ചോദ്യം

25 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. ക്രമരഹിതമായ മാസമുറയാണ് എന്‍റേത്. ചിലപ്പോൾ 25 ദിവസം കൂടുമ്പോഴോ മറ്റ് ചിലപ്പോൾ 15 ദിവസം കൂടുമ്പോഴോ ആണ് ആർത്തവമുണ്ടാവുക. ശരീരഭാരവും കുറഞ്ഞു. വല്ലാത്ത ക്ഷീണവും അനുഭവപ്പെടുന്നു. ഇക്കാരണത്താൽ പുറത്ത് പോകാനോ കറങ്ങാനോ ഒന്നും കഴിയാറില്ല. ഭക്ഷണ കാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തിയിട്ടും യാതൊരു പ്രയോജനവുമുണ്ടാവുന്നില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?

ഉത്തരം

ഭക്ഷണകാര്യങ്ങളിൽ ഇനിയും മാറ്റങ്ങൾ വരുത്തുക. ഫാസ്റ്റ്ഫുഡ്, എണ്ണയിൽ വറുത്ത് പൊരിച്ച ഭക്ഷ്യവിഭവങ്ങൾ പരമാവധി ഒഴിവാക്കുക. തൈറോയ്ഡ് സംബന്ധമായ തകരാറുകൾ കൊണ്ട് പ്രശ്നങ്ങളും ഉണ്ടാകാം. പക്ഷേ ഇതിനെ ഭയക്കേണ്ടതില്ല. മരുന്നു കൊണ്ട് മാറ്റാവുന്നതേയുള്ളൂ. ഇതിന് പുറമെ പോളിസ്റ്റിക് ഒവേറിയൻ സിൻഡ്രോം പരിശോധനയും നടത്തി നോക്കുക. രക്തപരിശോധനയ്ക്കൊപ്പം ഹോർമോൺ പരിശോധനയും നടത്തണം. കാരണം ഹോർമോൺ അസന്തുലിതാവസ്‌ഥ മൂലം ആർത്തവം ക്രമരഹിതമാവുനും സാധ്യതയുണ്ട്. വിദഗ്ദ്ധമായ പരിശോധാനയിലൂടെ മാത്രമേ ഇത്തരം അവസ്‌ഥകളെ തിരിച്ചറിയാനാവൂ. അതിനാൽ എത്രയും വേഗം സ്ത്രീരോഗ വിദഗ്ദ്ധയെ കണ്ട് വേണ്ട പരിശോധനകൾ നടത്തുക.

 

ചോദ്യം

36 വയസ്സുള്ള ഉദ്യോഗസ്ഥയാണ്. രണ്ട് കുട്ടികളുമുണ്ട്. രണ്ടും സിസേറിയനായിരുന്നു. മകന് 7 ഉം മകൾക്ക് 2 ഉം വയസ്സ്. കഴിഞ്ഞ 6 മാസമായി ആർത്തവ സമയത്ത് അമിത രക്‌തസ്രാവമുണ്ടാവുന്നതാണ് എന്‍റെ പ്രശ്നം, ഡി ആന്‍റ് സി ചെയ്ത് നോക്കിയിട്ട് യാതൊരു ഫലവുമുണ്ടായില്ല. എന്‍റെ ഗർഭപാത്രം നീക്കം ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. ഞാനെന്താണ് ചെയ്യേണ്ടത്?

ഉത്തരം

ക്ലാസിക്കൽ ഡിസ്ഫംഗ്ഷൻ യൂട്ടറൈൻ ബ്ലീഡിംഗ് എന്ന അവസ്‌ഥയാണ് നിങ്ങൾക്ക്. ഇതിന് 3-4 മാസം പ്രൊജസ്ട്രോൺ ഗുളിക കഴിക്കുകയാണെങ്കിൽ ആശ്വാസം ലഭിക്കും. എന്നാൽ മരുന്ന് കഴിച്ചിട്ടും രോഗശമനം ഉണ്ടാകുന്നില്ലെങ്കിൽ ഏതെങ്കിലും വിദഗ്ദ്ധയായ ഡോക്ടറിന്‍റെ മേൽനോട്ടത്തിൽ യൂട്ടറൈൻ ലൈനിംഗ് നീക്കം ചെയ്യിക്കാം. ഗർഭപാത്രം നീക്കം ചെയ്യാതെ തന്നെ നിങ്ങളുടെ പ്രശ്നം 15 ശതമാനം ആയി കുറയും.

 

ചോദ്യം

എനിക്ക് 28 വയസുണ്ട്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 2 വർഷമായി. ഞങ്ങൾക്കിപ്പോൾ കുട്ടികൾ വേണ്ടായെന്നാണ് ആഗ്രഹം അതുകൊണ്ട് ഒന്നു രണ്ട് തവണ ഗുളിക കഴിച്ച് ഗർഭഛിദ്രം നടത്തേണ്ടി വന്നു. ഗർഭ നിരോധന ഗുളികയും കഴിക്കാറുണ്ട്. ഇതുമൂലം ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവുമോ?

ഉത്തരം

ആദ്യ തവണ ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്തിയത് ഉചിതമായില്ല. അതോടൊപ്പം അടിക്കടി പിൽസ് കഴിക്കുന്നതും ആർത്തവത്തെ ദോഷകരമായി ബാധിക്കും. ഇപ്പോൾ കുട്ടികൾ വേണ്ടായെന്ന തീരുമാനത്തിലാണെങ്കിൽ ഗർഭനിരോധന ഗുളികകൾ കഴിക്കുക. ആദ്യ പ്രസവം 25-30 വയസ്സിനുള്ളിൽ നടക്കുന്നതാണ് ഉചിതം. 30 വയസ്സിനു ശേഷം അണ്ഡോൽപാദനം കുറയും. നിങ്ങൾക്ക് ഇതിലും ദീർഘമായ കാലത്തേക്ക് കുട്ടികൾ വേണ്ടായെങ്കിൽ ഒരു സ്ത്രീരോഗ വിദഗ്ദ്ധയെ കണ്ട് ഫലവത്തായ മാർഗ്ഗം സ്വീകരിക്കുക.

 

ചോദ്യം

25 വയസ്സുള്ള പെൺകുട്ടിയാണ്. മിക്കപ്പോഴും പുറത്തു നിന്നാണ് ഞാൻ ഭക്ഷണം കഴിക്കാറ്. ഡാൻസ് ചെയ്യാറുമുണ്ട്. ഒപ്പം വ്യായാമവുമുണ്ട്. എന്‍റെ പ്രശ്നം ആർത്തവ സമയത്ത് അമിത രക്തസ്രാവമുണ്ടാകുന്നതാണ്. എന്‍റെ അമ്മയ്ക്കും സഹോദരിയ്ക്കും ഇതേ പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസമായി ഈ പ്രശ്നം എന്നെ വല്ലാതെ അലട്ടുകയാണ്. ഇതിന് പ്രതിവിധിയുണ്ടോ?

ഉത്തരം

ക്രമാതീതമായി രക്‌തസ്രാവമുണ്ടാകുന്നത് സാധാരണമല്ല. ഇത് ശരീരത്തിൽ രക്തത്തിന്‍റെ അളവ് കുറയ്ക്കും. നിങ്ങൾ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് രക്തപരിശോധനയും അൾട്രാസൗണ്ട് പരിശോധനയും നടത്തി നോക്കുക. പരിശോധനാഫലം ലഭിച്ച ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉചിതമായ ചികിത്സ തുടരുക.

 

ചോദ്യം

23 വയസ്സുള്ള വിവാഹിതയാണ്. എനിക്ക് സെക്സിൽ ഒട്ടും താൽപര്യമില്ല. ഭർത്താവിനോട് എനിക്ക് വളരെയധികം സ്നേഹമുണ്ട്. ഞാൻ ഗർഭനിരോധന ഗുളികകൾ പതിവായി കഴിക്കുന്നുണ്ടെങ്കിലും സെക്സിലേർപ്പെടാൻ മനസ് തോന്നാറില്ല. ഒപ്പം വല്ലാത്ത ഡ്രൈനസുമുണ്ട്. പരിഹാര മാർഗ്ഗം നിർദ്ദേശിക്കുമല്ലോ?

ഉത്തരം

സെക്സിനോടുള്ള വെറുപ്പിന് കാരണമെന്താണെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ അറിയാനാവൂ. നിങ്ങൾ അതിനെ എന്തുകൊണ്ട് വെറുക്കുന്നുവെന്നത് അറിയേണ്ടത് പ്രധാനമാണ്. ഇതിന് പിന്നിൽ മാനസികമായ വല്ല കാരണവുമുണ്ടോയെന്ന് പരിശോധിക്കണം. അതുകൊണ്ട് വിദഗ്ദ്ധനായ സെക്സോളജിസ്റ്റിനെ എത്രയും വേഗം കാണുക. ഡോക്ടറിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങളിലൂടെ ഫലവത്തായ ചികിത്സകളും കൗൺസിലിംഗുകളും നടത്തുക. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതു മൂലമാണ് ഡ്രൈനസ് ഉണ്ടാകുന്നത്.

 

ചോദ്യം

ഗർഭകാലത്ത് പ്രത്യേക ശ്രദ്ധയുടെ ആവശ്യമുണ്ടോ?

ഉത്തരം

ഭൂമിയിലേക്ക് വരുന്ന പുതിയൊരു ജീവന്‍റെ ശക്തമായ അടിത്തറയാണ് ഗർഭകാലം. ഗർഭിണിയായ സ്ത്രീയുടെ ആരോഗ്യാവസ്‌ഥ ശിശുവിന്‍റെ ആരോഗ്യത്തേയും വളർച്ചയേയും സ്വാധീനിക്കും. അതുകൊണ്ട് ആരോഗ്യ കാര്യങ്ങളിൽ മികച്ച ശ്രദ്ധ നൽകുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുക. മറ്റൊരു പ്രധാന കാര്യം ടെൻഷനൊന്നുമില്ലാതെ ഗർഭിണി സന്തുഷ്ടയായിരിക്കുന്നതാണ്. ചെറിയ ഇടവേളകളിലായി ആവശ്യമുള്ള ഭക്ഷണം 3 നേരം എന്നതിന് പകരം 5-6 നേരങ്ങളിലായി കഴിക്കുക. ഗർഭിണിയ്ക്ക് ആവശ്യമായ വിശ്രമവും വേണം. വ്യായാമത്തിൽ വേണ്ട ശ്രദ്ധ പാലിക്കുക.

 

ചോദ്യം

37 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. കഴിഞ്ഞ 2 വർഷമായി എന്‍റെ വയർ വല്ലാതെ വീർത്തു വരികയാണ്. സാധാരണ ശരീരപ്രകൃത്തമാണ് എന്‍റേത്. വ്യായാമമൊന്നും ചെയ്യാറില്ല. വൈദ്യ പരിശോധനയിൽ എന്‍റെ ഗർഭാശയത്തിൽ 6 സെ.മീ വലിപ്പത്തിൽ ഫൈബ്രോയിഡ് കണ്ടെത്തുകയുണ്ടായി. മറ്റ് അസ്വസ്ഥതകളൊന്നുമില്ല. എങ്കിലും ഈ ഫൈബ്രോയിഡ് നീക്കം ചെയ്യാൻ സർജറി വേണ്ടി വരുമോ?

ഉത്തരം

ഫൈബ്രോയിഡുകൾ സാധാരണ ട്യൂമറുകളാണ്. സാധാരണ ഈ പ്രായത്തിലുള്ള സ്ത്രീകളിൽ 15 മുതൽ 20 ശതമാനം പേരിൽ ഈ പ്രശ്നം കണ്ടുവരാറുണ്ട്. നിങ്ങൾക്ക് ഇതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത സ്‌ഥിതിയ്ക്ക് ട്യൂമർ ദോഷരഹിതമാണെന്ന് പറയാം. ഇതിന് പ്രത്യേകിച്ച് മരുന്ന് കഴിക്കേണ്ട ആവശ്യവുമില്ല. എങ്കിലും ഓരോ 6 മാസം കൂടുമ്പോഴോ ഒരു വർഷം കൂടുമ്പോഴോ പരിശോധന നടത്തുക. പൊതുവെ ഫൈബ്രോയിഡുകൾ ഒരു വർഷം കൊണ്ട് 1 സെ.മീ വലിപ്പം വയ്ക്കാറുണ്ട്. ഭാവിയിൽ ആർത്തവ സമയത്ത് അമിതമായ രക്‌തസ്രാവമുണ്ടാകുന്നുവെങ്കിൽ ലാപ്രോസ്കോപ്പി വഴി ഫൈബ്രോയിഡുകൾ നീക്കം ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചുവെന്നും വരാം.

 

ചോദ്യം

 26 വയസ്സുള്ള വിവാഹിതയാണ് ഞാൻ. എന്‍റെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ 2 വർഷമായി. യോനിയിൽ നിന്നും ദ്രാവകം വരുന്നതാണ് പ്രശ്നം. ഒപ്പം ചൊറിച്ചിലുമുണ്ട്. അടിവയറ്റിൽ കടുത്ത വേദനയും അനുഭവപ്പെടാറുണ്ട്. പക്ഷേ കുറച്ചു മാസങ്ങളായി ആർത്തവമുണ്ടാകുമ്പോൾ വയറ്റിൽ കടുത്ത വേദനയുണ്ടാകുന്നു. ഭാവിയിൽ കുട്ടികളുണ്ടാകാൻ ഇത് തടസമാകുമോ?

ഉത്തരം

നിങ്ങളുടെ പ്രശ്നത്തിനുള്ള പ്രധാന കാരണം അണുബാധയാണ്. ഈ പ്രശ്നങ്ങളെല്ലാം തന്നെ അതിന്‍റെ ലക്ഷണങ്ങളാണ്. എത്രയും വേഗം ഏതെങ്കിലും സ്ത്രീരോഗ വിദഗ്ദ്ധയെ കണ്ട് പരിശോധനകൾ നടത്തുക. അതിനു ശേഷം ചികിത്സ തുടരുക. കൃത്യ സമയത്ത് ഇതിന് ചികിത്സ തേടിയില്ലെങ്കിൽ ഭാവിയിൽ വന്ധ്യതയുണ്ടാവാം.

 

ചോദ്യം

25 വയസ്സുള്ള വിവാഹിതയാണ്. കഴിഞ്ഞ 2 വർഷമായി ഞാൻ ഗർഭനിരോധന ഗുളികകൾ കഴിച്ചിരുന്നു. അത് നിർത്തിയിട്ടപ്പോൾ 6 മാസമായി. ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹത്തിലാണ് ഞങ്ങളിപ്പോൾ. നിർഭാഗ്യവശാൽ ഞാനിതേവരേ ഗർഭിണിയായില്ല. എനിക്ക് എന്തെങ്കിലും കുഴപ്പമുള്ളതു കൊണ്ടാവുമോ?

ഉത്തരം

ദീർഘകാലമായി ഗർഭനിരോധന ഗുളിക കഴിക്കുന്ന സ്ത്രീകളിൽ ഇങ്ങനെ സംഭവിച്ച് കാണാറുണ്ട്. ഹോർമോൺ അസന്തുലിതാവസ്‌ഥയാണ് ഇതിന് കാരണം. നിങ്ങൾക്ക് കൃത്യമായി ആർത്തവമുണ്ടാകാറുണ്ടോ? ഇല്ലെങ്കിൽ ഉടൻ തന്നെ ഒരു സ്ത്രീരോഗ വിദഗ്ദ്ധയെ കാണുന്നത് ഉചിതമായിരിക്കും. പരിശോധനകൾക്കു ശേഷമേ ഗർഭധാരണം നടക്കാത്തതിന് പിന്നിലുള്ള യഥാർത്ഥ കാരണം കണ്ടെത്താനാവൂ.

 

ചോദ്യം

28 വയസ്സുള്ള ഉദ്യോഗസ്‌ഥയാണ് ഞാൻ. ആർത്തവകാലം വേദന നിറഞ്ഞതും അസ്വസ്ഥവുമാണ്. ഇത് മാറാൻ ഞാനെന്താണ് ചെയ്യേണ്ടത്?

ഉത്തരം

ആർത്തവ സമയത്ത് വേദനയുണ്ടാവുക സാധാരണമാണ്. പക്ഷേ ഇത് ഓരോരുത്തരിലും വ്യത്യസ്തമായ തോതിലായിരിക്കുമെന്ന് മാത്രം. വേദന അതികഠിനവും അസ്വസ്ഥവുമാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കാണുന്നതാവും ഉചിതം. എൻഡോമെട്രിയോസിസ് എന്ന ഈ അവസ്‌ഥയിൽ യൂട്ടറസ് ലൈനിംഗ് പുറന്തളപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളാണ് നിങ്ങൾക്കുണ്ടാവുന്നതെന്നു വേണം കരുതാൻ. ശരിയായ വൈദ്യപരിശോധന നടത്തി അതിനനുസരിച്ച് ചികിത്സ തുടരുക. ഇതത്ര ഭയക്കാനുള്ള കാര്യമല്ല.

और कहानियां पढ़ने के लिए क्लिक करें...