ചെറിയ യാത്രകൾക്കു പോലും കാറുപയോഗിക്കാനായിരുന്നു കൊച്ചിയിലെ പനമ്പിള്ളി നഗറിൽ താമസിക്കുന്ന റോസ്‍ലി ജോസിന് താൽപര്യം. അടുത്തുള്ള കടയിൽ പോകുന്നതു പോലും സ്വന്തം വാഹനത്തിലായിരുന്നു. റോസ്‍ലി ഇപ്പോൾ ആ ഏർപ്പാടു നിർത്തി.

“പെട്രോൾ വില വർദ്ധനവു വന്നതോടെ മാസം തോറും ഇതിനായി നല്ലൊരു തുക ചെലവു വന്നു തുടങ്ങി. അതോടെ വാഹനമുപയോഗിക്കുന്നത് കുറയ്ക്കുകയായിരുന്നു. ഇപ്പോൾ കുറച്ചു തുക സേവ് ചെയ്യാനും കഴിയുന്നുണ്ട്. വാഹനത്തിന്‍റെ അമിത ഉപയോഗം പ്രായോഗികമല്ലെന്നു എനിക്കു മനസ്സിലായി. ടൗണിലാണെങ്കിൽ പലപ്പോഴും ട്രാഫിക് ബ്ലോക്കിലകപ്പെട്ട് കിടക്കേണ്ടതായും വരാറുണ്ട്. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്” റോസ്‍ലി പറയുന്നു.

അനുദിനം കുതിച്ചുയരുന്ന ഇന്ധന വിലയ്ക്കനുസരിച്ച് വാഹന ഉപഭോക്താക്കളുടെ കീശയും ചോരുകയാണ്. ഈ അവസ്‌ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതിന്‍റെ ആവശ്യകതയേറുന്നു. ഇതിലൂടെ ഉയർന്ന മൈലേജ് കൈവരിക്കാനും മെയിന്‍റനൻസ് ചെലവ് കുറയ്ക്കാനും സാധിക്കും. വാഹനത്തിന്‍റെ ഇന്ധന ക്ഷമത കൈവരിക്കുന്നതിന് പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. നല്ലൊരു ഡ്രൈവിംഗ് ഹാബിറ്റ് വളർത്തിയെടുക്കുകയെന്നതാണ് ഇതിൽ പ്രധാനമായിട്ടുള്ളത്.

ഓർമ്മയിൽ സൂക്ഷിക്കേണ്ടത്

ഉപയോഗിക്കുന്ന വാഹനം കൃത്യമായി മെയിന്‍റയിൻ ചെയ്‌ത് സംരക്ഷിക്കണം. പുതിയ വാഹനങ്ങൾ നിർദ്ദേശിക്കുന്ന കിലോമീറ്ററിൽ കൃത്യമായി സർവ്വീസ് നടത്തേണ്ടതുമാണ്. അതോടൊപ്പം തന്നെ എഞ്ചിൻ ഓയിലും മാറ്റണം. ഉപയോഗിക്കുന്ന അവസരത്തിൽ ഏതെങ്കിലും അസാധാരണ ശബ്ദമോ മറ്റോ ഉണ്ടെങ്കിൽ സർവ്വീസ് സെന്‍ററിൽ കാണിക്കണം. വാഹനം യഥാസമയം ട്യൂണിംഗ് നടത്തി കറുത്ത പുകയോ മറ്റോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാം. അങ്ങനെ ഉണ്ടാവുന്നുണ്ടെങ്കിൽ അത് കുറഞ്ഞ പെർഫോമൻസാണെന്ന് അനുമാനിക്കാം. ഓയിൽ നിർമ്മാതാക്കൾ അവകാശപ്പെടുന്ന വിധമുള്ള ഗുണഫലങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വാഹനത്തിന്‍റെ ബാറ്ററി, ഡൈനാമോ, സെൽഫ് സ്റ്റാർട്ടർ, ഫാൻ ബെൽറ്റ് ഇവയൊക്കെ കണ്ടീഷനിലാണെന്ന് ഉറപ്പാക്കുക.

എസി ഉപയോഗിക്കുമ്പോൾ

എസി ഓൺ ആണെങ്കിൽ ഗ്ലാസ്സുകൾ ശരിയായ രീതിയിൽ ഉയർത്തി വയ്ക്കുക. സൈഡ് വിൻഡോ അൽപം തുറന്നിരുന്നാൽ പോലും ഇന്ധന നഷ്ടം അധികമാവും. ട്രാഫിക് ബ്ലോക്കിൽ പെട്ട് കിടക്കുന്ന വേളയിൽ എസി ഓഫ് ചെയ്യുന്നതാണ് ഉചിതം. കഴിവതും അധിക ചൂടുള്ളപ്പോൾ മാത്രം എസി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നല്ല കാലാവസ്‌ഥയിൽ വിൻഡോ ഗ്ലാസ്സ് താഴ്ത്തിയിട്ട് യാത്ര ചെയ്യുന്നതാണ് ഉചിതം.

അലക്ഷ്യ മനോഭാവം അരുത്

ഫോർത്ത് ഫിഫ്ത്ത് ഗിയറിൽ (ടോപ്പ് ഗിയറിൽ) 40-45 കി.മീ വേഗതയിൽ വണ്ടി ഓടിക്കുന്നതാണ് അഭികാമ്യം. ഇതിലൂടെ കൂടുതൽ മൈലേജ് ലഭിക്കും.

  • വണ്ടി ന്യൂട്രലിൽ സ്റ്റാർട്ട് ആക്കുകയും ഓഫ് ചെയ്യുകയും വേണം.
  • വാഹനം സ്റ്റാർട്ട് ചെയ്‌ത് നീങ്ങുന്ന അവസരത്തിൽ ആക്സിലേറ്റർ സാവധാനം കൊടുത്ത് മുന്നോട്ടു നീങ്ങുക.
  • തേഞ്ഞ് തീർന്നതോ തകരാറു സംഭവിച്ചതോ ആയ ടയർ ഉപയോഗിക്കാതിരിക്കുക. മാസത്തിൽ രണ്ടു തവണയെങ്കിലും എയർ പ്രഷർ ചെക്ക് ചെയ്യുക. വാഹനത്തിന്‍റെ സർവ്വീസ് വേളയിൽ ഒറിജിനൽ സ്പെയർ പാർട്സ് ഉപയോഗിക്കണം. ഇതിലൂടെ ഇടയ്ക്കിടെയുള്ള മെയിന്‍റനൻസ് ഒഴിവാക്കാം.
  • അന്തരീക്ഷത്തിൽ ചൂടു കൂടും മുമ്പ്, അതായത് രാവിലെയോ വൈകിട്ടോ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതാണ് നല്ലത്. അല്ലാത്ത അവസരത്തിൽ ഇന്ധന നഷ്ടമുണ്ടാവാം.
  • മിതമായ സ്പീഡിൽ മാത്രം ഡ്രൈവിംഗ് ചെയ്യുക. അതല്ലെങ്കിൽ അമിതമായ ഇന്ധന ചെലവ് ഉണ്ടാകും.
  • അനവസരത്തിലുള്ള ആക്സിലറേറ്റിംഗും ഡി ആക്സിലറേറ്റിംഗും ഒഴിവാക്കുക.
  • ഗിയർ യഥാവിധിയല്ലെങ്കിൽ അതിലൂടെ 20 ശതമാനം ഇന്ധന നഷ്ടം ഉണ്ടാവുന്നു. വാഹനം എടുക്കുന്നതെപ്പോഴും ഫസ്റ്റ് ഗിയറിൽ തന്നെ വേണം.
  • ഗിയർ മാറ്റുന്ന അവസരങ്ങളിൽ മാത്രമേ ക്ലച്ച് ഉപയോഗിക്കേണ്ടതായി വരുന്നുള്ളൂ. ഓടുന്ന അവസരത്തിൽ ക്ലച്ച് ഉപയോഗിച്ചാൽ അത് ഇന്ധന നഷ്ടത്തിനും ക്ലച്ച് ലൈനിംഗിന് കേടുപാടുകൾ വരാനും കാരണമാകുന്നു.

അമിത ഉപയോഗം കുറയ്ക്കുക

അധികം ദൂരെയല്ലാത്ത യാത്രകൾക്ക് കാറുകൾക്ക് പകരം ഇരുചക്ര വാഹനം ഉപയോഗിക്കാം. അതേ സമയം കുടുംബാംഗങ്ങളോടൊപ്പമാണെങ്കിൽ കാറിൽ യാത്ര ചെയ്‌താൽ മതി. അടുത്തുള്ള സ്‌ഥലങ്ങളിൽ കഴിവതും നടന്നു തന്നെ പോകാൻ ശ്രദ്ധിക്കണം.

  • ആഴ്ചയിൽ ഒരിക്കലെങ്കിലും പൊതു വാഹനത്തിൽ യാത്ര ചെയ്യുവാൻ തയ്യാറാവുക. ജോലി സംബന്ധമാണെങ്കിൽ സ്ഥിരയാത്രയ്ക്ക് ബസ്സ്, ട്രെയിൻ ഇവയെ ആശ്രയിക്കാം.
  • മോശം റോഡുകളിൽ സഞ്ചരിക്കുമ്പോൾ അമിതമായി ബ്രേക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കണം. അതുപോലെ അമിതമായി ഭാരം കയറ്റി വച്ച് സഞ്ചരിക്കുന്നതും നന്നല്ല.

കൃത്യമായ സർവ്വീസിംഗ്

  • ഓരോ 5000 കി.മീറ്ററിനും വാഹനത്തിന് സർവ്വീസ് ആവശ്യമായി വരും. ഇത് അംഗീകൃത സർവ്വീസ് സെന്‍ററുകളിൽ മാത്രം നടത്തുക.
  • എഞ്ചിൻ ഫാൻ ബെൽറ്റ് വളരെയധികം മുറുകിയിരിക്കുന്നുണ്ടെങ്കിൽ എഞ്ചിൻ വർക്ക് ചെയ്യുമ്പോൾ അധികം ഇന്ധന നഷ്ടത്തിനു ഇട നൽകും.
  • മോശമായ സ്പാർക്ക് പ്ലഗ് അധിക ഇന്ധന ചെലവിന് കാരണമാകും.
  • കൃത്യമായ സമയങ്ങളിൽ വീൽ അലൈന്‍റ്മെന്‍റ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്.
  • എയർ ഫിൽറ്റർ എപ്പോഴും ക്ലീൻ ചെയ്‌ത് വയ്ക്കുവാൻ തയ്യാറാവണം. ഗുണനിലവാരമില്ലാത്ത എഞ്ചിൻ ഓയിൽ വാഹനത്തിൽ ഉപയോഗിക്കരുത്. ഇത് കാര്യക്ഷമത കുറയ്ക്കാൻ ഇടയാക്കും.

പരിപൂർണ്ണ ശ്രദ്ധ ചെലുത്താം

ഉയർന്ന വിലയുള്ളതും വലിപ്പമുള്ളതുമായ വാഹനങ്ങൾക്ക് മൈലേജ് കുറവും പരിപാലന ചെലവ് കൂടുതലുമായിരിക്കും. മാസത്തിൽ കൂടുതൽ കിലോമീറ്റർ സഞ്ചരിക്കുന്നവരാണെങ്കിൽ പുതിയ വാഹനം വാങ്ങുമ്പോൾ പെട്രോൾ മോഡലിനേക്കാൾ ഡീസൽ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. അമിത ബ്രേക്കിംഗും ഓവർ സ്പീഡും ഒഴിവാക്കുക. പല ആവശ്യങ്ങൾക്കായി പോകേണ്ടി വരുമ്പോൾ കഴിവതും കാര്യങ്ങൾ ഒരുമിച്ച് ചെയ്ത് തീർക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ വാഹനം അമിതമായി ഓടുന്നതു ഒഴിവാക്കാം. വാഹനം മൂന്നുമിനിറ്റിലധികം നിർത്തിയിടേണ്ടി വരുന്ന സാഹചര്യത്തിൽ എഞ്ചിൻ ഓഫ് ചെയ്യുന്നതാണ് നല്ലത്. വീട്ടിൽ നിന്നും ഒരേ ഭാഗത്തേക്ക് സഞ്ചരിക്കുന്ന കുടുംബാംഗങ്ങളാണെങ്കിൽ ഒരു വാഹനത്തിൽ പോകുവാൻ ശ്രദ്ധിക്കുക.

നിങ്ങൾ പോകാനുദ്ദേശിക്കുന്ന സ്‌ഥലത്തെക്കുറിച്ച് എപ്പോഴും ഒരു ധാരണ ഉണ്ടായിരിക്കണം. റോഡിന്‍റെ അവസ്‌ഥയും കിലോമീറ്ററും മറ്റും മനസ്സിലാക്കിയാൽ അമിത ഇന്ധന ചെലവ് ഒഴിവാക്കാൻ കഴിയും. ഇതിനായി നാവിഗേഷൻ സംവിധാനം പ്രയോജനപ്പെടുത്തുകയോ മാപ്പ് ഉപയോഗിക്കുകയോ ചെയ്യുക. വിവാഹ ചടങ്ങ്, കുടുംബ യോഗങ്ങൾ, മറ്റു പൊതു പരിപാടികൾ എന്നിവയ്ക്ക് പോകുമ്പോൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ ഒരുമിച്ചു ചേർക്കുക. വലിയ വാഹനത്തിൽ സഞ്ചരിച്ചാൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുന്നതു ഒഴിവാക്കാം. അങ്ങനെ ഇന്ധനച്ചെലവും പണ നഷ്ടവും ഒഴിവാക്കാം.

और कहानियां पढ़ने के लिए क्लिक करें...