ചിലർക്ക് മധുരം എന്ന് കേട്ടാൽ ജീവനാണ്. ആരോഗ്യം വേണോ? എങ്കിൽ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തോളൂ. ആറ് ടീസ്പൂണിൽ കൂടുതൽ പഞ്ചസാര ഒരു ദിവസം കഴിക്കുന്നത് നല്ലതല്ല. അതു തന്നെ ചായയിലോ കൂൾ ഡ്രിംഗ്സിലോ ഇട്ട് കഴിക്കണം. കൂടുതൽ കഴിച്ചാൽ അത് ആരോഗ്യത്തിനു ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ.
റിഫൈൻ ചെയ്തിട്ടാണ് വെള്ള പഞ്ചസാര ഉണ്ടാക്കുന്നത്. ഈ സമയത്ത് ധാതുക്കളും പോഷകങ്ങളും നഷ്ടപ്പെടുന്നു. അമിനോ ആസിഡിന്‍റെ അളവും ഗണ്യമായി കുറയുന്നു. പകരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കെമിക്കലുകൾ അതിൽ വന്നു ചേരുന്നു. ഇത്തരം പഞ്ചസാര കൊണ്ടാണ് പല മധുരപലഹാരങ്ങളും നിർമ്മിക്കുന്നത്. മൈദയും ക്രീമും നെയ്യും മറ്റും ചേർത്താണല്ലോ പല മധുര പലഹാരങ്ങളും ഉണ്ടാക്കുന്നതു തന്നെ. അതിൽ പഞ്ചസാരയും കൂടി ചേരുമ്പോൾ ആരോഗ്യം ക്ഷയിക്കാനുള്ള ചേരുവകളായി. പക്ഷേ മധുരം നുണയുമ്പോൾ ആരും തന്നെ ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചോർക്കാറില്ല. വെള്ള പഞ്ചസാരയിൽ ഹാനികരങ്ങളായ കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്. പ്രകൃതിദത്തമായ പഞ്ചസാര ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കാം. റിഫൈൻഡ് പഞ്ചസാരയുടെ സ്ഥിരമായ ഉപയോഗം, അത് മധുരപലഹാരങ്ങളുടെ രൂപത്തിലായാലും ഉദരത്തിന്‍റെ പ്രശ്നങ്ങൾക്ക് കാരണമാവും. ദഹനപ്രക്രിയയെ തന്നെ അത് തകരാറിലാക്കുന്നു. കരിമ്പിൽ നിന്ന് ശർക്കര ഉൽപാദിപ്പിക്കുമ്പോൾ രാസവസ്തുക്കൾ ഉപയോഗിക്കാറില്ലെന്നു തന്നെ പറയാം. അതിനാൽ മധുര പലഹാരങ്ങളും മറ്റും ഉണ്ടാക്കുമ്പോൾ ശർക്കരയാണ് നല്ലത്. പനഞ്ചക്കരയും ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
പ്രായം കൂട്ടും
നിങ്ങളെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. ഈ കോംപ്ലിമെന്‍റ് കിട്ടണമെങ്കിൽ പഞ്ചസാര വർജ്‌ജിച്ചോളൂ. രക്‌തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് അകാല വാർദ്ധക്യം സൃഷ്ടിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മധുരം വാരിവലിച്ച് കഴിക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ ചർമ്മം ചുളിയാനും അകാലനര പിടിപെടാനും സാദ്ധ്യത ഏറെയാണ്. മാത്രമല്ല പഞ്ചസാര ചൂടാകുമ്പോൾ ഉണ്ടാവുന്ന രാസമാറ്റം പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നവയുമാണ്. അതിനാൽ വർണ്ണക്കടലാസിൽ പൊതിഞ്ഞു വരുന്ന മിഠായികൾ സ്ഥിരമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾക്ക് മിഠായികൾ വാങ്ങി ക്കൊടുക്കുന്നവർ ഈ കാര്യം ഓർത്താൽ നന്ന്.
എള്ളുണ്ടയോ കപ്പലണ്ടി മിഠായിയോ ആണ് നല്ലത്. അതിൽ മധുരത്തിനായി ശർക്കരയാണ് ചേർക്കുന്നത്. മധുരം അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ശർക്കരയോ തേനോ ചേർത്താൽ മതി. പഞ്ചസാര വെളുത്ത വിഷമാണെന്ന കാര്യം ഓർമ്മയിരിക്കട്ടെ.