ഏറ്റവും പ്രിയപ്പെട്ട ക്ലാസ് ടീച്ചറോട് കുട്ടികൾക്ക് പ്രത്യേക ബഹുമാനവും അടുപ്പവും കാണും. പക്ഷേ മേലുദ്യോഗസ്ഥനോട് ഈ മനോഭാവം എത്രപേർക്ക് ഉണ്ടാവും. കുട്ടികളെ തല്ലി പഠിപ്പിക്കുന്ന ടീച്ചറെ പോലെ ആവരുത് മേലുദ്യോഗസ്ഥൻ. ഔദ്യോഗിക രംഗത്തെ മൊത്തം ചുമതലകളുടെ ചുക്കാൻ പിടിക്കുന്ന സാരഥിയ്‌ക്ക് കീഴ്‌ദ്യോഗസ്‌ഥരുടെ മതിപ്പും പ്രശസ്‌തിയും പിടിച്ചു പറ്റുന്ന തലത്തിലേക്ക് ഉയരാൻ കഴിഞ്ഞാലേ തന്‍റെ നേട്ടങ്ങളിൽ സ്വയം അഭിമാനിക്കാനാകൂ.
മേലുദ്യോഗസ്‌ഥനും കീഴുദ്യോഗസ്‌ഥനും തമ്മിൽ ഊഷ്‌മളമായ ബന്ധം ഒരിക്കലും കെട്ടിപ്പടുക്കാനാവില്ലെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ഒരു മേലുദ്യോഗസ്‌ഥന് കീഴുദ്യോഗസ്‌ഥനെക്കൊണ്ട് കാര്യമായി പണിയെടുപ്പിക്കണമെങ്കിൽ ശരിയായ അർത്ഥത്തിൽ അധികാരം പ്രായോഗിക തലത്തിൽ കൊണ്ടു വരേണ്ടി വരുന്നു.
സൗമ്യവും മര്യാദ നിറഞ്ഞതുമായ സംഭാഷണമാണ് മേലുദ്യോഗസ്‌ഥനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാക്കുന്നത്. അത്യാവശ്യമില്ലാത്തിടത്ത് ദേഷ്യം പ്രകടിപ്പിക്കാതിരിക്കുന്നതാണ് ഭേദം.
കീഴുദ്യോഗസ്‌ഥൻ ഏതെങ്കിലും ആവശ്യത്തിനായി നിങ്ങളെ സമീപിക്കുകയാണെങ്കിൽ എന്തെങ്കിലും ഗൗരവമേറിയ പ്രശ്നത്തിൽ പെട്ട് ഉഴലുകയാണെങ്കിലും അയാളോട് അൽപ നേരം കാത്തിരിക്കാൻ സൗമ്യതയോടെ പറയണം. എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന മേലുദ്യോഗസ്‌ഥൻ അനാവശ്യവും ഒട്ടും മര്യാദയില്ലാത്തതുമായ സംസാരരീതി കൊണ്ടാകും മറ്റുള്ളവരെ മുഷിപ്പിക്കുക. ഏതെങ്കിലും കാര്യം സാധിച്ചെടുക്കുന്നതിന് കീഴുദ്യോഗസ്‌ഥൻ അദ്ദേഹത്തിന്‍റെ അടുത്ത് മിനിറ്റുകളോളം നിൽക്കേണ്ടി വരുന്ന അവസ്‌ഥ. ജോലി നഷ്‌ടപ്പെടുത്തേണ്ട എന്ന ചിന്ത കൊണ്ടാകാം കീഴുദ്യോഗസ്‌ഥൻ മേലുദ്യോഗസ്‌ഥനെ പരമാവധി സഹിക്കുന്നത്.
കുടുംബ പ്രശ്നങ്ങൾ ഓഫീസിലേക്ക് വലിച്ചിഴക്കാതിരിക്കുക
തീരെ മര്യാദയില്ലാത്ത പെരുമാറ്റം ഓഫീസിന് ഒട്ടും അനുയോജ്യമല്ല. ഏതെങ്കിലും കീഴുദ്യോഗസ്‌ഥനുമായി വില കുറഞ്ഞ തമാശ പറയുന്നതും മേലുദ്യോഗസ്‌ഥന് യോജിക്കുന്ന പ്രവൃത്തിയല്ല. വ്യക്‌തിത്വത്തിന്‍റെ മാറ്റ് കുറയ്‌ക്കാനേ ഇത് ഉപകരിക്കൂ.
വീട്ടിൽ നിന്ന് കലഹിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ പിണങ്ങിയോ ആണ് ഓഫീസിൽ വരുന്നതെങ്കിൽ മറ്റ് സഹപ്രവർത്തകർക്ക് നേരെ ആ ദേഷ്യം പ്രകടിപ്പിക്കാതിരിക്കുക. വീട്ടിലെ പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളും ഓഫീസിലേക്ക് വലിച്ചിഴക്കാതിരിക്കുക. അല്ലാത്ത പക്ഷം സഹപ്രവർത്തകരുടെ മുന്നിൽ നിങ്ങൾ അപഹാസ്യരാകും.
പദവിയുടെ മഹത്വം
മേലുദ്യോഗസ്‌ഥനാവുകയെന്നതു തന്നെ അഭിമാനകരമായ നേട്ടമാണ്. ഒരു ഉദാഹരണം പറയാം. സത്യനാരായണൻ വിദേശത്തു നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ ശേഷമാണ് കേരളത്തിൽ ഒരു ബിസിനസിന് തുടക്കം കുറിച്ചത്. ഏകദേശം നൂറോളം പേർ അദ്ദേഹത്തിന്‍റെ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നു.
കീഴുദ്യോഗസ്‌ഥർക്ക് സത്യ നാരായണനെപ്പറ്റി നല്ലതേ പറയാനുള്ളൂ. മികച്ചൊരു വ്യവസായ സംരംഭകൻ മാത്രമല്ല, സത്യ നാരായണൻ, മറിച്ച് ആളുകളുമായി ഇടപഴകാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. തൊഴിലാളികളുടെ വലുതും ചെറുതുമായ നേട്ടങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ ഫാക്‌ടറിയിലെ ജോലി അവരെക്കൊണ്ട് എടുപ്പിക്കുകയും ചെയ്യും അദ്ദേഹം.
നിരാശ കലർന്ന മനോഭാവമാണ് വ്യക്‌തി പുലർത്തുന്നതെങ്കിൽ അയാളുടെ സകല കഴിവുകളും യോഗ്യതകളും നഷ്‌ടപ്പെടും എന്നേ അർത്ഥമാക്കാനാകൂ. തൊഴിലിടങ്ങളിൽ ഊഷ്‌മളമായ ബന്ധം കെട്ടിപ്പടുത്ത് സുഗമമായ അവസ്‌ഥയുണ്ടാക്കിയെടുക്കുകയെന്നത് ഏറെ ശ്രമകരമാണ്. സഹപ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക വഴി ഒരു ഉറച്ച ബന്ധം തന്നെ അവരുമായി സ്‌ഥാപിച്ചെടുക്കാൻ സാധിക്കും. ഒരിക്കലും ദേഷ്യപ്പെടാത്ത ബോസ് ഒരുപക്ഷേ ഓഫീസിൽ പരാജിതനാകാം. എന്തിനും ഏതിനും ദേഷ്യപ്പെടുന്നയാൾ ഒരിക്കലും ഓഫീസിൽ വിജയിക്കുകയുമില്ല. കർക്കശവും എന്നാൽ ഊഷ്‌മളവുമായിരിക്കണം മേലുദ്യോഗസ്‌ഥന്‍റെ പെരുമാറ്റം.
പെരുമാറ്റത്തിലുള്ള ലാളിത്യം
മേലുദ്യോഗസ്‌ഥനേക്കാൾ പ്രായക്കൂടുതലുള്ള ആളാണ് കീഴുദ്യോഗസ്‌ഥനെങ്കിൽ സഹപ്രവർത്തകന്‍റെ പ്രായം എന്തുമായിക്കൊള്ളട്ടെ, സമയവും സാഹചര്യവും അനുസരിച്ചായിരിക്കണം പെരുമാറ്റം. ഒരുപക്ഷേ കീഴുദ്യോഗസ്‌ഥന് അനുഭവജ്‌ഞാനം ഏറെയുണ്ടാകാം. മേലുദ്യോഗസ്‌ഥന് ആ ജ്‌ഞാനം വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താം. മറ്റുള്ളവരുടെ സഹകരണമില്ലാതെ നിങ്ങൾക്കൊരിക്കലും ചുമതല നിർവ്വഹിക്കാൻ കഴിയില്ലായെന്നത് വിസ്‌മരിക്കാതിരിക്കുക.
പലപ്പോഴും മേലുദ്യോഗസ്‌ഥന്‍റെ മേലങ്കിയണിയുന്ന ഉദ്യോഗസ്‌ഥൻ താൻ വലിയവനാണെന്ന തോന്നലിന് അടിമപ്പെടാറുണ്ട്. സുപ്പീരിയോറിറ്റി കോംപ്ലക്‌സാണിതിന് കാരണം. മറ്റ് സഹപ്രവർത്തകരുമായി ഇത്തരക്കാർ ഒരകലം പാലിക്കണമെന്ന് സ്വയം നിശ്ചയിക്കുന്നു. അതോടെ ബന്ധം കൂടുതൽ വഷളാകുന്നു. സഹപ്രവർത്തകരുടെ മനോഭാവത്തെ തന്നെ ഈ അകലം സ്വാധിനിച്ചേക്കാം. മേലുദ്യോഗസ്‌ഥനെ പിരിമുറുക്കത്തിലേക്ക് നയിക്കാൻ ഈ മനോഭാവം കാരണമാകും. മേലുദ്യോഗസ്‌ഥന് വിപരീത ഫലമുണ്ടാക്കാനേ ഇത് സാധിക്കൂ.
സഹപ്രവർത്തകരുടെ മാനസികാവസ്‌ഥ
കീഴുദ്യോഗസ്‌ഥന്‍റെ മാനസികാവസ്‌ഥ ഉൾക്കൊള്ളുവാനും ഒരു മേലുദ്യോഗസ്‌ഥന് കഴിയണം. എന്നാലേ കീഴുദ്യോഗസ്‌ഥനെക്കൊണ്ട് പൂർണ്ണമായും ജോലിയെടുപ്പിക്കാൻ കഴിയൂ. പല ഉദ്യോഗസ്‌ഥരും ജോലി വേഗം തീർത്ത് കറങ്ങി നടക്കാൻ താൽപര്യപ്പെടുന്നവരാണ്. എന്നാൽ ചിലരാകട്ടെ ഒച്ചിഴയുന്ന വേഗത്തിൽ ജോലി ചെയ്‌ത് ഒരു ദിവസം തള്ളിനീക്കുന്നവരുമായിരിക്കും. ഇത്തരക്കാരെ വഴക്കു പറയുകയാണെങ്കിൽ ജോലി കൃത്യമായി ചെയ്‌തെന്ന് വരില്ല. ഇത്തരം പല സ്വഭാവ സവിശേഷതകളുള്ളവരാകാം നിങ്ങളുടെ സഹപ്രവർത്തകർ.
സ്‌ത്രീകളോടുള്ള പെരുമാറ്റം
സ്‌ത്രീകൾ ജോലിയെടുക്കുന്നതിൽ വിമുഖത കാട്ടുന്നവരാണെന്ന ധാരണ തീർത്തും തെറ്റാണ്. ഏറ്റവും വൃത്തിയോടും കൃത്യതയോടും ജോലിയെടുക്കുന്നതിൽ സ്‌ത്രീകളായിരിക്കാം പലപ്പോഴും പുരുഷന്മാരേക്കാൾ മുന്നിൽ. വനിതാ ഉദ്യോഗസ്‌ഥരെ കൈകാര്യം ചെയ്യുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിവാഹിതരായ വനിതാ ഉദോ്യഗസ്‌ഥരാണെങ്കിൽ വീട്ടിലെ ഉത്തരവാദിത്തങ്ങളെല്ലാം നിറവേറ്റിയിട്ടാകാം ഓഫീസിലെത്തുക. തിരിച്ച് വീട്ടിലെത്തിയാലുടൻ അടുക്കളയിലേക്കായിരിക്കും ഇക്കൂട്ടരുടെ പാച്ചിൽ.
അതായത് ഉദ്യോഗസ്‌ഥരായ സ്‌ത്രീകൾ രണ്ടുതരം ചുമതലകളാണ് വഹിക്കുന്നതെന്നർത്ഥം. പ്രശ്നങ്ങൾ മനസ്സിലാക്കിയിട്ടുവേണം അവരോട് പെരുമാറാൻ. മര്യാദ നിറഞ്ഞ പെരുമാറ്റവും നിലപാടുകളും സ്‌ത്രീകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ മാത്രമല്ല, ഓഫീസിന്‍റെ മൊത്തം അന്തരീക്ഷം സുഖകരമാക്കുകയും ചെയ്യും. ഒരു മേലുദ്യോഗസ്‌ഥൻ അദ്ധ്വാനശീലനായിരിക്കണം. ആദർശങ്ങൾ പാലിക്കുന്നവനും മര്യാദയോടെ പെരുമാറുന്നവനുമായിരിക്കണം. സ്വയം അദ്ധ്വാന ശീലനായാലേ മറ്റുള്ളവരുടെ മനസ്സിൽ ഒരിടം കണ്ടെത്താൻ കഴിയൂ. സ്വന്തം കർത്തവ്യത്തോട് നീതിയും സത്യസന്ധതയും പുലർത്താൻ ഒരു ബോസിനു കഴിയണം.
മാതൃകാപരമല്ലാത്ത പെരുമാറ്റം മറ്റു സഹപ്രവർത്തകരെ തെറ്റായ വഴിയിലേക്ക് നയിച്ചേക്കാം. നിസ്സാര കാര്യങ്ങൾക്കു പോലും ചിലപ്പോൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. അത്തരം അവസരങ്ങളിൽ മടിക്കാതെ സ്വന്തം കർത്തവ്യം നിഷ്‌ഠയോടെ പാലിക്കാൻ ശ്രമിക്കണം.