മലയാള സിനിമയുടെ മാറിയ ഭാവുകത്വത്തെക്കുറിച്ചും യുവത്വത്തിന്‍റെ ആവേശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ നിവിൻ പോളി എന്ന പേര് ഒഴിവാക്കാനാവാത്ത ഒന്നാണ്. ഒരു കാലത്ത് മലയാള സിനിമയിലെ നായക സങ്കൽപ്പത്തിന് പുതിയൊരു മുഖവും ശരീരഭാഷയും നൽകിയ താരമാണ് നിവിൻ. അമിതമായ താരപ്രഭയേക്കാൾ സ്വാഭാവികതയ്ക്കും നർമ്മത്തിനും നിത്യജീവിതത്തോട് ചേർന്ന് നിൽക്കുന്ന പെരുമാറ്റത്തിനുമായിരുന്നു അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളിൽ പ്രാധാന്യം. അതുകൊണ്ട് തന്നെ നിവിൻ പോളി എന്നത് ഒരു നടൻ പേർ മാത്രമല്ല, മലയാള സിനിമയിലെ ഒരു പ്രത്യേക കാലഘട്ടത്തിന്‍റെ അടയാളം കൂടിയായി മാറി.

എൻജിനീയറിങ് ബിരുദം നേടിയ ശേഷം ക്യാംപസ് പ്ലേസ്മെന്‍റിലൂടെ ഇൻഫോസിസിൽ ജോലി നേടിയ നിവിൻ… അഭിനയത്തോടുള്ള താൽപര്യം ശക്തമായതോടെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിയുകയായിരുന്നു. സുരക്ഷിതമായൊരു കരിയർ ഉപേക്ഷിച്ച് സിനിമ എന്ന അനിശ്ചിതമായ മേഖലയിലേക്ക് കടക്കാനുള്ള തീരുമാനം വലിയ റിസ്കായിരുന്നു. പിന്നീട് മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളായി മാറിയ നിവിന്‍റെ ആ യാത്ര ശരിയായിരുന്നുവെന്ന് തെളിയിച്ചു.

തിരിച്ചുവരവിന്‍റെ വഴിയിൽ

ചില ചിത്രങ്ങളുടെ പരാജയങ്ങൾക്കും ഇടവേളകൾക്കും ശേഷം കൂടുതൽ കരുത്തോടെ നിവിൻ തിരിച്ചെത്തുകയാണ്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ തിളക്കമാർന്ന അതിഥി വേഷവും സർവ്വം മായയിലെ പ്രഭേന്ദുവിനേയും, ഗിരീഷ് എഡി സംവിധാനം ചെയ്‌ത ബേത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ ജസ്‌റ്റിനേയും പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം ബോക്സോഫിസ് ഹിറ്റായി. സർവ്വം മായ, ബേത്ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങൾ 350 കോടി കളക്ഷനാണ് നേടിയത്. സിനിമയുടെ പ്രമേയം ശക്തമാണെന്ന കാര്യം വാസ്‌തവമാണെങ്കിലും നിവിൻ പോളി ഇന്നും പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാണെന്നതിന് തെളിവാണ് ഈ ചിത്രങ്ങളുടെ വമ്പൻ വിജയം ചൂണ്ടിക്കാട്ടുന്നത്. ഇടക്കാലത്ത് കരിയറിലുണ്ടായ അനിശ്ചിതത്വം മറി കടന്നാണ് താരം വിജയക്കുതിപ്പ് നടത്തിയത്.

പ്രേക്ഷകന് കൂടുതൽ പരിചിതമായ സ്വതസിദ്ധമായ ശരീരഭാഷയും മാനറിസങ്ങളും കൊണ്ട് കഥാപാത്രങ്ങളായി ജീവിക്കാൻ കഴിയുന്നു എന്നതാണ് നിവിനെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. സുപരിചിതമായ പുഞ്ചിരിയും ഏത് കഥാപാത്രത്തെയും തന്‍റേതാക്കി മാറ്റാനുള്ള ലാളിത്യവുമാണ് നിവിൻ പോളിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

സാധാരണക്കാരനിൽ നിന്ന് നായകനിലേക്ക്

2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയായിരുന്നു നിവിൻ പോളിയുടെ സിനിമാ അരങ്ങേറ്റം. ഓഡിഷനിലെത്തിയ നിവിനിലെ സാധ്യത തിരിച്ചറിഞ്ഞ വിനീത് അദ്ദേഹത്തെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ നിവിൻ മലയാള സിനിമയിൽ സ്വന്തമായ ഒരിടം കണ്ടെത്തി. ട്രാഫിക്, സ്‌പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾക്കു ശേഷം നിവിന്‍റെ കരിയറിൽ നിർണായക വഴിത്തിരിവായത് തട്ടത്തിൻ മറയത്ത് ആയിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രം മലയാളി യുവത്വത്തിന്‍റെ പ്രതീകമായി മാറി. പ്രണയം, സൗഹൃദം, കുടുംബം, സ്വപ്‌നങ്ങൾ, ചെറിയ ജീവിതപ്രശ്‌നങ്ങൾ ഇവയെല്ലാം ചേർന്ന വിനോദിന്‍റെ ലോകം പ്രേക്ഷകർക്ക് വളരെ പരിചിതമായിരുന്നു.

ആ കഥാപാത്രത്തിലൂടെ നിവിൻ നായകൻ എന്നതിനേക്കാൾ നമ്മുടെ അയൽപക്ക പയ്യൻ ഇമേജിലേക്ക് മാറാ ൻ അധികം സമയം വേണ്ടിവന്നില്ല. പിന്നീടങ്ങോട്ട് വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ നിവിൻ ആരാധകരുടെ ഹൃദയത്തിലിടം പിടിച്ചു. മലയാള സിനിമയിൽ നിവിൻ പോളിയുടെ ഏറ്റവും വലിയ ശക്തികളിലൊന്നായി മാറിയതും ഈ അടുപ്പവും സ്നേഹവുമാണ്.

നേരം മുതൽ വഴിത്തിരിവ്

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം നിവിന്‍റെ കരിയറിലെ മറ്റൊരു പ്രധാന ചിത്രമായി. മലയാളത്തിലും തമിഴിലും ഒരേസമയം ഒരുക്കിയ ചിത്രം രണ്ട് ഭാഷകളിലും ശ്രദ്ധ നേടി. അൽഫോൺസ് പുത്രന്‍റെ വ്യത്യസ്തമായ മേക്കിങ് ശൈലിയും എഡിറ്റിങ് രീതിയും കഥപറച്ചിലും ചിത്രത്തിന്‍റെ ഹൈലൈറ്റായി. എന്നാൽ ആ ശൈലിക്കുള്ളിൽ നിവിൻ പോളി നടത്തിയ പ്രകടനം ചിത്രത്തെ മികവുറ്റതാക്കി. സാഹചര്യങ്ങൾക്കനുസരിച്ച് പെട്ടെന്ന് മാറുന്ന ശരീരഭാഷയും മുഖഭാവങ്ങളും സംഭാഷണത്തിലെ സ്വാഭാവികതയും നിവിന്‍റെ പ്രകടനത്തെ വേറിട്ടതാക്കി. നിവിന്‍റെ അഭിനയത്തിലെ പ്രധാന സവിശേഷതകളിലൊന്ന് ഓവറാക്ട്‌ട് ചെയ്യാതെ അഭിനയിക്കാൻ കഴിയുന്നു എന്നതാണ്. തന്‍റെ കഥാപാത്രം തമാശ പറയുമ്പോഴും ദേഷ്യപ്പെടുമ്പോഴും പ്രണയിക്കുമ്പോഴും വിഷമിക്കുമ്പോഴും അതിന് ആവശ്യമായ അളവിൽ മാത്രം ഭാവപ്രകടനങ്ങൾ പകരുന്നതാണ് അദ്ദേഹത്തിന്‍റെ ശൈലി.

1983 ൽ നടനെന്ന നിലയിൽ അംഗീകാരം

2014-ൽ പുറത്തിറങ്ങിയ 1983 നിവിൻ പോളിയുടെ അഭിനയജീവിത്തിലെ നിർണായക ചിത്രങ്ങളിലൊന്നായി. ക്രിക്കറ്റിനോടുള്ള അഭിനിവേശവും പേറി ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന രമേശൻ എന്ന കഥാപാത്രത്തെ നിവിൻ വളരെ സ്വാഭാവികതയോടെയാണ് അവതരിപ്പിച്ചത്. യൗവനത്തിലെ ആവേശത്തിൽ നിന്ന് കുടുംബജീവിതത്തിലേക്കും പിന്നീട് പക്വതയിലേക്കുമുള്ള രമേശൻ മാറ്റങ്ങൾ ശരീരഭാഷയിലും ശബ്ദത്തിലും മുഖഭാവങ്ങളിലും പ്രകടമാക്കാൻ നിവിന് കഴിഞ്ഞു. കഥാപാത്രത്തിന്‍റെ പ്രായത്തിനനുസരിച്ച് പ്രകടനത്തിൽ വരുത്തിയ മാറ്റങ്ങൾ അദ്ദേഹത്തിന്‍റെ അഭിനയശേഷിയുടെ തെളിവായിരുന്നു. ഈ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും നിവിനെ തേടിയെത്തി.

നിവിന്‍റെ കരിയറിൽ ഏറെ ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രമാണ് ഓം ശാന്തി ഓശാനയിലെ ഗിരി.  നായക കഥാപാത്രം എന്നതിന്‍റെ പതിവ് ഗൗരവം മാറ്റിവെച്ച് ലാളിത്യവും നർമ്മവും നിസ്സംഗതയും നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിച്ചത്. പൂജയുടെയും ഗിരിയുടെയും ബന്ധത്തിലുണ്ടാകുന്ന മാറ്റങ്ങൾ ചിത്രത്തിന്‍റെ പ്രധാന ആകർഷണമായിരുന്നു. നസ്രിയയുമായുള്ള നിവിൻ കെമിസ്ട്രിയും ചിത്രത്തിന്‍റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

ബാംഗ്ലൂർ ഡേയ്‌സ്- മൂന്ന് നായകന്മാരിൽ ഒരാൾ

ബാംഗ്ലൂർ ഡേയ്‌സ് നിവിൻ താരമൂല്യത്തിനൊപ്പം അഭിനേതാവെന്ന നിലയിലുള്ള മികവ് കൂടുതൽ ഉറപ്പിച്ച ചിത്രമായിരുന്നു. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പം അഭിനയിച്ച നിവിൻ പോളിയുടെ കുട്ടൻ എന്ന കഥാപാത്രം വേറിട്ടൊരു ഊർജമാണ് ചിത്രത്തിലേക്ക് കൊണ്ട് വന്നത്.

മൂന്ന് വ്യത്യസ്‌ത വ്യക്തിത്വങ്ങളുള്ള കഥാപാത്രങ്ങൾ ഒരുമിച്ച് എത്തുമ്പോഴും നിവിന് സ്വന്തമായൊരു ഐഡന്‍റിറ്റി നിലനിർത്താൻ കഴിഞ്ഞു. അതാണ് അദ്ദേഹത്തിന്‍റെ മറ്റൊരു വലിയ പ്രത്യേകത. സഹതാരങ്ങൾ എത്ര ശക്തരായാലും അവരുടെ പ്രകടനത്തിൽ ലയിച്ചു പോകാതെ കഥാപാത്രത്തിന്‍റെ സ്വഭാവം കൃത്യമായി നിലനിർത്താൻ നിവിന് കഴിയുന്നു.

പ്രേമം- താരപരിവേഷമുണർത്തിയ ചിത്രം

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം നിവിൻ പോളിയുടെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ചിത്രമാണ്. ജോർജ് എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയുള്ള യാത്ര നിവിൻ അവതരിപ്പിച്ച രീതി ഏതൊരു സിനിമാ പ്രേമിയും ഓർത്തുവയ്ക്കുന്നതാണ്. കറുത്ത ഷർട്ടും താടിയുമുള്ള ജോർജ് എന്ന കഥാപാത്രം കേരളത്തിലെ യുവത്വത്തിനിടയിൽ വലിയ തരംഗമായി. എന്നാൽ ആ കഥാപാത്രത്തിന്‍റെ ജനപ്രീതി വേഷത്തിന്‍റെയോ ലുക്കിന്‍റെയോ മാത്രം ഫലമായിരുന്നില്ല. കൗമാരത്തിൽ നിന്ന് യുവാവിലേക്കും പിന്നീട് ജീവിതത്തെ കൂടുതൽ ഗൗരവത്തോടെ കാണുന്ന മുതിർന്ന ഒരു വ്യക്തിയിലേക്കുമുള്ള ജോർജിന്‍റെ മാറ്റം നിവിൻ അവതരിപ്പിച്ച രീതി ശ്രദ്ധേയമായിരുന്നു.

റൊമാന്‍റിക് ഹീറോ

തട്ടത്തിൻ മറയത്ത്, ഓം ശാന്തി ഓശാന, പ്രേമം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടെ നിവിൻ ഒരു റൊമാന്‍റിക് ഹീറോ എന്ന ഇമേജിലേക്ക് ഒതുങ്ങിപ്പോകാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ അതിന് കീഴടങ്ങാൻ അദ്ദേഹം തയ്യാറായില്ല. ആക്ഷൻ ഹീറോ ബിജു അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ബിജു പൗലോസ് എന്ന പോലീസ് ഉദ്യോഗസ്‌ഥൻ ദൈനംദിന ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സാധാരണ സിനിമകളിലെ മാസ് പോലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന പോലീസ് ഉദ്യോഗസ്‌ഥനെയാണ് നിവിൻ അവതരിപ്പിച്ചത്. കുറ്റവാളികളോടുള്ള ഇടപെടലുകളും അനുഭാവവും സാധാരണക്കാരോടുള്ള പെരുമാറ്റവും സഹപ്രവർത്തകരുമായുള്ള ബന്ധവും അടുപ്പവും ഉൾപ്പെടെ ഒരു പോലീസ് ഉദ്യോഗ‌സ്ഥൻ ദൈനംദിന ജീവിതത്തിലെ പല തലങ്ങളും നിവിൻ സ്വാഭാവികതയോടെ അവതരിപ്പിച്ചു.

ഗീതു മോഹൻ ദാസ് സംവിധാനം ചെയ്‌ത മൂത്തോൻ നിവിൻ പോളിയുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണങ്ങളിലൊന്നാണ്. താരപരിവേഷത്തിൽ നിന്ന് മാറി കൂടുതൽ ഗൗരവമുള്ളതും സങ്കീർണവുമായ കഥാപാത്രത്തെ ഏറ്റെടുക്കാൻ നിവിൻ തയ്യാറായ ചിത്രം കൂടിയായിരുന്നു ഇത്. അക് ബർ എന്ന കഥാപാത്രത്തിന്‍റെ ഉള്ളിലെ സംഘർഷങ്ങളും വേദനകളും നിശബ്ദതകളും അവതരിപ്പിക്കാൻ സംഭാഷണങ്ങളേക്കാൾ ശരീരഭാഷയേയും കണ്ണുകളേയും മുഖഭാവങ്ങളേയും ആശ്രയിക്കേണ്ടിവന്നു. നിവിൻ ആ വെല്ലുവിളി ഏറ്റെടുത്തു. മൂത്തോൻ കണ്ട പ്രേക്ഷകർക്ക് നിവിനിലെ മറ്റൊരു നടനെ പരിചയപ്പെടാൻ കഴിഞ്ഞു. ജനപ്രിയ നായകന്‍റെ പരിചിതമായ മുഖത്തിനപ്പുറം കഥാപാത്രത്തിന്‍റെ ഇരുണ്ടതും സങ്കീർണവുമായ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന നടനാണ് നിവിൻ എന്ന് ചിത്രം തെളിയിച്ചു.

നിവിന്‍റെ കോമഡി പലപ്പോഴും സംഭാഷണത്തെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്. ഒരു രംഗത്തിൽ അദ്ദേഹം നടത്തുന്ന ചെറിയ പ്രതികരണം പോലും ചിരിയുണർത്തും. അതുകൊണ്ട് തന്നെ കോമഡി ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാകാതെ തന്നെ നർമ്മം സൃഷ്‌ടിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. നിവിന്‍റെ കഥാപാത്രങ്ങൾ പലപ്പോഴും വലിയ താരപരിവേഷത്തേക്കാൾ സാധാരണ മനുഷ്യരുടെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്നവയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് അവരുമായി എളുപ്പത്തിൽ അടുപ്പം പുലർത്താൻ കഴിയുന്നു.

ഹ്യൂമറിൽ നിന്ന് സീരിയസിലേക്ക്

ഹാസ്യവും ഗൗരവവും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടന്മാരുടെ നിരയിലാണ് നിവിൻ പോളിയുടെ സ്ഥാനം. ഒരു രംഗത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന നിവിന് അടുത്ത നിമിഷം തന്നെ ഗൗരവമുള്ളൊരു വികാരം സൃഷ്ടിക്കാനും കഴിയും. അദ്ദേഹത്തിന്‍റെ പ്രകടനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം വൈകാരിക രംഗങ്ങളിൽ അമിതമായ ഭാവപ്രകടനത്തിലേക്ക് പോകാതെ കഥാപാത്രത്തിന്‍റെ വേദന ഉള്ളിൽ സൂക്ഷിക്കുന്ന രീതിയാണ്.

തിരിച്ചടികളെയും മറികടന്ന്

ഒരു താരത്തിന്‍റെ കരിയർ എപ്പോഴും വിജയങ്ങൾ നിറഞ്ഞതാകണമെന്നില്ല. പരാജയങ്ങളും ഇടവേളകളും കരിയറിലെ അനിശ്ചിതത്വങ്ങളും ഓരോ താരത്തിനും നേരിടേണ്ടിവരും. നിവിൻ പോളിക്കും അത്തരം ഘട്ടങ്ങളുണ്ടായി. എന്നാൽ തിരിച്ചടികൾക്ക് ശേഷം കൂടുതൽ ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്‍റെ കരിയറിന്‍റെ മറ്റൊരു പ്രത്യേകത.

വർഷങ്ങൾക്കുശേഷം പോലുള്ള ചിത്രങ്ങളിലെ സാന്നിധ്യവും പിന്നീട് എത്തിയ വിവിധ ചിത്രങ്ങളിലെ പ്രകടനങ്ങളും നിവിൻ വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നതിന്‍റെ സൂചനകളായി. നിവിൻ പോളിയ്ക്ക് മലയാളി പ്രേക്ഷകരുമായി രൂപപ്പെട്ട ബന്ധം മറ്റേതൊരു താരത്തിന്‍റേതിനോടും താരതമ്യം ചെയ്യാൻ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ പലതും വലിയ സ്വപ്നങ്ങളുള്ള. ചിലപ്പോൾ പരാജയപ്പെടുന്ന, പ്രണയിക്കുന്ന, സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന സാധാരണ മനുഷ്യരാണ്. അതുകൊണ്ട്‌തന്നെ നിവിനെ കാണുമ്പോൾ പ്രേക്ഷകന് പലപ്പോ ഴും തോന്നുന്നത്, ഇത് നമ്മുടെ കൂട്ടത്തിലെ ഒരാളല്ലേ എന്നാണ്. അതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശക്‌തിയും.

ഒരു താരത്തെ ദീർഘകാലം പ്രേക്ഷകരുടെ മനസ്സിൽ നിലനിർത്തുന്നത് ഹിറ്റുകളുടെ എണ്ണം മാത്രമല്ല. അയാൾ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകമനസ്സിൽ എത്രമാത്രം ഇടം നേടി എന്നതുകൊണ്ടാണ്. വിനോദ്, ജോർജ്, രമേശൻ, കുട്ടൻ, ബിജു പൗലോസ്, അക്ബർ തുടങ്ങി ഓരോ കഥാപാത്രവും നിവിന്‍റെ അഭിനയ യാത്രയിലെ വ്യത്യസ്‌ത അധ്യായങ്ങളാണ്. ഒരേ മുഖത്ത് നിന്ന് ഇത്രയും വ്യത്യസ്തമായ വ്യക്തിത്വങ്ങളെ പുറത്തെടുക്കാൻ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ കഴിവ്. തിരിച്ചടികൾ വന്നാലും വീണ്ടും എഴുന്നേറ്റ് നിൽക്കാനു മനസും പുതിയ കഥാപാത്രങ്ങളെ തേടാനു ധൈര്യവുമാണ് ഒരു നടനെ കാലത്തിനൊപ്പം നിലനിർത്തുന്നത്. ആ അർത്ഥത്തിൽ നിവിൻ പോളിയുടെ യാത്ര ഇപ്പോഴും പൂർത്തിയായിട്ടില്ല.

और कहानियां पढ़ने के लिए क्लिक करें...