ചിരിക്കുമ്പോൾ ചുവന്നു തുടുക്കുന്ന ആപ്പിൾ കവിളിൽ രണ്ട് ചുഴി മലരുകൾ തെളിഞ്ഞാൽ… സൗന്ദര്യ സങ്കൽപങ്ങളിൽ നുണക്കുഴി കവിളുകൾക്ക് ഒടുങ്ങാത്ത വശ്യതയുണ്ട് അന്നും ഇന്നും. ഓരോരുത്തർക്ക് പ്രകൃതി നൽകുന്ന ഭാഗ്യം അല്ലേ എന്നോർത്ത് നിരാശപ്പെടേണ്ട. നിങ്ങൾക്കും കവിളിൽ നുണക്കുഴി വിരിയിക്കാൻ വഴിയുണ്ടെന്നേ… ഒരു കോസ്മറ്റിക് സർജനെ കണ്ടു നോക്കൂ, സംഗതി നിഷ്പ്രയാസം. ഇനി നിങ്ങളെ കാണുമ്പോഴും ആരാധകർ പാടും നുണക്കുഴിക്കവിളിൽ… നഖചിത്രംമെഴുതും…
മുംബൈയിലെ ബഥനി ആശുപത്രിയിലെ ഡോ. നാഗേശ്വരി റാവുവിനെ കാണാൻ മുപ്പത്തിയഞ്ചുകാരിയായ ഒരു വീട്ടമ്മ എത്തിയത് രസകരമായ ഒരാവശ്യവുമായിട്ടായിരുന്നു. വിദേശത്തു നിന്ന് അവധിക്ക് വരുന്ന ഭർത്താവിന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകണം. അതിന് കവിളിൽ നുണക്കുഴി വിരിയിക്കണം.
എന്താ ഇപ്പോൾ നിങ്ങൾക്കും ചില ഐഡിയാസ് വരുന്നുണ്ടോ? ഗേൾസ് പുതിയ പുളിങ്കൊമ്പ് പിടിച്ച ബോയ്ഫ്രണ്ടിനെ ഒന്നു ഞെട്ടിക്കണം. കൈവിട്ടു പോയ ബ്യൂട്ടി പേജന്‍റിൽ കയറിപ്പറ്റണം. മോഡൽ ആകണം ഇങ്ങനെ പലതും. എങ്കിൽ നുണക്കുഴിയെപ്പറ്റി ചില കാര്യങ്ങൾ അറിഞ്ഞു വച്ചോളൂ…
യഥാർത്ഥത്തിൽ നിങ്ങൾക്ക് നുണക്കുഴി എന്താണെന്നറിയാമോ?
കവിളിലെ മാംസപേശികളിലൊന്ന് കുറയുമ്പോഴാണ് നുണക്കുഴി ഉണ്ടാകുന്നത്. വശ്യസൗന്ദര്യത്തിന്‍റെ അടയാളമായി സൗന്ദര്യത്തിന്‍റെ പ്രതീകമായി കണക്കാക്കുമ്പോലെയല്ല, ഇത് ഒരു ശാരീരിക വൈകല്യമാണ്.
എന്തായാലും നുണക്കുഴി വിരിയിക്കാൻ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് മുന്നിൽ. ബിഗ് സ്ക്രീൻ തന്നെ പരിശോധിച്ചോളൂ. നുണക്കുഴി സൗന്ദര്യം വിരിയിച്ച് നിൽക്കുന്ന കുറേ സുന്ദരിമാരുണ്ട്. പ്രീതി സിന്‍റ, ദീപികാ പദുകോൺ, ബിപാഷ ബസു, പ്രാചി ദേശായി, ആലിയ ഭട്ട്, സുസ്മിത സെൻ എന്നിവരുടെ ചിരിയ്ക്കു പിന്നിലെ വശ്യത മറ്റൊന്നുമല്ല. അവരുടെ നുണക്കുഴി തന്നെ. ഇനി പുരുഷന്മാരും പിന്നിലല്ല കേട്ടോ. സൂപ്പർ സ്റ്റാർ ഷാരുഖ് ഖാൻ, ജോൺ എബ്രഹാം, അർജുൻ രാംപാൽ, ഡിനോ മാരിയോ, അഭയ് ഡിയോൾ… ഓർമ്മിച്ചു നോക്കൂ. നുണക്കുഴി വിരിയുന്ന കവിളുകൾ ഇനിയുമുണ്ട്. ആ നുണക്കുഴി ചിരികൾ നമ്മെ ഭ്രമിപ്പിച്ചിട്ടുമുണ്ട്. സൗന്ദര്യവും വശ്യതയും വർദ്ധിപ്പിക്കാനായി കോസ്മറ്റിക് സർജറിയിലൂടെ നുണക്കുഴി വിരിയിക്കുന്നതെങ്ങനെയെന്നോ? ഡോ.നാഗേശ്വരി പറയുന്നത് കേൾക്കൂ.
നുണക്കുഴി ഉണ്ടാക്കുന്നത് ഒരു മൈനർ സർജറിയിലൂടെയാണ്. നുണക്കുഴി എവിടെ വേണം എന്ന് നിങ്ങൾക്ക് സ്വയം പറഞ്ഞു കൊടുക്കാം. അതല്ലെങ്കിൽ ഡോക്ടർ തീരുമാനിക്കും. കണ്ണിന്‍റെ തുമ്പത്തു നിന്ന് കവിളിലേക്ക് കീഴ്പോട്ട് ഒരു രേഖ വരച്ച് ചുണ്ടിന്‍റെ നേരെ വച്ച് നിർത്തുക. മിക്കവാറും അവിടെയായിരിക്കും നിങ്ങളുടെ ഡിംപിൾ സ്പോട്ട്. ഇനി കവിളിൽ ഗോളാകൃതിയിലോ, ലംബാകൃതിയിലോ അതങ്ങ് പതിപ്പിച്ചോളൂ.
ഔസർ കോർ വയോപ്സി നീഡിൽ ഉപയോഗിച്ച് വായയുടെ അകത്ത് ഇരുഭാഗത്തായി 0.5 മില്ലിമീറ്റർ അല്ലെങ്കിൽ 0.7 മില്ലിമീറ്റർ അളവിൽ മുറിവുണ്ടാക്കി മസിലിന് അയവ് കൊടുക്കുന്നതാണ് ശസ്ത്രക്രിയ. ഒരു മണിക്കൂർ കൊണ്ട് രണ്ടു ഭാഗത്തേയും നുണക്കുഴി സൃഷ്ടിക്കാം. ലോക്കൽ അനസ്തേഷ്യ നൽകിയാണ് സർജറി ചെയ്യുക. ഉറങ്ങാനും മരുന്ന് നൽകും. ഓർമ്മിക്കുക, സർജറി കഴിഞ്ഞാൽ ഏതാനും ദിവസത്തേക്ക് ഈ നുണക്കുഴികൾ എപ്പോഴും കാണും. സർജറി കഴിഞ്ഞാൽ ആന്‍റിബയോട്ടിക്കും വേദന സംഹാരിയും കഴിക്കേണ്ടി വരും. ഒരു നുണക്കുഴി ഉണ്ടാക്കാൻ 15000 മുതൽ 20000 രൂപ വരെ ചെലവാകും.
18 വയസ്സു പൂർത്തിയായ ആർക്കും ഈ സർജറി ചെയ്യാം. നുണക്കുഴി കൊണ്ട് സൗന്ദര്യം വർദ്ധിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും ചെയ്യാവുന്ന, പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടേണ്ടാത്ത സർജറിയാണിത്. എന്നാൽ എന്തെങ്കിലും രോഗങ്ങളുള്ളവർ അക്കാര്യം മുൻകൂട്ടി ഡോക്ടറോട് പറയേണ്ടതാണ്. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ വളരെ വിദഗ്ദ്ധനായ കോസ്മറ്റിക് സർജന്‍റെ മേൽ നേട്ടത്തിൽ മാത്രം സർജറി ചെയ്യുക. വീട്ടിൽ ചെന്നാലും രണ്ടാഴ്ച, വളരെ ശുചിയായി മുറിവ് ഉണങ്ങാൻ അനുവദിക്കണം. മൂന്നാഴ്ചക്കുള്ളിൽ നിങ്ങൾക്കും കിട്ടും ആരെയും കൊതിപ്പിക്കുന്ന നുണക്കുഴി പുഞ്ചിരി.