട്ടെ” അവർ നിഷയോടു പറഞ്ഞു.
വല്യമ്മച്ചി ലിജുവിനെ അനുനയിപ്പിച്ച് സംസാരിച്ചു തുടങ്ങി. “മോനേ, ഞാൻ നിന്നെ ഉപദേശിക്കുകയാണെന്ന് വിചാരിക്കരുത്. നിന്‍റെ നല്ല ഭാവിക്കുവേണ്ടിയാണ് മമ്മി കഷ്‌ടപ്പെടുന്നതു മുഴുവൻ. അത് മോൻ മനസ്സിലാക്കണം. അല്ലാതെ ദേഷ്യമുണ്ടായിട്ടല്ല. മമ്മിക്ക് മോനല്ലാതെ ആരാണുള്ളത്?”
“വല്യമ്മച്ചി, പെൺകുട്ടികളുമായി സൗഹൃദത്തിലാവുന്നത് തെറ്റൊന്നുമല്ല. മമ്മി വെറുതെ ഓരോന്ന് സങ്കൽപിച്ച് സംഗതി വഷളാക്കാതിരുന്നാൽ മതി.”
“എന്താ, നിനക്ക് ശിൽപയെ ഇഷ്‌ടമല്ലേ?” ലിജു തല താഴ്‌ത്തിയിരുന്നു. ശിൽപയോടുള്ള അവന്‍റെ ഇഷ്‌ടം ആ മൗനത്തിലൂടെ വല്യമ്മച്ചിക്ക് മനസ്സിലായി. അവർ അവന്‍റെ കൈപിടിച്ച് സംസാരിച്ചു തുടങ്ങി. “നിനക്ക് ശിൽപയോട് തോന്നുന്ന ഇഷ്‌ടം തന്നെയല്ലേ നിന്‍റെ മമ്മിയ്‌ക്ക് ഡോക്‌ടറോട് തോന്നുന്ന സ്‌നേഹവും, മാത്രമല്ല അത് നിന്‍റെ ഭാവിയോർത്തു കൊണ്ടുള്ളതാണ് താനും. നാളെ നിന്‍റെ ഉപരിപഠനത്തിനും മറ്റും ഡോക്‌ടർ സഹായിക്കുകയും ചെയ്യും. അമ്മയുടെ ഒറ്റപ്പെടൽ എന്താണ് നീ മനസ്സിലാക്കാത്തത്?
വല്യമ്മച്ചിയുടെ വാക്കുകൾ അവന്‍റെ ഹൃദയത്തിൽ തട്ടി. “വല്യമ്മച്ചി തന്നെ പറയൂ, ഞനെന്താണ് ചെയ്യേണ്ടത്” അവൻ വിതുമ്പിപ്പോയി.
“മോൻ നല്ല കുട്ടിയാകണം. മമ്മിയ്‌ക്കും മോനും വേണ്ടി.”
അടുത്ത ദിവസം ഡോക്‌ടർ വന്നപ്പോൾ വാതിൽ തുറന്ന് കൊടുത്തത് ലിജുവാണ്. വാത്സല്യപൂർവ്വം ഡോക്‌ടർ അന്ന് അവനോട് ഏറെ നേരം സംസാരിച്ചു. പിറ്റേന്ന് ശിൽപയുടെ പിറന്നാളായിരുന്നു. ഡോക്‌ടറും മമ്മിയും വല്യമ്മച്ചിയും സമ്മാനപ്പൊതിയുമായാണ് ലിജുവിനൊപ്പം ശിൽപയുടെ വീട്ടിലെത്തിയത്.
ലിജു ശിൽപയോടു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ബാക്കിയുള്ള ജീവിതം സുന്ദരമായി ജീവിച്ചു തീർക്കാനുള്ള ഉറപ്പുള്ള ഒരു പാലം ആ സന്ധ്യയിൽ അവർ പണിതു.
പാർട്ടി കഴിഞ്ഞ് ഡോക്‌ടറുടെ കാറിൽ മടങ്ങുമ്പോൾ ലിജു മമ്മിയുടെ തോളിൽ ചാരി. എല്ലാം ശുഭമായി അവസാനിച്ചതിൽ സന്തോഷിച്ച് വല്യമ്മച്ചി കാറ്റിനോട് കഥ പറഞ്ഞിരുന്നു.
വഴിവക്കിലെ ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ കാർ ഓടിക്കുന്ന ഡോക്‌ടറെ നോക്കിയിരുന്നപ്പോൾ തന്‍റെ പപ്പ കാറോടിക്കുന്നതുപോലെ ലിജുവിന് തോന്നി.