ചിലരെ ശ്രദ്ധിച്ചിട്ടില്ലേ… മുഖത്തിന് നല്ല മിനുമിനുപ്പും തിളക്കവുമുണ്ടാകും. എന്നാൽ കൈകാലുകളുടെ അവസ്‌ഥ ഇതിന് നേർ വിപരീതമായിരിക്കും. കൈകാലുകൾ പരുപരുത്തതും നിറം മങ്ങിയുമിരിക്കും. മുഖത്തെ അപേക്ഷിച്ച് കൈകാലുകളുടെ നിറത്തിലുണ്ടാകുന്ന വ്യത്യാസം സാധാരണ ഒരു പ്രശ്നം മാത്രമാണ്. എന്നാൽ മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണിത്. കൈകളും കാലുകളും സ്വാഭാവികമായും ദിവസേന വിവിധ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നു. മലിനീകരണം, അഴുക്കും പൊടിയും, ഡിറ്റർജന്‍റ് എന്നിങ്ങനെ നിരവധി കാര്യം കൈകാലുകളുടെ സൗന്ദര്യം നഷ്ടപ്പെടുത്താം.
നഖങ്ങൾ ആഴത്തിൽ വൃത്തിയാക്കുന്നതിലൂടെ മാലിന്യം, മൃത ചർമ്മകോശങ്ങൾ എന്നിവ നീക്കം ചെയ്യപ്പെടാൻ സഹായിക്കും. സ്ക്രബ്ബിംഗും മസാജിംഗും വിരലുകളിലും കാൽവിരലുകളിലും രക്‌തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും. കാലുകൾ വെള്ളത്തിൽ മുക്കിവയ്ക്കുന്നത് സമ്മർദ്ദം അകറ്റാൻ സഹായിക്കും.
കൈകാലുകൾ ഇരുണ്ടിരിക്കുകയാണെങ്കിൽ അതിന്‍റെ കാരണവും പരിഹാര മാർഗ്ഗങ്ങളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
നിറവ്യത്യാസം ഉണ്ടാകുന്നതിനുള്ള കാരണം
ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് മുഖ ചർമ്മം തിളക്കമുള്ളതായിരിക്കാനുള്ള പ്രധാന കാരണം മിക്ക ആളുകളും മുഖ ചർമ്മ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതുകൊണ്ടാണ്. മിക്കവരും ദിവസത്തിൽ പല തവണ മുഖം കഴുകുകയും മുഖത്ത് ക്രീം പുരട്ടുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ മുഖത്ത് സൺസ്ക്രീൻ ഉപയോഗിക്കുകയും ചെയ്യും. എന്നാൽ കൈകാലുകൾക്ക് സമാനമായ പരിചരണവും ശ്രദ്ധയും നൽകുകയില്ല.
സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ കാരണം കൈകാലുകളുടെ ചർമ്മത്തിൽ മെലാനിൻ ഉത്പാദനം വർദ്ധിക്കുകയും ചർമ്മം ഇരുണ്ടതായി മാറുകയും ചെയ്യുന്നു. മറ്റൊരു പ്രധാന കാരണം അഴുക്കും പൊടിയുമായി കൈ കാലുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നതാണ്. ചിലപ്പോൾ പോഷകങ്ങളുടെ അഭാവവും ശുചിത്വമില്ലായ്മയും മൂലം കൈകളും കാലുകളും ഇരുണ്ടു പോവുകയോ വരളുകയോ ചെയ്യാറുണ്ട്. ഈ 3 ഘട്ടങ്ങളിലൂടെ കൈ- കാലുകൾ മനോഹരമാക്കാം.
ഘട്ടം 1: ഒന്നാമതായി രാത്രി കാല ചർമ്മ സംരക്ഷണ ദിനചര്യയിൽ മുഖത്തിനൊപ്പം കൈ കാലുകളുടെ സംരക്ഷണവും ഉൾപ്പെടുത്തുക. രാത്രിയിൽ കോജിക് ആസിഡും ഗ്ലൈക്കോളിക് ആസിഡും അടങ്ങിയ ഒരു ക്രീം പുരട്ടുക. ഇത് ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കുകയും നിറം മെച്ചപ്പെടുത്തുകയും ചെയ്യും.
ഘട്ടം 2: രണ്ടാമത്തെ ഘട്ടം മുഖത്തിനൊപ്പം കൈകാലുകളിലും സൺസ്ക്രീൻ ഉപയോഗിക്കുക എന്നതാണ്. പുറത്തുപോകുമ്പോൾ, മുഖം, കഴുത്ത്, കൈകാലുകൾ എന്നിവിടങ്ങളിൽ മികച്ച ക്വാളിറ്റിയിലുള്ള എസ്‌പിഎഫ് 50 സൺ സ്ക്രീൻ പുരട്ടുക. സൂര്യൻ ദോഷകരമായ രശ്മികളിൽ നിന്ന് ഇത് നിങ്ങളെ സംക്ഷിക്കുകയും കൈകാലുകളുടെ നിറം ഇരുണ്ടു പോകാതിരിക്കുകയും ചെയ്യും.
ഘട്ടം 3: ആന്‍റിഓക്സിഡന്‍റുകൾ അടങ്ങിയ ഭക്ഷ്യ വസ്‌തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്തുക. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുക. ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചീര, ബദാം എന്നിവയും പതിവായി കഴിക്കുക. ഇത് ചർമ്മത്തെ ആന്തരികമായി പരിപോഷിപ്പിക്കും.
പാദങ്ങളിലെ വിണ്ടുകീറൽ ഒഴിവാക്കാം
- ഇളം ചൂട് വെള്ളത്തിൽ 2-3 സ്പൂൺ ഉപ്പ് ചേർത്ത് പാദങ്ങൾ നന്നായി കഴുകി തുടച്ച് അലോവേര അടിങ്ങിയ ക്രീം പുരട്ടി മസാജ് ചെയ്യുക. ബദാം ചേർന്ന ഓൾ പർപ്പ്സ് ക്രീം കൊണ്ട് മസ്സാജ് ചെയ്യുന്നതും നല്ലതാണ്.
- പഴം ഉടച്ച് ഒലിവ് ഓയിൽ ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് വിണ്ടുകീറിയ പാദങ്ങളിൽ 15- 20 മിനിറ്റോളം പുരട്ടി മസാജ് ചെയ്ത ശേഷം കഴുകി കളയുക.
- പാദങ്ങൾ വൃത്തിയായി കഴുകിയ ശേഷം പതിവായി ഗ്ലിസറിൻ- റോസ്‍വാട്ടർ മിശ്രിതം പുരട്ടി അൽപസമയത്തിനു ശേഷം കഴുകി കളയുക.
- സ്കിൻ പ്രോബ്ളം, അലർജി എന്നിവ ഒഴിവാക്കുന്നതിനായി ഡോക്ടറുടെ ഉപദേശപ്രകാരം വിപണിയിൽ ലഭിക്കുന്ന ഫുട്ക്രീമുകൾ ഉപയോഗിക്കാം.





