കുറ്റം ചെയ്‌തവനെപ്പോലെ മോനായി പൂജയുടെ മുന്നിൽ പരുങ്ങി. “നീ എന്നും ചെയ്യുന്ന തെറ്റ് ഇന്നും ആവർത്തിച്ചു. എന്നു നന്നാവും ഇനി!”
പൂജ അവനെ കണക്കിന് ശകാരിച്ചു.
“അത്….” മോനായി എന്തോ പറയാനാഞ്ഞു.
“നാവടക്ക്, എനിക്കെല്ലാം മനസ്സിലായി. നീ ആ കറവക്കാരന്‍റെ അടുത്തു നിന്നല്ലേ വരുന്നത്? നിന്‍റെ കണ്മുന്നിൽ വച്ച് അവൻ പാലിൽ വെള്ളം ചേർക്കുന്നത് ഇന്നും നീ മിണ്ടാതെ കണ്ടു നിന്നു.”
“പക്ഷേ ഞാനിന്ന് പാൽ വാങ്ങാൻ പോയില്ല. കറവക്കാരൻ നേരിട്ട് പാലെത്തിക്കുകയായിരുന്നു. ചേച്ചി വെറുതെ ദേഷ്യപ്പെടുന്നതെന്തിനാ?” മോനായി തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു.
“വാചകമടിക്കാതെ പോയി ജോലി നോക്ക്.” പൂജ പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ വേലക്കാരി പ്രസരിപ്പോടെ ജോലി ചെയ്യുന്നുണ്ട്. പൂജ അവളെ ചുഴിഞ്ഞൊന്നു നോക്കി.
“നീ ഇന്നലെ എല്ലാ വീട്ടിലും പോയി ഇങ്ങോട്ടു മാത്രം വന്നില്ല. എന്താ കാരണം.”
“അയ്യോ ചേച്ചി, ഇന്നലെ എനിക്ക് സുഖമില്ലായിരുന്നു. ഞാനൊരു വീട്ടിലും ജോലിയ്‌ക്കു പോയില്ല.” അവൾ പരിഭ്രമത്തോടെ പറഞ്ഞു.
“നുണ പറയല്ലേ നാരായണി, നീ ഇന്നലെ സർദാർജിയുടെയും ബംഗാളി ബാബുവിന്‍റെയും വീട്ടിൽ പോയെന്ന് എനിക്കറിയാം. എന്‍റെ വീട്ടിൽ മാത്രം വരാതിരുന്നതെന്താണെന്നാണ് ചോദിച്ചത്.” പൂജയ്‌ക്ക് ദേഷ്യം അടക്കാനായില്ല.
നാരായണിക്ക് ചിലത് പറയണമെന്നുണ്ടായിരുന്നു. എന്നാൽ പൂജയ്‌ക്ക് മുന്നിൽ ധൈര്യം നഷ്‌ടപ്പെട്ടു.
രാവിലെ ഭക്ഷണത്തിനിരിക്കുമ്പോൾ രാജൻ പൂജയെ ഉപദേശിക്കാൻ ശ്രമിച്ചു.
“നോക്കൂ പൂജ, നീ മനസ്സിലൊരു കാര്യം ഉറപ്പിക്കും. പിന്നെ അതു സത്യമാണെന്ന് കരുതി ബഹളം വയ്‌ക്കാൻ തുടങ്ങും. മോനായി പാലിൽ വെള്ളം ചേർത്തു, നാരായണി പറയാതെ അവധിയെടുത്തു ഇങ്ങനെ പോകും… ഇതൊക്കെ എന്നുമുള്ള കാര്യങ്ങളല്ലേ. നീ അൽപം പോസിറ്റീവായി ചിന്തിക്കൂ.”
“പറഞ്ഞു കഴിഞ്ഞോ?” വൈകിട്ട് സമയത്തെത്തുമോ അതോ സെക്രട്ടറിയുടെ അടുത്ത് സൊറ പറഞ്ഞിരിക്കുമോ? രാഹുലിന്‍റെ ജന്മദിനം അടുത്തു. അവന് സമ്മാനമെന്തെങ്കിലും വാങ്ങണം.” പൂജ ഓർമ്മിപ്പിച്ചു. “ഹാ, പറഞ്ഞപോലെ എവിടെ നിന്‍റെ പുന്നാര അനുജൻ? ഒരു ഉത്തരവാദിത്തമില്ലാത്തവൻ, ജീവിതത്തെക്കുറിച്ച് യാതൊരു ചിന്തയുമില്ല. അവന്‍റെ ഭാവി എന്താകുമോ?”
“നിങ്ങൾ കൂടുതലൊന്നും പറയണ്ട. രാഹുൽ നന്നായി പരിശ്രമിക്കുന്നുണ്ട്. അവന് നല്ലൊരു ഭാവി ഉണ്ടാകും. അവനെ ഞാൻ അത്രയേറെ ശ്രദ്ധിക്കുന്നുണ്ട്. അവന്‍റെ കാര്യത്തിൽ എനിക്കൊട്ടും സംശയമില്ല.” ഭർത്താവിന്‍റെ വാക്കുകൾക്ക് വിരാമമിട്ട് പൂജ പറഞ്ഞു.
“രാഹുൽ വല്ല പ്രേമത്തിലും പെട്ട് സമയം കളയുകയാണോയെന്ന് എനിക്ക് സംശയമില്ലാതില്ല.” രാജൻ സന്ദേഹിച്ചു.
“ഒരിക്കലുമില്ല, ഞാൻ പറഞ്ഞില്ലേ അവന്‍റെ കാര്യമൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. അവന്‍റെ മനസ്സിൽ ഒരു പെൺകുട്ടിയുണ്ടെങ്കിൽ എനിക്കതു മനസ്സിലാകും. ഈ വക കാര്യങ്ങൾ എനിക്ക് പെട്ടെന്ന് പിടികിട്ടും” പൂജ ഉറപ്പിച്ചു പറഞ്ഞു.
“അതെ അതിനെന്താ സംശയം?” ചേച്ചിയുടെ മുത്തച്‌ഛന്‍റെ മുത്തച്‌ഛനല്ലേ ഇന്നാട്ടിൽ ആദ്യം ബി.എ. ബിരുദം നേടിയ മഹാൻ. ആ പരമ്പരയിലെ
കണ്ണിയല്ലേ ചേച്ചി.” രാഹുൽ ചിരിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു സമീപമിരുന്നു.
“അതിലൊരു സംശയവും വേണ്ട. എന്‍റെ തോന്നൽ ഒരിക്കലും തെറ്റാറില്ല. നീ എനിക്ക് കോംപ്ലിമെന്‍റ് തന്നതോ, പരിഹസിച്ചതോ”? പൂജ പുരികമുയർത്തി.
“ഇല്ല ചേച്ചി, ഞാനെന്തിനാ ചേച്ചിയെ കളിയാക്കുന്നത്. ആ തോന്നലുകളൊന്നും തെറ്റാറില്ലെന്ന് എനിക്കറിയാം. ഇവിടെ ഇരുന്നാലും ചേച്ചിയ്‌ക്ക് എല്ലാം മനസ്സിലാകും. ചേട്ടൻ വൈകിട്ട് ഓഫീസ് കഴിഞ്ഞാൽ…”
“എടാ രാഹുൽ…..!” രാജൻ ഇടയ്‌ക്കു കയറി പറഞ്ഞു.
“നീ എന്‍റെ ഈ ദിവസം കുളമാക്കാനുള്ള ശ്രമത്തിലാണോ?”
“നിങ്ങളുടെ കള്ളത്തരങ്ങൾ രാഹുലും വെളിപ്പെടുത്തും” പൂജ മേശ വൃത്തിയാക്കിക്കൊണ്ട് പറഞ്ഞു.
അഞ്‌ജലി, നീ ചേട്ടന്‍റെ സെക്രട്ടറിയാണ്. പക്ഷേ നിങ്ങളിരുവരും മുഴുവൻ സമയവും കളി ചിരിയിലാണെന്നാ ഏടത്തിയമ്മയുടെ വിചാരം.” രാഹുൽ അഞ്‌ജലിയെ പാളി നോക്കിക്കൊണ്ട് പറഞ്ഞു.
“ഹൊ! നിങ്ങളുടെ ഏടത്തിയമ്മ…” അഞ്‌ജലി എന്തോ പറയാൻ വെമ്പി.
“ചേച്ചിയുടെ മനസ്സ് ശുദ്ധമാണ്. എത്ര സ്‌നേഹത്തോടെയാണ് ചേച്ചി എന്‍റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതെന്നോ? പക്ഷേ അവർക്ക് എല്ലാറ്റിനേയും സംശയമാണ്. താൻ വളരെ ബുദ്ധമതിയാണെന്നും തന്‍റെ കണ്ണുകളെ വെട്ടിക്കാൻ ആർക്കും കഴിയില്ലെന്നുമാണ് ചേച്ചിയുടെ വിചാരം. ആ സ്വഭാവം ഞങ്ങൾക്ക് വളരെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്” രാഹുൽ പറഞ്ഞു.
“കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ അടുപ്പത്തിലായിട്ട്. അവരുടെ കണ്ണുകൾ ഇത് കണ്ടുപിടിച്ചില്ലല്ലോ?” അഞ്‌ജലി രാഹുലിനെ കള്ളക്കണ്ണിട്ടു നോക്കി ചിരിച്ചു.
“നമ്മുടെ കല്യാണത്തിന്‍റെ ഗതിയെന്താകുമോ? ചേച്ചി സമ്മതിക്കാൻ വഴിയില്ല. അവരുടെ സമ്മതമില്ലാതെ രാഹുൽ എന്നെ വിവാഹം കഴിക്കുകയുമില്ല.”
“ചേച്ചിയുടെ സമ്മതം നേടിയെടുക്കാൻ ഞാനൊരു തന്ത്രം കണ്ടു വച്ചിട്ടുണ്ട്. ചേച്ചിയുടെ സംശയരോഗവും മാറ്റിയെടുക്കണം. ചേച്ചിയുടെ മനസ്സ് മെഴുകു പോലെയാണ്. നീ അൽപം അഭിനയിച്ചാൽ ആ മെഴുക് ഉരുകും. കാര്യങ്ങളൊക്കെ ഞാൻ വിശദമായി പറയാം…..”
“എനിക്കൊന്നും മനസ്സിലാവുന്നില്ല. രാഹുൽ, വളച്ചുകെട്ടില്ലാതെ നീ കാര്യം പറയൂ…” പൂജ അക്ഷമയായി.
“എനിക്ക് പറയാൻ മടിയുണ്ട്. ചേച്ചി, ചേട്ടന്‍റെ സെക്രട്ടറിയുണ്ടല്ലേ, എന്താ അവളുടെ പേര്….” രാഹുൽ ഉരുണ്ടു കളിച്ചു.
“അഞ്‌ജലി …” പൂജ വേഗം പറഞ്ഞു.
“അഞ്‌ജലി കാണാനെങ്ങനെ? സുന്ദരിയാണോ?”രാഹുൽ നിഷ്കളങ്കനെപ്പോലെ ചോദിച്ചു.
“ഹാ കൊള്ളാം, പത്തൊമ്പതു വയസ്സുണ്ടായിരിക്കും. ഒരു പാർട്ടിയിൽ വച്ച് ഒരിക്കൽ ഞാനവളെ കണ്ടിട്ടുണ്ട്.”
“പത്തൊമ്പതല്ല, ഇനി പതിനാറുകാരിയായാലും പറയാതിരിക്കാൻ പറ്റ്വേ… ചേട്ടനെന്തിനാ അവളുടെ കൂടെ ലൗ സ്‌റ്റോറി കാണാൻ പോകുന്നേ?”
ചേച്ചിയെ ശുണ്ഠിപിടിക്കാൻ ഇത്രയും മതി.
”എന്താ? നീ എന്താ പറയുന്നത്?”
“പാരഡൈസ് തിയേറ്ററിൽ ഇന്ന് വൈകിട്ട് രണ്ടു പേരും….” രാഹുൽ പകുതിയിൽ നിർത്തി.
“അങ്ങനെയൊന്നുമുണ്ടാകില്ല” പൂജ ശബ്‌ദമുയർത്തി.
“ചേട്ടൻ അവളുടെ പിന്നാലെയാണോ അതോ അവൾ ചേട്ടന്‍റെ പിന്നാലെയോ?” രാഹുൽ പൂജയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു.
“നീ കാര്യമറിയാതെ അസംബന്ധം വിളമ്പണ്ട.” പൂജ അസ്വസ്‌ഥയായി. ചേച്ചിയുടെ മുഖഭാവം രാഹുൽ ശ്രദ്ധിച്ചു. ആ മുഖം കറുത്തിരുണ്ടിരിക്കുന്നു.
“ഞാനെന്തു ചെയ്യും, രാത്രി ഏതോ സെമിനാറിനു പോകണമെന്നാ പറഞ്ഞത്. വരാൻ വൈകുമത്രേ…”
“സെമിനാർ, ഡെലിഗേഷൻ, മീറ്റിംഗ് എന്നൊക്കെ പറഞ്ഞ് വൈകിട്ട് ഭർത്താവ് വരാൻ വൈകുന്നത് പതിവായാൽ ഭാര്യ മനസ്സിലാക്കണം. ഭർത്താവ് കൈവിട്ടുപോവുകയാണെന്ന്.”
“ഒരു പക്ഷേ നീ പറഞ്ഞത് ശരിയായിരിക്കും. എന്നാലെന്തു ചെയ്യുമെന്നു കൂടി പറയ്.”
“ഒരു വഴിയുണ്ട്. ചേട്ടനും അഞ്‌ജലിയെക്കുറിച്ച് കമ്പനിയുടെ എംഡിയോട് പറഞ്ഞാലോ? ജീവിതത്തിൽ എന്‍റെ കൂടെയല്ലാതെ മറ്റാർക്കുമൊപ്പം അവൾ സിനിമയ്‌ക്ക് പോകരുതെന്ന് താക്കീതും കൊടുക്കണം. എന്‍റെ എന്നു വച്ചാൽ സ്വന്തം ഭർത്താവിന്‍റെ.” രാഹുൽ പെട്ടെന്ന് തിരുത്തി.
“ശരി, ഇന്നു തന്നെ അവളെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്” പൂജ പറഞ്ഞു.
“എന്തിനാ നീട്ടി വയ്‌ക്കുന്നത്? ഇപ്പോൾ തന്നെ വിളിക്കൂ ചേച്ചി.” രാഹുൽ നമ്പർ ഡയൽ ചെയ്‌ത് പൂജയ്‌ക്ക് കൊടുത്തു.
പൂജ കോപത്തോടെ സംസാരിക്കാൻ തുടങ്ങി. അങ്ങേത്തലയ്‌ക്കൽ പ്യൂൺ മണിയാണ്. ഡയറക്‌ടർ എന്ന വ്യാജേന മുൻകൂട്ടി പ്ലാൻ ചെയ്‌തിട്ടാണ് മണി സംസാരിക്കുന്നത്. എല്ലാം രാഹുലിന്‍റെ തന്ത്രം.
“താങ്കളുടെ ഓഫീസിലെ സ്‌റ്റാഫ് അഞ്‌ജലി എന്‍റെ ഭർത്താവിന്‍റെ പിന്നാലെയാണ്. അവരിരുവരും ഇന്ന് പാരഡൈസിൽ ലവ് സ്‌റ്റോറി കാണാൻ പോകുകയാണത്രേ. താങ്കൾ ഇത് തടയണം. അല്ലെങ്കിൽ ഞാൻ കടുംകൈ ചെയ്യാനും മടിക്കില്ല.” പൂജ എന്തൊക്കെയോ പറയാൻ തുടങ്ങി.
മറുവശത്ത് മണി കൃത്രിമ ഗൗരവത്തോടെ പൂജയോട് പറയാൻ തുടങ്ങി.
“അപ്പോൾ അങ്ങനെയാണ് കാര്യം. മാഡം ടെൻഷനടിക്കേണ്ട. ഇന്നു തന്നെ ഞാനത് ചെയ്യുന്നുണ്ട്. അതെന്നു വച്ചാൽ..” മണിക്ക് പെട്ടെന്ന് വാക്ക് ഓർമ്മ വന്നില്ല.
“ഹാ ഡിസ്‌മിസ്. ഡിസ്‌മിസ് ചെയ്യും. ഞാൻ ഇന്നു തന്നെ വൈകിട്ട് ചായ കൊടുത്തതിനു ശേഷമാകട്ടെ.”
പൂജയ്‌ക്ക് സന്തോഷമായി.
“എന്തായാലും കാര്യമേറ്റിട്ടുണ്ട്. പക്ഷേ ആ കമ്പനിയുടെ ഉടമസ്‌ഥൻ എനിക്ക് ഭ്രാന്താണെന്നു കരുതുമോ?”
“ചേച്ചി പറഞ്ഞതും നേരാ, എല്ലാവർക്കും ഭ്രാന്ത് തന്നെ. ചേട്ടന് അഞ്‌ജലിയോടുള്ള സ്‌നേഹത്തിൽ ഭ്രാന്ത്, അഞ്‌ജലി ചേട്ടന്‍റെ പിന്നാലെ.” രാഹുൽ തത്വചിന്തകനെപ്പോലെ സംസാരിച്ചു.
രാത്രിയിൽ രാജൻ ഓഫീസ് വിട്ടു വീട്ടിലെത്തി. വന്നയുടൻ സോഫയിൽ ചിന്താമഗ്നനായി കിടപ്പായി. കാര്യം അവതരിപ്പിക്കാൻ പറ്റിയ അവസരമിതാണെന്ന് പൂജയ്‌ക്ക് തോന്നി.
“എന്തു സംഭവിച്ചു? കാര്യമായ പ്രശ്നത്തിലാണെന്നു തോന്നുന്നു?” പൂജ രാജനോട് ചോദിച്ചു.
“കുറച്ച് പ്രശ്നമുണ്ട്. എന്‍റെ സെക്രട്ടറി ആത്മഹത്യ….” രാജൻ അർദ്ധോക്‌തിയിൽ നിർത്തി.
“എന്ത്?” പൂജ ഞെട്ടി.
”ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അവൾക്കെതിരെ ആരോ കമ്പനി ഡയറക്‌ടർക്ക് പരാതി നൽകി. അവൾ ഏറ്റവും ബഹുമാനിക്കുന്ന ആളുമായി ബന്ധപ്പെടുത്തിയാണ് പരാതി. എനിക്കതേക്കുറിച്ച് ആലോചിക്കുമ്പോഴേ അറപ്പ് തോന്നുന്നു. എന്നെ ചേർത്താണ് അവൾക്കെതിരെ പരാതിപ്പെട്ടിരിക്കുന്നത്…”
“പക്ഷേ, നിങ്ങൾ അവളുടെ കൂടെ….” പൂജയ്‌ക്ക് മുഴുമിപ്പിക്കാനായില്ല.
“ഒരു സുഹൃത്തിനെപ്പോലെ ഞാനവളോട് സംസാരിക്കാറുണ്ട്. അവൾക്ക് എന്നോട് വലിയ ആദരവാണ്. അഞ്‌ജലിയോട് എനിക്ക് സ്‌നേഹമുണ്ട്. രാഹുലിന്‍റെ ഭാര്യയായി വരുന്ന പെൺകുട്ടിയെ സ്‌നേഹിക്കുന്നതു പോലെ. എന്‍റെ അനുജത്തിയെപ്പോലെ… പക്ഷേ ലോകത്തിന്‍റെ അഴുക്കു നിറഞ്ഞ കണ്ണുകളിൽ ഞങ്ങൾ… എന്തിനേറെ, നിന്‍റെ ദൃഷ്‌ടിയിലും അങ്ങനെയേ തോന്നൂ. ചീത്ത പെൺകുട്ടിയാണെന്ന് സമൂഹം കരുതും. അവളില്ലാതായാലെങ്കിലും നിങ്ങളുടെയൊക്കെ സംശയം അകലുമല്ലോ…” രാജൻ പറഞ്ഞുകൊണ്ടിരുന്നു.
പിറ്റേന്നായപ്പോഴേയ്‌ക്കും പൂജയ്‌ക്ക് മനസ്സിലെ സംഘർഷം നിയന്ത്രിക്കാനായില്ല. രാഹുലിനെ കാണുന്നുമില്ല. അവളുടെ കണ്ണുകൾ ഉമ്മറപ്പടിയിൽ തന്നെയായിരുന്നു. രാഹുലിനെ ഇനി പ്രതീക്ഷിച്ചിട്ടും കാര്യമില്ല, അവൾ രാജന്‍റെ ഡയറി പരിശോധിച്ചു. ഭാഗ്യം, അഞ്‌ജലിയുടെ വിലാസമുണ്ട്. പൂജ ഉടനെ ടാക്‌സി വിളിച്ച് അഞ്‌ജലിയുടെ വീട്ടിലെത്തി.
“നീയെന്തിനാ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്?” അഞ്‌ജലിയെ കണ്ടയുടൻ പൂജ ആകാംക്ഷാഭരിതയായി.
“ചേച്ചി, ഞാൻ അങ്ങനെതന്നെ വിളിക്കട്ടെ.” അഞ്‌ജലി മടിച്ച് മടിച്ച് സംസാരിക്കാൻ തുടങ്ങി.
“എനിക്ക് രാജൻ സാറിനെ എത്ര ബഹുമാനമാണെന്നറിയാമോ! പക്ഷേ, ആരോ എന്നെക്കുറിച്ച് അപവാദം പറഞ്ഞിരിക്കുന്നു. അതും അദ്ദേഹത്തെ ചേർത്ത്.” അഞ്‌ജലി വിതുമ്പിക്കരഞ്ഞു.
“അതൊക്കെ മറന്നേക്കൂ അഞ്‌ജലി” പൂജ അവളെ സാന്ത്വനിപ്പിച്ചു.
“ഞാനെങ്ങനെ മറക്കും, ചേച്ചി. ഞാനിനി എങ്ങനെ ജീവിക്കും? എല്ലാം നഷ്‌ടപ്പെട്ടു. ഡോക്‌ടർമാർ എന്നെ എന്തിനാണ് രക്ഷിച്ചത്. എന്‍റെ ജോലി…” അഞ്‌ജലി വീണ്ടും കരയാൻ തുടങ്ങി.
“അഞ്‌ജലി, നിനക്ക് മറ്റൊരു ജോലി കിട്ടും. എല്ലാം ഞാൻ ശരിയാക്കിത്തരാം. രാജന് നല്ല പിടിപാടുണ്ട്. ഒന്നുമല്ലെങ്കിൽ കമ്പനി എംഡിയോട് സംസാരിക്കാൻ അദ്ദേഹത്തോടു പറയാം.”
“ഇല്ല ചേച്ചി, ഓഫീസിൽ ഞാൻ ഒത്തിരി അപമാനിക്കപ്പെട്ടിരിക്കുന്നു. ജോലി ചിലപ്പോൾ ചേച്ചിക്ക് ശരിയാക്കിത്തരാനാകും. പക്ഷേ എന്നെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണകൾ തിരുത്തപ്പെടുമോ? അപമാനത്തിന്‍റെ കരിനിഴലിൽ ഏകാകിയായി ഞാനീ ജീവിതം തള്ളിനീക്കേണ്ടി വരും.” അഞ്‌ജലി സങ്കടത്തോടെ പറഞ്ഞു.
“അഞ്‌ജലി, നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല.”
“എന്‍റെ വിവാഹ നിശ്ചയം മുടങ്ങി. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവർ ഈ ബന്ധം വേണ്ടെന്നു വച്ചു.”
“അഞ്‌ജലിയെന്തിനാ വിഷമിക്കുന്നത്. നീ ചെറുപ്പമാണ്. സുന്ദരിയാണ്. ആർക്കും നിന്നെ ഇഷ്‌ടമാകും. മറ്റൊരു വിവാഹത്തിന് ഇതൊന്നും തടസ്സമാകില്ല.” പൂജ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ചേച്ചിയുടെ കാഴ്‌ചപ്പാട് അതാകാം, പക്ഷേ എന്‍റെ കൈ പിടിക്കാൻ ആരു വരും? ഒരിക്കൽ വിവാഹം മുടങ്ങിയാൽ അതിന്‍റെ അപകീർത്തി ജീവിതം മുഴുവനുണ്ടാകും.”
“അങ്ങനെയൊന്നുമില്ല അഞ്‌ജലി.”
“അതേ ചേച്ചി, ഞാനൊന്നു ചോദിക്കട്ടെ, ചേച്ചിക്കൊരു സഹോദരനോ, ഭർതൃസഹോദരനോ ഉണ്ടെങ്കിൽ എന്നെപ്പോലൊരു പെൺകുട്ടിയുമായുള്ള ബന്ധത്തിനു സമ്മതിക്കുമോ? ഒരിക്കലുമില്ല. പറയാനെളുപ്പമാണ്.”
“എല്ലാം ശരിയാവും.” പൂജ എന്തോ നിശ്ചയിച്ച പോലെ പറഞ്ഞു.
ചേച്ചി എന്തൊക്കെയാ പറയുന്നത്? ഞാൻ അഞ്‌ജലിയെ വിവാഹം കഴിക്കണമെന്നോ? ഞാനിപ്പോൾ വിവാഹത്തിന് തയ്യാറല്ല.” രാഹുൽ വിവാഹത്തിന് പരിഭവം കാണിച്ചു.
“അഞ്‌ജലി നല്ല കുട്ടിയാണ് രാഹുൽ, നീയെന്നും ആഹ്ലാദത്തോടെ ജീവിക്കും.”
“ചേച്ചി, എനിക്ക് മറ്റു കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ. വിവാഹത്തിന് സമയമാകുമ്പോൾ ഞാൻ പെൺകുട്ടിയെ കണ്ടുപിടിച്ചോളാം. എനിക്കിഷ്‌ടപ്പെട്ട പെൺകുട്ടിക്കൊപ്പം ജീവിതമാരംഭിക്കാമല്ലോ?” രാഹുൽ പറഞ്ഞു.
“ശരി, പക്ഷേ അഞ്‌ജലിയെപ്പോലെ നല്ല പെൺകുട്ടിയെ നിനക്ക് വേറെ കിട്ടില്ല.”
“ഇന്നലെ വരെ ചേച്ചി ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്. പെട്ടെന്ന് എന്താ സംഭവിച്ചത്?” ഒന്നുമറിയാത്തവനെപ്പോലെ രാഹുൽ പെരുമാറി.
“ജീവിതത്തിൽ ചില കാര്യങ്ങൾ അങ്ങനെയാണ്. തീർത്തും ആകസ്‌മികമാകും. നീ ഞാൻ പറയുന്നത് അനുസരിക്കണം.” പൂജ തന്‍റെ തീരുമാനത്തിലുറച്ചു നിന്നു.
“ശരി, ഞാനൊന്നാലോചിക്കട്ടെ,
നാളെ രാവിലെ ഞാൻ മറുപടി നൽകാം. ചേച്ചി അഞ്‌ജലിയോട് വീട്ടിൽ വരാൻ പറയണം.” രാഹുൽ അറിയിച്ചു.
പിറ്റേന്നു രാവിലെ ഓഫീസിലെ പ്യൂൺ മണിയെ അവിചാരിതമായി വീട്ടിൽ കണ്ടപ്പോൾ രാഹുൽ പകച്ചു പോയി.
“നീയെന്താ ഇവിടെ? ചേട്ടൻ ഓഫീസിൽ പോയല്ലോ?”
“അറിയാം സാർ, രാജൻ സാർ മറന്നു പോയ ചില പേപ്പറുകൾ എടുക്കാൻ എന്നെ അയച്ചതാണ്” മണി പറഞ്ഞു.
“നീ കുഴപ്പമൊന്നുമുണ്ടാക്കരുത് കേട്ടോ?” രാഹുൽ ആശങ്കയോടെ ഓർമ്മിപ്പിച്ചു.
“ഇല്ല, അഭിനയിക്കാൻ എനിക്കു നല്ല വശമാണ്.” മണി രാഹുലിനെ സമാശ്വസിപ്പിച്ചു. മുൻ നിശ്ചയമനുസരിച്ച് അഞ്‌ജലി പിറ്റേദിവസം രാഹുലിന്‍റെ വീട്ടിലെത്തി. അവൻ രാവിലെ മുതൽ അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. പൂജ ഇരുവരേയും ഡൈനിംഗ് ടേബിളിനു സമീപത്തേക്ക് വിളിച്ചിരുത്തി.
“എന്താ ചേച്ചി? എന്തോ വിഷമം പോലെ” അഞ്‌ജലി പരിഭ്രമത്തോടെ ചോദിച്ചു.
“കാര്യങ്ങളൊക്കെ അങ്ങനെയാണ് അഞ്‌ജലി, നീ എന്നോട് ക്ഷമിക്കണം. നിന്നെ ഞാൻ തെറ്റിദ്ധരിച്ചു. കമ്പനിയുടെ എംഡിയോട് നിന്നെക്കുറിച്ച് അപവാദം പറഞ്ഞത് ഞാനാണ്” പൂജ പറഞ്ഞു.
“എന്ത്?” അഞ്‌ജലി ഞെട്ടൽ അഭിനയിച്ചു.
“സാരമില്ല ചേച്ചി, പ്രശ്നം പരിഹരിക്കാമെന്ന് ചേച്ചി പറഞ്ഞല്ലോ.”
“എനിക്ക് അതിനും കഴിയുന്നില്ല, രാഹുലിന് ഇഷ്‌ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുന്നത് വലിയ തെറ്റല്ലേ? ഇന്ന് ഞാൻ അഞ്‌ജലിയുടെ ജീവിതം നശിപ്പിച്ചു. ഇനി രാഹുലിന്‍റെ ഭാവി കൂടി ഇല്ലാതാക്കണോ?” പൂജ പറഞ്ഞു.
“അങ്ങനെ കരുതേണ്ട ചേച്ചി!” രാഹുലിന് എന്തൊക്കെയൊ പറയണമെന്ന് തോന്നി.
“അതേ, നീ എന്‍റെ ആവശ്യം അംഗീകരിക്കേണ്ട, ഞാൻ എന്‍റെ വാക്ക് പിൻവലിക്കുകയാണ്. രാഹുൽ, നിനക്ക് വലിയ ഭാവിയുണ്ട്. എന്‍റെ ഇടപെടലിൽ അതിന് തടസ്സമുണ്ടാകേണ്ട. അഞ്‌ജലി എന്നോട് ക്ഷമിക്കുക. നിനക്ക് ഒരു നല്ല ഭർത്താവിനെ താമസിയാതെ കിട്ടും. നീ ഇപ്പോൾ നാട്ടിലേക്കു പോകൂ” പൂജ പറഞ്ഞു.
“പക്ഷേ ചേച്ചി, സത്യമതാണ്…” കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞുവെന്ന് രാഹുലിന് ബോധ്യമായി. അവന് തുടർന്നു ഒന്നും പറയാനായില്ല.
“എന്തു പറ്റി അനിയാ, നിനക്ക് ഇഷ്‌ടമുള്ള കാര്യമല്ലേ ഞാൻ ചെയ്‌തത്? അതോ…”
“ചേച്ചി ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഞാൻ ഏറെ ആലോചിച്ചു. ചേച്ചിയുടെ തീരുമാനം അംഗീകരിക്കണമെന്ന് ഉറപ്പിക്കുകയും ചെയ്‌തു. അഞ്‌ജലിയുമായുള്ള വിവാഹത്തിന് ഞാൻ ഒരുക്കമാണ്. അവളുടെ ജീവിതം തകർന്നാൽ ചേച്ചിയാവും അതിനുത്തരവാദി. ആ വിഷമം ചേച്ചിക്കെന്നുമുണ്ടാകും.” രാഹുൽ വെപ്രാളമൊതുക്കിക്കൊണ്ട് പറഞ്ഞു.
“മിണ്ടാതിരിക്ക്, നിങ്ങളെല്ലാവരും കൂടി എന്നെ വിഡ്‌ഢിയാക്കാൻ ശ്രമിച്ചു. രണ്ടു വർഷമായി തുടങ്ങിയിട്ട്. എനിക്കൊരു സൂചനയും തരാതെ” പൂജ രാഹുലിനെ പരിഹസിച്ചു.
രാഹുൽ ശരിക്കും വിളറി.
“അപ്പോൾ ചേച്ചിയെല്ലാം അറിഞ്ഞു.”
“അതേ, മണി എന്നോട് എല്ലാം പറഞ്ഞു. ചേച്ചിയുടെ അരുമ അനിയനായി വളർന്നു. എന്നിട്ടാണിതെല്ലാം. ചേട്ടനിങ്ങ് വരട്ടെ.”
“പക്ഷേ ചേച്ചി, ആ സിക്‌ത് സെൻസ് എവിടെപ്പോയി? ഇവിടെയിരുന്ന് എല്ലാം മനസ്സിലാക്കുന്ന ആൾക്ക് ഇപ്രാവശ്യമെന്തു പറ്റി? ഒന്നുമില്ലെങ്കിൽ ചേച്ചിയുടെ മുത്തച്‌ഛന്‍റെ മുത്തച്‌ഛൻ ബി.എ. നേടിയ ആദ്യ ഇന്ത്യാക്കാരനായിരുന്നില്ലേ?” രാഹുലും തിരിച്ചടിച്ചു.
“നാവടക്കൂ, കെട്ടാൻ പോകുന്ന പെണ്ണിന്‍റെ മുമ്പിൽ വീട്ടിലെ കാര്യങ്ങൾ വിളമ്പാൻ നാണമില്ലേ? കല്യാണം കഴിയട്ടെ. രണ്ടിനേയും ഞാൻ നേർവഴിയ്‌ക്കു നടത്താം. ആർക്കും ഒരമളിയൊക്കെ പറ്റും. എങ്കിലും എന്‍റെ തോന്നലും സിക്‌ത് സെൻസും മറ്റുള്ളവരേക്കാൾ ഭേദമാണ്.”
അപ്പോഴാണ് പച്ചക്കറി കിറ്റുമായി മോനായിയുടെ വരവ്. “150 രൂപയ്‌ക്കും വാങ്ങി. കുറവുമില്ല, കൂടുതലുമില്ല” മോനായി പറഞ്ഞു.
“കൂടുതലും കുറവുമൊക്കെ അവിടെയിരിക്കട്ടെ, ഈ പച്ചക്കറി വാടിയതാണ്. രാത്രി മടങ്ങുമ്പോൾ ആ കടക്കാരൻ ബാക്കി വന്ന പച്ചക്കറി നിനക്കു തന്നിട്ടുണ്ടാകും. നീ വിചാരിക്കുന്നത്ര മണ്ടിയല്ല ഞാൻ. സത്യം പറഞ്ഞോ. നീ എത്ര രൂപ വെട്ടിച്ചു?” പൂജ ശകാരം തുടങ്ങി.
“പച്ചക്കറി ഞാനല്ല വാങ്ങിയത്. മാർക്കറ്റിനു പുറത്ത് സാറിനെ കണ്ടു. അദ്ദേഹമാണ് ഈ കിറ്റു തന്നു വിട്ടത്.” മോനായി പറഞ്ഞു.
”ചേച്ചി, പച്ചക്കറി മാർക്കറ്റിൽ ചേട്ടൻ പോയിട്ടുണ്ടെങ്കിൽ എന്തെങ്കിലും കാര്യമുണ്ടാകും. ആരാ കൂടെയുണ്ടായിരുന്നതെന്ന് ചോദിക്ക്.” രാഹുൽ
പെട്ടെന്ന് പറഞ്ഞു.
ഇതു കേട്ടതും പൂജയുടെ മുഖം മാറി.
“മോനായി, ഉള്ളതു പറഞ്ഞോ, സാറിന്‍റെ കൂടെ ആരാ ഉണ്ടായിരുന്നത്? മാർക്കറ്റിൽ സാറിനെന്താ കാര്യം.
പാവം മോനായി. അവൻ നിന്നു വിയർക്കാൻ തുടങ്ങി… രാഹുലും അഞ്‌ജലിയും പൊട്ടിവന്ന ചിരി ശ്രമപ്പെട്ട് ഒതുക്കി.