ശരീരാരോഗ്യം നിലനിർത്തുന്നതിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് മസാജിംഗ്. ശരീരത്തിനും മനസ്സിനും തളർച്ച തോന്നുമ്പോഴൊക്കെ ഉഗ്രനൊരു മസാജിംഗിലൂടെ നവോന്മേഷം വീണ്ടെടുക്കാം. ശരീരാരോഗ്യത്തിനുള്ള സിദ്ധൗഷധമാണ് മസാജിംഗ്. ഇപ്പോഴത്തെ ഹെൽത്ത് ട്രെന്‍റാണ് മസാജ് തെറാപ്പി.

ശിരസ്സിനുള്ള മസാജ്

ശിരസ്സിനുള്ള  മസാജിംഗിലൂടെ തലവേദനയ്ക്കും പിരിമുറുക്കത്തിനും ആശ്വാസം ലഭിക്കുന്നതിനൊപ്പം മുടി ഇടതൂർന്ന് വളരും. മുടിയിൽ എണ്ണ പുരട്ടി വിരലുകൾകൊണ്ട് പതിയെ അമർത്തി മസാജ് ചെയ്യുക. കഴുത്തിൽ വട്ടത്തിൽ ചലിപ്പിച്ച് മസാജ് ചെയ്ത് നെറ്റിത്തടത്തിലേക്ക് കൊണ്ടു വരിക.

നല്ല തിളക്കവും മൃദുത്വവുമുള്ള മുടിയ്‌ക്കായി ആഴ്‌ചയിൽ കുറഞ്ഞത് ഒരു തവണയെങ്കിലും ഇളം ചൂടുള്ള എണ്ണ കൊണ്ട് തലയിൽ മസാജ് ചെയ്യുക. അതു കഴിഞ്ഞ് ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ ടവൽ കൊണ്ട് തലയിൽ ആവി കൊള്ളിക്കുക. മുടിവേരുകൾക്കുള്ളിൽ എണ്ണ കടക്കാൻ ഇത് സഹായിക്കും. മസാജിനായി ഏതു തരം എണ്ണയും ഉപയോഗിക്കാം. അതുകഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് തല കഴുകാം.

കൈകൾക്കുള്ള മസാജ്

ജോലിയും കുളിയും കഴിഞ്ഞ ശേഷം കൈകളിൽ ക്രീമോ ബോഡി ലോഷനോ ദിവസവും പുരട്ടി മസാജ് ചെയ്യുക. ആഴ്‌ചയിലൊരു ദിവസം ഒലിവ് ഓയിൽ ചൂടാക്കി കൈകളിൽ പുരട്ടി മസാജ്‌ ചെയ്യുക. എണ്ണകൊണ്ട് മസാജ് ചെയ്യുന്ന സമയത്ത് ഒരു കയ്യെ മറ്റേ കൈകൊണ്ട് വലിക്കുക. കൈകളിലെ അസ്വസ്‌ഥതയകലും.

കഴുത്തിനുള്ള മസാജ്

കഴുത്തിലുള്ള ചുളിവുകൾ അകലാൻ മസാജ് ഏറ്റവും അനിവാര്യമാണ്. അതുകൊണ്ട് കുളി കഴിഞ്ഞശേഷം പതിവായി കഴുത്തിൽ മോയിസ്‌ചുറൈസർ ഉപയോഗിച്ച് മസാജ് ചെയ്യാം. കഴുത്തിന് പിന്നിലും താഴെയുള്ള കറുപ്പകറ്റാൻ ദിവസവും പച്ചപ്പാൽ ഉപയോഗിച്ച് മസാജ് ചെയ്യാം.

പാദങ്ങൾക്കുള്ള മസാജ്

ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടെങ്കിൽ അൽപം റോസ് വാട്ടറിൽ 5-6 തുള്ളി നാരങ്ങാനീരും ചേർത്ത് മസാജ് ചെയ്യുക. കടുകെണ്ണയിൽ അൽപം മഞ്ഞൾപ്പൊടി ചേർത്തും മസാജ് ചെയ്‌താൽ ഫലം കിട്ടും. രാത്രിയിൽ കിടക്കാൻ നേരത്ത് ഒലിവ് ഓയിൽ പുരട്ടി മസാജ് ചെയ്യാം.

പാദങ്ങൾ മസാജ് ചെയ്യുമ്പോൾ താഴെ നിന്ന് മുകളിലേക്ക് എന്ന വണ്ണം മസാജ് ചെയ്യുക. ഇപ്രകാരം ചെയ്‌താൽ രക്‌ത സഞ്ചാരം വർദ്ധിക്കുകയും ചർമ്മത്തിന്‍റെ വരൾച്ച മാറിക്കിട്ടുകയും ചെയ്യും.

പാദങ്ങളിലും തുടകളിലും വേദനയുള്ളപ്പോൾ ഏറ്റവുമാദ്യം പാദത്തിനടിയിൽ സമ്മർദ്ദം നൽകിക്കൊണ്ട് മസാജ് ചെയ്യാം. അതിനു ശേഷം മുട്ടുകൾക്ക് പിന്നിൽ വിരലുകൾ ഉപയോഗിച്ച് മസാജ് ചെയ്യാം. വേദനയകലും.

ഫെയ്‌സ് മസാജ്

മുഖചർമ്മം സുന്ദരമാക്കുന്നതിന് മസാജിംഗിനോളം മികച്ച മറ്റൊരു ഉപാധിയുമില്ല. പതിവായി മസാജിംഗ് ചെയ്‌താൽ ഫലം കുറച്ച് ദിവസത്തിനുള്ളിൽ തന്നെ പ്രകടമാവും. ക്രീമോ ലോഷനോ ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ വിരലുകൾ വട്ടത്തിൽ ചലിപ്പിച്ചുവേണം മസാജ് ചെയ്യാൻ. ഒപ്പം മസാജ് ചെയ്യുന്ന വേളയിൽ മുഖത്ത് അമിത സമ്മർദ്ദം നൽകുകയുമരുത്. ബദാം ഓയിലിൽ നാരങ്ങാനീര് ചേർത്ത് മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം മുഖം കഴുകുക. കണ്ണുകൾക്ക് അടിയിൽ പാടുകളുണ്ടെങ്കിൽ ഫ്രഷ് വെണ്ണ പുരട്ടി മൃദുവായി മുഖം തടവുക. തീർച്ചയായും നല്ല ഫലം ലഭിക്കും.

और कहानियां पढ़ने के लिए क्लिक करें...