90-കളിൽ നമ്മുടെ കണ്ണു നനയിച്ച കുട്ടിത്തമുള്ള ആ വട്ടമുഖവും ചിരിയും ഇന്നും അതുപോലെ തന്നെയുണ്ട്. മലയാള സിനിമയിലേയും മിനിസ്ക്രീനിലേയും എവർഗ്രീൻ നായിക ചിപ്പി രഞ്ജിത്ത് നീണ്ട 25 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേയ്ക്ക് തിരികെയെത്തിയിരിക്കുകയാണ്. വിസ്മയ മോഹൻലാൽ നായികയായ തുടക്കം എന്ന ചിത്രത്തിൽ അമ്മ വേഷത്തിലെത്തിയ ചിപ്പിയെ ആരാധകർ ഏറെ ആവേശത്തോടെയാണ് വരവേറ്റത്. ചിത്രത്തിലെ തളിരോമലേ എന്ന പാട്ടിലൂടെ ചിപ്പിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകരും കുടുംബ പ്രേക്ഷകരും നിറഞ്ഞ ആഹ്ളാദത്തിലായി.
2000-ൽ റിലീസ് ചെയ്ത കാറ്റുവന്ന് വിളിച്ചപ്പോൾ എന്ന സിനിമയ്ക്ക് ശേഷം ടെലിവിഷൻ രംഗത്ത് സജീവമായ ചിപ്പി പിന്നീട് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. പാഥേയം എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു ചിപ്പിയുടെ എൻട്രി. അവിടുന്ന് നേരെ ചെന്ന് സ്ഫടികത്തിൽ മോഹൻലാലിന്റെ സഹോദരിയായി. സ്ഫടികത്തിൽ ആടുതോമയ്ക്ക് ദേഷ്യം വരുമ്പോഴൊക്കെ തണുപ്പിച്ച് നിർത്തുന്ന പാവം അനിയത്തിക്കുട്ടിയായി ജാൻസി ജീവിക്കുകയായിരുന്നു. തുടർന്ന് സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ്, ആദ്യത്തെ കണ്മണി, സോപാനം തുടങ്ങിയ ചിത്രങ്ങളിലും ചിപ്പി ഭാഗമായി. പിന്നീടങ്ങോട്ട് കന്നഡയിൽ പോയി സ്റ്റേറ്റ് അവാർഡ് വരെ വാങ്ങി. തുടർന്ന് സ്ത്രീജന്മത്തിലെ മായമ്മയായും ആകാശദൂതിലെ കണ്ണീർ നായികയായും മിനിസ്ക്രീനിൽ നിറസാന്നിധ്യമായി. ഒടുവിൽ സാന്ത്വനം സീരിയലിലെ ദേവിയേച്ചിയായി മാറി. പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ദേവിയേച്ചിയെ ഇഷ്ടപ്പെടാത്തവരായി കുടുംബ പ്രേക്ഷകരിൽ ആരുമുണ്ടാവില്ല. അത്രത്തോളമാണ് പ്രേക്ഷകർ ദേവിയെച്ചിയെ ഹൃദയത്തോട് ചേർത്ത് നിർത്തിയത്.
കേവലം ഒരു നടിയായി മാത്രം ഒതുങ്ങിക്കൂടാൻ ചിപ്പി തയ്യാറായില്ല. നിർമ്മാണ രംഗത്തും ബിസിനസ്സിലും ചിപ്പി കാണിച്ച ക്ലവർ മൂവുകൾ ഏതൊരു നിർമ്മാതാവിനെയും അമ്പരപ്പിക്കുന്നതാണ്. ഭർത്താവ് എം. രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയയ്ക്കൊപ്പം സ്വന്തമായി അവന്തിക ക്രിയേഷൻസ് തുടങ്ങി പ്രൊഡക്ഷൻ രംഗത്തും വിപ്ലവം സൃഷ്ടിച്ചു. നാത്തൂൻ പോരും അമ്മായിയമ്മപോരും മാത്രം നിറഞ്ഞുനിന്ന സീരിയൽ ലോകത്തേക്ക് സ്നേഹത്തിന്റെയും ചേട്ടാനിയന്മാരുടെ ബന്ധത്തിന്റെയും കഥയുമായി സാന്ത്വനം കൊണ്ടുവന്ന് ടിആർപി റേറ്റിംഗിൽ ഒന്നാമതെത്തിച്ചതിന് പിന്നിൽ ചിപ്പി എന്ന പ്രൊഡ്യൂസർക്കുള്ള പങ്ക് വളരെ വലുതാണ്. വില്ലത്തിമാരെക്കൊണ്ട് സീരിയൽ ലോകം നിറയുമ്പോഴും നന്മയുടേയും സഹനത്തിന്റെയും പ്രതീകമായി സ്ക്രീനിൽ നിൽക്കാനും ഒപ്പം ഒരു സക്സസ്ൾ പ്രൊഡ്യൂസറായി തിളങ്ങാനും ചിപ്പിക്കല്ലാതെ വേറെ ആർക്കാണ് സാധിക്കുക? ഇപ്പോഴിതാ ബിഗ് സ്ക്രീനിലേക്ക് വീണ്ടും എത്തുമ്പോൾ, ഇനി ബിഗ് സ്ക്രീനിൽ കാണാമെന്ന് തെളിയിക്കുകയാണ് ചിപ്പി രഞ്ജിത്ത്.
റീനുവിൽ നിന്ന് പാൻ – ഇന്ത്യൻ ക്രഷിലേക്ക്…
പ്രേമലുവിലെ റീനുവായി വന്ന് തീയേറ്ററുകളിൽ ചിരിയും പ്രണയവും നിറച്ച മമിത ബൈജുവിനെ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. റീനു എന്ന കഥാപാത്രമായി മമിത സ്ക്രീനിൽ ജീവിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ മമിതയുടെ സിനിമാ ഗ്രാഫ് പ്രേമലുവും കടന്ന് അങ്ങ് തമിഴകത്ത് എത്തിയിരിക്കുന്നു. മലയാളത്തിൽ നിന്ന് തമിഴകത്ത് എത്തിയ മമിതയുടെ യാത്ര ഇപ്പോൾ വമ്പൻ താരങ്ങൾക്ക് ഒപ്പമാണ്. ദളപതി വിജയ്ക്കൊപ്പം ജനനായകൻ, ധനുഷിനൊപ്പം കാര, ലേറ്റസ്റ്റായി സൂര്യക്കൊപ്പം വിശ്വനാഥ് ആൻഡ് സൺസ്. ഇനി നായകന്മാരുടെ ലിസ്റ്റ് നോക്കി മമിത തന്നെ ചോദിച്ചേക്കാം. “അടുത്തത് ആരെന്ന്” സൂര്യയോടൊപ്പമുള്ള വിശ്വനാഥ് ആൻഡ് സൺസ് റിലീസായതോടെ കേരളത്തിലെ തിയേറ്ററുകളിൽ വൻ തരംഗമാണ് മമിത സൃഷ്ടിച്ചിരിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ ഹിറ്റായ മമിത- സൂര്യ കെമിസ്ട്രിക്കൊപ്പം സിനിമയുടെ പ്രൊമോഷനിടെ മമിത പറഞ്ഞ ആ കുഞ്ഞ് രഹസ്യവും ഏറെ ശ്രദ്ധ നേടി.
മുമ്പൊരിക്കൽ കൊച്ചിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സൂര്യയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വീട്ടിൽ നിന്നും വിട്ടില്ലെന്നും എന്നാൽ തന്റെ സഹോദരൻ പോയി സൂര്യയെ കണ്ട് മാസ്സായി തിരികെ വന്നു. അന്ന് വീട്ടിലിരുന്ന് സങ്കടപ്പെട്ട് കരഞ്ഞു. ആ എട്ടാം ക്ലാസ്സുകാരി പെൺകുട്ടി ഇന്ന് തിരുവനന്തപുരം ലുലു മാളിൽ അതേ സൂര്യയുടെ നായികയായി ആയിരക്കണക്കിന് ആരാധകരുടെ നടുവിൽ സിനിമ പ്രൊമോഷന്റെ ഭാഗമായി നിൽക്കുന്നു. യാദൃശ്ചികമല്ലാത്ത മറ്റെന്താണത്. സിനിമയെക്കാൾ കിടിലൻ ക്ലൈമാക്സുള്ള ഒരു മാസ് ലക്കല്ലെ അത്. ഡ്യൂഡിലൂടെ തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ മമിതയ്ക്ക് ഇനി തമിഴിൽ നിന്ന് മാറി നിൽക്കാൻ സമയമുണ്ടാകില്ലെന്നാണ് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. പോരാത്തതിന് പ്രദീപ് രംഗനാഥൻ നിർമ്മാണത്തിൽ വരുന്ന പുതിയ മാസ്സ് പ്രൊജക്ടിലും മമിത തന്നെയാണ് നായികയെന്ന എക്സ്ക്ലൂസിവ് അപ്ഡേറ്റും പുറത്തുവന്നിട്ടുണ്ട്. എന്നാൽ തമിഴിലേക്ക് പോയെന്ന് കരുതി മമിത മലയാളത്തെ മറന്നിട്ടില്ല. ഗിരീഷ് എഡി നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിൽ ഹൗസ്ഫുള്ളായി ഓടുമ്പോൾ അതിലും മമിതയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. ഏതായാലും പ്രേമലുവിലെ മിടുക്കി പെൺകുട്ടി ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയുടെ തന്നെ മുൻനിര നായികയായി തിളങ്ങുകയാണ്. മമിതയുടെ അടുത്ത വമ്പൻ ചുവടുവെപ്പ് ആർക്കൊപ്പമായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കാം.





