എപ്പോൾ നോക്കിയാലും ഇങ്ങനെ കുത്തിക്കൊണ്ടിരുന്നോ? നിനക്കൊന്നും ഒരു പണിയുമില്ലേ? ഫോണിലോ കമ്പ്യൂട്ടറിലോ ഗെയിം കളിക്കുമ്പോൾ നിങ്ങൾ ഈ ശകാരം കേട്ടിട്ടുണ്ടാവാം. അതല്ലെങ്കിൽ ഇതേ ശകാരം നിങ്ങൾ പറഞ്ഞിട്ടുണ്ടാവാം. രണ്ടായാലും ഒരു കാര്യം ശ്രദ്ധിക്കൂ. ഗെയിം കളിക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല. ഗെയിം കളിക്കുമ്പോൾ സംഭവിക്കുന്ന നല്ല മാറ്റങ്ങളെ കുറിച്ച് ഇന്നു തന്നെ മനസ്സിലാക്കൂ. എന്നിട്ട് ശകാരങ്ങളെ സ്നേഹം കൊണ്ടും ഗെയിം കൊണ്ടും കീഴടക്കൂ.
ബുദ്ധി വർദ്ധിപ്പിക്കും
ഗെയിം കളിക്കുന്നവർ വെറുതെ സമയം നഷ്‌ടപ്പെടുത്തുകയാണെന്ന ഗെയിം വിരുദ്ധരുടെ പരിഹാസങ്ങളെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പരീക്ഷണങ്ങൾ തള്ളിക്കളയുന്നു. ഗെയിമിംഗ് യഥാർത്ഥത്തിൽ നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും കൃത്യത വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ടത്രേ.
കണ്ണ്- കൈ ബന്ധം
ആയുധം കൈകാര്യം ചെയ്യുന്നതോ, ഓടുന്നതോ, നടക്കുന്നതോ, ഏതെങ്കിലും ബിന്ദുവിനെ ലക്ഷ്യമിട്ടോ ഉള്ള ഗെയിമുകൾ കളിക്കാൻ കണ്ണും കൈയും തമ്മിൽ നല്ല ബന്ധം ഉണ്ടാകേണ്ടതുണ്ട്. ഗെയിമിലെ കഥാപാത്രവുമായി സ്വന്തം തലച്ചോർ പ്രവർത്തനം താദാത്മ്യപ്പെട്ട് വേണം കളിയിലേർപ്പെടാൻ. യഥാർത്ഥ ജീവിതത്തിൽ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ കണ്ണിന്‍റെ പ്രവർത്തനം ഊർജ്‌ജിതമാക്കാൻ പറ്റും. ഗെയിം കളിക്കുന്നവർക്ക് സർജിക്കൽ സ്കിൽ വർദ്ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടർ, എഞ്ചിനീയർ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് ഗുണം ചെയ്യും.
മെച്ചപ്പെട്ട ആരോഗ്യം
ഗെയിം കളിക്കുന്നവർ ഉരുളക്കിഴങ്ങ് ഫ്രൈ തീറ്റക്കാർ മാത്രമാണെന്നും അവർ വ്യായാമം മറക്കുമെന്നും പറയാൻ വരട്ടെ. മോഷൻ സെൻസർ ഗെയിമുകളുടെ കാലമാണിത്. ഡാൻസ് സെൻട്രൽ തുടങ്ങിയ ബോഡി ഇന്‍ററാക്‌ടീവ് ഗെയിമുകൾ കളിക്കുമ്പോൾ നിങ്ങളും ഡാൻസ് ചെയ്യേണ്ടി വരും. കുതിര ഓട്ടം, അമ്പെയ്ത് പോലുള്ള ഗെയിമുകളിലും അതു പോലെ കാണിക്കേണ്ടി വരും. മുറിക്കുള്ളിലിരുന്ന് സ്വസ്ഥമായി ഗെയിം കളിക്കാം, ഒപ്പം വ്യായാമം ചെയ്യുകയുമാവാം. ചലനത്തെ അടിസ്‌ഥാനപ്പെടുത്തി രൂപീകരിച്ച മോഷൻ സെൻസർ ഗെയിമുകൾ ഒന്നിൽ കൂടുതൽ ആളുകൾക്കായി ഡിസൈൻ ചെയ്യപ്പെട്ടവയാണ്. ഒരു മടിയൻ ഗെയിമർ എന്ന ലേബലിൽ നിന്ന് ഊർജ്‌ജസ്വലനായ കളിക്കാരൻ എന്ന നിലയിലേക്ക് ഇത്തരം ഗെയിമുകൾ നിങ്ങളെ മാറ്റിയെടുക്കുക തന്നെ ചെയ്യും.
ശ്രദ്ധ വർദ്ധിപ്പിക്കുന്നു
ബുദ്ധി വൈകല്യമുള്ള കുട്ടികളെ ഗെയിം കളിക്കാൻ പ്രേരിപ്പിക്കണമെന്നാണ് അപ്പലാച്ചിയ എജ്യുക്കേഷണൽ ലബോറട്ടറിയിലെ ഗവേഷകർ നിർദ്ദേശിക്കുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇതിലൂടെ കൂടുതൽ മെച്ചപ്പെടുന്നു. മോഷൻ സെൻസർ ഗെയിമുകൾ തന്നെയാണ് ഇവിടെയും ഏറ്റവും ഗുണം ചെയ്യുന്നത്.
പ്രശ്ന പരിഹാരം
ആംഗ്രി ബേഡ്, കാൻഡി ക്രഷ്, 2048 തുടങ്ങിയ ഗെയിമുകൾ കളിക്കുന്നുണ്ടോ നിങ്ങൾ? വളരെ ഫണ്ണിയായി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ഇതിലൂടെ ലഭിച്ചേക്കാം. പ്രത്യേക സാഹചര്യങ്ങളെ നേരിടാനോ, പാറ്റേൺ മനസ്സിലാക്കാനോ ഉള്ള ഗെയിമുകൾ വെല്ലുവിളികളോട് എങ്ങനെ പ്രതികരിക്കണമെന്നതിന് മാർഗ്ഗ നിർദ്ദേശം നൽകും. സാങ്കല്പികമായ സാഹചര്യങ്ങളിൽ നാം സ്വയം ചെന്നു പെടുകയും അതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ ബുദ്ധിയിൽ തെരയുകയും ചെയ്യുന്ന ഗെയിമുകളിലൂടെ സ്വന്തം തലച്ചോറിന് നല്ലൊരു പരിശീലനമാണ് ലഭിക്കുന്നത്. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും പ്രോബ്ലം സോൾവിംഗ് ഗെയിമുകൾ നല്ലതു തന്നെ. സ്‌റ്റാർ ക്രാഫ്റ്റ്, കട്ട് ദി റോപ്പ് തുടങ്ങിയ ഗെയിമുകൾ മുതിർന്നവർക്ക് കളിക്കാൻ പറ്റിയവയാണ്.
നിർദ്ദേശങ്ങൾ പിന്തുടരാനുള്ള ശീലം
ഏതു രംഗത്തും വിജയത്തിലേക്ക് എത്തണമെങ്കിൽ റിബൽ ആയിരുന്നിട്ട് കാര്യമില്ല എന്നറിയാമല്ലോ. മേലധികാരിയുടെ അല്ലെങ്കിൽ സാഹചര്യത്തിന്‍റെ പോലും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചെങ്കിലേ മുന്നോട്ടു പോകാൻ സാധിക്കൂ. ഇത്തരം ആശയ വിനിമയത്തിലൂടെ മാത്രം മുന്നേറുന്ന ഗെയിമുകൾ പരസ്‌പര ധാരണയുടെയും പൊരുത്തപ്പെടലിന്‍റെയും അനുസരണയുടെയും പാഠങ്ങൾ പഠിപ്പിക്കുന്നു. ഒരു ടീമിൽ നിർദ്ദേശങ്ങൾ പാലിച്ച് കളിക്കേണ്ടതിന്‍റെ ആവശ്യകതയും മനസ്സിലാക്കിക്കുന്നു. ഒരു പ്രമോഷനിലേ്‌ക്ക് വരെ നയിച്ചേക്കാവുന്ന ഗെയിമുകളും ഉണ്ടെന്ന് അറിയൂ.
മൾട്ടി ടാസ്കർ
രണ്ട് സ്റ്റൗവ്വിൽ പാചകം ചെയ്യാൻ, നടക്കുന്നതിനിടെ മെസേജ് അയക്കാൻ ഒക്കെ നിങ്ങൾക്ക് പ്രയാസം തോന്നാറുണ്ടോ? അതായത് ഒരേ സമയം രണ്ട് കാര്യങ്ങളെങ്കിലും ചെയ്യാൻ കഴിയുന്ന മൾട്ടിടാസ്കർ ആവണമെന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ ഗെയിമുകളെ കൂട്ടുപിടിച്ചോളു. മൈ ഫസ്റ്റ് റസ്റ്റോറന്‍റ് പോലുള്ള ഗെയിമുകളാണെങ്കിൽ വളരെ ഉത്തമം. എവിടെ ഇരിക്കണം, ഭക്ഷണം വിളമ്പാം, വൃത്തിയാക്കണം, പാചകം ചെയ്യണം എന്നിവയൊക്കെ മനസ്സിലാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്തു തീർക്കുന്നവരാണ് ഈ ഗെയിമിലെ വിജയി. ശരിക്കും ഒരു മൾട്ടിടാസ്കർ ആകാൻ ഇത് നിങ്ങളെ സഹായിക്കും.
സ്വന്തം കാലിൽ നിൽക്കണോ?
യുദ്ധ സമാനമായ ആക്ഷൻ രംഗങ്ങൾ ഉള്ള ഗെയിമുകൾ കളിക്കുന്നതും അതിലെ വ്യത്യസ്തമായ സാഹചര്യങ്ങൾ നേരിടുന്നതും യഥാർത്ഥ ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യപൂർവം അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ നടത്തിയ ഗവേഷണങ്ങൾ പറയുന്നത്. മുൻകൂട്ടി തയ്യാറെടുക്കാതെ തന്നെ സാഹചര്യങ്ങളെ വിലയിരുത്താനുള്ള മാനസികനില സൃഷ്ടിക്കാൻ ഗെയിം സഹായിക്കുന്നു. സമ്മർദ്ദത്തിനിടയിലും തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇവ ഒരു വ്യക്‌തിയെ സഹായിക്കുമത്രേ.
ദേഷ്യത്തിന് മരുന്ന്
വീട്ടുകാരും, കൂട്ടുകാരും ഒരേ സ്വരത്തിൽ അക്കാര്യം പറയാറുണ്ടോ നിങ്ങളോട്? ദേഷ്യം നിയന്ത്രിക്കാൻ എന്തെങ്കിലും ചികിത്സ തേടിക്കൊള്ളൂ എന്ന്! എന്നാൽ മടിക്കേണ്ട വീഡിയോ ഗെയിം നല്ല മരുന്നാണ്. ഗുസ്തി, മത്സരങ്ങൾ പോലുള്ള വീഡിയോ ഗെയിമുകൾ കളിച്ച് നിങ്ങൾക്ക് സ്വന്തം ദേഷ്യം പ്രകടിപ്പിച്ചു തീർക്കും. ശരിക്കും റിലാക്സ്ഡ് ആവും. യഥാർത്ഥത്തിൽ അടി കൂടുന്ന പ്രതീതി ഉള്ളവാക്കുന്ന മോഷൻ സെൻസർ ഗെയിമുകളാണ് കൂടുതൽ നല്ലത്. ബോക്സിംഗ് ഇഷ്‌ടമല്ലെങ്കിൽ റോഡ് റേസ് എടുക്കാം. ദേഷ്യം മുഴുവൻ ഒട്ടും ദോഷമില്ലാത്ത ഇത്തരം വേദികളിൽ പ്രകടിപ്പിച്ചു വിടാം.
സാമൂഹ്യ ബന്ധം വളർത്താം
നാലു ചുവരുകൾക്കുള്ളിൽ ചിപ്സും കൊറിച്ച് ഗെയിം കളിക്കുന്ന ഇൻട്രോ വെർട്ടുകളുടെ കാലമല്ല ഇത്. മൾട്ടിപ്ലെയർ ഗെയിമുകൾ ഓൺലൈൻ ഗെയിമുകൾ. ഇങ്ങനെയുള്ള സൗകര്യങ്ങളിൽ ഇന്ന് ഒന്നിലധികം പേർക്ക്, പല രാജ്യങ്ങളിലുള്ളവർക്ക് ഒരുമിച്ച് കളിക്കാൻ കഴിയും. ഗെയിമുകളുടെ ലോകം വളരെ വിശാലമായിരിക്കുന്നു. അത് കളിക്കുന്നവരുടെയും പല നാടുകളിൽ നിന്നുള്ള ഗെയിം പ്ലെയേഴസ് ഒരുമിച്ചുക്കൂടി തങ്ങളുടെ പ്രിയപ്പെട്ട കളി വിശേഷങ്ങൾ പങ്കുവയ്‌ക്കാൻ വരെ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ മനസ്സിലായില്ലേ. ഗെയിം നിങ്ങൾ കണക്കാക്കും പോലെ വെറും ഗെയിം അല്ല, എന്ന്!