“മോനേ ആതിര ഇതുവരെ എത്തിയില്ലല്ലോ?” പതിവു സമയം കഴിഞ്ഞും മരുമകളെ കാണാത്തതിന്‍റെ ചെറിയൊരു പരിഭ്രമത്തോടെ പ്രഭാവതിയമ്മ പുറത്തേക്കിറങ്ങി വന്നു.
“എത്തിയില്ലെന്നോ? ഈ സമയത്ത് അവൾ വീട്ടിൽ ഉണ്ടാവേണ്ടതാണല്ലോ?” ശ്രീകാന്തിന്‍റെ മുഖത്തും അമ്പരപ്പ് പടർന്നു.
“ആഹോ ഇതിപ്പോ വാദി പ്രതിയായ പോലുണ്ടാല്ലാ? രാവിലെ നിങ്ങൾ ഒന്നിച്ചല്ലേ ഓഫീസിലേക്കിറങ്ങിയത്. മിക്കവാറും ഒരുമിച്ചാണ് മടങ്ങി വരാറുള്ളതും. ഞാൻ കരുതി, നിങ്ങൾ ഷോപ്പിങ്ങിനോ മറ്റോ പ്ലാൻ ചെയ്‌തു കാണുമെന്ന്, ഷോപ്പിങ്ങിനോ, സിനിമക്കോ എവിടെ വേണമെങ്കിലും പൊയ്ക്കൊള്ളൂ. പക്ഷേ, ആ വിവരം ഒന്നറിയിച്ച് പോയിരുന്നെങ്കിൽ വീട്ടിലുള്ളവർക്ക് അലപം മനസ്സമാധാനത്തോടെയിരിക്കാമായിരുന്നു.”
“അമ്മേ. അതിന് പ്ലാൻ ചെയ്യാനും മാത്രം പ്രോഗ്രാമൊന്നും ഇല്ലായിരുന്നു. എന്തോ ചെറിയ ഷോപ്പിംഗ് ഉണ്ടെന്ന് ആതിര പറഞ്ഞിരുന്നു. ഞാൻ കരുതി ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് അവൾ വീട്ടിലെത്തിക്കാണുമെന്ന്.” ടെൻഷനൊട്ടും പുറത്തു കാട്ടാതെ ശ്രീകാന്ത് മറുപടി നൽകി.
“ഞാൻ ആതിരയെ കുറ്റം പറയുന്നില്ല. അവൾ മറ്റൊരു വീട്ടിൽ നിന്നും വന്നതല്ലേയുള്ളൂ. നിന്‍റെ കാര്യം അങ്ങനെയാണോ? നിനക്കിവിടത്തെ രീതികളും ചിട്ടവട്ടങ്ങളും നന്നായറിയാവുന്നതല്ലേ” പ്രഭാവതിയമ്മ മകനെ നോക്കി.
“രീതികളോ, അമ്മയെന്തൊക്കെയാണീ പറയുന്നത്?” ശ്രീകാന്തിന്‍റെ ശബ്ദമിടറി.
“എവിടെയെങ്കിലും പോകുമ്പോൾ ഞങ്ങളൊക്കെ ഞങ്ങളുടെ കാരണവന്മാരോട് അനുവാദം ചോദിക്കുമായിരുന്നു. ഇന്നിപ്പോ കാലം മാറി. പരിഷ്‌കാരം മാറി ചുരുങ്ങിയത് എങ്ങോട്ടാണ് പോകുന്നതെന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യാം…. രാവിലെ 9 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതാണ് ആതിര. എങ്ങോട്ടു പോകുന്നു. എപ്പോവരും എന്ന് ഒന്നു ഫോൺ ചെയ്‌ത് അറിയിക്കാമായിരുന്നു.” പ്രഭാവതിയമ്മയുടെ മുഖം കോപം കൊണ്ടു ചുവന്നു. “അമ്മേ പ്ലീസ്. ഇത്തവണത്തേയ്ക്കൊന്ന് ക്ഷമിക്കൂ, ഇനി ഇതുപോലെ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചോളാം ഞാനുടനെ ആതിരയെ ഫോൺ വിളിച്ച് കാര്യം തിരക്കാം..
പപ്പയ്ക്ക് മാത്രമല്ല, മമ്മി, ഏട്ടൻ, ഏടത്തി, അവരുടെ അഞ്ചു വയസ്സുകാരി മകൾ റിങ്കി എല്ലാവർക്കും വേണ്ടി ആതിര സമ്മനങ്ങൾ വാങ്ങിയിരുന്നു. കൂടാതെ വലിയൊരു കേക്ക്, മധുരം പലഹാരങ്ങൾ, ചോക്ലേറ്റ്സ്, സാൾട്ടഡ് ചിപ്സ് ഇവയെല്ലാം കരുതിയിരുന്നു.
ഇത്തവണ പപ്പയുടെ ബർത്ത്ഡേ കേമമായി ആഘോഷിക്കണം. വീട്ടിലെത്തിയ ഉടനെ ആതിര ഗിഫ്റ്റ് മേശപ്പുറത്തു നിരത്തി. ഗിഫ്റ്റുകൾ കണ്ടിട്ടും ആരുടെയും മുഖത്ത് ഒരു തെളി ച്ചവും വരാത്തത് അവളിൽ ചെറിയൊരു നിരാശ പടർത്തി.
“ഇത്രയധികം പണം ചെലവഴിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ, മോളേ. ഞാൻ ബർത്ത്‌ഡേയൊന്നും ആഘോഷിക്കാറില്ലെന്ന് മോൾക്ക് നന്നായറിയാവുന്ന കാര്യമാണല്ലോ” പപ്പ പറഞ്ഞു.
“എന്തായാലും ഇത്തവണ പപ്പയുടെ ബർത്ത്ഡേ നമ്മൾ ഗ്രാൻറായി ആഘോഷിക്കും. പക്ഷേ എനിക്കൊരു കാര്യം മനസ്സിലായി. നിങ്ങൾക്ക് ഞാനിവിടെ വരുന്നത് ഇഷ്ടമല്ലെന്ന് തോന്നുന്നു.” ആതിര പപ്പയെ നോക്കി ദേഷ്യമഭിനയിച്ചു.
“മോളേ, എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? ഞങ്ങൾക്കെല്ലാവർക്കും നീയെന്നു വച്ചാൽ വലിയ കാര്യമാണ്. എന്നാൽ ജീവിതത്തിൽ ഗൗരവത്തോടെ സമീപിക്കേണ്ട ചില സാഹചര്യങ്ങളുമുണ്ട്.” ആതിരയുടെ കണ്ണു നിറയുന്നതു കണ്ട് പപ്പ അവളുടെ നെറുകയിൽ തലോടി സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“എന്താണ് പപ്പ പറഞ്ഞു വരുന്നത്?” മൊബൈലിൽ ശ്രീകാന്തിന്‍റെ പേര് തെളിയുന്നതു കണ്ട് ആതിര പതറി. ശ്രീകാന്ത് ദേഷ്യത്തിലാണെന്ന് അയാളുടെ ശബ്ദത്തിൽ നിന്നവൾക്ക് മനസ്സിലായി.
“നീയെവിടെയാ? രാവിലെ 9 മണിക്ക് വീട്ടിൽ നിന്നിറങ്ങിയതല്ലേ. ഞാൻ ഓഫീസിൽ നിന്നും വീട്ടിലെത്തി. നിനക്കിപ്പോഴും എത്താറായില്ലേ? അമ്മ ആകെ ദേഷ്യത്തിലാ, വേഗം വീട്ടിലേയ്ക്ക് വാ.” മറുതലയ്ക്കൽ ആതിരയുടെ ശബ്ദം കേട്ട് ശ്രീകാന്ത് ശരിക്കും കയർത്തു.
“ഏ… വീട്ടിലേയ്ക്ക് വരാനോ? ഞാൻ കരുതി ഓഫീസ് കഴിഞ്ഞ് നിങ്ങൾ നേരെ ഇങ്ങോട്ടേയ്ക്ക് വരുമെന്ന്.”
“എങ്ങോട്ടു വരാൻ? നീയിപ്പോ എവിടെയാണെന്നു പോലും എനിക്കറിയില്ല.” ശ്രീകാന്ത് ക്ഷുഭിതനായി.
“ഞാനെവിടെയാണെന്ന് നിങ്ങൾക്ക് നന്നായറിയാം. എന്‍റെ വീട്ടിലല്ലാതെ ഞാൻ എങ്ങോട്ടു പോകാനാ?”
“വീട്ടിലേയ്‌ക്കോ… അപ്പോൾ നീ ഷോപ്പിങ്ങിനു പോയതല്ലേ?” ശ്രീകാന്തിന്‍റെ ശബ്ദം കനത്തു വന്നു.
“വെറുതെ ദേഷ്യപ്പെടേണ്ട… ഇന്ന് പപ്പയുടെ പിറന്നാളാ… പപ്പയ്ക്ക് ഗിഫ്റ്റ് വാങ്ങാൻ പോയതാ…” ആതിരയുടെ ശബ്ദത്തിൽ ദൈന്യത കലർന്നു.
“പപ്പയുടെ ബർത്ത്ഡേയാണെന്ന് നീ പറഞ്ഞു പോലുമില്ലല്ലോ? നീയാ ഫോണൊന്നു പപ്പയ്ക്ക് കൊടുക്ക്. എന്‍റെ ബർത്ത്ഡേ വിഷ് അറിയിക്കട്ടെ.” ആതിര മൊബൈൽ ഫോൺ പപ്പയുടെ കൈയിലേക്ക് നൽകി.
“ആതിര എത്തി. മോൻ കൂടി വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.” പപ്പ പറഞ്ഞു.
“സോറി പപ്പാ. ഇന്നിനി വരാൻ പറ്റില്ല. ഞാനിപ്പോ ഓഫീസിൽ നിന്നും വന്നതേയുള്ളൂ. നാളെ ഇൻസ്പെക്ഷനുണ്ട്. വർക്കൊന്നും കംപ്ലീറ്റായിട്ടില്ല. കുറേ പെന്‍റിംഗ് വർക്ക് വീട്ടിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ തിരക്കൊക്കെയൊന്നു കഴിയട്ടെ. ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളിൽ ഞാനങ്ങോട്ടു വരുന്നുണ്ട്.
“ആഹ്! ഈ വയസ്സന്‍റെ പിറന്നാൾ ആഘോഷിക്കാൻ നിങ്ങൾ ചെറുപ്പക്കാർക്കെവിടാ സമയം.. അല്ലേ…” പപ്പ ചിരിച്ചു.
“അതല്ല പപ്പാ. ആതിര നേരത്തെ ഇതേക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ. ആതിരയെയൊന്നു വീട്ടിൽ കൊണ്ടാക്കാൻ സൂരജ് ചേട്ടനോട് പറയണം.”
പപ്പ കേക്ക് മുറിച്ചു. ആതിരയും ഏടത്തിയും മധുരപലഹാരങ്ങൾ നിറച്ച പ്ലേയ്റ്റ് മേശപ്പുറത്തു കൊണ്ടു വച്ചു. അവരെല്ലാം കൂടി ബർത്ത്‌ഡേ കേമമായി ആഘോഷിച്ചു.
“മോനേ സൂരജ്, ആതിരയെ വേഗം വീട്ടിൽ കൊണ്ടാക്ക്. നേരം വൈകിക്കണ്ട.”
“പപ്പാ… ഒരു പത്തുപതിനഞ്ചു മിനിറ്റ്… ഞാനുടനെ വരാം…” സൂരജ് പുറത്തേക്കിറങ്ങി, ആതിര അച്‌ഛനമ്മമാരുടെ അടുത്തു ചെന്നിരുന്നു വിശേഷങ്ങൾ പറയുവാൻ തുടങ്ങി. അതിനിടയ്ക്ക് അഞ്ച് വയസ്സുകാരി റിങ്കി ആതിരയുടെ കൈയിൽ പിടിച്ചു വലിക്കുവാൻ തുടങ്ങി.
“ഏ… ഇതെന്താ റിങ്കീ. ആന്‍റിയെ എങ്ങോട്ടു കൊണ്ടുപോവുകയാ?” പപ്പ തിരക്കി.
“അപ്പൂപ്പാ… ആന്‍റിയെ വിളിച്ചു കൊണ്ടുവരാൻ മമ്മി പറഞ്ഞു.”
“എന്താ ചേച്ചീ? എന്തിനാ ഇങ്ങോട്ടേയ്ക്ക് വിളിപ്പിച്ചത്? അങ്ങോട്ടു വരാമായിരുന്നില്ലേ?” ആതിര ചോദിച്ചു.
“ആഹ്! ആതിരേ, എനിക്ക് നിന്നോടൊരു കാര്യം പറയണമെന്നുണ്ടായിരുന്നു. അത് പക്ഷേ പപ്പയുടെയും മമ്മിയുടെയും മുന്നിൽ വച്ചു പറ്റില്ല. അതുകൊണ്ടാ…” റിയ വിശദീകരിച്ചു.
“അതെന്താ… ചേച്ചീ?” ആതിരയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.
“നീ എനിക്കും ചേട്ടനും വേണ്ടി വാങ്ങിയ സമ്മാനങ്ങൾ ഞാൻ തല്ക്കാലം സ്വീകരിക്കുന്നില്ല. എന്നാൽ റിങ്കിമോൾക്ക് വേണ്ടി വാങ്ങിയ പാവക്കുട്ടി ഇവിടിരുന്നോട്ടെ.”
“ഏ… എന്താ ചേച്ചീ?”
“നോക്കൂ, ഞാൻ നിന്നെക്കാളും മുതിർന്നവളാണ്. ഞാൻ പറയുന്നതെന്തും നിന്‍റെ നന്മയ്ക്കാണെന്നു കരുതിയാൽ മതി. നീ തെറ്റിദ്ധരിക്കരുത്.”
“ചേച്ചി പറയുന്നതൊന്നും ഞാൻ നെഗറ്റീവായെടുക്കില്ല. എന്നും ഒരു സഹോദരിയുടെ സ്നേഹവും ലാളനയുമേ ചേച്ചി എനിക്ക് നൽകിയിട്ടുള്ളൂ.”
“ആതിരേ, നിന്‍റെ വിവാഹം കഴിഞ്ഞ് കുറച്ചു നാളല്ലേ ആയുള്ളൂ. ഇനി അതാണ് നിന്‍റെ വീട്, പുതിയൊരു അന്തരിക്ഷമാണ്. നീ അവിടത്തെ ഒരംഗമാവുന്നതിന് അല്‌പം സമയമെടുത്തെന്നു വരും. നീ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടു വരുന്നതു ശ്രീകാന്തിന് ഇഷ്ടമാകണമെന്നില്ല.”
“ഒക്കെ എനിക്ക് മനസ്സിലായി ചേച്ചീ. ഈ സാരി ഞാൻ ചേച്ചിക്ക് വേണ്ടി മാത്രം വാങ്ങിയതാണ്. ചേച്ചിക്ക് ഈ ഇളം പിങ്ക് നിറം ഇഷ്ടമാവുമെന്നും എനിക്കറിയാം. ചേച്ചി ഇതു വേണ്ടെന്നു പറയരുത്.”
“ആതിരേ, നിന്നെ വിഷമിപ്പിക്കാൻ പറയുന്നതല്ല. അനുയോജ്യമായൊരു അവസരം വരുമ്പോൾ നീ ഈ സാരി ശ്രീകാന്തിന്‍റെ അമ്മയ്ക്കു കൊടുക്കണം. വലിയ സന്തോഷമാവും അവർക്ക്. പിന്നെ ഞങ്ങൾക്ക് നീ അന്യയൊന്നുമല്ലല്ലോ?”
“പക്ഷേ, ഭർതൃഗൃഹത്തിൽ നീ പുതിയൊരു അതിഥിയാണ്. അവരുമായി അടുപ്പം നേടിയെടുക്കുന്നതിന് അല്‌പസ്വല്പം ശ്രമം വേണ്ടി വരും.”
“അപ്പോ ചേച്ചിയെന്നെ ശരിക്കും മനസ്സിലാക്കിയിട്ടില്ല. ഞാൻ അവിടെയുള്ളവരോടും സ്നേഹത്തോടെയും ആദരവോടെയുമാണ് പെരുമാറുന്നത്. പക്ഷേ, ഇതുമെന്‍റെ വീടല്ലേ? പപ്പയെയും മമ്മിയെയും ഒരു ദിവസം കണ്ടില്ലെങ്കിൽ എനിക്ക് വല്ലാത്ത ടെൻഷനാവും. അതാണ് ഞാൻ അടിക്കടി ഇങ്ങനെ ഓടിയെത്തുന്നത്. പപ്പയും മമ്മിയും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ടാവുമോ? ഇതൊക്കെ മുമ്പ് ഞാനല്ലേ നോക്കിക്കൊണ്ടിരുന്നത്.” ആതിര കരച്ചിലിന്‍റെ വക്കിലായി.
“അപ്പോഴേക്കും നീ വിഷമിച്ചോ ആതിരേ. നിന്നെപ്പോലൊരു സഹോദരിയേയും നാത്തൂനെയും കിട്ടാൻ ഭാഗ്യം ചെയ്യണം. ഇനിയെങ്കിലും നീ നിന്നെക്കുറിച്ച് ചിന്തിച്ചു തുടങ്ങു ആതിരേ. നീ സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം. അതുകൊണ്ടാണ് നിന്നോടിപ്പോൾ ഇങ്ങനെയെല്ലാം സംസാരിക്കുന്നത്. മമ്മിയേയും പപ്പയേയും നോക്കാൻ ഞാനിവിടില്ലേ?”
“ചേച്ചീ, ഞാനിവിടെ വരുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെന്നു പറഞ്ഞാൽ പോരേ… എന്തിനാ ഈ ചുറ്റിക്കെട്ട്…?”
“തമാശയ്ക്കാണെങ്കിൽ പോലും നീയങ്ങനെ കരുതരുത്. പത്തിരുപത്തിയെട്ടു വർഷം നീയിവിടെ ജീവിച്ചതല്ലേ. അപ്പോൾ നിനക്ക് ഈ വീടുമായുള്ള അടുപ്പം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഞാൻ പറഞ്ഞതു കേട്ട് എന്തിനാണ് നീ ഇത്രമാത്രം വിഷമിക്കുന്നത്? നിനക്ക് എപ്പോൾ വേണമെങ്കിലും ഫോൺ വിളിച്ച് ഇവിടത്തെ സുഖവിവരങ്ങൾ തിരക്കാമല്ലോ. നിന്‍റെ പക്കൽ മൊബൈലുമുണ്ട്. എന്‍റെയൊക്കെ വിവാഹം നടക്കുന്ന സമയത്ത് ഈ മൊബൈൽ സൗകര്യമൊന്നുമില്ലായിരുന്നു. അന്ന് ഞാൻ എന്തുമാത്രം വിഷമിച്ചിരുന്നെന്നോ?”
വിഷമമടക്കാനാവാതെ റിയ തേങ്ങുന്നതു കണ്ട് ആതിരയ്ക്കും സങ്കടം വന്നു. അപ്പോൾ, താനൊരാൾ മാത്രമല്ല ഈ സാഹചര്യത്തിലൂടെ കടന്നുപോവുന്നത്. തന്നെപ്പോലെ ഓരോ സ്ത്രീയുടെയും വിധിയാണിത്. ഒരു മാറ്റം എന്തുകൊണ്ടും തന്‍റെ ഭാഗത്തു നിന്നുണ്ടാവും. ലോലഹൃദയം കാരണം വീണ്ടും വീണ്ടും അപഹാസ്യയാവാൻ താൻ തയ്യാറല്ല. ആതിര ദൃഢ തീരുമാനമെടുത്തു.
സമുദ്രത്തിലെ തിരമാലകൾ കണക്കേ ആതിരയുടെ മനസ്സിൽ ചിന്തകൾ ഇളകിമറിഞ്ഞു. സൂരജ് അപ്പോഴേക്കും മടങ്ങിയെത്തിയിരുന്നു. ധാരാളം സമ്മാനപ്പൊതികളും മധുരപലഹാരങ്ങളുമൊക്കെ കൊണ്ടായിരുന്നു അയാളുടെ വരവ്.
“വെറുതെ കാശ് പൊടിച്ചു കളയേണ്ടിയിരുന്നില്ല ചേട്ടാ…” ആതിരയ്ക്ക് പരിഭവം തോന്നി.
“മണ്ടീ, ഇതൊരു അനാവശ്യ ചെലവൊന്നുമല്ല. നിന്‍റെ ഏട്ടൻ നിനക്ക് നൽകുന്ന സമ്മാനമാണെന്ന് കരുതിയാൽ മതി. ഇതൊക്കെ കാണുമ്പോൾ നീ ഏട്ടനെ ഓർക്കുമല്ലോ.”
താമസിയാതെ സുരജ് അവളെ വീട്ടിൽ കൊണ്ടുവിട്ടു. “ആതിര, എന്താണിതൊക്കെ? ഇതുപോലെ ആരോടും ചോദിക്കാതെയും പറയാതെയും വീട്ടിൽ നിന്നിറങ്ങിപ്പോവാനും വരാനും ഇതെന്താ സത്രമോ?” ആതിരയെ കണ്ട് പ്രഭാവതിയമ്മയ്ക്ക് ചോദിക്കാതിരിക്കാനായില്ല.
“ക്ഷമിക്കണം ആന്‍റീ, ഇന്നു പപ്പയുടെ ബർത്ത്‌ഡേയായിരുന്നു. സന്തോഷവും എക്സൈറ്റ്‌മെന്‍റും കാരണം ആന്‍റിയോ ടു പറയാൻ ഇവൾ മറന്നതാവും. ഇന്നത്തെ ഒരു ദിവസത്തേയ്ക്ക് ആന്‍റി ക്ഷമിക്കണം. ഇനിയൊരിക്കലും ഇവളിത് ആവർത്തിക്കില്ല” സൂരജാണ് ആതിരയ്ക്ക് പകരം സംസാരിച്ചത്.
“തോന്നുമ്പോഴൊക്കെ അച്‌ഛന്‍റെ വീട്ടിലേക്കോ, കുട്ടുകാരികളുടെ വീട്ടിലേക്കോ ഒക്കെയങ്ങ് ഇറങ്ങിപ്പോവുക നല്ല പെൺകുട്ടികൾക്ക് ചേർന്നതാണോ? മോനേ സുരാജ്… തെറ്റിദ്ധരിക്കരുത്. ആതിരയേയും എന്‍റെ മോൾ സംഗിതയേയും ഞാൻ ഒരുപോലെയാണ് കാണുന്നത്. തെറ്റു കണ്ടാൽ ഞാൻ പറയും.”
“മതി അമ്മേ, ഇനി ആതിരയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം.” ശ്രീകാന്ത് വിഷയം മാറ്റാൻ ശ്രമിച്ചു.
ശ്രീകാന്തിന്‍റെ ഇളയ സഹോദരി സംഗീത ചായയും സ്നാക്സും മേശപ്പുറത്ത് കൊണ്ടുവച്ചു. പ്രഭാവതിയമ്മയുടെ ദേഷ്യവും ഏതാണ്ട് ആറിത്തണുത്തിരുന്നു. ശ്രീകാന്തിന്‍റെ അച്ഛൻ മാധവമേനോൻ സൂരജുമായി സംസാരത്തിൽ മുഴുകി.
വിശ്വംഭരനോട് ഞങ്ങളുടെ പിറന്നാൾ ആശംസകൾ അറിയിക്കണം. സൂരജ് ഇറങ്ങാനൊരുങ്ങുന്നതു കണ്ട് അവർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. സൂരജ് മടങ്ങിയതോടെ ആതിര ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.
“കരച്ചിൽ പ്രോഗ്രാം കഴിഞ്ഞുവെങ്കിൽ ഞാനൊരു കാര്യം. പറയാം.” ശ്രീകാന്ത് പറഞ്ഞു.
“അതിനിനി പറയാൻ ബാക്കിയെന്തെങ്കിലുമുണ്ടോ?” ആതി ര വീണ്ടും ഏങ്ങിയേങ്ങി കരഞ്ഞു.
“ചെറിയൊരു ഷോപ്പിങ്ങുണ്ട്, ഉടനെ വരാമെന്നു പറഞ്ഞ് ഇറങ്ങിയതാണ്. എന്നിട്ട് നീയെങ്ങനെ വീട്ടിലെത്തി?” ശ്രീകാന്ത് ചോദിച്ചു.
“ഇന്നു പപ്പയുടെ ബർത്ത്‌ഡേയായിരുന്നു. അതുകൊണ്ട് അങ്ങോട്ടു പോകാതിരിക്കാനായില്ല. അതിത്ര വലിയ കുറ്റമാണോ?”
“ശരി, ശരി. നിനക്ക് അങ്ങനെ ഒരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കിൽ അമ്മയോട് പറയണമായിരുന്നു.”
“ഇതെന്താ… ഞാൻ നിങ്ങളുടെ അടിമയാണോ? സ്വന്തം ഇഷ്ടപ്രകാരം എനിക്കെങ്ങോട്ടും പോവാൻ അവകാശമില്ലേ?”
“ആതിരേ… നീ ഇന്ന് ഈ കുടുംബത്തിലെ ഒരംഗം കൂടിയാണ്. ഈ കുടുംബത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് നിന്‍റെ കൂടി കടമയാണ്. ഈ വീട്ടിലെ മുതിർന്നവർക്ക് നിന്നെക്കുറിച്ച് നല്ല പ്രതീക്ഷകളേയുള്ളൂ. നിന്‍റെ ഈ പെരുമാറ്റം നിന്‍റെ വീട്ടുകാരേയും ഇവിടെയുള്ളവരേയും എന്തുമാത്രം വിഷമിപ്പിച്ചിരിക്കുന്നുവെന്നോ? ഭാവിയിൽ ഇതാവർത്തിച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
“എന്താ ഭീഷണിയാണോ?”
“ങാ.. ആണെന്നു തന്നെ കൂട്ടിക്കോ… ആഴ്ചയിൽ മൂന്നും നാലും ദിവസം വീട്ടിൽ പോയി കിടക്കുവാൻ നിനക്ക് നാണമില്ലെങ്കിൽ ഞാൻ കൂടുതലൊന്നും പറയുന്നില്ല.” തർക്കം പതിയെ വഴിതിരിഞ്ഞ് വൻ വഴക്കിലെത്തുമെന്നായി.
“അതിനു ഞാനവർക്ക് സഹായം ചെയ്യാൻ പോവുന്നതൊന്നുമല്ല. അവർക്കത് ഇഷ്ടമാവുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ പ്രശ്നം. നിങ്ങൾക്കിതുകൊണ്ട് എന്ത് അസ്വസ്‌ഥതയാണുണ്ടാവുന്നതെന്നാണ് എനിക്കു മനസ്സിലാകാത്തത്?”
*ഓ… ഇതൊക്കെ സൂരജ് നൽകിയ സമ്മാനങ്ങളാ… സ്വീറ്റ്സ്, ചോക്ലേറ്റ്, സാരി, ഷർട്ട്… വീട്ടിലെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ…” ശ്രീകാന്തിന്‍റെ മുഖത്ത് അമ്പരപ്പു പടർന്നു.
“അപ്പോ നീ അങ്ങോട്ടു പോയപ്പോൾ എന്തൊക്കെ ഗിഫ്റ്റാ കൊണ്ടുപോയത്?”
“മമ്മിക്ക് സാരി, പപ്പയ്ക്ക് ഷർട്ട്, ചേട്ടന് സ്വീറ്റ്സ്, റിങ്കിക്ക് ഡോൾ… ആഹ്… പിന്നെ ചേച്ചിക്കൊരു സാരീം.”
“നീ അവർക്ക് ഉപഹാരങ്ങൾ നൽകി. അപ്പോൾ അവർക്ക് ആ ബാധ്യത താങ്ങാനാവാതെ ഉപഹാരങ്ങൾ തിരിച്ചു നൽകേണ്ടി വന്നു. ദയവായി നീ രണ്ടു വീട്ടുകാരേയും പിണക്കല്ലേ.”
“ചുരുക്കിപ്പറഞ്ഞാൽ നീ ഈ അനാവശ്യ ചെലവുകളെല്ലാം സൂരജിന്‍റെ തലയിൽ വച്ചു കെട്ടുകയായിരുന്നു.”
“നിന്‍റെ ഇളയ സഹോദരൻ അഭിലാഷിന്‍റെയും സഹോദരി ആര്യയുടെയും പഠനച്ചെലവും മറ്റും അല്ലെങ്കിൽ തന്നെ സൂരജാണ് നോക്കി നടത്തുന്നത്. പപ്പയുടെ പെൻഷൻ കൊണ്ടു മാത്രം ഇതൊക്കെ നടക്കുമെന്ന് തോന്നുന്നുണ്ടോ? നിന്‍റെ വിവാഹച്ചെലവ് മുഴുവൻ വഹിച്ചത് സൂരജല്ലേ. അല്പം വിവേകത്തോടെ പെരുമാറണമെന്ന് ഇനിയെങ്കിലും നിനക്ക് തോന്നുന്നില്ലേ?”
ആതിര ഒരു നിമിഷം നിശ്ശബ്ദയായി. ചേച്ചി താൻ നൽകിയ സാരി വാങ്ങിയില്ലല്ലോ എന്നോർത്തപ്പോൾ അവൾ കൂടുതൽ വിഷമിച്ചു. ഒരുപക്ഷേ ചേച്ചിയുടെ മനസ്സിലും ഇതൊക്കെയായിരിക്കുമോ? താൻ ഒരുത്തിയാണ് ഇതിനൊക്കെ കാരണക്കാരി. ആതിര സ്വയം കുറ്റപ്പെടുത്തി. ഇനി തന്‍റെ നേരെ വിരൽ ചൂണ്ടാൻ ഒരവസരം ആർക്കും കൊടുക്കില്ല.
സൂരജ് വീട്ടിൽ മടങ്ങിയെത്തി. സകലരും അക്ഷമരായിരുന്നു.
“എന്താ… എന്തായി? അവിടെ പ്രശ്നമൊന്നുമില്ലല്ലോ?” ആതിരയുടെ മമ്മി തിരക്കി.
“പ്രശ്നമൊന്നുമില്ല. ആന്‍റി അല്‌പം ദേഷ്യത്തിലായിരുന്നു. വീട്ടിലാരോടും ഒരു വാക്കുപോലും പറയാതെയല്ലേ അവൾ ഇറങ്ങിപ്പോന്നത്. ഇതൊക്കെ നല്ല കുടുംബത്തിലെ പെൺകുട്ടികൾക്കു ചേർന്നതാണോ എന്നും ചോദിച്ചു.”
“നീയെന്തു പറഞ്ഞു?” പപ്പ തിരക്കി.
“ഞാനൊന്നും പറയാൻ പോയില്ല. ഭാവിയിൽ ഇതാവർത്തിക്കില്ലെന്നു പറഞ്ഞു ക്ഷമാപണം നടത്തി അവരുടെ കുടുംബകാര്യത്തിൽ ഞാനെന്തു പറയാനാ? ആതിര തന്നെ തീരുമാനിക്കട്ടെ.”
“ഞാൻ റിയയോട് അവളെ ഉപദേശിക്കാൻ പറഞ്ഞിരുന്നു. മകൾ വീട്ടിൽ വരേണ്ടെന്ന് ഞങ്ങൾ അച്ഛഛനമ്മമാർ എങ്ങനെ പറയും?” അമ്മയുടെ സ്വരമിടറി.
“ഭാരിച്ച ഉത്തരവാദിത്തമാണ് അമ്മയെന്നെ ഏല്പിച്ചത്. അവൾക്കിതൊന്നും ഇഷ്ടമാവുന്നില്ലെന്ന് അവളുടെ മുഖഭാവം കണ്ടപ്പോഴേ എനിക്കു മനസ്സിലായിരുന്നു.” റിയയുടെ ശബ്ദം വിറച്ചു.
“സാരമില്ല റിയാ. ആതിര ആ വീടുമായൊന്ന് അഡ്‌ജസ്റ്റാകട്ടെ… ഒക്കെ നേരെയാവും.” പപ്പ പറഞ്ഞു.
ശരിതെറ്റുകളുടെ ലോകത്തിലൂടെ സഞ്ചരിച്ച് ആതിര രാത്രി വെളുപ്പിച്ചു, സഹോദരൻ നൽകിയ ഉപഹാരങ്ങൾ അതേപടി മേശപ്പുറത്തിരിക്കുന്നു. അവയൊക്കെ തന്നെ നോക്കി പല്ലിളിക്കുകയാണോ?
ആതിര സമ്മാനപ്പൊതികളുമെടുത്ത് പ്രഭാവതിയമ്മയുടെ മുന്നിലെത്തി.
“അമ്മേ… ഇതൊക്കെ ഇന്നലെ ചേട്ടൻ വാങ്ങിത്തന്നതാണ്.” അവൾ ഒരു കണക്കിനു പറഞ്ഞു.
പ്രഭാവതിയമ്മ ഉപഹാരങ്ങളിലേയ്ക്ക് ഒരൊഴുക്കൻ നോട്ടമെറിഞ്ഞ് ദീർഘനിശ്വാസത്തോടെ അവളെ നോക്കി.
“ആതിരേ, നിനക്ക് നിന്‍റെ വീടുമായുള്ള അടുപ്പം എനിക്ക് മനസ്സിലാവും. പക്ഷേ ഞങ്ങൾ രണ്ടു കുടുംബക്കാർ… അടുപ്പവും പരിചയവുമൊക്കെയായി വരുന്നതേയുള്ളൂ. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഞങ്ങളുടെ ഈ ബന്ധം. നീ ആ വീട്ടിലെ മകളാണെങ്കിൽ, ഇന്ന് ഈ വീട്ടിലെ മരുമകളാണ്. ഉപഹാരങ്ങൾ നൽകുന്നതും വാങ്ങുന്നതും തെറ്റില്ല. എന്നാൽ സമയവും സന്ദർഭവും നോക്കിയാവണമെന്നു മാത്രം. ഇല്ലെങ്കിൽ അതൊക്കെ ഭാരമായിത്തീരും.”
“എനിക്കറിയാം അമ്മേ… ഞാൻ അറിയാതെ…. ഇമോഷണലായി… ഇനി ഒരിക്കലും അമ്മയ്ക്ക് പരിഭവം പറയാനൊരു അവസരമൊരുക്കില്ല.” ആതിരയുടെ മുഖം കുറ്റബോധത്താൽ കൂമ്പി നിന്നു.
“മിടുക്കി. ഇനിയൊന്നു ചിരിച്ചേ. കാർമേഘങ്ങൾ ഈ ചന്ദ്രമുഖിക്ക് ഒട്ടും ചേരുന്നില്ല. എന്തു പ്രശ്നമുണ്ടെങ്കിലും ഞങ്ങളോടു തുറന്നു പറയാൻ മടിക്കണ്ട. പരിഹാരം ഉടനെ കിട്ടും.” പ്രഭാവതിയമ്മ ചിരിച്ചു. രണ്ടു മാസങ്ങൾക്കു ശേഷം…. ആതിര പതിവുപോലെ അടുക്കളയിൽ ജോലിത്തിരക്കിലായിരുന്നു. പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്‌തു.
“ഹലോ…” ആതിര ഫോൺ ചെവിയോടു ചേർത്തു. “ചേച്ചീ… എന്നെ ഓർത്തുവല്ലോ?”
“എന്താ പരിഹസിക്കയാണോ? ഇതുവരെ എന്നോടുള്ള ദേഷ്യം മാറിയില്ലേ?” റിയ ചോദിച്ചു
“ദേഷ്യമോ എന്തിനാ? മമ്മിയേക്കാൾ സ്നേഹത്തോടെയല്ലേ ചേച്ചി അന്ന് എന്നെ ഉപദേശിച്ചത്.”
“ഞങ്ങളെ കാണാൻ ഇനി ഇങ്ങോട്ടു വരുന്നില്ലേ? ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു.”
“ആ ഇവിടത്തെ അമ്മയോട് അനുവാദം ചോദിച്ചിട്ട് പറയാം. അതിരിക്കട്ടെ, ചേച്ചിക്കും ഇടയ്ക്ക് ഇങ്ങോട്ടൊക്കെ വരാമല്ലോ?” ആതിര പറഞ്ഞു. ആതിരയിൽ വന്ന ഈ മാറ്റം റിയയെ അദ്‌ഭുതം കൊള്ളിച്ചു.