കൊറോണ വൈറസ് പടർന്നു പിടിച്ചതിനൊപ്പം വിപണിയിൽ ധാരാളം സാനിറ്റൈസറുകളും മുളച്ചു പൊന്തിയിട്ടുണ്ട്. ഇതിൽ നല്ലതേത് എന്ന് തിരിച്ചറിഞ്ഞു വാങ്ങുക തന്നെ വേണം.

കമ്പനികളുടെ തട്ടിപ്പ്

സാനിറ്റൈസറിന്‍റെ വർദ്ധിച്ച ആവശ്യം പരിഗണിച്ച് സർക്കാർ ഈ ഉൽപന്നത്തിന്‍റെ ഡ്രഗ് ലൈസൻസ് നീക്കം ചെയ്‌തു. അതിനാൽ ഏതു കമ്പനിയ്ക്കും സാനിറ്റൈസർ ഉൽപാദിപ്പിക്കാൻ കഴിയും. ഈ മഹാമാരിക്കിടയിൽ കൊള്ളലാഭം ഉണ്ടാക്കാനായി തട്ടിപ്പുമായി ഇറങ്ങിയവരും ധാരാളം കാണും. അങ്ങനെ നല്ലതും ചീത്തയും ഇടത്തരവുമൊക്കെയായി വിപണിയിൽ സാനിറ്റൈസറുകളുടെ ഒഴുക്കു തന്നെയുണ്ട്.

ഒറിജിനലും ഡ്യൂപ്പിക്കേറ്റും ധാരാളമായി ഒരേ ഷോപ്പിൽ തന്നെ കിട്ടിയെന്നും വരാം. മെഡിക്കൽ ഷോപ്പിൽ മുതൽ ഫുട്പാത്തിൽ വരെ സാനിറ്റൈസർ ലഭ്യമാകുന്നത് അതുകൊണ്ടാണ്. സാനിറ്റൈസറുകൾ വിൽക്കുമ്പോൾ കമ്മീഷൻ ലഭിക്കും. ബ്രാന്‍റഡ് കമ്പനികളുടെ കമ്മീഷൻ 20 ശതമാനത്തിൽ കൂടുതൽ പതിവില്ല. എന്നാൽ ക്വാളിറ്റി കുറഞ്ഞ ഉൽപന്നങ്ങൾക്ക് മാർക്കറ്റ് പിടിക്കാനായി കടയുടമകൾക്ക് വലിയ കമ്മീഷൻ ഓഫർ ചെയ്യാറുണ്ട്.

സാധനം വിറ്റു പോയ ശേഷം മാത്രം കമ്പനിയ്ക്ക് പേമന്‍റ് നൽകിയാൽ മതിയെന്ന ഓഫറുള്ളപ്പോൾ കടയുടമകൾ അത്തരം പ്രൊഡക്ടുകൾ തീർച്ചയായും പ്രൊമോട്ട് ചെയ്യുകയും ചെയ്യും.

ഡോക്ടർമാർ പറയുന്നത്, ഇത്തരം സാനിറ്റൈസറുകൾ ഹാനികരമായേക്കാമെന്നാണ്. ബാച്ച്, നമ്പർ, എക്സ്പയറി ഡേറ്റ്, കമ്പനി വിവരങ്ങൾ ഇവ അടങ്ങിയതായിരിക്കണം സാനിറ്റൈസർ ബോട്ടിൽ. അതൊന്നുമില്ലെങ്കിൽ, സാനിറ്റൈസർ ഉദ്ദേശിച്ച ഗുണം നൽകുമോ എന്നു സംശയിക്കുന്നതിൽ തെറ്റില്ല.

ചർമ്മത്തിനും ശ്വാസകോശത്തിനും പ്രയാസം ഉണ്ടാക്കുവാൻ ഇത്തരം ഗുണനിലവാരം കുറഞ്ഞ സാനിറ്റൈസറുകൾ കാരണമായേക്കാം. ആൽക്കഹോൾ അളവ് കുറഞ്ഞ സാനിറ്റൈസറുകളിൽ ട്രൈക്ലോസൻ കണ്ടന്‍റ് കൂടുതലായിരിക്കും. ട്രൈക്ലോസൻ ആന്‍റി ബാക്ടീരിയൽ ഏജന്‍റ് ആണ്. ഇതിന്‍റെ ദീർഘകാല ഉപയോഗം ചർമ്മത്തിന് ഹാനികരമാണ്. ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കും. ഇത്തരം സാനിറ്റൈസർ ഉപയോഗിക്കേണ്ടി വന്നാൽ കൈകൾ 25 സെക്കന്‍റ് സോപ്പിട്ട് കഴുകുന്നത് നന്നായിരിക്കും.

ജാഗ്രത വേണം

മെഡിക്കൽ ഷോപ്പിൽ നിന്ന് മാത്രം സാനിറ്റൈസർ വാങ്ങാൻ ശ്രദ്ധിക്കുക. വില കുറഞ്ഞതു നോക്കി സാധാരണ കടകളിൽ നിന്നോ, ഫുട്പാത്തിൽ നിന്നോ ഒന്നും വാങ്ങാൻ ശ്രമിക്കരുത്. മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങുന്ന സാനിറ്റൈസറിന് ബിൽ ചോദിച്ചു വാങ്ങുക. സാനിറ്റൈസർ ബോട്ടിലിൽ കമ്പനിയുടെ ലൈസൻസും ബാച്ച് നമ്പറും ഉണ്ടാകും. ഈ വിവരങ്ങൾ ഇല്ലാത്തതാണെങ്കിൽ ഗുണനിലവാരത്തിൽ കോംപ്രമൈസ് നടന്നോ എന്ന് സംശയിക്കണം.

സാനിറ്റൈസറിൽ ആൽക്കഹോൾ അംശം 80 ശതമാനം ആവശ്യമാണ്. എങ്കിലെ അതു രോഗാണുമുക്തവും, ചർമ്മത്തിന് ഹാനികരമല്ലാത്തതും ആകുന്നുള്ളൂ. ശരിയായ സാനിറ്റൈസർ കണ്ടെത്താൻ മൂന്ന് എളുപ്പ വഴികളുണ്ട്.

ടിഷ്യു പേപ്പർ ടെസ്റ്റ്

ടോയ്‍ലെറ്റ് ടിഷ്യു പേപ്പറിൽ ബോൾ പെൻ കൊണ്ട് ഒരു വൃത്തം വരയ്ക്കുക. ഈ പേപ്പർ പരന്ന പ്രതലത്തിൽ വച്ച ശേഷം സാനിറ്റൈസർ ഏതാനും തുള്ളി ഒഴിക്കുക. വൃത്തത്തിനു പുറത്തേക്ക് പോകാത്ത രീതിയിൽ സാനിറ്റൈസർ തുള്ളിയായി ഒഴിച്ച് വയ്ക്കുക. അൽപം കഴിഞ്ഞ് നോക്കിയാൽ ബോൾ പെൻ കൊണ്ട് വരച്ച വര അവിടവിടെ മാഞ്ഞു പോയതായി കാണാം. ഇങ്ങനെ കണ്ടാൽ ഉറപ്പിക്കാം സാനിറ്റൈസർ നല്ല ക്വാളിറ്റി ഉള്ളതാണ്.

ഗോതമ്പ് പൊടി ടെസ്റ്റ്

ഒരു സ്പൂൺ ഗോതമ്പു പൊടിയെടുക്കുക. ഒരു പ്ലേറ്റിൽ ഇത് ഇട്ടശേഷം അൽപം സാനിറ്റൈസർ ഒഴിക്കുക. എന്നിട്ട് കുഴച്ചു നോക്കുക. സാനിറ്റൈസറിൽ കൂടുതൽ വെള്ളം അടങ്ങിയിട്ടുണ്ടെങ്കിൽ ഗോതമ്പ് പൊടി കുഴഞ്ഞു കിട്ടും. ആൽക്കഹോൾ ആണ് കൂടുതലെങ്കിൽ ഗോതമ്പുപൊടി കുഴയുകയുമില്ല.

ഹെയർ ഡ്രയർ ടെസ്റ്റ്

ഒരു പാത്രത്തിൽ ഒരു സ്പൂൺ സാനിറ്റൈസർ ഒഴിക്കുക. മറ്റൊരു പാത്രത്തിൽ അൽപം വെള്ളവുമെടുക്കുക. ഡ്രയർ 30 സെക്കന്‍റ് പ്രവർത്തിപ്പിക്കുക. ആൽക്കഹോൾ 78 ഡിഗ്രി സെൽഷ്യസിൽ ബാഷ്പീകരിച്ചു തുടങ്ങും. വെള്ളം കൂടുതലുള്ളതാണെങ്കിൽ 100 ഡിഗ്രി സെന്‍റി ഗ്രേഡിലാണ് ബാഷ്പീകരണം നടക്കുക.

और कहानियां पढ़ने के लिए क्लिक करें...