ഗോവയിലേക്ക് നമ്മൾ എസ്കർഷൻ പോകുന്നു. എത്ര രസമായിരിക്കും അല്ലേ?” – സുനിതയുടെ വാക്കുകളിൽ സന്തോഷം തുളുമ്പിനിന്നു.
“നീ വരില്ലേ? എന്തായാലും വരണം. നമ്മുടെ മീനാക്ഷിമാഡവും കൂടെ വരുന്നുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ല”- രോഹിണി അതു കേട്ട് പുഞ്ചിരിച്ചു.
“ശരി, ഞാൻ അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കാം, പോരേ? എനിക്ക് ഗോവയിലെ ബീച്ച് കാണാൻ വളരെ ആഗ്രഹമുണ്ട്. അവിടെ കടൽത്തീരത്തിരുന്നു കൊണ്ട് സൂര്യാസ്തമയം കാണണം. പിന്നെ അവിടെ പുരാതനമായ ചില ചർച്ചുകളും മറ്റുമുണ്ടെന്നു കേട്ടിട്ടുണ്ട്. അവയെല്ലാം നമുക്കു കാണാം.”
മംഗലാപുരത്തെ സെന്‍റ് മേരിസ് വിമൻസ് കോളേജിലെ വിദ്യാർത്ഥിനികളാണ് സുനിതയും രോഹിണിയും. കൂട്ടുകാരോടൊപ്പം അവർ ഗോവയിലേക്ക് എസ്കർഷനു പുറപ്പെട്ടു. അദ്ധ്യാപികയായ മീനാക്ഷിയും കൂടെയുണ്ടായിരുന്നു. ബസ്സിൽ പാട്ടും ചിരിയും ബഹളവുമെല്ലാമായി ആഹ്ലാദഭരിതമായ അന്തരീക്ഷം. സുനിതയും രോഹിണിയും തങ്ങൾ ഗോവയിൽ കാണാൻ പോകുന്ന സ്‌ഥലങ്ങളെക്കുറിച്ചും ബീച്ചുകളെക്കുറിച്ചും ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്നു.
തനിക്കറിയാമോ, അഭിഷേക് ബച്ചൻ പോലീസ് ഇൻസ്പെക്ടറായി അഭിനയിച്ച ദം മാരോ ദം എന്ന ഹിന്ദി സിനിമ മുഴുവനും ഗോവയിലാണ് ഷൂട്ട് ചെയ്തത്. എത്ര ഭംഗിയുള്ള സ്‌ഥലമാണ് ഗോവ! പക്ഷേ, ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെക്കുറിച്ചും ഗുണ്ടകളെക്കുറിച്ചും കാണിച്ചത് കണ്ടപ്പോൾ എനിക്ക് പേടി തോന്നിയിരുന്നു” സുനിത പറഞ്ഞു.
“നമുക്കെന്താ? ഗോവയിൽ അൽപം മോഡേണായ ജീവിതം തന്നെ. അതിന് നമ്മളെന്തിന് വിഷമിക്കുന്നു? ഭംഗിയുള്ള ബീച്ചുകളും പുരാതനമായ പള്ളികളും കണ്ട് അൽപം ഷോപ്പിങ്ങും നടത്തി നമ്മൾ തിരിച്ചുവരും. അല്ലാതെന്താ?” രോഹിണി മറുപടി പറഞ്ഞു.
സന്ധ്യയായപ്പോഴേക്കും അവർ ഗോവയിലെത്തി. അന്നു രാത്രി അവിടെത്തന്നെയുള്ള ഒരു കോളേജിലെ ഹാളിൽ താമസ സൗകര്യം ചെയ്‌തിരുന്നു. അടുത്ത ദിവസം ബ്രേക്ഫാസ്റ്റിനു ശേഷം അവർ സ്‌ഥലങ്ങൾ കാണാൻ പുറപ്പെട്ടു.
ഗോവയിലെ അതിപുരാതനമായ പള്ളികളും അമ്പലങ്ങളും ജയിലും മറ്റു സ്ഥലങ്ങളും കണ്ടതിനു ശേഷം അവർ ചില ബിച്ചുകൾ സന്ദർശിച്ചു. അതിനിടയിൽ ഷോപ്പിങ്ങും നടത്തി. ഗോവ സന്ദർശനത്തിന്‍റെ ഓർമ്മയ്‌ക്കായി ശംഖു കൊണ്ടുള്ള മാലകളും മറ്റു കൗതുക വസ്‌തുക്കളും ഗോവൻ സ്ത്രീകൾ ധരിക്കുന്ന വർണ്ണശബളമായ ഫ്രോക്ക്, പാവാട, ഹാറ്റ് (തൊപ്പി) എന്നിവയും വാങ്ങി.
“ഇവിടത്തെ പ്രസിദ്ധമായ ഒരു ബീച്ചാണ് ഡോണാപൗലാ ബീച്ച്. അവിടെ നമുക്ക് വൈകുന്നേരം പോകാം.” എന്ന് ടൂറിസ്‌റ്റ് ഗൈഡ് പറഞ്ഞു.
രോഹിണിക്കു സന്തോഷമായി. വൈകുന്നേരം ബീച്ചിലിരുന്നു കൊണ്ട് സൂര്യാസ്തമയം കാണാം. തിരമാലകളോടൊപ്പം കളിക്കുകയും ചെയ്യാമല്ലോ.
“സുനീ, നമുക്ക് ഡോണാപൗലാ ബീച്ചിൽ വച്ച് കുറേ ഫോട്ടോകൾ എടുക്കണം, കോട്ടോ” അവൾ സുനിതയോടു പറഞ്ഞു.
സന്ധ്യയായതോടെ അവർ ഡോണാ പൗലാ ബീച്ചിലെത്തി. മനോഹരമായ കടൽത്തീരം. അസ്തമയ സൂര്യൻ കുങ്കുമം വാരിവിതറിയ സന്ധ്യ. തിരമാലകൾ ഓടിയെത്തി തഴുകുന്ന പാറക്കെട്ടുകൾ. കുളിർമ്മയുള്ള കടൽക്കാറ്റ്. രോഹിണിക്ക് ആ ബീച്ചിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. അവിടെ ടൂറിസ്‌റ്റുകളുടെ നല്ല തിരക്കുണ്ടായിരുന്നു. പടികൾ കയറിച്ചെന്ന് ഏറ്റവും മുകളിലെ മണ്ഡപത്തിൽ നിന്നു കൊണ്ട് അവർ ബീച്ചിന്‍റെ ഭംഗിയാസ്വദിച്ചു. കടൽത്തീരത്ത് ഒരു പുരുഷന്‍റെയും ഒരു സ്ത്രീയുടെയും പ്രതിമകൾ ഉണ്ടാക്കി വച്ചത് അവരുടെ ശ്രദ്ധയാകർഷിച്ചു. പക്ഷേ, രണ്ടു പ്രതിമകളും വിപരീത ദിശയിലാണ് സ്‌ഥാപിച്ചിരിക്കുന്നത്.
“ഈ ബീച്ചിന് ഡോണാപൗലാ ബീച്ച് എന്നു പേരുവരാൻ കാരണം പണ്ടിവിടെ താമസിച്ചിരുന്ന ഡോണാപൗലാ എന്ന പെൺകുട്ടിയാണ്. അവൾക്കിഷ്‌ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചു കൊടുക്കാൻ വീട്ടുകാർ സമ്മതിക്കാതിരുന്നതുകൊണ്ട് ഈ പാറക്കെട്ടിനു മുകളിൽ നിന്ന് കടലിലേക്കു ചാടി അവൾ ആത്മഹത്യ ചെയ്‌തു. ഇന്ന് നിലാവുള്ള രാത്രിയാണല്ലോ. പൗർണ്ണമി രാത്രികളിൽ ഡോണയുടെ പ്രേതത്തിനെ കാണാനാണ് ഇന്നിത്രയും ജനങ്ങൾ ഈ ബീച്ചിൽ വന്നിരിക്കുന്നത്. എത്ര പേർ ഡോണയുടെ പ്രേതത്തിനെ കണ്ടിട്ടുണ്ട് എന്നു പറയാൻ കഴിയില്ല. പക്ഷേ, ഗോവക്കാരുടെ വിശ്വാസം അവൾ തീർച്ചയായും വരുമെന്നാണ്” രോഹിണി ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു. ടൂറിസ്‌റ്റ് ഗൈഡിന്‍റെ വാക്കുകൾ അവളിൽ കൗതുകമുണർത്തി.
“എനിക്കു പേടിയാവുന്നു രോഹിണീ, ശരിക്കും പ്രേതം വന്നാലോ? നമ്മളെന്തു ചെയ്യും?” സുനിത അവളുടെ കൈയിൽ മുറുക്കെപ്പിടിച്ചു.
എന്തിനാ സുനീ പേടിക്കുന്നത്? ശരിക്കും ഡോണ പ്രേതമായി വരുന്നുണ്ടെങ്കിൽത്തന്നെ അവൾ നമ്മളെയൊന്നും ചെയ്യില്ല. അവളും നമ്മളെപ്പോലെ ഒരു പെൺകുട്ടിയായിരുന്നില്ലേ? രോഹിണി സുനിതയുടെ ചെവിയിൽ മന്ത്രിച്ചു.
കുറേനേരം ബീച്ചിൽ കഴിച്ചു കൂട്ടിയശേഷം ടൂറിസ്‌റ്റുകൾ മടങ്ങിപ്പോകാൻ തുടങ്ങി.
“കുട്ടികളേ, നമുക്കു പോകാം. നിങ്ങൾ ഇത്തരം നുണക്കഥകൾ കേട്ടു വിശ്വസിക്കേണ്ട. പ്രേതമൊന്നും വരാൻ പോകുന്നില്ല” അദ്ധ്യാപികയുടെ വാക്കുകളനുസരിച്ച് വിദ്യാർത്ഥിനികൾ തിരിച്ചു പോവാനൊരുങ്ങി.
വത്സലയോടു സംസാരിച്ചു കൊണ്ട് സുനിത മുമ്പിൽ നടന്നപ്പോൾ രോഹിണി അൽപം പുറകിലായി. ഗോവയോടു വിടപറയും മുൻപേ സുന്ദരമായ ഈ ഡോണാപൗലാ ബീച്ച് ഒന്നുകൂടി കാണണമെന്ന് അവൾക്കു തോന്നി. വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ അവള്‍ ആശ്ചര്യചകിതയായി നിന്നു പോയി.
നിലാവിന്‍റെ വെള്ളപ്പട്ടണിഞ്ഞ ശരത്കാലരാത്രി. തിരകളിൽ വെള്ളിക്കൊലുസ്സുകളണിയിക്കുന്ന പൂനിലാവ്. ദൂരെ കടലിലെ തിരമാലകളിൽ നിന്ന് ഉയർന്നു വരുന്ന ഒരു സ്ത്രീരൂപം! അതീവ സുന്ദരിയായ ആ സ്ത്രീരൂപം ഭംഗിയുള്ള ഒരു മുത്തു മാലയണിഞ്ഞിരുന്നു. കുളിർകാറ്റ് ഓടിയെത്തി തഴുകിയപ്പോൾ ആ മാസ്മരദൃശ്യത്തിൽ സ്വയം മറന്നു കൊണ്ട് രോഹിണി നിന്നു. അത്… ഡോണയുടെ ആത്മാവല്ലേ…? അവൾ ഭയവും ഉത്ക്കണഠയും കൊണ്ട് വിയർത്തു കുളിച്ചു. തന്നെ മാടിവിളിക്കുന്ന ആ സ്ത്രീ രൂപം കടൽക്കരയോട് അടുത്തെത്തുന്നത് അവൾ നോക്കി നിന്നു. വശ്യതയുള്ള ആ പുഞ്ചിരിയുടെ മാന്ത്രികമായ ആകർഷണവലയത്തിൽപ്പെട്ട് അവൾ കടൽത്തീരത്തെ കൊച്ചു തിരമാലകളിലേക്കിറങ്ങിച്ചെന്നു.
“രോഹിണി, നിനക്കെന്നെ മനസ്സിലായി അല്ലേ? ഇത് ഞാൻ തന്നെയാണ്, ഡോണ!” അവളുടെ അടുത്തെത്തിയ ആ സ്ത്രീരൂപം പറഞ്ഞു. ഒരു സ്വപ്നാടകയെപ്പോലെ, അജ്ഞാതമായ ഏതോ പ്രേരണയ്‌ക്കു വശം വദയായി ഡോണയുടെ ആത്മാവിന്‍റെ കൈപിടിച്ചു കൊണ്ട് അവൾ പാറക്കെട്ടിലിരുന്നു.
“ഡോണാപൗലാ ഡി മെനിസെസ് എന്നാണെന്‍റെ യഥാർത്ഥ പേര്. എന്‍റെ അച്ഛൻ പണ്ട് ഇവിടത്തെ വൈസ്രോയി ആയിരുന്നു. ഞങ്ങൾ പോർച്ചുഗീസ്സുകാരാണ്. എനിക്കൊരു യുവാവിനോടു പ്രേമം തോന്നി, ഗോവക്കാരനായ ഗാസ്പർ ഡയസ്സ് എന്ന മുക്കുവൻ! ഞങ്ങളുടെ പ്രേമ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എന്‍റെ അച്ഛൻ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു. ഞങ്ങളെ ഒരിക്കലും വിവാഹിതരാവാൻ സമ്മതിക്കില്ല എന്നു തീർത്തു പറഞ്ഞു. എന്‍റെ കാമുകനായ ഗാസ്പറിനെ മറക്കാൻ എനിക്കും കഴിയുമായിരുന്നില്ല. അഗാധമായ ദു:ഖവും നിസ്സഹായതയും നിരാശയും കൊണ്ടു വിവശയായ ഞാൻ ആ കാണുന്ന കൂർത്ത പാറക്കെട്ടിനു മുകളിൽക്കയറി താഴെ കടലിലേക്കു ചാടി ആത്മഹത്യ ചെയ്‌തു.
എന്‍റെ ശവശരീരം കടൽത്തീരത്തടിഞ്ഞപ്പോഴാണ് എന്‍റെ അച്ഛനമ്മമാർ തകർന്നു പോയത് ഇവിടെ രാജ്ഭവനിലെ കാബോ ചാപ്പൽ എന്ന പള്ളിയിൽ അവരെന്‍റെ മൃതശരീരം അടക്കം ചെയ്‌തു. പക്ഷേ, രോഹിണീ, എനിക്ക് ഈ കടൽത്തീരം ഒരിക്കലും വിട്ടുപോകാനാവില്ല. ഞാനും എന്‍റെ ഗാസ്പറും കൈകോർത്തുപിടിച്ചു നടന്നിരുന്ന ഈ കടൽത്തീരം. ഇവിടെവച്ചാണ് നിലാവുള്ള രാത്രികളിൽ എന്നെ വാരിപ്പുണർന്നുകൊണ്ട് എന്‍റെ കാമുകൻ പ്രേമം നിറഞ്ഞ മധുരവചനങ്ങള്‍ എന്‍റെ കാതിൽ മന്ത്രിക്കാറുണ്ടായിരുന്നത്. ഈ തിരമാലകൾക്കും കടലിനും പൂർണ്ണ ചന്ദ്രനും എന്തിനേറെ ഓരോ മണൽത്തരികൾക്കും ഞങ്ങളുടെ പ്രേമകഥ അറിയാം. ഒരിക്കലും വേർപിരിയാനാവാത്തവിധം സ്നേഹിച്ചു പോയ ഞങ്ങൾ, ഇനിയൊരിക്കലും ഒന്നാവാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ ഞാനെന്‍റെ ജീവിതം അവസാനിപ്പിച്ചു. പാവം ഗാസ്പറാണെങ്കിൽ ഏതോ മാനസികരോഗാശുപത്രിയിലാണ്. കമിതാക്കളെ ഒന്നു ചേരാനൊരിക്കലും ഈ ലോകം അനുവദിക്കാത്തതെന്താണ്?” ഡോണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“പക്ഷേ, രോഹിണീ, നിനക്കറിയുമോ ഈ ബീച്ച് കമിതാക്കളുടെ സ്വർഗ്ഗം എന്നാണ് അറിയപ്പെടുന്നത്. ഞങ്ങളുടെ പ്രേമബന്ധം ഇന്നും അനശ്വരമാണ്. പരസ്പരം ഹൃദയം പങ്കുവയ്‌ക്കുന്ന, പ്രേമബന്ധരായ ഒട്ടേറെ കാമുകീകാമുകന്മാരിലൂടെ ഞങ്ങളിന്നും ജീവിക്കുന്നു. നിലാവൊഴുകുന്ന മാദകരജനികളിൽ ഞാനിങ്ങനെ കടൽത്തീരത്തു വന്നിരിക്കും. വിരഹദു:ഖം കണ്ണുകളെ അശ്രുപൂർണ്ണമാക്കുമ്പോൾ ഞാനെന്‍റെ കാമുകനെക്കുറിച്ചോർക്കും” ഡോണയുടെ തേങ്ങൽ വിജനമായ ആ കടൽത്തീരത്തു മാറ്റൊലികൾ സൃഷ്ടിച്ചു.
“രോഹിണി, നിന്നെ ഞാനെന്‍റെ കൂട്ടുകാരിയായി കരുതുന്നു. എന്നെ മറക്കരുതേ! ഞാൻ പോവുകയാണ്. വീണ്ടും കാണാം!” എന്നു പറഞ്ഞു കൊണ്ട് ഡോണയുടെ ആത്മാവ് മറഞ്ഞു പോയി.
“അയ്യേ മാഡം, രോഹിണിയെവിടെ? അവളെ കാണുന്നില്ലല്ലോ. എന്‍റെ പുറകിൽ നടന്നു വന്നതായിരുന്നു. ഈശ്വരാ, അവൾക്കെന്തുപറ്റി?” – റോഡിലെത്തിയപ്പോൾ തിരിഞ്ഞു നോക്കി സുനിത അമ്പരന്നു കൊണ്ട് ഉറക്കെപ്പറഞ്ഞു. അതുകേട്ട് എല്ലാവരും രോഹിണിയെ തിരയാൻ തുടങ്ങി.
“മാഡം, അവളെവിടെയായിരിക്കും? ഈശ്വരാ, അവളെ രക്ഷിക്കണേ! നമുക്ക് ബീച്ചിലേക്കു തന്നെ തിരിച്ചു പോകാം. ബീച്ച് ഇഷ്ടമാണെന്നു പറഞ്ഞ് അവൾ അവിടെത്തന്നെയിരുന്നിട്ടുണ്ടാവും. പക്ഷേ, രാത്രിയിൽ ഒറ്റയ്‌ക്കു പേടിയാവില്ലേ അളൾക്ക്?” പരിഭ്രമത്തോടെ സുനിത പറഞ്ഞു കൊണ്ടിരുന്നു.
“എന്നാലും നിങ്ങളിത്ര അശ്രദ്ധ കാണിച്ചാലോ? പെൺകുട്ടികളല്ലേ നിങ്ങൾ? എന്തെങ്കിലും അപകടം സംഭവിച്ചാൽ മാതാപിതാക്കളോട് ഞാനെന്താണ് ഉത്തരം പറയുക?” എന്ന് അദ്ധ്യാപികയുടെ ശാസനയും കൂടിയായപ്പോൾ സുനിതയ്‌ക്ക് ഉത്ക്കണ്ഠയും പരിഭ്രമവും കൂടുതലായി.
എല്ലാവരും കടൽത്തീരത്തു മടങ്ങിയെത്തിയപ്പോൾ അവിടെ മണലിൽ ഉറങ്ങിക്കിടക്കുന്ന രോഹിണിയെ കണ്ടെത്തി. അവളെ വിളിച്ചുണർത്തിയപ്പോൾ “ഡോണയെവിടെ? എന്‍റെ കൂട്ടുകാരി ഡോണ” എന്നു പറഞ്ഞു കൊണ്ട് ചുറ്റും നോക്കി.
“എന്തുപറ്റി നിനക്ക് രോഹിണി? നീ ഇവിടെയിങ്ങനെ ഒറ്റയ്ക്കായതെങ്ങനെയാ നിന്നെക്കാണാതെ ഞങ്ങളെല്ലാം എത്ര വിഷമിച്ചുവെന്നറിയുമോ?” മീനാക്ഷി പറഞ്ഞു.
“എന്നാലും രോഹിണീ, നീയെന്‍റെ പുറകിൽത്തന്നെയുണ്ടെന്നു കരുതി ഞാൻ നടന്നിട്ടിപ്പോൾ നീ… എനിക്കലോചിക്കാനേ വയ്യ! എന്തായാലും നിനക്കൊന്നും പറ്റിയില്ലല്ലോ.” സുനിത കണ്ണീരോടെ പറഞ്ഞു.
“ഡോണ കൂടെയുള്ളപ്പോൾ എനിക്ക് എന്തപകടം പറ്റാനാണ്?” രോഹിണി പറഞ്ഞു.
“സാരമില്ല കുട്ടികളേ, ഇത് ആ ടൂറിസ്‌റ്റു ഗൈഡു പറഞ്ഞ കഥ കേട്ടപ്പോൾ രോഹിണിക്കുണ്ടായ ഒരു മതിഭ്രമമായിരിക്കാം. ഡോണയുടെ ആത്മാവിനെ കണ്ടു, സംസാരിച്ചു എന്നെല്ലാം അവൾക്ക് വെറുതെ തോന്നുന്നതാണ്. ഒന്നുറങ്ങിയെഴുന്നേറ്റാൽ മാറാവുന്നതേയുള്ളൂ എല്ലാം എന്നു പറഞ്ഞു കൊണ്ട് അദ്ധ്യാപിക എല്ലാവരേയും കൂട്ടി നടന്നു. അതു വിശ്വസിച്ചു കൊണ്ട് സുനിതയുടെ കൈപിടിച്ചു നടന്നു നീങ്ങുമ്പോൾ ശ്രുതിമധുരമായ ഏതോ ഗാനത്തിന്‍റെ ഈരടികൾ കേട്ട് രോഹിണി തിരിഞ്ഞു നോക്കി.
ദൂരെ തിരമാലകൾക്കു മുകളിൽ ഒഴുകി നീങ്ങുന്ന ഡോണയുടെ ആത്മാവ് അവളെ നോക്കി പുഞ്ചിരിച്ചു. “കുട്ടീ, നീ വീട്ടിലേക്കു മടങ്ങി ചെല്ലൂ. നിന്‍റെ കൂട്ടുകാരി ഡോണയല്ലേ പറയുന്നത്. ഞാൻ നിന്നോടൊപ്പമുണ്ടാവും, എന്നും!” കാറ്റിലൊഴുകിവന്ന മൃദുവായ ശബ്ദം. രോഹിണി പുഞ്ചിരിച്ചുകൊണ്ടു നടന്നു.
അവൾക്കറിയാമായിരുന്നു ഡോണയുടെ ആത്മാവ് എന്നും അവളോടെപ്പമുണ്ടാവുമെന്ന്. ഒരു പ്രേമ ഗാനമായി… വിഷാദം കലർന്ന ഒരോർമ്മയായി… വീണ്ടും കേൾക്കാനിഷ്ടപ്പെടുന്ന ഒരു പ്രണയകഥയായി.
ഡോണ എന്നു തന്നോടൊപ്പം ഉണ്ടെന്നു രോഹിണി വിശ്വസിച്ചു. പൗർണ്ണമി രാത്രികളിൽ തിരമാലകളിലൂടെ ഒഴുകിയെത്തുന്ന ഡോണയുടെ രൂപം കാണാൻ കഴിഞ്ഞ മറ്റു കമിതാക്കളെപ്പോലെ അവളും ഡോണയുടെ ആത്മാവാണത് എന്നുറച്ചു വിശ്വസിച്ചു.
പ്രേമിക്കുന്ന യുവമിഥുനങ്ങളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഡോണാപൗലാ ബീച്ചിന് ഒരു അഭൗമ സൗന്ദര്യമുണ്ടായിരുന്നു ആ രാത്രിയിൽ…. ഡോണയുടെ ആത്മാവ് പാടുന്ന പ്രേമഗാനത്തിന്‍റെ വീചികൾ കാറ്റിലൊഴുകിയെത്തുന്ന ആ രാത്രി… പൂനിലാപ്പാലൊഴുകുന്ന സുന്ദരിയായ മറ്റൊരു പൗർണ്ണമി രാത്രി!