എന്നും വ്യായാമം ചെയ്യുന്നത് പലർക്കും മടിയുള്ള കാര്യങ്ങളാണ്. വീട്ടുജോലി, സമയക്കുറവ്, ഉദ്യോഗം തുടങ്ങിയ കാരണങ്ങൾ നിരത്തി പലരും വ്യായാമം ചെയ്യുന്നതിൽ നിന്നും തടിതപ്പും. അല്ലെങ്കിൽ കുറച്ച് ദിവസം തകൃതിയായി ചെയ്‌ത് പാതിവഴി ഉപേക്ഷിക്കും. ഇത്തരക്കാർ ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും. മാറുന്ന ജീവിത ശൈലി ജീവിതപുരോഗതിക്ക് വഴിവയ്‌ക്കുമെങ്കിലും അത് ധാരാളം ആരോഗ്യപ്രശ്നങ്ങളും സൃഷ്‌ടിക്കാറുണ്ട്. ബ്ലഡ് പ്രഷർ, പ്രമേഹം, ഉറക്കക്കുറവ്, അമിത വണ്ണം, തളർച്ച, ക്ഷീണം എന്നിവ അതിനുള്ള ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പോഷകസമ്പുഷ്‌ടമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നത് ശീലമാക്കുക. കൃത്യസമയത്ത് ഉറങ്ങുക. ഒപ്പം ഫിറ്റ്നസ് നിലനിർത്താനായി വ്യായാമം മുടങ്ങാതെ ചെയ്യുക.

ഉദ്യോഗസ്‌ഥകൾക്കും വീട്ടമ്മമാർക്കുമായുള്ള ചില സ്‌പെഷ്യൽ വ്യായാമങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്:-

  • ജോലി ചെയ്യുന്നതിനിടെ സമയം കിട്ടുമ്പോൾ കസേരയിലിരുന്ന് ഇടതു കൈ കൊണ്ട് ശിരസ്സ് വലത്തോട്ട് കൊണ്ടുപോകുക. 15 മുതൽ 20 സെക്കന്‍റ് വരെ ഈ നില തുടർന്ന ശേഷം വലതുകൈകൊണ്ട് ശിരസിനെ ഇടത്തോട്ട് കൊണ്ടുവരിക. ഇതിനെ ട്രങ്ക് ട്വിസ്‌റ്റ് എന്നാണ് വിശേഷിപ്പിക്കുക. കഴുത്തിനുള്ള കംഫർട്ടബിൾ വർക്കൗട്ടാണിത്.
  • രണ്ട് കൈകളും ശിരസിന് പിന്നിൽ ചേർത്ത് വയ്‌ക്കുക. അതിനുശേഷം വലത്തോട്ട് ചരിഞ്ഞ് കൈമുട്ടു കൊണ്ട് കാൽമുട്ടിനെ സ്‌പർശിക്കാൻ ശ്രമിക്കുക. 15 മുതൽ 20 സെക്കന്‍റു നേരം ഈ നില തുടരാം. അതിനുശേഷം ഇടതു കൈമുട്ടുകൊണ്ട് വ്യായാമം ആവർത്തിക്കുക.
  • കസേരയിൽ ഇരുന്ന ശേഷം ഇരുകാലുകളും മുന്നോട്ട് പരമാവധി നീട്ടിവയ്‌ക്കുക. 30 സെക്കന്‍റ് നേരം ഇപ്രകാരം ഇരിക്കാം. ചെറിയ ഇടവേളകളിലായി ഈ വ്യായാമം ആവർത്തിച്ചാൽ ഇരു കാലുകളിൽ നീരുവീക്കം വരുന്നതും തളർച്ചയും ഒഴിവാക്കി രക്‌തസഞ്ചാരം വർദ്ധിക്കും.
  • കസേരയിൽ ഇരുന്ന ശേഷം കാലുകൾ സ്‌ട്രെയിറ്റായി വയ്‌ക്കുക. വിരലുകൾ നിലത്തുറപ്പിച്ചു കൊണ്ട് പാദങ്ങൾ ക്ലോക്ക് വൈസായും ആന്‍റി ക്ലോക്ക് വൈസായും കറക്കുക. പാദങ്ങളിലുണ്ടാകുന്ന വേദന അകലാനും ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കാനും ഈ വ്യായാമം ഫലവത്താണ്.
  • വീട്ടമ്മമാരും ഉദ്യോഗസ്‌ഥകളും ഏതെങ്കിലും എക്‌സ്‌പെർട്ടിന്‍റെ കീഴിൽ വ്യായാമം പരിശീലിക്കുകയാണ് വേണ്ടത്. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയും പോലെ, വ്യായാമങ്ങൾ ശരിയായ വിധം ചെയ്‌തില്ലെങ്കിൽ അത് ശരീരത്തിന് വിപരീതഫലമുളവാക്കും.

ഒരിക്കൽ ഒരു വീട്ടമ്മയ്‌ക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയാം. ശരീരഭാരം കുറയ്‌ക്കാനായി അവർ സൈക്കിളിംഗ് ചെയ്യുന്നത് പതിവാക്കിയിരുന്നു. ഈ വ്യായാമം അവശ്യത്തിലധികമായതോടെ അവരുടെ സ്‌പൈനൽ കോഡിൽ കടുത്ത വേദനയുണ്ടാകുന്നത് പതിവായി. മാസങ്ങളോളം അവർക്ക് ഇരിക്കാനോ നില്‌ക്കാനോ കഴിയാത്ത അവസ്‌ഥ. ഏറെ നാളത്തെ ചികിത്സയ്‌ക്കു ശേഷമാണ് അവർ സാധാരണ നിലയിലായത്.

ജോഗിംഗ്, നീന്തൽ, സൈക്കിളോടിക്കൽ, നടപ്പ് തുടങ്ങിയ വ്യായാമങ്ങൾ ആർക്കും ഏത് സമയത്തും ചെയ്യാവുന്നതാണ്. എന്നാൽ ഫിറ്റ്‌നസ് നില നിർത്താനുള്ള ചില പ്രത്യേക വ്യായാമ മുറകളുണ്ട്.

  • ശരീരത്തിന്‍റെ ഫിറ്റ്‌നസ് നിലനിർത്താനുള്ള ഉത്തമമായ വ്യായാമമാണ് സ്‌ക്വാട്ട്‌സ്. ഇതിൽ നീണ്ട് നിവർന്നു നിന്ന ശേഷം കാലുകൾ പരസ്‌പരം അല്‌പം അകറ്റി വയ്‌ക്കാം. പിന്നീട് ഇരു കൈകളും മുകളിലേയ്‌ക്ക് നിവർത്തുക. അതിനുശേഷം കുനിഞ്ഞ് പാദങ്ങളിൽ സ്‌പർശിക്കുക. ഈ നിലയിൽ 10 സെക്കന്‍റു നേരം തുടർന്ന ശേഷം പഴയ നിലയിലെത്തുക. വീണ്ടും 5 തവണ വ്യായാമം ആവർത്തിക്കുക.
  • നിലത്തു കമിഴ്‌ന്നു കിടക്കുക. അതിനുശേ ഷം ഇരുകൈകളും അല്‌പം ഉയർത്തിക്കൊണ്ട് ശരീരം പതിയെ പതിയെ ഉയർത്തുക. 5 തവണ വ്യായാമം ആവർത്തിക്കാം.
  • സ്‌ത്രീകൾക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന വ്യായാമമാണ് അബ്‌ഡോമിനൽ ക്രഞ്ചസ്. നിലത്ത് മലർന്ന് കിടന്ന ശേഷം ഇരുകാലുകളും മടക്കി വയ്‌ക്കുക. കഴുത്തിന് പിന്നിൽ ഇരുകൈകളും ചേർത്ത് വച്ച് ശരീരത്തെ കാൽമുട്ടുകൾക്ക് സമമായി ഉയർത്താൻ ശ്രമിക്കുക. ശരീരം ഉയർത്തുമ്പോൾ ശ്വാസം ഉള്ളിലേക്ക് എടുക്കുക. ശരീരം താഴ്‌ത്തുന്നതിന് അനുസരിച്ച് ശ്വാസം പുറത്തേക്ക് വിടുക. ഈ വ്യായാമം 12 മുതൽ 15 തവണ ആവർത്തിക്കാം.

ഇതിന് പുറമെ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ചില നിബന്ധനകളും സ്‌ത്രീകൾ പാലിച്ചിരിക്കണം.

  • ഒരിക്കലും വിശന്നിരിക്കരുത്. ഭക്ഷണം ഒഴിവാക്കരുത്. ഭക്ഷണത്തിൽ പഴങ്ങളും ഇലവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം.
  • ഭക്ഷണം കഴിക്കുന്നതിനു മുമ്പ് സലാഡോ സൂപ്പോ ആവാം.
  • ഹെർബൽ ടീയോ ഗ്രീൻ ടീയോ ഭക്ഷണത്തിന് മുമ്പായി കുടിക്കുക. ശരീരത്തിന്‍റെ മെറ്റബോ ളിസം ശരിയായ നിലയിലാവും.
और कहानियां पढ़ने के लिए क्लिक करें...