ചോദ്യം: 30 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷമായി. എനിക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. മകൻ ജനിക്കുന്നതിന് മുമ്പ് ഭർത്താവിന് എന്നോട് വലിയ സ്നേഹമായിരുന്നു. എന്നാൽ മകനുണ്ടായശേഷം അദ്ദേഹം എന്നെ വല്ലാതെ അവഗണിക്കുന്നു. എന്തെങ്കിലും ചെറിയ കാര്യത്തിന്‍റെ പേരിൽ അദ്ദേഹം എന്നോട് കലഹിക്കുന്നത് പതിവായിരിക്കുകയാണ്. ഏത് സമയത്തും ദേഷ്യം പിടിച്ചിരിക്കും പോലെയാണ് തോന്നുന്നത്. വീട്ടിൽ കലഹമുണ്ടാക്കുന്നതിൽ അമ്മായിയമ്മയും ഒട്ടും പിന്നിലല്ല. എന്നെക്കുറിച്ചുള്ള നിസ്സാരമായ പരാതികൾ അമ്മ ഭർത്താവിനെ ധരിപ്പിക്കും. അതോടെ അദ്ദേഹത്തിന് എന്നോട് ദേഷ്യമാകും.
ഒരിക്കൽ അദ്ദേഹം ഏതോ നിസ്സാര കാര്യത്തിന്‍റെ പേരിൽ എന്നെ അടിക്കുക പോലും ചെയ്തു. അക്കാര്യം എന്‍റെ മാതാപിതാക്കൾ ചോദിച്ചതോടെ വീട്ടിലെ അന്തരീക്ഷം ഒന്നു കുടി വഷളായിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹം എന്നോട് സംസാരിക്കാറുപോലുമില്ല.
ഉത്തരം: തുടക്കത്തിൽ സ്നേഹ സമ്പന്നനായ ഭർത്താവായിരുന്ന അദ്ദേഹത്തിൽ പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം ഉണ്ടാകാൻ കാരണം എന്താണ്? അതാണ് ആദ്യം അറിയേണ്ടത്. നിങ്ങൾ സ്വയമൊരു നിരീക്ഷണം നടത്തിനോക്കുക. നിങ്ങളാണോ ഭർത്താവിന്‍റെ ദേഷ്യത്തിന് കാരണമെന്ന് കണ്ടെത്തുക. മകനെ പരിപാലിക്കുന്ന തിരക്കിനിടയിൽ നിങ്ങൾ അദ്ദേഹത്തെ മനഃപൂർവ്വമല്ലാതെ അവഗണിച്ചതുകൊണ്ടാകുമോ ഈ ദേഷ്യം?
ഭാര്യയിൽ നിന്നുള്ള അവഗണന ഏതൊരു ഭർത്താവിനും സഹിക്കാനാകാത്തതാണ്. നിങ്ങൾ അതിനുള്ള കാരണം കണ്ടുപിടിച്ച് അത് മാറ്റിയെടുക്കാനുള്ള ശ്രമം നടത്തുകയാണ് വേണ്ടിയിരുന്നത്.
പക്ഷേ, നിങ്ങളുടെ ഭാഗത്തുനിന്നും അങ്ങനെയൊരു ശ്രമമുണ്ടായില്ല. ഭർത്താവിന്‍റെ കൈ ഉയർന്നപ്പോൾ അതിനെ സമർത്ഥമായി എതിർക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹത്തോട് തുറന്ന് പറയേണ്ടതായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യുന്നതിന് പകരം നിങ്ങൾ സ്വന്തം വീട്ടിൽ അറിയിച്ച് പ്രശ്നം വഷളാക്കുകയാണ് ചെയ്‌തത്.
പക്ഷേ, ഇനിയും സമയമുണ്ട്. അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിക്കുക. വേണ്ടത്ര പരിഗണന നല്കുക. ഒരിക്കലും അദ്ദേഹത്തെ അവഗണിക്കരുത്. സ്വകാര്യമായ നിമിഷങ്ങളിൽ നിങ്ങൾ പരസ്പരം തുറന്ന് സംസാരിക്കുക. ഭർത്താവിലൊരു മാറ്റമുണ്ടാകാൻ അല്പം സമയമെടുക്കുമെങ്കിലും ക്ഷമയോടെ കാത്തിരിക്കുക. നിങ്ങളുടെ ദാമ്പത്യം സ്നേഹ സമ്പന്നമാകും.
ചോദ്യം: 58 വയസ്സുള്ള ഒരു റിട്ടയേഡ് ഉദ്യോഗസ്ഥയാണ് ഞാൻ. എനിക്ക് രണ്ട് പെൺമക്കളാണ്. രണ്ടുപേരും വിവാഹിതരായി. ഞാൻ ഒറ്റയ്ക്കാണ് വീട്ടിലെ ഉത്തരവാദിത്തങ്ങൾ നോക്കിനടത്തിയിരുന്നത്. അക്കാര്യത്തിൽ ഒരിക്കൽപ്പോലും ഭർത്താവിന്‍റെ സഹകരണം കിട്ടിയിരുന്നില്ല. അദ്ദേഹം വീടിനുവേണ്ടി ഒരു നിസ്സാരമായ കാര്യംപോലും ചെയ്തിട്ടില്ല. ഒരു പ്രത്യേക തരം സ്വഭാവമാണ് അദ്ദേഹത്തിന്‍റേത്. ചെറിയ കാര്യത്തിനു പോലും ഒരു കാരണവുമില്ലാതെ അദ്ദേഹം കലഹിക്കും. സമീപത്ത് ആരെങ്കിലും ഉണ്ടെന്നോ, അവർ കേൾക്കുമെന്നോ യാതൊരു വിചാരവുമില്ലാതെയാണ് അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കുന്നത്. അദ്ദേഹത്തിന് സൗഹൃദങ്ങളില്ലെന്ന് തന്നെ പറയാം. മാത്രമല്ല, ബന്ധുക്കളോ, സുഹൃത്തുക്കളോ വീട്ടിൽ വരുന്നതൊന്നും അദ്ദേഹത്തിനിഷ്ടമല്ല. ചുരുക്കത്തിൽ ആരുമായിട്ടും ഒരടുപ്പവുമില്ല. ആരുടേയും വീട്ടിൽ പോകുന്നതും ഇഷ്ടമല്ല.
അദ്ദേഹത്തിന്‍റെ വിചിത്രമായ സ്വഭാവം മൂലം ഞാൻ മാനസികമായി തകർന്നിരിക്കുകയാണ്. മാത്രമല്ല, ഞങ്ങൾ പരസ്പരം സംസാരിച്ചിട്ട് മാസങ്ങളായെന്നുതന്നെ പറയാം. വിരസവും അവഗണന നിറഞ്ഞതുമായ ഈ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ എനിക്ക് വല്ലാത്ത വീർപ്പുമുട്ടലാണ്. ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചു പോകുന്നു. ദുഃഖങ്ങളല്ലാതെ ഈ ജീവിതത്തിൽ എനിക്ക് മറ്റൊന്നുമുണ്ടായിട്ടില്ല.
ഉത്തരം: അപാരമായ ധൈര്യശാലിയും ബുദ്ധിമതിയുമായ ഒരു സ്ത്രീയാണ് നിങ്ങൾ. ഭർത്താവിന്‍റെ വശത്തു നിന്നും സാമ്പത്തികമോ വൈകാരികമോ ആയ സഹായസഹകരണങ്ങളൊന്നുമില്ലാതെ കുട്ടികളെ വളർത്തി പ്രാപ്തരാക്കി. സ്വന്തം ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയ നിങ്ങൾ സ്വയമതിൽ അഭിമാനിക്കുകയാണ് വേണ്ടത്. മക്കളുടെ വിവാഹം വരെ നിങ്ങളുടെ ജീവിതം ഉത്തരവാദിത്തങ്ങൾക്കിടയിലായിരുന്നു. അതുകൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നിരുന്നില്ല.
ഇപ്പോൾ ഉത്തരവാദിത്തങ്ങളൊക്കെ ഒഴിഞ്ഞു. ജീവിതത്തിൽ ഏകാന്തതയനുഭവപ്പെട്ടു തുടങ്ങിയതോടെ ഈ വേദനകൾ നിങ്ങളുടെ മനസ്സിനെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ.
ഭർത്താവിനെക്കുറിച്ച് പറയുകയാണെങ്കിൽ നിങ്ങൾ നല്ലൊരു സമയം ഭർത്താവിനൊപ്പം ജീവിച്ചു കഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ സ്വഭാവവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുമല്ലോ. ഇത്രയും വർഷമായിട്ടും ഭർത്താവിന്‍റെ സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിക്കാത്തതുകൊണ്ട് ഇനിയും അത് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമല്ലേ. അതുകൊണ്ട് അതേക്കുറിച്ചോർത്ത് വേവലാതിപ്പെടാതിരിക്കുകയാണ് വേണ്ടത്. അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടാവുകയില്ല. നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും പകരുന്ന കാര്യങ്ങളിൽ വ്യാപൃതയാവുക. അല്പസ്വല്പം ഭർത്താവിനെ ധിക്കരിച്ചുവെന്ന് കരുതി കുടുംബം തകരുകയൊന്നുമില്ല. ഇടയ്ക്കിടയ്ക്ക് ബന്ധു വീടുകൾ സന്ദർശിക്കാൻ പോവുക. ബന്ധുക്കളേയും സുഹൃത്തുക്കളേയും വീട്ടിലേക്ക് ക്ഷണിക്കുക. ഇടയ്ക്ക് മക്കളേയുംകൂട്ടി പുറത്ത് കറങ്ങാനൊക്കെ പോവുക. കുറച്ച് എതിർപ്പുകൾ ഭർത്താവിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുമെങ്കിലും കുറച്ചു കഴിയുന്നതോടെ അതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് അദ്ദേഹത്തിന് മനസ്സിലാകും. അതോടെ അദ്ദേഹം താനേ പത്തി മടക്കിക്കൊള്ളും. ചിലപ്പോൾ അദ്ദേഹത്തിലും ചില മാറ്റങ്ങളുണ്ടായെന്നും വരാം.